India

തമിഴ്നാട്ടിലെ നാമക്കൽ മോഹനൂരിൽ വീട്ടിൽ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ മൂന്നുപേരും സമീപത്ത് താമസിച്ചിരുന്ന വയോധികയുമാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് സാരമായി പൊള്ളലേറ്റു. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാർ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ് ശെൽവി (60), അയൽക്കാരി പെരിയക്ക (72) എന്നിവരാണ് മരിച്ചത്.

തില്ലൈകുമാറിന്റെ മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പടരുന്നതിനിടെ കുട്ടിയെ വീടിനുപുറത്താക്കിയതാണ് മകളുടെ ജീവന് രക്ഷയായത്. തില്ലൈ ഫയർ വർക്‌സ് ഉടമയായ തില്ലൈകുമാർ പുതുവത്സരാഘോഷത്തിന് വിൽക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. അനധികൃതമായി എത്തിച്ച പടക്കമായിരുന്നുവെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. മകൾക്ക് പാൽ കാച്ചാൻ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. സാധനങ്ങൾ എടുത്ത് മടങ്ങുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്.

സ്ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്. അഗ്നിരക്ഷാസേനാവിഭാഗം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അൻപതോളം വീടുകൾക്ക് വിള്ളലുണ്ടായതിനെത്തുടർന്ന് ഇവിടെയുള്ളവരെ താത്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത സ്‌കൂളിൽ ഇവർക്ക് ഭക്ഷണവും മറ്റും ഏർപ്പെടുത്തി.

കാറിനടിയില്‍പ്പെട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ചിഴയ്ക്കപ്പെട്ട ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാർ ഇടിച്ചുവീഴ്ത്തിയതിനെ തുടർന്നാണ് കാറിനടിയില്‍ കുടുങ്ങി യുവതി വലിച്ചിഴയ്ക്കപ്പെട്ടത്.

ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹൃദയഭേദകമായ സംഭവം. കാഞ്ചവാല പ്രദേശത്ത് നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് അപകടമരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പുലര്‍ച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം വലിച്ചിഴച്ച് നീങ്ങുന്ന കാറിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ നാലേകാലോടെ റോഡില്‍ മരിച്ചനിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അഞ്ച് പേര്‍ സഞ്ചരിച്ച ബലേനോ കാറാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ കാറിനേയും കാറില്‍ സഞ്ചരിച്ചവരേയും തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നെന്നും എന്നാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊഴി. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിടിച്ചതിനെ തുടര്‍ന്ന് പരിഭ്രമത്തിലായ യുവാക്കള്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയും പ്രതികളും തമ്മില്‍ മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

അമന്‍ വിഹാര്‍ സ്വദേശിയാണ് മരിച്ച യുവതി. അമ്മയും നാല് ഇളയ സഹോദരിമാരും രണ്ട് സഹോദരന്‍മാരും യുവതിക്കുണ്ട്. അച്ഛന്‍ ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.പ്രതികള്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായും വിഷയം ഏറെ ഭയമുളവാക്കുന്നതാണെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഡല്‍ഹി പോലീസിനോട് വിശദവിവരം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാണാതായ പന്ത്രണ്ട് വയസുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയന്നൂർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി വെള്ളിയാഴ്ച പതിനൊന്ന് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് ഉച്ചയോടെ കുട്ടിയെ വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുതുവത്സരം ആഘോഷിക്കുന്നതിനിടയിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലമൂട് സ്വദേശി അഖിൽ രാജേന്ദ്രൻ (26) നെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ബീച്ചിൽ പുതുവത്സര ആഘോഷത്തിനെത്തിയതായിരുന്നു അഖിൽ.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അഖിൽ തിരയിൽ പെട്ടത്. അതേസമയം അഖിൽ തിരയിൽപെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കൂടെയുള്ള സുഹൃത്തിനെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞത്.

കടലിന്റെ കരയിൽ പോകുമ്പോൾ അഖിൽ ഉണ്ടായിരുന്നതായും തിരിച്ചെത്തിയപ്പോൾ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌മെന്റും അഖിലിനായി തിരച്ചിൽ നടത്തി വരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്നലെ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം നാളെ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. അദ്ധ്യാത്‌മിക വിശുദ്ധിയുടെയും ദൈവശാസ്ത്രത്തിന്റെയും വിളനിലമായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 265-ാം മാർപാപ്പയായിരുന്നു. 2005 ഏപ്രിൽ 19 -നാണ് ജർമ്മൻകാരനായ കർദ്ധിനാൾ ജോസഫ് റാറ്റ്സിങ്ങർ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത് .

കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും താങ്ങായി നിന്ന ആളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പാപ്പയാണ്. മേജർ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ആലഞ്ചേരിയേയും മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയേയും കർദിനാൾ പദവി നൽകിയത് ബനഡിക്ട് പാപ്പയുടെ കാലഘട്ടത്തിലാണ്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.

എല്ലാ ലോക രാഷ്ട്രങ്ങളുമായി സൗമ്യമായ ബന്ധം സഭയ്ക്കും വത്തിക്കാനും ഉണ്ടാക്കിയെടുക്കുന്നതിൽ പാപ്പ വഹിച്ച പങ്ക് നിസ്തുലമാണ്. ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ തൻറെ അനാരോഗ്യം വകവയ്ക്കാതെ നടത്തിയ സന്ദർശനം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 600 വർഷത്തിനിടെ സ്ഥാന ത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ എപ്പോഴും കർമ്മനിരതനായിരുന്നു. സഭയിൽ ഒട്ടേറെ പുരോഗമന നടപടികൾക്ക് തുടക്കമിട്ട പാപ്പ 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങളാണ് രചിച്ചത്.

ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ ഹൃദയാഞ്ജലി

തിങ്കൾക്കാടിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശി മിൻഹാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങവെ പുലർച്ചെ 1.15-ഓടെയാണ് അപകടം നടന്നത്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 41 യാത്രിക്കാർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്താനായത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയിൽപ്പെട്ടാണ് മിൻഹാജ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.

പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ തലവടി തണ്ണീർ മുക്കത്ത് വെച്ച് പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.

ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്.

ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. അരൂപ് ഡെ ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്. ഇവര്‍ വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടില്‍ ആണ് താമസിച്ചിരുന്നത്.

സുഹൃത്തുക്കളോടൊപ്പം റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്. യുവാവ് തിരയില്‍പ്പെട്ടത് സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും കാണുന്നുണ്ടായിരുന്നു.

ഇവര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരൂപ് ഡെ ആസ്മാ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

പ്രളയത്തെയും വെള്ളപ്പൊക്കത്തേയും നേരിടാനുള്ള മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പടുതോട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. തകരാറുള്ള സാധനങ്ങളുമായാണു രക്ഷാപ്രവര്‍ത്തനം അനുകരിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

കൂടാതെ വെള്ളത്തില്‍ ചാടി മുങ്ങിപ്പോയ ബിനുവിനെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയതെന്നും ഒപ്പമിറങ്ങിയവര്‍ ആരോപിച്ചു. ബിനുവിനെ ആശുപത്രിയിലെത്തിച്ച് നടത്തിയത് ചികിത്സാ നാടകം ആയിരുന്നെന്നും ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് റവന്യൂ മന്ത്രി പ്രതികരിച്ചത്. അതേസമയം, മരണത്തില്‍ വീഴ്ചയില്ലെന്നും ബിനു കുഴഞ്ഞു വീണതാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം അനുകരിക്കാനായി മരിച്ച ബിനു സോമനടക്കം നാലു പേരാണ് വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ എന്‍ഡിആര്‍എഫ് സംഘം ലൈഫ്‌ബോയ് ട്യൂബ് ഇട്ടു കൊടുക്കുന്നതും ബിനു മുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബിനുവിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ്റിന്‍തീരത്തുനിന്നു ബിനുവിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. വിദേശത്തുള്ള സഹോദരി നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.

അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.

ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved