India

ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപ കാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മുവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്വയംഭരണ സ്ഥാപനമായ മുവാറ്റുപുഴ നിര്‍മലാ കോളജില്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടം മറിക്കുന്ന തരത്തിലുള്ളതാണ്.

ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോളജ് ക്യാമ്പസില്‍ നിസ്‌കാരം നടത്തുന്നതിന് മുറി വിട്ടു നല്‍കണം എന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്.

നിയമപരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയര്‍ത്തി കോളജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ട് വിദ്യാര്‍ഥി സംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കി എന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള ഗൂഢാലോചനയും ലക്ഷ്യങ്ങളും അന്വേഷണ വിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മലാ കോളജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘം നദിയിലിറങ്ങി കൃത്യമായ പരിശോധന നടത്തിയതായി കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ. ഞായറാഴ്ച വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. കഴിഞ്ഞ 12 ദിവസമായി ശ്രമകരമായ ദൗത്യവുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നദിയുടെ ആഴത്തിൽ സംഘം പരിശോധിച്ചിരുന്നു. ആഴത്തിൽ ചെളിയും പാറയും കലർന്ന അവസ്ഥയിലാണ്. നദിയിൽ നല്ല ഒഴുക്കുമുണ്ട്. വലിയ ബുദ്ധിമുട്ടാണ് തിരച്ചിൽ ദൗത്യത്തിനെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇന്ന് എന്തെങ്കിലും ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്രക്കിനു മുകളിലോ മനുഷ്യന് മുകളിലോ മണ്ണുംചെളിയും നിറഞ്ഞിരിക്കുകയാണെങ്കിൽ ദൗത്യം ഏറെ ദുഷ്കരമാകും.

നദിയുടെ ആഴങ്ങളിൽ മുഴുവനും മണ്ണും ചെളിയുമാണ്. തകർന്ന മരങ്ങൾ പോലും നദിയുടെ അടിയിലുണ്ട്. അതിനകത്തേക്ക് പോയി തിരച്ചിൽ നടത്തുന്നവർ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഈശ്വർ മാൽപെ ഞായറാഴ്ചയും ദൗത്യത്തിന്റെ ഭാ​ഗമാകുമോ എന്ന് ചർച്ചചെയ്ത് തീരുമാനിക്കും. നദിയുടെ ആഴവും ഒഴുക്കുമൊന്നും കാര്യമാക്കാതെ ദൗത്യത്തിനൊപ്പം നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഈശ്വർ മാൽപെ, എസ്.പി., ജില്ലാ കളക്ടർ എന്നിവർ ശനിയാഴ്ച വൈകീട്ട് യോ​ഗം ചേരുമെന്ന് കൃഷ്ണ സെയിൽ അറിയിച്ചു. തുടർന്നുള്ള തീരുമാനങ്ങൾ മാധ്യമങ്ങളേയും അധികൃതരെയും അറിയിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാവിനെ കാറിൽ കൈയും കഴുത്തും ബന്ധിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം. പെൺസുഹൃത്ത് ഏർപ്പെടുത്തിയ ക്വട്ടേഷൻസംഘമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവാവിന്റെ പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി സുമേഷ് സോമനാണ്‌ (38) പരിക്കേറ്റ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക്‌ വരുംവഴി വ്യാഴാഴ്ച രാത്രി 11-ഓടെ കല്ലാർകുട്ടിക്കുസമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം. അഞ്ചുപേർ കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബൈൽ തട്ടിയെടുത്തെന്നുമാണ് സുമേഷ് പോലീസിന് നൽകിയ മൊഴി.

വെള്ളിയാഴ്ച രാവിലെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിച്ചനിലയിൽ സുമേഷിനെ കണ്ടെത്തിയത്. ഇയാൾ അടിമാലി പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളത്ത് ഡ്രൈവറായി ജോലിനോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇരുവരും കുഞ്ചിത്തണ്ണി സ്വദേശികളാണ്. മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നു. ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി. ഇതിനിടെ അനുമതിയില്ലാതെ സുമേഷ് യുവതിയുടെ ഏതാനും ചിത്രങ്ങളും സ്വകാര്യസംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി ആരോപണമുണ്ട്. യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.

താൻ താമസിക്കുന്നത് രാജാക്കാട് പോലീസ്‌സ്റ്റേഷൻ പരിധിയിൽ ആണെന്നും അതിനാൽ കേസ് അങ്ങോട്ട് മാറ്റണമെന്നും ആവശ്യപ്പെട്ട് സുമേഷ് പോലീസിൽ അപേക്ഷ നൽകി.

അക്രമികൾ തന്റെ മൊബൈൽ ഫോൺ കവർന്നതായും സുമേഷിന്റെ പരാതിയിൽ പറയുന്നു. യുവതി തന്നെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായും ഈ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സുമേഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സുമേഷിന്റെ കഴുത്തിലും കൈകളിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. മുറിവുകൾ സാരമുള്ളതല്ല. മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം എന്ന് കരുതുന്നു. സുമേഷ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിതല കമ്മറ്റികള്‍ രൂപീകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ സര്‍ക്കുലര്‍ കെപിസിസി പ്രസിഡന്റ് റദ്ദാക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത വീണ്ടും പുറത്തായി.

പാര്‍ട്ടിയുടെ സര്‍ക്കുലര്‍ ഇറക്കേണ്ട കെപിസിസി പ്രസിഡന്റിന്റെ അധികാരത്തില്‍ കൈകടത്തിയ വി.ഡി സതീശനെതിരെ സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് കെ. സുധാകരന്‍ ഡല്‍ഹയില്‍ പറഞ്ഞു.

കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനം ഉണ്ടായെന്ന കാര്യം സുധാകരന്‍ തള്ളിയില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവും. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കും. താനും സതീശനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

‘ഒരു ജനാധിപത്യ പാര്‍ട്ടിക്കകത്ത് അഭിപ്രായ ഐക്യവും, അഭിപ്രായ വ്യത്യാസവും വിമര്‍ശനവും ഒക്കെ ഉണ്ടാകും. അതിനൊന്നും തന്റെ അടുത്ത് നിന്ന് ഉത്തരം കിട്ടില്ല. അതൊക്കെ പ്രതിപക്ഷ നേതാവിനോട് ചോദിക്കുക. താന്‍ എല്ലാ ആളുകളോടും സമ ദൂരത്തിലും സമ സ്നേഹത്തിലുമാണ് പോകുന്നത്. സതീശനും താനും തമ്മില്‍ ഒരു പ്രശ്നവുമില്ല. ഇപ്പോ കണ്ടാല്‍ സതീശനെ കുട്ടിക്കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കും’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ പ്രതിപക്ഷ നേതാവ് കൈ കടത്തുകയാണെന്ന ആരോപണവും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നിരുന്നു.

വയനാട് നടന്ന യോഗത്തിലെ വാര്‍ത്ത പുറത്തു വിട്ടത് സതീശനാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. ഇന്നലെ ചേര്‍ന്ന അടിയന്തര കെപിസിസി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ ഭാരവാഹികള്‍ ആഞ്ഞടിച്ചത്. യോഗത്തില്‍ പങ്കെടുത്ത 22 ഭാരവാഹികളും പ്രതിപക്ഷ നേതാവിന്റെ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് വിവരം.

അതിനിടെ കെപിസിസി യോഗത്തിലെ വിമര്‍ശനത്തില്‍ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ജില്ലാ ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നിന്ന് വിട്ടു നിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും അദേഹം പരിപാടിയില്‍ പങ്കെടുത്തില്ല.

വയനാട്ടില്‍ നടന്ന ചിന്തന്‍ ശിബിരിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു. വി.ഡി സതീശന്റെ അസാന്നിധ്യത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കെപിസിസി ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യോഗം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ല. കെപിസിസി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്. യോഗത്തിലെ വിമര്‍ശനം പുറത്തായതും വി.ഡി സതീശനെ ചൊടിപ്പിച്ചു.

തൃശൂര്‍ വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹന്‍ പൊലീസില്‍ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ മോഹന്‍ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.

മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹന്‍. കഴിഞ്ഞ 18 വര്‍ഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. 2020 മെയ് മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അഭിനയിച്ച് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വര്‍ഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒളിവില്‍ പോകുന്നതിന് മുമ്പും ഇവിടെ തന്നെയായിരുന്നു യുവതിയുടെ താമസം.

