India

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ അങ്ങെടുത്തിട്ടും, സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ കാര്യം തഥൈവ.

പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല, കേരളത്തിന്റെ പേരു പോലും ബജറ്റില്‍ പരാമര്‍ശിച്ചില്ല. മന്‍ കീ ബാത്ത് അടക്കം അടുത്തയിടെ പ്രധാനമന്ത്രി നടത്തിയ ഒട്ടു മിക്ക പ്രസംഗങ്ങളിലും തൃശൂരും കേരളവും പരാമര്‍ശിച്ചിരുന്നെങ്കിലും ബജറ്റില്‍ മൗനം പാലിച്ചു.

കേരളം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനത്തിന് ആവശ്യപ്പെട്ട 5,000 കോടിയുടെ സ്പഷ്യല്‍ പാക്കേജ് എന്നിവയൊന്നും ബജറ്റില്‍ ഇടം പിടിച്ചില്ല. ലൈറ്റ് മെട്രോ, ടൂറിസം മേഖലയിലെ വിവിധ പദ്ധതികള്‍, റെയില്‍വേ വികസനം തുടങ്ങിയവയെല്ലാം സ്വപ്‌നമായി അവശേഷിക്കും.

2014 ല്‍ ഒന്നാം മോഡി സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസാണ് ഇതുവരെ പ്രാവര്‍ത്തികമാകാത്തത്. ഇതിനു ശേഷം അഞ്ച് എയിംസുകള്‍ യാഥാര്‍ത്ഥ്യമായി. കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2022 ഏപ്രിലില്‍ ധന മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അപൂര്‍വ വ്യാധികളില്‍പ്പെട്ട് കേരളം ഉഴലുന്ന സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല.

പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളത്തിന് രക്ഷയില്ല. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളം ആ പട്ടികയിലില്ല. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയപ്പോഴും കേരളത്തിലെ പ്രധാന കാര്‍ഷിക ഇനങ്ങളായ റബറിനോ തെങ്ങിനോ പ്രത്യേക പ്രഖ്യാപനവും ഒന്നും ഉണ്ടായില്ല.

എന്നാല്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചതു പോലെ കസേര ഉറപ്പാക്കുന്നതിന് വേണ്ടി നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും സുഖിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ബിഹാറും ആന്ധ്രയും ആവശ്യപ്പെട്ട പ്രത്യേക പദവി നല്‍കിയില്ലെങ്കിലും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ നല്‍കി നിതീഷിന്റെയും ചന്ദ്രബാബുവിന്റെയും പ്രീതി നേടി.

2600 കോടി രൂപയാണ് ബിഹാറിലെ റോഡ് വികസനത്തിന് മാത്രമായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. പാറ്റ്ന-പൂര്‍ണിയ, ബസ്‌കര്‍- ഭഗല്‍പൂര്‍, ബോദ്ഗയ-രാജ്ഗിര്‍, വൈശാലി-ദര്‍ബാന്‍ഗ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേയാണ് പ്രധാന റോഡ് വികസന പദ്ധതി.

കൂടാതെ പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ഗംഗാ നദിക്ക് കുറുകെ രണ്ടുവരി മേല്‍പ്പാലം, 2400 മെഗാവാട്ടിന്റെ പവര്‍ പ്ലാന്റ് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ഭഗല്‍പൂരിലെ പിര്‍പൈന്തിയിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. ഗയ, രാജ്ഗിര്‍ എന്നിവയെ ബന്ധപ്പെടുത്തി ക്ഷേത്ര ഇടനാഴിയും പണിയും. പ്രളയ നിവാരണത്തിന് 11,500 കോടിയാണ് ബിഹാറിനായി ബജറ്റില്‍ മാറ്റിവച്ചത്.

ആന്ധ്രാപ്രദേശിനും നിര്‍മലാ സീതാരാമന്‍ വാരിക്കോരി നല്‍കി. അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിന് മാത്രം 15,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ വരും വര്‍ഷങ്ങളില്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ആന്ധ്രയിലെ കാര്‍ഷിക മേഖലയ്ക്ക് ഏറെ നിര്‍ണായകമായ പൊള്ളാവരം ജലസേചന പദ്ധതിക്ക് ധനസഹായം അനുവദിച്ചു. സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഇത്തരത്തില്‍, ഒട്ടും ഗ്യാരന്റിയില്ലാത്ത രണ്ട് സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന് മറ്റ് പല സംസ്ഥാനങ്ങളെയും തഴഞ്ഞ് ബിഹാറിനും അന്ധ്രാപ്രദേശിനും മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന പ്രതിപക്ഷ വിമര്‍ശനം ശരി വയ്ക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയില്‍പ്പെട്ട ലോറി കണ്ടെത്താന്‍ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് ദൗത്യസംഘം തേടിയത്.

കരയിലും വെള്ളത്തിലും ഒരുപോലെ 20 മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാവുന്ന സാങ്കേതിക വിദ്യയാണ് ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നത്. ദൗത്യ സംഘത്തിനൊപ്പം ഉടന്‍ ചേരുമെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ പറഞ്ഞു.

ഷിരൂരില്‍ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ഡ്രോണ്‍ ഘടിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണ് തങ്ങളുടെ പക്കലുള്ളത്. ഇത് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കുറച്ചുകൂടി വേഗത്തില്‍ ലോറി കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം പറഞ്ഞു.

അതേസമയം രക്ഷാപ്രവര്‍ത്തനം എട്ടാം ദിവസം പിന്നിടുമ്പോഴും അര്‍ജുനെ കണ്ടെത്താനായില്ല. മഴ കനത്തതോടെ ചൊവ്വാഴ്ചത്തെ തിരച്ചിലും അവസാനിപ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.

മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.

സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്.
തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.
ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘമാണ് വരുന്നത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിൻറെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.

വൈ​റ​സി​ൻറെ ഉ​റ​വി​ടം തേ​ടിയുള്ള പരിശോധനകൾ ആ​രോ​ഗ്യ വ​കു​പ്പ് ഇന്നും തുടരും. ​​ഞാ​യ​റാ​ഴ്ച പ്ര​​​ത്യേ​ക സം​ഘം കു​ട്ടി പോ​യ ഇ​ട​ങ്ങ​ളെ​ല്ലാം പ​രി​​ശോ​ധി​ച്ചിരുന്നു. കൂ​ട്ടു​കാ​രി​ൽ​നി​ന്നും വീ​ട്ടു​കാ​രി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​റ​വി​ടം ക​​ണ്ടെ​ത്താ​നാ​യി ശ്ര​മി​ക്കു​ന്ന​ത്. നി​പ സ്ഥി​രീ​ക​രി​ച്ച​ സ​മ​യ​ത്ത്​ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ എ​ന്തെ​ല്ലാം പ​ഴ​ങ്ങ​ളാ​ണ്​ പു​റ​ത്തു​നി​ന്ന്​ ക​ഴി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

കുട്ടി അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഇവിടങ്ങൾ പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യം ഉണ്ട്. എന്നാലും അമ്പഴങ്ങ കഴിച്ചതിലൂടെയാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഉറവിട് കണ്ടെത്താനായി തിങ്കളാഴ്ച കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.

ഏഴാം നാളും നിരാശ. അർജുന് വേണ്ടിയുള്ള കരയിലെ തിരച്ചിൽ ഫലം കണ്ടില്ല. ലോറി കരയിൽ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവർത്തകരും. ഇതോടെ കരയിലെ പരിശോധന നിർത്താനാണ് തീരുമാനം. പ്രദേശത്ത് റെഡ് അലേർട്ട് ആണ്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രക്ഷാപ്രവർത്തകർ ഓരോ സംഘങ്ങളായി തിരിച്ചു വന്നു തുടങ്ങി. കരയിലെ തിരച്ചിൽ സൈന്യം പൂർണമായും അവസാനിപ്പിച്ച നിലയിലാണ്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന്റെ പക്കൽ ആവശ്യമായ സംവിധാനങ്ങൾ ഇല്ല എന്ന് കാർവാർ എം.എൽ.എ. പറഞ്ഞു. ഇനിയും അവർ തുടരേണ്ട സാഹചര്യമില്ല എന്നാണ് കാർവാർ എം.എൽ.എ. സതീഷ് സെയില്‍ വ്യക്തമാക്കിയത്. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാൽ റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും ലോറി ഉണ്ടായിരുന്നില്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. ഇന്ന് നേരം വൈകിയതോടെ രക്ഷാപ്രവർത്തനം നിർത്തിവെക്കാനാണ് സാധ്യത. പുഴയിൽ ലോറി ഒഴുകിപ്പോയതാകാം എന്ന നിഗമനത്തിലാണ് സൈന്യം അടക്കമുള്ള രക്ഷാപ്രവർത്തക സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ ഗംഗാവാലിപുഴയിലും പരിശോധന ശക്തമാക്കാനാണ് ശ്രമം. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ നാളെ (ചൊവ്വാഴ്ച) വീണ്ടും രക്ഷാപ്രവർത്തനം തുടരും.

പുഴയിൽ രണ്ട് മണൽതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന്റെ ഭാഗമായി ഉണ്ടായതാകാം എന്നാണ് കരുതുന്നത്. ഇവ കേന്ദ്രീകരിച്ചും പരിശോധന നടത്തും. ആധുനിക സംവിധാനങ്ങളോട് കൂടിയ റഡാറുകളുൾപ്പെടെ എത്തിച്ചിട്ടുണ്ട്. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് സതീഷ് സെയിൽ വ്യക്തമാക്കി.

അതേസമയം അപകടം നടന്നതിന്റെ ഏഴു കിലോമീറ്റർ അകലെ പുഴയിൽ കൂടി ഒഴുകിപ്പോയ ടാങ്കറിന്റെ ദൃശ്യങ്ങളും ഇത് കരയ്ക്കടുപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ദിവസങ്ങൾ മുമ്പുള്ള ദൃശ്യമാണ് ഇത്. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഒഴുകിപ്പോയതാണെന്നാണ് ലഭിക്കുന്ന വിവരം.

പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു.

ഇരുവരും ഉടൻതന്നെ ഡൽഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എം.പി. പറഞ്ഞു. പുതിയ പാർലമെന്റിൽ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കൾ സുരക്ഷാകവചം ഭേദിച്ച് ലോക്‌സഭയിൽ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു. പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി. ഇതോടെ പാർലമെന്റ് സുരക്ഷ കൂടുതൽ ശക്തമാവുമെന്നാണ് സൂചന. എല്ലാത്തരം സന്ദർശനത്തിനും നിയന്ത്രണമുണ്ടായേക്കും.

യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.

സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്.

പത്താം തിയതി പനി ബാധിച്ച കുട്ടിക്ക് 12 ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

246 പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള രോ​ഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ആദ്യം പരിശോധനക്ക് അയക്കും. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും.

അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.

ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത് . ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ആക്രമണം. ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്.

ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത് .

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണിത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് ദിവസം മുമ്പ് ഒരാള്‍ മരിച്ചിരുന്നു.

ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് പൂര്‍ണമായും നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.

ജി.പി.എസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറിയില്ലെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. അതിനിടെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് മടങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി.

മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിർത്തിവെച്ചു. വൈകീട്ട് വീണ്ടും മണ്ണുമാറ്റാൻ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയിൽ മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.

Copyright © . All rights reserved