സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളത്ത് മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും കണ്ണൂരിൽ ജീപ്പ് ഒഴുക്കിൽപെട്ട് ഒരാളെ കാണാതാവുകയും ചെയ്തു.
കൊല്ലത്ത് വള്ളം തകർന്നു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങിൽ കണ്ടെത്തി.
കിടങ്ങൂരിൽ കാവാലിപ്പുഴ ഭാഗത്തു നിന്നു മീനച്ചിലാറ്റിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷിന്റെ (32) മൃതദേഹം പുന്നത്തുറ പള്ളിക്കര കടവിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്റെ മകനാണ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: മനു, മഞ്ജു.
എറണാകുളം എടവനക്കാട്ട് മതിൽ ഇടിഞ്ഞു വീണ് തമിഴ്നാട് ഡിണ്ടിഗൽ ആന്തൂർ സ്വദേശി തങ്കവേലുവാണ് (32) മരിച്ചത്. ഒരാൾക്കു പരുക്കേറ്റു.കണ്ണൂരിൽ ഇരിട്ടി മുച്യാട് മണിക്കടവ് ചപ്പാത്ത് പാലത്തിൽ നിന്നു ജീപ്പ് മറിഞ്ഞ് കാരിത്തടത്തിൽ കുര്യന്റെ മകൻ ലിതീഷിനെയാണ് (30) കാണാതായത്. ജീപ്പും കണ്ടെത്താനായില്ല.
കടലിൽ കാണാതായ കന്യാകുമാരി കൊല്ലങ്കോട് നീരോടി തോണി തുറൈ വിളാകം ജോണിന്റെ മകൻ സഹായരാജിന്റെ (32) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്കോ എന്നിവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
ലൈംഗിക പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസെടുത്ത പരാതി റദ്ദാക്കണമെന്നാണ് ആവശ്യം. 17ന് നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
കേസിൽ ജാമ്യത്തിലുള്ള ബിനോയ് കോടിയേരി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കുകയാണ്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തണമെന്ന് നിർദേശമുണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽനിന്ന് ബിനോയ് പിന്മാറി.
തുടർന്ന് ഇന്ന് തീർച്ചയായും രക്തസാംപിൾ നൽകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി ഒന്‍പതു വർഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് ബിഹാർ സ്വദേശിയായ യുവതി മുംബൈ പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറയുന്നു. 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചു, വഞ്ചിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. അന്ധേരി ഓഷിവാര പൊലീസ് എഫ്ആര്‍ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
എന്നാൽ തന്നെ ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണെന്ന് ബിനോയ് ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു.
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ വണ്ടൂർ സ്വദേശിയായ അജ്മൽ സാദിഖിന്റെ കുടുംബം കടുത്ത ആശങ്കയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കിടുകിടപ്പൻ അബ്ബാസിന്റെ മകൻ അജ്മൽ സാദിഖാണ് (27) ’ഗ്രേസ് വണ്‍’എന്ന കപ്പലിലുള്ളത്. കപ്പലിൽ ജൂണിയർ ഓഫീസറാണ് അജ്മൽ. ഒരാഴ്ചയ്ക്കിടെ നിരവധി തവണ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട അജ്മൽ, മലയാളികൾ ഉൾപ്പെടെയുള്ള ക്രൂ അംഗങ്ങൾ കപ്പലിൽ സുരക്ഷിതരാണെന്നും ബ്രിട്ടന്റെ കപ്പലിലുള്ള റോയൽ നാവിക ഉദ്യോഗസ്ഥർ അവരോടു മാന്യമായി പെരുമാറുന്നുവെന്നും സഹോദരനെ അറിയിച്ചിരുന്നു. കപ്പൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ശേഷം അജ്മൽ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അജ്മലിന്റെ സഹോദരൻ മുഹമ്മദ് ലത്തീഫ് പറഞ്ഞു.
കപ്പൽ പിടിച്ചെടുത്ത ഉടൻതന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കപ്പൽ ജീവനക്കാരുടെ രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് അവ തിരികെ നൽകി.കപ്പലിലെ തേർഡ് എൻജിനിയറായ മലയാളിയുടെ ഫോണ്‍സന്ദേശം. കാസർഗോഡ് ഉദുമ സ്വദേശി പ്രജിത് പുരുഷോത്തമനാണ് ഇന്നലെ മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നതായി ആരോപിച്ചാണ് ഈ മാസം ആദ്യവാരം ബ്രിട്ടീഷ് തീരസേനയും ജിബ്രാൾട്ടർ പോലീസും ചേർന്നു കപ്പൽ പിടിച്ചെടുത്തത്. പ്രജിത് ഉൾപ്പെടെ മൂന്നു മലയാളികളാണ് കപ്പലിലുള്ളത്.
