അസംബ്ലി തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘടനാപരമായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

സംസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമന്‍ മിത്ര പറഞ്ഞു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ അംഗീകരിക്കുകയാണെങ്കില്‍ സഖ്യത്തിന് ശ്രമിക്കണം എന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമന്‍ മിത്ര പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ മമത ബാനര്‍ജി പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്.