‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ മുദ്രാവാക്യങ്ങള്‍പോലെ കേള്‍ക്കാന്‍ മനോഹരം; സ്ത്രീക്ക് സുരക്ഷയും സ്ഥാനവുമില്ലാത്ത ഇന്ത്യ

‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ മുദ്രാവാക്യങ്ങള്‍പോലെ കേള്‍ക്കാന്‍ മനോഹരം;  സ്ത്രീക്ക് സുരക്ഷയും സ്ഥാനവുമില്ലാത്ത ഇന്ത്യ
September 26 05:11 2019 Print This Article

”ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവി എന്ന ഹിന്ദുമതത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട ആരാധനാമൂര്‍ത്തിക്ക് ആ മതത്തില്‍ ഏറ്റവും വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയിലെ, ആ ദേവതയുടെ ദരിദ്രരായ സഹോദരിമാര്‍ ഇതില്‍നിന്ന് ഏറെ അകലെയാണ്. ജി-20 ലെ സൗദിഅറേബ്യ ഒഴികെ മറ്റേതൊരു രാജ്യത്തുള്ളവരേയുംകാള്‍ പിന്നോക്കാവസ്ഥയിലാണ് ഇന്ത്യയിലെ സ്ത്രീകള്‍”.

പ്രധാനമന്ത്രിയുടെ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നതും മറ്റു മുദ്രാവാക്യങ്ങള്‍പോലെ കേള്‍ക്കാന്‍ മനോഹരമാണ്. എന്നാല്‍ ഈ മുദ്രാവാക്യം പല മാധ്യമങ്ങളിലൂടെ മുഴങ്ങുമ്പോള്‍തന്നെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി, സര്‍ക്കാരിന്റെതന്നെ ബഹുമതിക്കര്‍ഹയായ ഒരു പെണ്‍കുട്ടി-ഹരിയാനയിലെ 19കാരി അവളുടെ പഠനാവശ്യത്തിനായുള്ള യാത്രയ്ക്കിടെ, ബസ്‌സ്‌റ്റോപ്പില്‍നിന്ന് തട്ടിക്കൊണ്ടുപോയി, കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. ആ അതിഹീനകൃത്യം ആസൂത്രിതമായി നടപ്പാക്കിയത് രാജ്യസുരക്ഷയ്ക്ക് നിയുക്തനായ, രാജ്യത്തെ എല്ലാ പൗരരെയും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു സൈനികനും അയാളുടെ കൂട്ടാളികളുമാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യം കാക്കേണ്ട ഒരു സൈനികന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെതന്നെ അഭിമാനമായ ഒരു പെണ്‍കുട്ടിയെ ആക്രമിച്ച് കൂട്ടബലാല്‍സംഗംചെയ്ത് മൃതപ്രായയാക്കിയത്, മോഡിവാഴ്ചയിന്‍കീഴില്‍ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ എത്ര ഭീകരമാണെന്നത് ഒന്നുകൂടി വെളിപ്പെടുത്തി.

അതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് ഉത്തരാഖണ്ഡില്‍ ഒരു സ്‌കൂളില്‍ പതിനഞ്ചുവയസുകാരി കൂട്ട ബലാത്സംഗത്തിനിരയായതും ഗണേശോത്സവത്തിനിടെ 13 കാരിയെ ബലാത്സംഗംചെയ്തതുമായ വാര്‍ത്ത പുറത്തുവന്നത്. ബിഹാറിലെ ഒരു ചൈല്‍ഡ് കെയര്‍ സെന്ററില്‍ പിഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പെണ്‍കുട്ടികള്‍ക്കുംനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഈയടുത്തയിടെ പറഞ്ഞത്, രാജ്യത്തുടനീളമുള്ള 9,589 ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ നടത്തിയ ഒരു സര്‍വെയില്‍ 1,575 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായി റെസ്‌ക്യുഹോമുകളില്‍ കഴിയുന്നുണ്ടെന്നാണ്. ”ഈ കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ എന്തുചെയ്തു? ഈ 1575 ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണംചെയ്യപ്പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു” എന്നാണ് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍, കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് ചോദിച്ചത്. ചൈല്‍ഡ്‌ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ നടത്തിയ സര്‍വെയുടെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇങ്ങനെ പെണ്‍കുട്ടികളും സ്ത്രീകളും നാലു ചുവരുകള്‍ക്കുള്ളിലും പൊതു ഇടങ്ങളിലും ആക്രമിക്കപ്പെടുമ്പോള്‍ മോഡിയുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെല്ലാം പ്രഹസനമായി മാറുകയാണ്.

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടതിനുശേഷം മാറിമാറി കേന്ദ്രം ഭരിച്ച ഗവണ്‍മെന്റുകള്‍ക്കുകീഴില്‍ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. രാജ്യത്തിന്റെ ഉല്‍പാദനശക്തിയില്‍ വലിയ പങ്കുവഹിച്ചിരുന്ന സത്രീകള്‍ ഇന്ന് ഏറെ പിന്നോക്കം പോയിരിക്കുന്നു. ജി 20 രാഷ്ട്രങ്ങളില്‍ സൗദിഅറേബ്യ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ രാജ്യങ്ങളെക്കാളും ഇന്ത്യയിലെ സ്ത്രീകള്‍ തൊഴിലിന്റെ കാര്യത്തില്‍ പിന്നിലാണ്. സാമ്പത്തിക ഉല്‍പാദനത്തില്‍ ആറിലൊന്നുമാത്രമാണ് സ്ത്രീ പങ്കാളിത്തം-ആഗോള ശരാശരിയുടെ പകുതി മാത്രമാണിത്.

സംഘടിത-അസംഘടിതമേഖലകളിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം 2005ലെ 35%ത്തില്‍ നിന്നും 26 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയിലധികമാവുകയും തൊഴിലെടുക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം 47 കോടിയായി വര്‍ധിക്കുകയും ചെയ്തു. എന്നിട്ടും സ്ത്രീകളുടെ തൊഴില്‍ 10 കോടിയായി ചുരുങ്ങുകയാണുണ്ടായത്. സ്ത്രീകളുടെ തൊഴില്‍സേനയില്‍ വന്ന ഈ ഇടിവിന് വിചിത്രമായ കാരണങ്ങളാണ് നിരത്തപ്പെടുന്നത്. ഒന്ന് പെണ്‍കുട്ടികള്‍ പഠിക്കാനായി പോകുന്നതിനാല്‍ തൊഴില്‍സേനയില്‍നിന്നകന്നുനില്‍ക്കുന്നു. രണ്ട്, കുടുംബങ്ങള്‍ സമ്പന്നമായി മാറിയതിനാല്‍ സ്ത്രീകള്‍ പുറത്തുപോയി ജോലിചെയ്യാതിരിക്കുന്നതിന് മുന്‍തൂക്കം നല്‍കപ്പെട്ടു. എന്നാല്‍ ഈ രണ്ടു വാദങ്ങളും വാസ്തവവിരുദ്ധമാണ്. പ്രധാനപ്പെട്ട കാര്യം തൊഴില്‍സേനയില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ പ്രായം 15നു മുകളിലാണെന്നതാണ്.

തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവിനുപിന്നില്‍ സാമൂഹ്യമായ കാരണങ്ങളാണേറെയും. 2012ല്‍ നടത്തപ്പെട്ട ഒരു സര്‍വെയില്‍ പറയുന്നത്, തൊഴിലവസരങ്ങള്‍ വിരളമാകുമ്പോള്‍ തൊഴിലെടുക്കുന്നതിന് സ്ത്രീകളേക്കാള്‍ കൂടുതല്‍ അവകാശം പുരുഷനാണെന്ന കാര്യത്തില്‍ 84% ഇന്ത്യക്കാരും യോജിക്കുന്നുഎ ന്നാണ്. 2005നുശേഷം ഇന്ത്യന്‍ വ്യവസായമേഖലയിലെ 3.60 കോടി അധികം തൊഴിലുകളില്‍ 90%വും പുരുഷന്മാര്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സെന്‍സസ് ഡാറ്റ സൂചിപ്പിക്കുന്നതാകട്ടെ, വീട്ടിലിരിക്കുന്ന മൂന്നിലൊരുഭാഗം സ്ത്രീകളും തൊഴില്‍ ലഭ്യമാണെങ്കില്‍ ജോലിചെയ്യാന്‍ തയ്യാറാണെന്ന അഭിപ്രായമുള്ളവരാണെന്നാണ്; ഗവണ്‍മെന്റിന്റെ മെയ്ക്ക് വര്‍ക്ക് പദ്ധതികള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷിക്കുന്നത് സ്ത്രീകളെയാണെന്നാണ്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകള്‍ക്കായുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ്. അതേസമയം ദരിദ്രരാജ്യങ്ങളില്‍പോലും ഉല്‍പാദനമുയര്‍ത്തിയും മറ്റു സേവനങ്ങളിലൂടെയും സ്ത്രീകള്‍ക്കായി തൊഴില്‍ മേഖലകള്‍ തുറന്നിടുകയാണ്.

നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ വസ്ത്രനിര്‍മാണമേഖലയിലുണ്ടായ കുതിച്ചുകയറ്റം 2005നുശേഷം തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 50ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കി. വിയത്‌നാമില്‍ നാലില്‍ മൂന്നു സ്ത്രീകളും തൊഴിലെടുക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകളുടെ തൊഴിലിനെ ശക്തിപ്പെടുത്തുന്ന വമ്പന്‍ ഫാക്ടറികളൊന്നുംതന്നെ ഇന്ത്യയിലില്ല.

എന്നാല്‍ വീടിനുള്ളിലെ അധ്വാനത്തിന്റെ കാര്യത്തില്‍ മറ്റൊരു രാജ്യത്തും കാണാന്‍ കഴിയാത്തവിധം ഇന്ത്യയില്‍ 90% വീട്ടുജോലിയും സ്ത്രീകളാണ് ചെയ്യുന്നത്. ഇത് ആഴ്ചയില്‍ സ്ത്രീകളുടെ 40ലേറെ മണിക്കൂറുകളാണ് കവര്‍ന്നെടുക്കുന്നത്. ലോകബാങ്കിന്റെ ഒരു പഠനമനുസരിച്ച് പുരുഷന്മാര്‍, പാത്രം കഴുകുകയോ കുട്ടികളെ കിടത്തുകയോ ചെയ്യുന്നതിനെല്ലാംകൂടി ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് ചെലവിടുന്നത്. ഇതുകൂടി സ്ത്രീകള്‍ ചെയ്താല്‍ വീട്ടുപണിയിലെ അവരുടെ പങ്കാളിത്തം 10 ശതമാനംകൂടി വര്‍ധിക്കും. നിരക്ഷരതയും കൂടെക്കൂടെയുള്ള പ്രസവവും പല സ്ത്രീകളെയും വീട്ടിനുളളില്‍തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കുന്നു. മോഡി ഗവണ്‍മെന്റ് വനിതാക്ഷേമത്തെക്കുറിച്ചുള്ള വാചകമടി തുടരുമ്പോഴും ഇന്ത്യയിലെ തൊഴില്‍ വിപണി സ്ത്രീകളെ അവഗണിക്കുകയാണ്. തൊഴില്‍സേനയിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച ഐഎല്‍ഒയുടെ കണക്കനുസരിച്ച് 131 രാജ്യങ്ങളില്‍ ഇന്ത്യ 121-ാം സ്ഥാനത്താണ്. ഇത് ഇനിയും താഴാനാണ് സാധ്യത. ഈ അവസ്ഥയ്ക്കിനിയുമെന്തെങ്കിലും മാറ്റമുണ്ടായില്ലെങ്കില്‍ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ പലതും നിഷേധിക്കപ്പെടുന്ന സൗദിയിലെ സ്ത്രീകള്‍ ഇന്ത്യയിലെ സ്ത്രീകളേക്കാള്‍ ജോലി സ്ഥലങ്ങളില്‍ സര്‍വ സാധാരണമാകുന്ന കാലം വിദൂരമല്ല.