കഴിഞ്ഞ ദിവസം സ്റ്റെന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണ കപ്പൽ, ഇറാൻ സേനാവിഭാഗമായ റവ ലൂഷണറി ഗാർഡ് പിടിച്ചെടുത്തതോടെരംഗം വഷളായി. ഇതോടെ അജ്മലിന്റെ കുടുംബവും നാട്ടുകാരും കടുത്ത ആശങ്കയിലാണ്. പ്രശ്നം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കപ്പൽ വിട്ടയയ്ക്കാനുള്ള നടപടികളുണ്ടാകണമെന്ന പ്രാർഥനയിലാണ് കുടുംബം. വണ്ടൂർ വിഎംസി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിനു ശേഷം കോൽക്കത്തയിലാണ് അജ്മൽ എൻജിനിയറിംഗ് പഠിച്ചത്. കഴിഞ്ഞ മേയ് 13നാണ് ഇറാന്റെ ഗ്രേസ് വൺ കപ്പലിൽ ജോലിക്കു ചേർന്നത്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, രാഷട്രീയരംഗങ്ങളിലെല്ലാം നിറസാന്നിധ്യമായ അജ്മലിന്റെ തിരിച്ചു വരവ് എത്രയും വേഗത്തിലാകണമെന്ന പ്രാർഥനയിലാണ് നാട്.
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കും. വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എം.എല്‍.എമാരായ എച്ച്.നാഗേഷും ആര്‍.ശങ്കറുമാണ് ഹര്‍ജി നല്‍കിയത്. അതേസമയം കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎൽഎ എൻ. മഹേഷിനു മായാവതി നിർദേശം നൽകി. സർക്കാർ നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ് സഖ്യം. എന്നാൽ 107 പേർ പിന്തുണയുള്ള ബിജെപി, സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
11 മണിക്കാണ് നിയമസഭാ സമ്മേളനം. രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിടാൻ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നേക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ 100 പേരുടെ പിന്തുണമാത്രമാണ് സഖ്യത്തിനുള്ളത് ബിജെപിക്കാകട്ടെ 107ഉം. രാമലിംഗറെഡ്ഢി ഒഴികെയുള്ള വിമതരെല്ലാം രാജിയിൽ ഉറച്ചു തന്നെയാണ്. വോട്ടെടുപ്പിന് മുന്നോടിയായി ഇന്നലെ രാത്രി ബിജെപിയും കോൺഗ്രസും നിയമസഭാകക്ഷി യോഗം ചേർന്നു. എംഎൽഎമാരെ താമസിപ്പിച്ചിരുന്ന റിസോർട്ടുകളിൽ തന്നെയാണ് യോഗം നടന്നത്. സഖ്യസർക്കാർ തകരില്ലെന്ന ആത്മവിശ്വാസമുണ്ടെന്നു കർണാടക പി സി സി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു പ്രതികരിച്ചു.
അതേസമയം സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും ആർ ശങ്കറും ആണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് അഞ്ചു മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. സഖ്യത്തിനൊപ്പം ആയിരുന്ന ഇരുവരും നേരത്തെ പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം ചേർന്നിരുന്നു. ഹര്‍ജി ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തും. എം.എല്‍.എമാര്‍ക്ക് നല്‍കുന്ന വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും നേരത്തെ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം കുമാരസ്വാമി സർക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബി എസ് പി എം എൽ എ എൻ മഹേഷിന് മായാവതി നിർദ്ദേശം നൽകി.
നിയമസഭ യോഗത്തിന് എത്തുകയോ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് മഹേഷ് വ്യക്തമാക്കിയിരുന്നു ഇതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ മായാവതിയുടെ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലും നിയമസഭാ സമ്മേളനത്തിൽ മഹേഷ് പങ്കെടുത്തിരുന്നില്ല. അതേസമയം വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാൽ ഗവർണർ ശക്‌തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇതിനോടകംതന്നെ കർണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി കഴിഞ്ഞു.
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരിതം വിതച്ച പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ബിഹാറിലും അസമിലും മഴയ്‍ക്ക് നേരിയ ശമനമുണ്ട്. അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ച് പേര്‍ കൂടി മരിച്ചു.
പ്രളയം കനത്ത നാശം വിതച്ച ബിഹാറിലും അസമിലും മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. അപകട സൂചികയും കടന്ന് കരകവിഞ്ഞ് ഒഴുകുന്ന ബ്രഹ്മപുത്ര അടക്കമുള്ള നദികളില്‍ ജലനിരപ്പ് നേരിയ തോതില്‍ നാഴ്ന്നു. മഴ കുറഞ്ഞത് ആശ്വാസമാകുമ്പോഴും മരണസംഖ്യ ഉയരുകയാണ്. അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ചു പേര്‍ കൂടി മരിച്ചു.
ഇതോടെ അസമില്‍ മാത്രം മരിച്ചവരുടെ എണ്ണം 62 ആയി. ഒരു ലക്ഷത്തിന് മുപ്പതിനായിരം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാശിരംഗ ദേശീയോദ്യാനത്തില്‍ 101 മാനുകളും പന്ത്രണ്ടു കണ്ടാമൃഗവും ഒരു ആനയും അടക്കം 129 മൃഗങ്ങള്‍ ചത്തു. ദേശീയോദ്യാനത്തിന്റെ 90 ശതമാനവും ഇപ്പോഴും വെള്ളത്തിനിടയിലാണ്.
കനത്ത നാശം വിതച്ച ബിഹാറില്‍ മാത്രം മരിച്ചത് 97 പേരാണ്. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂർ കൗണ്ട്ഡൗൺ വൈകിട്ട് 6.43ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒ വിക്ഷേപണകേന്ദ്രത്തിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു 2.43നാണു വിക്ഷേപണം. സെപ്റ്റംബർ 6നു പേടകം ചന്ദ്രോപരിതലത്തിൽ എത്തും.
കഴിഞ്ഞ 15നു പുലർച്ചെ 2.15നാണു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ഹീലിയം വാതകം ചോർച്ച ഉണ്ടായതിനെത്തുടർന്ന് അവസാന മണിക്കൂറിൽ മാറ്റിവച്ചു. സങ്കീർണമായ തകരാർ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കു കഴിഞ്ഞതോടെയാണു വിക്ഷേപണം തിങ്കളാഴ്ച നിശ്ചയിച്ചത്.
പുറപ്പെടാൻ വൈകിയാലും ചന്ദ്രയാൻ 2 നേരത്തേ നിശ്ചയിച്ചപോലെ സെപ്റ്റംബർ 7നു തന്നെ ചന്ദ്രനിലെത്തും. ഇതിനായി യാത്രാസമയക്രമം മാറ്റി.
ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസം വലംവച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര തുടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, പുതിയ സമയക്രമമനുസരിച്ച് 23 ദിവസം പേടകം ഭൂമിയെ വലംവയ്ക്കും. 8 ദിവസമെടുത്താണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. നേരത്തേ 22–ാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനായിരുന്നു തീരുമാനം.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ 28 ദിവസം വലംവച്ച ശേഷം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനമെങ്കിൽ പുതിയ സമയ പ്രകാരം 13 ദിവസമായി കുറച്ചു.
ചന്ദ്രയാൻ 2:പുതിയ സമയക്രമം
ജൂലൈ 22: ഉച്ചയ്ക്ക് 2.43 വിക്ഷേപണം
ഓഗസ്റ്റ് 13: ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള ഗതിമാറ്റം (ട്രാൻസ് ലൂണാർ ഇൻജെക്‌ഷൻ) തുടങ്ങുന്നു.
ഓഗസ്റ്റ് 20: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു
സെപ്റ്റംബർ 2: ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെടുന്നു.
സെപ്റ്റംബർ 3: ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തുന്നു
സെപ്റ്റംബർ 7: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു.
സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉച്ചയ്ക്ക് 2.43നു ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയരും.
വിക്ഷേപണത്തിനു മുൻപുള്ള റിഹേഴ്സൽ വിജയകരമായി പൂർത്തിയായി. 20 മണിക്കൂർ കൗണ്ട്ഡൗൺ ഇന്നലെ വൈകിട്ട് 6.43നു തുടങ്ങി.
ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവന്റെ നേതൃത്വത്തിൽ തയാറെടുപ്പുകൾ വിലയിരുത്തി. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 10 വയസ്സോളം പ്രായമുണ്ടാകും. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.
അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു.ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് കടലാനയെ മുറിച്ച് കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൈകിട്ടോടെ മറവു ചെയ്തു. 15,000 രൂപയിലധികം പഞ്ചായത്തിനു ചെലവായി. വനം, റവന്യു, പൊലീസ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാന, സസ്തനിയാണ്. തുമ്പിക്കൈ മാതൃകയിൽ മുഖവും ആനയ്ക്ക് സമാനമായ വലിപ്പവുമുണ്ട്. ഉൾക്കടലിൽ ജീവിക്കുന്ന ഇവയ്ക്കു മത്സ്യങ്ങളും കടൽപായലുകളുമാണ് ഭക്ഷണം.
സംസ്ഥാനത്ത് മഴ കനക്കുമ്പോൾ വിദ്യാർഥികളെ കബളിപ്പിക്കാൻ വ്യാജ വാർത്തകളും സജീവമായി കഴിഞ്ഞു. നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിൽ മാത്രമാണ് പൂർണമായും അവധി നൽകിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. എന്നാൽ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയില്‍ പ്ലസ്ടു വരെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
അതേ സമയം ജില്ലാ കലക്ടർമാരുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മഴകാരണം സ്കൂളിന് അവധി നൽകണമെന്ന് അപേക്ഷയുമായി വിദ്യാർഥികളും സജീവമാണ്.
മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.
സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.
ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.
എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബന്ധം വിലക്കിയതിന്റെ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി. ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.
17 വർഷം മുൻപ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവർ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.