കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം പ്രശേദം ശാന്തമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. കശ്മീരിലെ പ്രതിനിധി പകര്‍ത്തിയ വീഡിയോയിലൂടെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിവരങ്ങള്‍ പുറത്തു വിട്ടത്.
കശ്മീരില്‍ നിന്ന് കരണ്‍ദീപ് സിംഗ്, അഹ്മദ് ഖാന്‍, നീല്‍ കോളിയര്‍, ബെന്‍ ലാഫിന്‍ എന്നിവര്‍ തയ്യാറാക്കിയ ആറു മിനുട്ടോളം ദൈര്‍ഘ്യമുള്ള ‘ജീവിതം തടങ്കലില്‍’ എന്ന വീഡിയോ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണത്തിന് വിരുദ്ധമായ കാര്യങ്ങള്‍ എണ്ണിപറയുന്നത്.
കശ്മീരിലെ സൈനിക നീക്കത്തിലെ പ്രതിഷേധപ്രകടനങ്ങളുടെ ദൃശ്യങ്ങളുമായാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കു ശേഷം സൈന്യത്തിന്റെ നടപടികള്‍ക്ക് ഇരയായവരുടെ കഥകളാണ് പറയുന്നത്.
മുൻപ് കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബിബിസി, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നെന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം റിപ്പോര്‍ട്ട് ചെയ്തത്.
അസംബ്ലി തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘടനാപരമായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമന്‍ മിത്ര പറഞ്ഞു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ അംഗീകരിക്കുകയാണെങ്കില്‍ സഖ്യത്തിന് ശ്രമിക്കണം എന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമന്‍ മിത്ര പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ മമത ബാനര്‍ജി പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്-എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു നേടിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ. മാണി എംപി കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. 27ന് കട്ടപ്പന സബ് ജഡ്ജ് ഡോണി തോമസ് വർഗീസ് വിധി പറയും. കേരള കോണ്‍ഗ്രസ് ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു സ്റ്റേ നേടി.
പാർട്ടി ചെയർമാനായുള്ള ജോസ് കെ. മാണിയുടെ ചുമതല തടഞ്ഞുകൊണ്ടായിരുന്നു ഉത്തരവ്. ഇതിനെതിരേയാണ് ജോസ് കെ. മാണി എം.പി, കെ.ഐ. ആന്റണി എന്നിവർ കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച സബ് ജഡ്ജ് ഇന്നലെ വാദം കേട്ടു. തുടർന്ന് വിധി പറയുന്നത് 27-ലേക്കു മാറ്റുകയായിരുന്നു. ജോസ് കെ. മാണി വിഭാഗത്തിനുവേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജി. ശ്രീകുമാർ, വിശ്വനാഥൻ എന്നിവരും പി.ജെ. ജോസഫ് വിഭാഗത്തിനുവേണ്ടി ചേലൂർ ശ്രീകുമാർ, പി.ബി. കൃഷ്ണൻ, വിൻസെന്റ്, ജോമോൻ കെ. ചാക്കോ എന്നിവരും ഹാജരായി.
എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിന്ധിച്ചു പി.ജെ. ജോസഫ് എംഎൽഎ പറയുന്നതാണ് ആധികാരികമായ സംഘടനാ അഭിപ്രായമെന്നു പാർട്ടി നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ. ഒഴിവുവന്ന സംഘടനാ പദവികൾ നികത്തുന്ന സമവായ ചർച്ചകളുമായി സഹകരിക്കാതെ മൂന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ആൾക്കൂട്ടയോഗം സംഘടിപ്പിച്ചു ചെയർമാനെ തെരഞ്ഞെടുത്തു പരിഹാസ്യരായവർ എന്തിനാണു കേരള കോണ്‍ഗ്രസ്- എമ്മിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നതെന്നു മനസിലാകുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
കൊല്‍ക്കൊത്ത സ്വദേശിനിയായ മോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഒാല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി എച്ച് എം നാഗേഷാണ് പിടിയിലായത്. എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ കവര്‍ച്ചാശ്രമം തടഞ്ഞതിനാണ് യുവതിയെ കൊലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒരുമാസം മുന്‍പാണ് സംഭവം നടന്നത്. മോഡലും ഇവന്‍റ് മാനേജറുമായ പൂജ സിങാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ശരീരമാസകലം മുറിവുകളും കണ്ടെത്തിയിരുന്നു.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു പൂജ. കൊല്‍ക്കൊത്തിയലേയ്ക്ക് തിരികെ മടങ്ങാന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോകാനാണ് ഒാല ടാക്സി ബുക്ക് ചെയ്തത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു യാത്ര യാത്രക്കിടയില്‍ മെയിന്‍ റോഡ് വിട്ട നാഗേഷ് ഒറ്റപ്പെട്ട വഴിയിലേയ്ക്ക് തിരിഞ്ഞു. വാഹനം നിര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ടു. എന്നാല്‍ പൂജ കവര്‍ച്ചാ ശ്രമം ചെറുത്തതോടെ ഇയാള്‍ ഇരുമ്പുവടികൊണ്ട് പൂജയുെട തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട യുവതി മരിച്ചെന്നുകരുതി എയര്‍പോര്‍ട്ടിന് സമീപമുള്ള യാരപ്പനഹള്ളിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഇതിനിടെ ബോധം തിരിച്ചുകിട്ടിയ യുവതി, രക്ഷപെടാന്‍ ശ്രമം നടത്തി. ഇതോടെ നാഗേഷ് യുവതിയെ കല്ലുകൊണ്ടും വടികൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒാടയിൽ ഉപേക്ഷിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കുറ്റം സമ്മതിച്ച നാഗേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. െബംഗളൂരുവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെബ്ടാക്സികളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദീർഘനാളത്തെ അസുഖങ്ങൾക്കും ചികിത്സകൾക്കുമൊടുവിൽ മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി മരണത്തിന് കീഴടങ്ങി. ശ്വസനസംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.