നിപ വൈറസ് പരിശോധന നടത്തിയ എട്ടു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രണ്ടു പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

എറണാകുളം വാഴക്കുളത്ത് പള്ളി വികാരിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ പള്ളിയിലെത്തിയ പാചകക്കാരിയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററും അവതാരകനുമായ വിനു വി ജോണിനെതിരെ കലാപാഹ്വാന കുറ്റം ചുമത്തി തലസ്ഥാന ജില്ലയിലെ സിറ്റി കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504 (ഉദ്ദേശ്യപൂര്‍വ്വം സമാധാനം ലംഘിക്കുന്നതിന് പ്രകോപനം നല്‍കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് അപമാനിക്കുക ), 116 (തടവു നല്‍കി ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തിനുള്ള പ്രേരണ നല്‍കല്‍ കുറ്റം ചെയ്യല്‍), 506 (കുറ്റകരമായ ഭയപ്പെടുത്തല്‍), 107 ( കുറ്റം ചെയ്യിക്കാനുള്ള പ്രേരണ), 2010 കേരളാ പോലീസ് നിയമത്തിലെ 120 (ഒ) എന്നീ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

2022 മാര്‍ച്ച്‌ 28 ന് എടുത്ത കേസില്‍, 2023 ഫെബ്രുവരി 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ വിനുവിന് നോട്ടീസ് നല്‍കിയിരുന്നു. സിഐടിയു നേതാവ് എളമരം കരീമിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിനാണ് 2022 മാര്‍ച്ച്‌ മാസം കേസെടുത്തത്. ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ ചര്‍ച്ചയാണ് കേസ് വീണ്ടും കുത്തി പൊക്കാന്‍ കാരണമെന്നാണ് സൂചന.

2022 മാര്‍ച്ച്‌ മാസം 28ന് രാത്രി നടത്തിയ ചര്‍ച്ചയിലെ പരാമര്‍ശത്തിനാണ് കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 28ന് കേസെടുത്തത്. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതാകട്ടെ പിന്നെയും 10 മാസങ്ങള്‍ക്ക് ശേഷവും. ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ യാസിറിന് തിരൂരില്‍ വെച്ച്‌ സമരാനുകൂലികളുടെ ക്രൂരമായ മര്‍ദനമേറ്റിരുന്നു. അതേക്കുറിച്ച്‌ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സിഐടിയു സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ അംഗവുമായ എളമരം കരീം പറഞ്ഞത്

‘ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി എന്നൊക്കെ പരാതികള്‍’ വരുന്നത് പണിമുടക്ക് തകര്‍ക്കാന്‍ വേണ്ടിയാണെന്നായിരുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്ത സമയത്ത് അവതാരകനായ വിനു വി ജോണ്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് വിവാദമായത്.

‘എളമരം കരീം പോകുന്ന വണ്ടി ഒന്ന് അടിച്ച്‌ പൊട്ടിക്കണമായിരുന്നു. കുടുംബ സമേതമാണങ്കില്‍ അവരെ ഇറക്കിവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച്‌ മൂക്കില്‍ നിന്ന് ചോര വരുത്തണമായിരുന്നു’ എന്നായിരുന്നു വിനുവിന്റെ പരാമര്‍ശം. ഇത് എളമരം കരീമിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിലായിരുന്നു സിപിഎം.

ഇതേതുടര്‍ന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എളമരം പരാതി നല്‍കിയത്. ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞാണ് എളമരം കരീം പരാതി നല്‍കിയത്. അന്ന് തന്നെ ഐപിസിയിലെ നാല് വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ ഒരു വകുപ്പും ചേര്‍ത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിനു വി ജോണിനെതിരെ സിപിഎം സൈബര്‍ പോരാളികള്‍ വിദ്വേഷ പ്രചാരണവും നടത്തി. വിനുവിന്റെ വീടിന് സമീപവും തിരുവനന്തപുരം നഗരത്തിലും പോസ്റ്ററുകള്‍ പതിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജ്യണല്‍ ബ്യൂറോയിലേക്കും തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കും മാര്‍ച്ച്‌ സംഘടിപ്പിച്ചു.

എന്നാല്‍ കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ അകമ്പടി സംബന്ധിച്ച്‌ അടുത്തടുത്ത ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചതോടെയാണ് വിനു വി ജോണിനെതിരായ നീക്കങ്ങള്‍ പോലീസ് വീണ്ടും തുടങ്ങിയതെന്നാണ് വിവരം.

2023 ഫെബ്രുവരി 23 രാവിലെ 11 മണിക്ക് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു പോലീസ് നിര്‍ദ്ദേശം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാഫി ബിഎം നല്‍കിയ നോട്ടീസില്‍ മേലില്‍ സമാന കുറ്റങ്ങള്‍ ചെയ്യരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുള്ള നിര്‍ദേശങ്ങളുണ്ട്. പോലീസ് നോട്ടീസ് നല്‍കിയ വിവരം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു,

ഇന്ത്യയിലെ ബിബിസി ഓഫീസുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ് നടത്തിയ റെയ്ഡിനെ ‘മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളി’യെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും മുഖ്യമന്ത്രി പിണറായി വിജയനും വിശേഷിപ്പിക്കുമ്ബോഴാണ് ചാനല്‍ ചര്‍ച്ചയുടെ പേരില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളെ കുരിശില്‍ തറയ്ക്കാന്‍ നോക്കുന്നതെന്നതാണ് വിചിത്രം.

അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡയാണ് സ്ഥിരീകരിച്ചത്. തുടർന്ന് ഇത് അർജുന്റെ ലോറിയെന്ന് എസ്.പി. സ്ഥിരീകരിക്കുകയായിരുന്നു,

കരയിൽ നിന്ന് 15 മീറ്റർ താഴ്ചയിലാണ് ലോറി കിടക്കുന്നത്. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.

കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങള്‍ സമ്മാനിച്ചത്.

ഷാരൂഖ് ഖാന്‍ സമ്മാനിച്ചത് 40 കോടി രൂപ വില വരുന്ന അപാര്‍ട്‌മെന്റാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിലാണ് ഈ ആഡംബര അപാര്‍ട്‌മെന്റുള്ളത്. ബച്ചന്‍ കുടുംബവും സമ്മാനത്തില്‍ ഒട്ടും പിന്നിലല്ല. 30 കോടി വിലമതിപ്പുള്ള ഒരു മരതക നെക്ക്‌ളേസാണ് അവര്‍ രാധികയ്ക്ക് നല്‍കിയത്.

ആനന്ദിന്റേയും രാധികയുടേയും അടുത്ത സുഹൃത്തുക്കളും താരദമ്പതിമാരുമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒമ്പത് കോടി രൂപ വില വരുന്ന മെഴ്‌സിഡീസാണ് സമ്മാനിച്ചത്. താരദമ്പതിമാരായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 20 കോടി രൂപ വില വരുന്ന കസ്റ്റമൈസ്ഡ്‌ റോള്‍സ് റോയ്‌സാണ് ഇവരുടെ സമ്മാനം.

ലക്ഷങ്ങള്‍ വില വരുന്ന സമ്മാനങ്ങളുമായി പട്ടികയില്‍ കത്രീന കൈഫ്-വിക്കി കൗശല്‍ ദമ്പതിമാരും സിദ്ധാര്‍ഥ് മല്‍ഹോത്ര-കിയാര അദ്വാനി ദമ്പതിമാരുമുണ്ട്. 19 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാലയാണ് കത്രീനയും വിക്കിയും രാധികയ്ക്ക് നല്‍കിയത്. 25 ലക്ഷം രൂപയുടെ ഹാന്‍ഡ്‌മെയ്ഡ് ഷാള്‍ ആണ് കിയാരയുടേയും സിദ്ധാര്‍ഥിന്റേയും സമ്മാനം.

അതുപോലെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ആമസോണ്‍ സിഇഒ ജെഫ് ബെസോസും കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 300 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റാണ് സുക്കര്‍ബര്‍ഗ് സമ്മാനിച്ചതെന്നാണ് സൂചന. 11.5 കോടി രൂപ വില വരുന്ന ആഡംബ കാറാണ് ആമസോണ്‍ മുതലാളിയുടെ സമ്മാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Copyright © . All rights reserved