തൊഴില്‍സേനയിലെ സ്ത്രീ പങ്കാളിത്തത്തിലെ ഇടിവിന്റെ ഒരു കാരണമായി പറയുന്നത് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ സമയം ചെലവഴിക്കുന്നതാണല്ലോ. ലിംഗതുല്യതാ പഠനങ്ങള്‍ കാണിക്കുന്നത്, വിദ്യാഭ്യാസം, തൊഴില്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പരിശീലനം എന്നിവയിലൊന്നും ഏര്‍പ്പെടാത്ത 15നും 24നും വയസ്സിനിടയ്ക്കുള്ള പെണ്‍കുട്ടികള്‍ 48% ആയിരിക്കുമ്പോള്‍ അതേ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ വെറും 8% മാത്രമാണ്. സ്ത്രീകളുടെ തൊഴില്‍ സേനയിലെ ഇടിവില്‍ നഗര-ഗ്രാമങ്ങള്‍ തമ്മിലും വലിയ വ്യത്യാസം കാണാം. 2005നും 2012നുമിടയ്ക്ക് ഗ്രാമീണ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 49%ല്‍ നിന്നും 36% ആയി താഴ്ന്നു. നഗരപ്രദേശങ്ങളിലെ ഇടിവ് 20% ആയി തുടരുന്നു. ഈ പ്രായത്തിനിടയ്ക്കുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ തൊഴില്‍ തേടുമ്പോള്‍ ഇവിടെ അതേ പ്രായത്തിനിടയ്ക്ക് വിവാഹിതരായി കുട്ടികളെ പ്രസവിച്ചുവളര്‍ത്തുന്നതിലാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതലായും ശ്രദ്ധിക്കേണ്ടിവരുന്നത്. എന്നാല്‍ ഇതില്‍ മിക്ക സ്ത്രീകളും തൊഴില്‍ ആഗ്രഹിക്കുന്നവരുമാണ്. സെന്‍സസ് ഡാറ്റ അനുസരിച്ച്, ഇങ്ങനെ വീട്ടിനുള്ളില്‍ കഴിയുന്ന 31 ശതമാനം സ്ത്രീകളും തൊഴില്‍ കിട്ടുകയാണെങ്കില്‍ ജോലിചെയ്യാന്‍ തയ്യാറുള്ളവരാണ്. അതായത് അവസരം ലഭിക്കുമെങ്കില്‍ അവര്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. അതുകൊണ്ടാണല്ലോ ഇന്ത്യയില്‍, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍, തൊഴിലുറപ്പു പദ്ധതിയില്‍ പുരുഷന്മാരേക്കാളും സ്ത്രീ പങ്കാളിത്തം കൂടുതലായുള്ളത്! ഓരോമാസവും സ്ത്രീ പുരുഷ ഭേദമെന്യെ 10 ലക്ഷം പേരാണ് തൊഴില്‍ വിപണിയിലേക്ക് പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഈയടുത്തയിടെ ഒരു സംസ്ഥാനത്ത് റെയില്‍വെയിലേക്കുള്ള വെറും 25 ഒഴിവിലേക്ക് 90000 പേരാണ് അപേക്ഷിച്ചത്!
ഏറ്റവും പരിതാപകരമായത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുതൂണായ, സ്ത്രീ സൗഹൃദപരമായ കാര്‍ഷികമേഖല പുരുഷാധിപത്യപരമായ ഒന്നായി മാറിയതാണ്. 2005നുശേഷമുണ്ടായ യന്ത്രവല്‍ക്കരണംമൂലം മേഖലയില്‍ മൊത്തം 25 കോടി തൊഴിലുണ്ടായിരുന്നത് 3.5 കോടിയായി ചുരുങ്ങി.

