Delhi: TMC MP Derek O’Brien and Nobel Laureate Kailash Satyarthi pay last respect to former External Affairs Minister & BJP leader #SushmaSwaraj, at her residence. She passed away last night due to cardiac arrest.
കനത്ത മഴയെത്തുടർന്ന് നിലമ്പൂരിൽ വെള്ളപ്പൊക്കം. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂരിൽ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലാണ്. രണ്ടാൾപ്പൊക്കത്തിലാണ് ടൗണിൽ വെള്ളം പൊങ്ങിയിരിക്കുന്നത്.
അതേസമയം, മൂന്നാറിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിനു പകരം താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം തകർന്നു. മറയൂർ പൂർണമായും ഒറ്റപ്പെട്ടു. മറയൂർ ഭാഗത്ത് വ്യാപക മണ്ണിടിച്ചിലാണ്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫോൺ – വൈദ്യുതി ബന്ധം താറുമാറായി. പന്നിയാർകുട്ടിയിൽ മണ്ണിടിഞ്ഞു. പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളിൽ വെള്ളം കയറി. 3 ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി.
മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മലപ്പുറം ജില്ലയുടെ മലയോരമേഖലയിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വ്യാപനകനാശം. കനത്ത മഴ തുടരുന്നു. കഴിഞ്ഞ പ്രളയകാലത്ത്, നിലമ്പൂർ, കരുവാരകുണ്ട് മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി 20 പേർ മരിക്കുകയും രണ്ടു കോളനികൾ ഇല്ലാതാവുകയും ചെയ്തതിന്റെ ഒന്നാംവാർഷികമാണ് ഇന്ന്. കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുന്നു.
കനത്ത മഴയെത്തുടർന്ന് കല്ലാർ കൂട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകളും തുറന്നു
മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും തുറന്നു
കണ്ണൂർ ജില്ലയിൽ ഇരിട്ടി, കൊട്ടിയൂർ, മയ്യിൽ, ശ്രീകണ്ഠപുരം മേഖലയിൽ കനത്ത മഴയും വെള്ളക്കെട്ടും. കർണാടക വനത്തിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി ഉരുൾപൊട്ടലുണ്ടായതിനാൽ മലയോരത്ത് പുഴകളിൽ ശക്തമായ ഒഴുക്ക്. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 116 കുടുംബങ്ങളിലെ 443 പേർ ക്യാംപിൽ. ചുഴലിക്കാറ്റിൽ കണിച്ചാർ ടൗണിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കണിച്ചാറിലെ ഡോ. പൽപു മെമ്മോറിയൽ സ്കൂൾ പൂർണമായി തകർന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം ബോട്ടുകൾ ഇറക്കി. കാറ്റിൽ മരവും പോസ്റ്റും ഒടിഞ്ഞ് ഇന്നലെ രാത്രി മുടങ്ങിയ വൈദ്യുതി പലയിടത്തും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
കോട്ടയം ജില്ലയിൽ കനത്ത മഴ. പെരുവന്താനത്തും വാഗമൺ വ്യൂ പോയിന്റിലും ഉരുൾപൊട്ടി. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൊക്കയാർ ചപ്പാത്തിലും വെള്ളം കയറി. കെ.കെ. റോഡിൽ ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.
കല്പറ്റയിൽ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റുന്നു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 35 ആയി. ആകെ 2378 പേര് ക്യാംപുകളില്‍.
വയനാട്ടില്‍ കനത്ത മഴ
വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇന്നു പുലര്‍ച്ചയോടെ ജില്ലയില്‍ 8 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അഞ്ഞൂറോളം പേര് ക്യാംപുകളില്‍. മക്കിയാടും തോണിച്ചാലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ആളപായമില്ല. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വയനാട് ചുരത്തില്‍ മരംവീണും ദേശീയപാത 766ല്‍ മുത്തങ്ങയില്‍ വെള്ളം കയറിയും ഗതാഗത തടസ്സം. കബനി നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി.
ഇടുക്കിയിൽ കനത്ത മഴയിൽ വൻ നാശം. ആളപായമില്ല.