1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി ദേശീയ നിർവാഹകസമിതിയിലുണ്ട്.വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അരുൺ ജെയ്റ്റ്‌ലി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്‌ലിയുടെ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രി ഹർഷ വർധൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ നേരത്തെ ആശുപത്രിയിലെത്തി ജെയ്‌റ്റ്‌ലിയെ സന്ദർശിച്ചിരുന്നു.
പ്രാസംഗികന്‍, ജനനേതാവ്, രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം
”ഈ കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ കാണുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയൊരു വഴിത്തിരിവായാണ്. ഈ സര്‍ക്കാര്‍ ഓർമിക്കപ്പെടുക 100 ശതമാനം ആത്മാർഥമായൊരു സര്‍ക്കാരിന്റെ പേരിലായിരിക്കും” തന്റെ കാലാവധി കഴിഞ്ഞ അവസരത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ് ജിഎസ്ടി നടപ്പിലാകുന്നത്. ഗുഡ്‌സ് ആൻഡ് സര്‍വ്വീസിന് ഒരൊറ്റ നികുതി എന്നതായിരുന്നു ജിഎസ്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ട് ട്രില്യണ്‍ എന്ന നേട്ടം കൈവരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ നോട്ട് നിരോധനം നടപ്പിലാക്കുന്നതും ജെയ്റ്റ്‌ലിയുടെ കാലത്തായിരുന്നു. രണ്ടും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. അപ്പോഴും പ്രധാനമന്ത്രിക്കൊപ്പം ജെയ്റ്റ്‌ലി ഉറച്ചു നിന്നു.
1952 ലായിരുന്നു ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവതത്തിലെ നിർണായക ഏടായിരുന്നു അടിയന്തരാവസ്ഥ കാലം. 1973 ല്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്നും ബിരുദം നേടിയ ജെയ്റ്റ്‌ലി നാല് വര്‍ഷത്തിന് ശേഷം നിയമത്തിലും ബിരുദം നേടി. പഠനകാലത്ത് ജെയ്റ്റ്‌ലി എബിവിപിയുടെ പ്രവര്‍ത്തകനായിരുന്നു. 1974 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി. അടിയന്തരാവസ്ഥ കാലത്ത് അമ്പാല ജയിലിലായിരുന്നു ജെയ്റ്റ്‌ലിയെ കരുതല്‍ തടങ്കലലില്‍ പാര്‍പ്പിച്ചത്.
അടിന്തരാവസ്ഥയ്ക്ക് ശേഷം പുറത്തുവന്ന ജെയ്റ്റ്‌ലി നിയമം പഠിക്കുകയും 1980 ല്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. 1989 ല്‍ വി.പി.സിങ് സര്‍ക്കാര്‍ ജെയ്റ്റ്‌ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1991 ല്‍ ജെയ്റ്റ്‌ലി ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയിലെത്തി. പിന്നീട് 1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിലെത്തി ജെയ്റ്റ്‌ലി. പിന്നീട് പാര്‍ട്ടിയുടെ വക്താവായും ജെയ്റ്റ്‌ലി എത്തി. 2003 ല്‍ നിയമ മന്ത്രിയായി വീണ്ടും മന്ത്രിസഭയില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ജെയ്റ്റ്‌ലി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജെയ്റ്റ്‌ലിയായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍, വനിതാ സംവരണം, ലോക്പാല്‍ ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി ജെയ്റ്റ്‌ലി മാറി. പിന്നീട് മോദിയുടെ ഭരണകാലത്ത് ജെയ്റ്റ്‌ലി വീണ്ടും മന്ത്രിസഭയിലെത്തി. ധനമന്ത്രിയായിരിക്കെ തന്നെ പ്രതിരോധത്തിന്റേയും അധിക ചുമതല വഹിച്ചിരുന്നു
ആലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി മനുവിനെയാണ് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയത്. മൃതദേഹത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി എന്നായിരുന്നു ഇന്നലെ പിടിയിലായ രണ്ട് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം
ഇന്ന് പിടിയിലായ പ്രതി ഓമനകുട്ടൻ നൽകിയ മൊഴിയാണ് കൊലപാതകം സ്ഥിരീകരിക്കാനും മൃതദേഹം കണ്ടെത്താനും സഹായിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ കടൽതീരത്ത് നടത്തിയ പരിശോധനയിലാണ് നാലടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ ആയി പ്രതികൾ വസ്ത്രങ്ങൾ ഊരി മാറ്റി തീയിട്ടതായും കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു
ഇന്നലെ പിടിയിലായ പത്രോസ്, സൈമൺ എന്നിവർ മനുവിനെ മർദ്ദിച്ച് കല്ലുകെട്ടി കടലിൽ താഴ്ത്തി എന്ന തെറ്റായ മൊഴിയായിരുന്നു പോലീസിന് നൽകിയത്. ആസൂത്രിത കൊലപാതകം പോലെ തന്നെ തെളിവുകൾ നശിപ്പിക്കാനും ആസൂത്രിത നീക്കങ്ങൾ പ്രതികൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട് കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട മനു കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.
20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.
45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.
ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.
തിരുവനന്തപുരം∙ കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ആരോരുമാറിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. രാജി സ്വീകരിക്കും വരെ തുടരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.
സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണൻ ഗോപിനാഥൻ പറഞ്ഞത്. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്ത്. എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ എട്ടു ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ ട്രക്കുകളില്‍നിന്നു സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം ക്യാപുകളിലെത്തിച്ചു. തുടര്‍ന്നാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒപ്പമുള്ളവര്‍ അറിയുന്നത്. ദാദ്രനഗര്‍ ഹവേലയില്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ എത്തിയത്. ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്‌ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.
ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വർഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
ചുമട് ചുമന്ന കലക്ടർ ബ്രോ
ദാദ്ര – നഗർ ഹവേലി കലക്ടറായിരിക്കെയാണ് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണൻ ഗോപിനാഥൻ അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്. ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്‌ഷൻ സെന്ററിൽ. പിന്നീട് പത്തനംതിട്ടയിലേക്ക്. അവിടെ കലക്‌ഷൻ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ–ഓർഡിനേറ്റർക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം– ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കൾക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപിൽ രാവിലെ മുതൽ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര– നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
മിസോറമിനെ മാറ്റിയ കലക്ടർ
മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കലക്ടറായിരിക്കുമ്പോൾ കണ്ണൻ ഗോപിനാഥന്റെ ഓഫിസ് ഒരു പരീക്ഷണശാലയായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ കൗതുകത്തോടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുപിടിക്കുന്നതിൽ കണ്ണൻ ഗോപിനാഥൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നും മുൻപന്തിയിലായിരുന്നു. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പഠനത്തിനു ശേഷം റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ കണ്ണൻ ഐസ്വാളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്. പ്രകൃതിദുരന്തങ്ങളിൽ മുന്നറിയിപ്പു നൽകാൻ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്മാർട്ഫോൺ എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾക്കുശേഷം ജില്ലയിലെ സർക്കാർ സ്കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരുന്നതിലും കണ്ണൻ നടത്തിയ ശ്രമങ്ങൾ ചെറുതല്ല.
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുണ്‍ ജയ്റ്റ് ലി (66) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഓഗസ്റ്റ് ഒൻപത് മുതൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 12.07 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
എ.ബി.വാജ്പേയ്, നരേന്ദ്ര മോദി മന്ത്രിസഭകളിൽ മന്ത്രിപദം അലങ്കരിച്ച ജയ്റ്റ് ലി പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നീ പദവികളിലും തിളങ്ങിയ വ്യക്തിത്വമാണ്. ഒന്നാം എൻഡിഎ സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ജയ്റ്റ് ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിട്ടുണ്ട്. 1973-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
1989 ൽ വി.പി.സിംഗിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനവും വഹിച്ചു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമാണ്. സംഗീതയാണ് ഭാര്യ. മക്കൾ: റോഹൻ, സൊണാലി.
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലുമായിരുന്നു ജയ്റ്റ് ലി . കഴിഞ്ഞ വർഷം മേയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ് ലി ക്ക് ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ പോയിരുന്നതിനാൽ അവസാന ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് അന്ന് ജയ്റ്റ് ലി ക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്.
തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടത് എന്തിനാണെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി ചില അന്വേഷണങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നതെന്നും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തുഷാറിന്റെ കേസിൽ ഇടപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
“രാജവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ല…സിപിഎം സംസ്ഥാന കമ്മിറ്റി പിണറായിക്ക് സ്തുതി ഗീതം പാടുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാറിനുവേണ്ടിയുള്ള തന്റെ അമിത ആവേശം എന്തിനു വേണ്ടിയായിരുന്നെന്ന് പിണറായി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച പിണറായി ഒരു കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.