ഇങ്ങനെ തൊഴിലില്ലാതായവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്. അതേസമയം വ്യവസായമേഖലയില്‍ വലിയ കുതിച്ചുകയറ്റമുണ്ടായി. സ്ത്രീപുരുഷഭേദമെന്യെ 3.6 കോടി കര്‍ഷകത്തൊഴിലാളികളെയെങ്കിലും അധികം ഉള്‍ക്കൊള്ളത്തക്കവിധം വ്യവസായ മേഖല വളര്‍ന്നു. എന്നാല്‍ അതിലെ 90% തൊഴിലും പുരുഷന്മാര്‍ കയ്യടക്കുകയായിരുന്നു. സേവനമേഖലയില്‍ 5.6 കോടി തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതില്‍ 80ശതമാനവും കയ്യടക്കിയത് പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ദശലക്ഷക്കണക്കിന് തൊഴിലുകള്‍ പ്രദാനംചെയ്യാന്‍ കഴിയുന്ന, ഉയര്‍ന്നുവരുന്ന മറ്റു സമ്പദ്‌വ്യവസ്ഥകളെല്ലാംതന്നെ ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവുകയാണ്. കുറെയൊക്കെ സ്ത്രീ സൗഹൃദപരമായ ഐ ടി മേഖലയാകട്ടെ നിലനില്‍പു ഭീഷണി നേരിടുകയാണ്. വിയത്‌നാമിലും എത്യോപ്യയിലുംപോലും സ്ത്രീകള്‍ക്ക് തൊഴില്‍ പ്രദാനംചെയ്യുന്ന വമ്പന്‍ ഫാക്ടറികള്‍ ധാരാളമുണ്ട്. അവിടങ്ങളിലെല്ലാം, വസ്ത്രം, ചെരുപ്പ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളില്‍ സ്ത്രീ തൊഴില്‍ ശക്തി 70ശതമാനത്തിലധികമാണ്.

ഒരു രാജ്യത്തിന്റെ ദാരിദ്ര്യാവസ്ഥ, അവിടത്തെ സ്ത്രീകളുടെ അവസ്ഥയുടെ പ്രതിഫലനംകൂടിയായിരിക്കുമല്ലോ. സ്ത്രീക്ക് തൊഴില്‍ നിഷേധിക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്നു. ഐഎംഎഫിന്റെ ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യയില്‍ കൂടുതലായി സ്ത്രീകള്‍ ,ജോലിചെയ്തിരുന്നുവെങ്കില്‍, ഇന്ത്യ ഇപ്പോഴുള്ളതില്‍നിന്ന് 27% അധികം സമ്പന്നമായേനെയെന്നാണ്. ഇന്ത്യയെ സംബന്ധിച്ച അത്തരം കണക്കുകളില്‍ പറയുന്നത്, 6.3 കോടി സ്ത്രീകള്‍ ലിംഗവിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള അതിജീവനത്തിനോ ലിംഗനിര്‍ണയത്തിനായുള്ള ഗര്‍ഭഛിദ്രത്തിനോ ഇരയാകുന്നുണ്ടെന്നാണ്.

എല്ലാ അര്‍ഥത്തിലും സ്ത്രീയുടെ ഇടം ചുരുങ്ങിവരികയാണ്. സ്ത്രീക്ക് തൊഴിലെടുക്കാനും പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി വിദ്യാഭ്യാസം നേടാനും കഴിയാത്തവിധം ആക്രമണങ്ങള്‍ അനുദിനം വര്‍ധിക്കുന്നു. തൊഴിലോ വേണ്ടത്ര വരുമാനമോ ഇല്ലാതെ വലിയൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടുമ്പോള്‍, സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത സാനിട്ടറി നാപ്കിനുകള്‍ക്കുപോലും ജിഎസ്ടി ഏര്‍പ്പെടുത്തി. മറ്റുമേഖലകളിലും സ്ത്രീക്ക് കടുത്ത അവഗണനയാണ്.