ഇടുക്കി അണക്കെട്ടിൽ 8 അടി വെള്ളം ഉയർന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ 2 അടി വെള്ളം കൂടി.
മൂന്നാറിൽ സ്ഥിതി അതീവ ഗുരുതരം. അതിതീവ്രമഴയാണ് മൂന്നാറിൽ. പെരിയവരൈ പാലത്തിൽ വെള്ളം കയറി.
മൂന്നാർ ടൗണിലും വെള്ളം കയറി
ഹൈറേഞ്ചിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കോഴിപ്പള്ളിയിലും കീരിത്തോട്ടിലും ഉരുൾപൊട്ടി
മ്ലാമല പാലത്തിൽ വെള്ളം കയറി
വണ്ടിപ്പെരിയാറിൽ 10 വീടുകളിൽ വെള്ളം കയറി
മലങ്കര അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഉയർത്തി
കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ 2 ഷട്ടറുകൾ കൂടി ഉയർത്തി
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുമഴ ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു.
ഇടകടത്തി ക്രോസ്വേ വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു
എരുമേലി ഏയ്ഞ്ചൽ വാലി, അരയാഞ്ഞിലി മണ്ണ് എന്നീ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു
കോട്ടയം – കുമളി റോഡിൽ ബസ് ഗതാഗതം നിർത്തിവച്ചു
മലങ്കര ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു. അപ്പർ കുട്ടനാട്ടിൽ മഴയിലും കാറ്റിലും കനത്ത നാശം
കോതമംഗലം മണികണ്ഠംചാൽ ചപ്പാത്ത് മുങ്ങി. ജവഹർ കോളനിയിൽ വെള്ളപ്പൊക്കം
നിലമ്പൂർ ടൗണിൽ വെള്ളം കയറി. വീടുകളിലും കടകളിലും വെള്ളം. കുടുങ്ങിയവരെ റബർ ബോട്ടുകളിൽ രക്ഷപെടുത്തി.
കനത്ത മഴയിൽ നിലമ്പൂർ ചാലിയാറിൽ കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകുന്നു.
മലയോര മേഖലകളിൽനിന്നും നദീതീരങ്ങളിൽനിന്നും മറ്റ് അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ആയതിനും ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായും തകരുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തവർക്ക് ആവശ്യമെങ്കിൽ അടിയന്തിരമായി സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും നിർദേശം.
ഷോളയൂർ – ചുണ്ടകുളം ഊരിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. കാര ആണ് മരിച്ചത്. വീടിനുള്ളിൽ ഉറങ്ങി കിടന്നവരുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ഭാര്യ രക്ഷപ്പെട്ടു.
മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസമായി തോരാത്ത മഴ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇടിഞ്ഞ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഹെഡ്വർക്ക്സ് ഡാമിന് താഴെ വശത്തും ദേവികുളം സർക്കാർ കോളജിന്റെ താഴെ വശത്തും വീണ്ടും മണ്ണിടിഞ്ഞു വീണു. പ്രളയത്തിൽ നഷ്ടമായ പെരിയവര പാലത്തിന് ബദലായി തീർത്ത താൽക്കാലിക റോഡിന്റെ മുകളിൽ കൂടി വെള്ളം ഒഴുകിത്തുടങ്ങി. പെരിയവര മുതുവാപ്പാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി. മൂന്നാർ ടൗണിന്റെ താമസസ്ഥലങ്ങളിൽ ചിലയിടത്ത് മണ്ണിടിച്ചിലുണ്ടായി. ഹെഡ്വർക്ക്സ് ഡാം അൽപം തുറന്നു.
കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും തിരുവനന്തപുരത്ത് വ്യാപകമായി വൈദ്യുതി മുടങ്ങി. ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലമ്പൂർ ടൗണിൽ വെള്ളം കയറി. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞു.
പാലക്കാട് അട്ടപ്പാടിയിൽ മരംവീണ് ഒരു മരണം. ഭവാനിപ്പുഴയിൽ ജലനിരപ്പുയർന്നു.
കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി
ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ
മാവൂർ – കോഴിക്കോട് പാതയിലും മരം വീണ് ഗതാഗതതടസ്സം
പൊലീസ്, വനം, കെഎസ്ഇബി ജീവനക്കാർ ഒറ്റപ്പെട്ടു
കോഴിക്കോട് – മൈസൂരു ദേശീയപാതയിൽ വെള്ളം കയറി. മുത്തങ്ങയിൽ ഗതാഗത തടസ്സം. കക്കയം സൈറ്റ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
അഴുത ചെക്ഡാം നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി
ഇടുക്കിയിൽ പരക്കെ നാശം
∙ മൂന്നാറിൽ വെള്ളപ്പൊക്കം, വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ മുങ്ങി. ∙ ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളിൽ വെള്ളം. ∙ പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം
പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികൾക്ക് കേംബ്രിഡ്ജ് , ഓക്സ്ഫോർഡ് തുടങ്ങി ബ്രിട്ടനിലെ ലോകോത്തരനിലവാരമുള്ള സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അവസരം ഒരുക്കി യുകെ ഗവൺമെൻറ് .യുകെ ഗവൺമെന്റിൻെറ ആഗോള സ്കോളർഷിപ്പ് പ്രോഗ്രാമായ ചീവ്നിങ് സ്കോളർഷിപ്പിലൂടെയാണ് ഇത് സാധ്യമാവുന്നത് .സ്കോളർഷിപ്പു ലഭിച്ചാൽ യുകെയിലെ വിവിധ സർവ്വകലാശാലകളിലെ 12000 കോഴ്സുകളിൽ താത്പര്യമുള്ളവയിൽ ഒരു വർഷത്തെ ബിരുദാന്തരബിരുദപഠനം സാധ്യമാവും
ഇന്ത്യയിൽ ന്യൂഡൽഹി ,ചെന്നൈ ,ബാംഗ്ലൂർ , മുംബൈ , കൊൽക്കട്ട എന്നിവിടങ്ങളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരമുണ്ട് . അപേക്ഷകൾ www.chevening.org/scholarship/india/ വഴി സമർപ്പിക്കണം .അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 5 മുതൽ നവംബർ 6 വരെ ആണ് . യുകെ യിലെ യൂണിവേഴ്സിറ്റിയിലെ ട്യൂഷൻ ഫീസ് , പ്രതിമാസ സ്റ്റെപന്റ് ,യുകെയിലേയ്ക്കും തിരിച്ചുമുള്ള യാത്രാചെലവ് , വിസ പ്രോസസിങ് ചാർജുകൾ ഉൾപ്പെടെ ഉപരിപഠനത്തിനാവശ്യമായുള്ള എല്ലാ ചിലവുകളെയും ഉൾക്കൊള്ളുന്നതാണ് ചീവ്നിങ് സ്കോളർഷിപ്പുകൾ .
കൊച്ചി: പാലക്കാട് സ്വദേശിയായ യുവതി അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി നിർദേശമുണ്ടായിട്ടും പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്യാതെ സിബിഐ ഒളിച്ചുകളിക്കുന്നെന്ന ആരോപണവുമായി മാതാപിതാക്കൾ. വയോധിക ദന്പതികളായ പാലക്കാട് കാവിൽപ്പാട് കെ. ഗോപിനാഥ്-ഭദ്ര എന്നിവരാണ് മകൾ അനിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
മകളുടെ മരണത്തിനു കാരണക്കാരനായ അനിതയുടെ ഭർത്താവും പാലക്കാട് സ്വദേശിയുമായ സന്തോഷിനെ നിയമത്തിനു മുന്പിൽ കൊണ്ടുവരാൻ സിബിഐ തയാറാകുന്നില്ലെന്ന് ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2000 ഓഗസ്റ്റ് മൂന്നിനായിരുന്നു അമേരിക്കയിൽ എൻജിനിയറായ സന്തോഷുമായുള്ള അനിതയുടെ വിവാഹം. വിവാഹശേഷം അനിത സന്തോഷിനൊപ്പം അമേരിക്കയിലേക്കു പോയി. ബിരുദാനന്തര ബിരുദക്കാരിയായ അനിത അവിടെ ഉന്നതപഠനത്തിനു ചേർന്നു.
തൊടുപുഴ: കന്പകക്കാനം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ തൊടുപുഴ മുട്ടം ഒന്നാംക്ലാസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസാണ് രണ്ടായിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം സമർപ്പിച്ചത്. വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പിൻഭാഗത്തെ കുഴിയിൽ മൂടിയെന്നാണ് കേസ്.
കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ് (30) സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു (28), തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ് (28) , മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് (30) എന്നിവരാണ് ഒന്നു മുതൽ നാലു വരെ പ്രതികൾ. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊലപാതകം, മോഷണം , ഭവനഭേദനം , തെളിവു നശിപ്പിക്കൽ എന്നിവയ്ക്കു പുറമെ സുശീലയുടെയും ആർഷയുടെയും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന പേരിൽ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങളും പണവും അപഹരിക്കുന്നതോടൊപ്പം മന്ത്രവാദക്രിയകൾ നടത്തിയിരുന്ന കൃഷ്ണന്റെ പക്കലുള്ള താളിയോലകൾ സ്വന്തമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിയ്ക്കാനും ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരെയുള്ള കുറ്റം. കളവുമുതൽ വിൽക്കാൻ സഹായിച്ചെന്നാണ് നാലാം പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൃഷ്ണനോട് വൈരാഗ്യമുണ്ടായിരുന്ന അനീഷ് മോഷണ മുതൽ വീതിച്ചു നൽകാമെന്ന വാഗ്ദാനം ചെയ്താണ് ലിബീഷിനെ കൃത്യത്തിൽ പങ്കാളിയാക്കിയത്.
അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
രാവിലെ 11 മണി വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനം. ശേഷം 12 മുതല്‍ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും. തുടര്‍ന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സമ്ബൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ഇന്ത്യയുടെ നടപടിയെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഇന്ത്യയിലെ ഹൈക്കമിഷണറെ തിരിച്ചുവിളിക്കാന്‍ പാക്കിസ്ഥാന് നീക്കം തുടങ്ങിയതായി സൂചന . അതേസമയം ഇന്ത്യയുടെ നടപടിയെ യുഎഇ പിന്തുണച്ചു.
ഇന്ത്യയുടെ നടപടിയെ ശക്മായി എതിര്‍ക്കുകയാണ് ചൈന. ലഡാക് കേന്ദ്രഭരണപ്രദേശമാക്കുന്നത് അസ്വീകാര്യമെന്ന് ചൈനീസ് വക്താവ് അറിയിച്ചു. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ വാക്കിലും പ്രവർത്തിയിലും ജാഗ്രത പാലിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുളള കരാറുകള്‍ കര്‍ശനമായി പാലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. ലഡാക്കില്‍ നിലനില്‍ക്കുന്ന ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തിലാണ് ചൈന നിലപാട് കടുപ്പിച്ചത് . എന്നാല്‍ ഇന്ത്യ മറ്റൊരു രാജ്യത്തിന്റേയും ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടാറില്ലെന്നും തിരിച്ചു അതേ സമീപനമാണ് വേണ്ടതെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. അതേസമയം ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരാതിപ്പെടുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് പാക് പാര്‍ലമെന്റിനെ അറിയിച്ചു . കശ്മീരില്‍ നടപ്പിലാക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടെന്നും അദ്ദേഹം പറഞ്ഞു
നേരത്തെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു .സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് പരാമര്‍ശിക്കാത്തതിനെച്ചൊല്ലിയാണ് ബഹളമുണ്ടായത്. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സവിശേഷ സംഭവമല്ലെന്നും പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണെന്നാണ് യു.എ.ഇ നിലപാട്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന കാര്യമാണിതെന്നും ഇന്ത്യന്‍ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന പറഞ്ഞു
ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളെന്ന് മിക്ക മാധ്യമ സർവേകളും കണ്ടെത്തിയ നേതാവായിരുന്നു സുഷമ സ്വരാജ്. .ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവയോട് പ്രതികരിക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. വിദേശത്തു വിഷമതകൾ നേരിടുന്ന ഇന്ത്യക്കാർക്ക് മാത്രമല്ല ഇന്ത്യയിൽ ചികിത്സ തേടിയ പിഞ്ചുകുഞ്ഞുങ്ങളടക്കമുളള പാക്കിസ്ഥാൻ സ്വദേശികൾക്ക് വരെ സുഷമ ആശ്രയമായി.
മുതിർന്ന ബിജെപി നേതാവ്. ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്. ഡൽഹി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
വിദേശകാര്യമന്ത്രാലയം കാരുണ്യത്തിന്റെ മുഖമാണെന്ന് തെളിയിച്ചത് സുഷമാസ്വരാജ് വിദേശകാര്യമന്ത്രി കസേരയിലിരുന്നപ്പോഴാണ്. വിദേശത്ത് പ്രശ്നങ്ങളില്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ആശ്രയിക്കാവുന്ന അടുപ്പമുള്ള ബന്ധുവിന്റെ സ്ഥാനമായിരുന്നു സുഷമാ സ്വരാജിന്. കലുഷിതമായ ഇറാഖില്‍ നിന്ന് 46 മലയാളി നഴ്സുമാരെ രക്ഷിച്ചെടുത്ത ഈ വനിത വിദേശരാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്രവും നെയ്തെടുത്തു .
നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിപ്പോയാലും അവിടെ ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും – 987 ദിവസമായി ചൊവ്വയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ് എന്നാണ് മംഗള്യാന് പുറപ്പെടുക എന്ന തമാശ ട്വീറ്റ് ചെയ്ത യുവാവിന് സുഷമാസ്വരാജിന്റെ മറുപടിയായിരുന്നു ഇത്. പക്ഷേ സുഷമാസ്വരാജ് വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ഇതിന് വെറുംവാക്കിന്റെ നിറമായിരുന്നില്ല, ഉറപ്പിന്റെ കരുത്തായിരുന്നു. ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് സുഷമസ്വരാജിന്റെ നയതന്ത്രനീക്കത്തിന്റെ വിജയമായിരുന്നു. ഒന്‍പതാം വയസില്‍ ട്രെയിന്‍മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഗീത എന്ന പെണ്‍കുട്ടി 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തി തന്റെ മാതാപിതാക്കളെ തിരഞ്ഞപ്പോള്‍, കുടുംബത്തെ കണ്ടെത്തിയില്ലെങ്കില്‍ അവളെ സംരക്ഷിക്കുമെന്ന് പറഞ്ഞ സുഷമാസ്വരാജ് മാനവികതയുടെ മുഖമായി.
6 വര്‍ഷം പാക്ക് ജയിലില്‍ കഴിഞ്ഞ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരിയുടെയുടെയും സൗദിയില്‍ തൊഴിലുടമ അടിമയാക്കിയ പഞ്ചാബി പെണ്‍കുട്ടിയുടെ മോചനം സുഷമയ്ക്ക് കൈയ്യടി വാങ്ങിക്കൊടുത്തു. ഒരു വയസുള്ള പാക്ക് ബാലികയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ ഇന്ത്യയിലേക്ക് വരാന്‍ മണിക്കൂറുകള്‍ക്കകം വീസ നല്‍കിയും സുഷമ ജനകീയയായി. വീസ ഏജന്റുമാര്‍ മൂന്നുലക്ഷം രൂപയ്ക്ക് സ്പോണ്സര്ക്ക് വിറ്റ ഇന്ത്യന്‍ യുവതി സല്‍മാബീഗത്തെ രക്ഷിച്ചതും പാക്ക് പൗരന് തോക്ക് ചൂണ്ടി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തടവിലായ ഇന്ത്യക്കാരി ഉസ്മ അഹമ്മദ് തിരിച്ചെത്തിയതും സുഷമാസ്വരാജിന്റെ കരങ്ങളിലെ സഹായത്താലാണ്.
തീവ്രവാദം കയറ്റിവിടുന്ന രാജ്യമായി പാക്കിസ്ഥാന് മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭാ സമ്മേളനത്തില്‍ തുറന്നടിച്ചും മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ കരുക്കള്‍ നീക്കിയും നയതന്ത്രരംഗത്തും സുഷമസ്വരാജ് മികച്ച പ്രകടനം നടത്തി. വിദേശകാര്യമന്ത്രിയായിരിക്കെ നടത്തിയ ഇടപടെലുകളാണ് സുഷമാസ്വരാജിന് ആദരവ് കലര്‍ന്ന ജനകീയ മുഖം നേടിക്കൊടുത്തു. വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തിന്റെ ഇക്കാലമാകും സുഷമാസ്വരാജിനെ ജനങ്ങളുടെ മനസില്‍ ഉറപ്പിച്ച് നിര്‍ത്തുക.
ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും തുടർനടപടിയെടുക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങൾ കയ്യടിയോടെ സ്വീകരിച്ചു. അവഗണന മാത്രം കണ്ടുശീലിച്ച പ്രവാസികൾക്ക് വിരൽത്തുമ്പിൽ സാന്ത്വനവർഷവുമായി എത്തുന്ന വിദേശകാര്യ മന്ത്രി ആദ്യം അത്ഭുതമായിരുന്നു.
ട്വിറ്ററിൽ ഒരഭ്യർഥന മതി സഹായം പടിവാതിൽക്കലെത്തും എന്നതായിരുന്നു സുഷമയുടെ രീതി. ഇന്ത്യക്കാർക്ക് മാത്രമല്ല, ഇന്ത്യയിൽ ചികിത്സ തേടി പാക്കിസ്ഥാനിൽനിന്നെത്തിയ പിഞ്ചുകുഞ്ഞ് അടക്കമുളളവർക്കു വരെ സുഷമ ആശ്രയമായി. ട്വിറ്ററിൽ സുഷമയ്ക്കുള്ളത് ഒന്നേകാൽ കോടിയിലേറെ ഫോളോവേഴ്സാണ്.
കഴിഞ്ഞ വർഷം മലേഷ്യയിൽ മനോദൗർബല്യം ബാധിച്ച സുഹൃത്തിനെ രക്ഷിക്കാൻ മുറി ഇംഗ്ലീഷിൽ ഒരാൾ ട്വീറ്റ് ചെയ്തു. പലരും പരിഹസിച്ചെങ്കിലും സുഷമ അവിടെയും മനം കവർന്നു. ‘വിദേശ മന്ത്രാലയത്തിൽ എത്തിയശേഷം ഏതു തരം ഇംഗ്ലിഷ് ഉച്ചാരണവും വ്യാകരണവും എനിക്കു വഴങ്ങും’ എന്നായിരുന്നു പ്രതികരണം. യുവാവിനെ നാട്ടിലെത്തിക്കുകയും ചെയ്തു.
ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ കിട്ടാതെ വിഷമിച്ച പാക്ക് ബാലികയ്ക്ക് നൊടിയിടയിൽ വീസ നൽകിയാണു സുഷമ അയൽരാജ്യത്തു താരമായത്. ഇറാഖിലെ ബസ്രയിൽ കുടുങ്ങിയ 168 ഇന്ത്യക്കാർക്ക് രക്ഷയായതു കൂട്ടത്തിൽ ഒരാൾ സുഷമയ്ക്ക് അയച്ച വിഡിയോ സന്ദേശമാണ്.
യെമനിൽ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി 8 മാസം പ്രായമുള്ള മകന്റെ ചിത്രം അയച്ച് രക്ഷാഭ്യർഥന നടത്തിയപ്പോൾ മണിക്കൂറുകൾക്കകം സഹായമെത്തിച്ചു സുഷമ ചരിത്രമെഴുതി. ‘സൂപ്പർ മോം’ എന്നാണ് വാഷിങ്ടൻ പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്. ഒട്ടേറെ മലയാളികളും സ്പോൺസറുടെ പീഡനങ്ങളിൽ നിന്നും വീസ തട്ടിപ്പുകളിൽ നിന്നും സുഷമയിലൂടെ രക്ഷ നേടി.
രാജ്യം ഒപ്പമുണ്ട് എന്ന സന്ദേശമായിരുന്നു പ്രവാസികൾക്ക് സുഷമയുടെ സൗമ്യ സാന്നിധ്യം. ഇത്തവണ അവർ മാറി നിന്നപ്പോൾ ഏറ്റവുമധികം വേദനിച്ചതും നിരാശരായതും അവരായിരുന്നു. അതിന് രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല.
2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 2019 ലെ തിരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടു നിന്നു. ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.
ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്സഭാ മണ്ഡലത്തിൽ ’80, ’89 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.
മുൻ വിദേശകാര്യമന്ത്രിയുമായ സുഷമാസ്വരാജിന്റെ നിര്യാണത്തിൽ ഏറ്റവും വേദനിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആയിരിക്കും. അത്രമാത്രം ശക്തമായ ഇടപെടലുകൾ ആയിരിന്നു പ്രവാസികൾക്ക് വേണ്ടി അവർ നടത്തിയിരുന്നത് .ട്വീറ്റുകളോട് നേരിട്ട് പ്രതികരിക്കാനും വിദേശത്ത് ദുരിതത്തിലായ പൗരന്മാരെ സഹായിക്കാനും ഒരു കാബിനറ്റ് മന്ത്രിക്ക് എങ്ങനെ കഴിയുമെന്ന് അവർ തെളിയിച്ചു .വിദേശകാര്യ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഉടനീളം മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പാർലമെന്ററി രംഗത്തും നയതന്ത്രരംഗത്തും അവർ ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു .
അനാരോഗ്യം മൂലം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ മത്സരങ്ങളിൽനിന്ന് മാറിനിന്ന സുഷമാസ്വരാജ് കേരളത്തിലെ ഗവർണറായി നിയമിത ആയേക്കും എന്നുള്ള വാർത്തകളിൽ നിറഞ്ഞിരുന്നു . 2014 മുതൽ 2019 വരെയുള്ള മോദി ഗവൺമെന്റിൻെറ വിദേശകാര്യനയം രൂപീകരിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു . ഇന്ത്യൻ കോൺസലേറ്റുകൾ ഏറ്റവും മികച്ചതാക്കാനുള്ള അവരുടെ പരിശ്രമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു . നല്ലൊരു വാഗ്ദമി ആയിരുന്ന സുഷമാസ്വരാജ് മൂന്നു വർഷം തുടർച്ചായി ഹിന്ദി പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരുന്നു .മികച്ച പാർലമേന്ററി പുരസ്കാരം ഉൾപ്പെടെയുള്ള അനേകം പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട് .90,000 പ്രവാസികൾക്ക് പല സമയങ്ങളിലായി ഇന്ത്യൻ വിദേശകാര്യാലയത്തിൽ നിന്നുള്ള സഹായം എത്തിക്കാനായിട്ട് അവർക്കു സാധിച്ചത് പ്രവാസിലോകം നന്ദിയോടെ സ്മരിക്കുന്നു . എന്നും പുഞ്ചിരിയോടെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട പ്രിയപ്പെട്ട സുഷമസ്വരാജിന് മലയാളം യുകെ ന്യൂസ് ടീമിൻെറ ആദരാഞ്ജലികൾ .
മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയെന്ന നിലയിലും ഹരിയാനയിലെ പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന നിലയിലും ചരിത്രത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഷമ സ്വരാജ്. ബി.ജെ.പിയുടെ ശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു സുഷമ സ്വരാജ്.
2014 മുതല്‍ 2019 വരെ ആദ്യ മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1977 മുതല്‍ 1980 വരെ ജനത പാര്‍ട്ടി സര്‍ക്കാരിനും കേന്ദ്രമന്ത്രിസ്ഥാനം അലങ്കരിച്ചു. 2000 മുതല്‍ 2003 വരെ വാജ്പേയി മന്ത്രിസഭയില്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല.
2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 2019 ലെ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടു നിന്നു. ഹരിയാന അംബാല കന്റോണ്മെന്റില് 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.
ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ ’80, ’89 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.