പാര്‍ലമെന്റിലെ അംഗങ്ങളില്‍ 8 ശതമാനം മാത്രമാണ് സ്ത്രീ സാന്നിധ്യം. 25 സുപ്രീംകോടതി ജഡ്ജിമാരില്‍ 3 പേര്‍ മാത്രമാണ് സ്ത്രീകള്‍. വമ്പന്‍ കോര്‍പറേറ്റുകളുടെ ഇടനാഴികള്‍ പുരുഷകേന്ദ്രിത മേഖലകളാണ്. തൊഴില്‍ നിയമങ്ങളില്‍ പ്രസവാവധിപോലെ ചുരുക്കം ചില ആനുകൂല്യങ്ങള്‍ സ്ത്രീക്ക് ലഭിച്ചേക്കാം. എന്നാല്‍ അത് 5% മാത്രമായി, ഔപചാരിക തൊഴില്‍ മേഖലയിലേക്കു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. തുല്യ തൊഴിലിന് തുല്യവേതന സിദ്ധാന്തം പ്രസംഗത്തില്‍ മാത്രമേയുള്ളു. പ്രയോഗത്തിലില്ല. പുരുഷന്‍ സമ്പാദിക്കുന്നതിന്റെ 62% മാത്രമേ സ്ത്രീക്ക് സമ്പാദിക്കാന്‍ കഴിയുന്നുള്ളൂ. പാരമ്പര്യ സ്വത്തില്‍ നിയമപരമായി സ്ത്രീക്ക് തുല്യാവകാശമുണ്ടെങ്കിലും അത് പ്രയോഗത്തിലില്ല. മൊത്തം കൃഷിഭൂമിയുടെ 13 ശതമാനത്തില്‍ താഴെ മാത്രമേ സ്ത്രീക്ക് കൈവശമായിട്ടുള്ളൂ.

സുരക്ഷയുടെ പേരുപറഞ്ഞ് സ്ത്രീകളെ രാത്രിഷിഫ്റ്റുകളില്‍നിന്നൊഴിവാക്കി അവര്‍ കൂടുതലായി എന്തെങ്കിലും നേടുന്നതിനെ തടയുന്നു. 2005നും 2012നുമിടയ്ക്ക് ഇന്ത്യയില്‍ തൊഴിലില്‍ സ്ത്രീ പങ്കാളിത്തത്തില്‍ കുത്തനെ ഇടിവുണ്ടായതിന്റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ഐഎല്‍ഒയുടെ പ്രവചനമനുസരിച്ച് ഇതേ ഇടിവ് തുടര്‍ന്നാല്‍ 2030 ഓടെ സ്ത്രീകളുടെ തൊഴിലില്ലാപ്പടയില്‍ 44ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ്. ഒരു ശരാശരി ഇന്ത്യന്‍ കുടുംബം ഉപഭോക്തൃ കടങ്ങളാല്‍ (ഗൃഹോപകരണ വായ്പ, വാഹനലോണുകള്‍ തുടങ്ങിയവ) ഞെക്കിപ്പിഴിയപ്പെടുമ്പോഴും വലിയ തൊഴില്‍ ശക്തിയാകാന്‍ കഴിയുന്ന, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീ സമൂഹം ഉല്‍പാദനപരമല്ലാത്ത അടുക്കളപ്പണികളില്‍ ഒതുങ്ങിക്കൂടേണ്ടതായി വരുന്ന അവസ്ഥയില്‍പരം ലജ്ജാകരമായത് നമ്മുടെ രാജ്യത്ത് മറ്റെന്താണുള്ളത്?

കടപ്പാട്: കെ ആര്‍ മായ, ചിന്ത…..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles