ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ തസ്തികയിലായി 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂലൈ 12 വരെ അപേക്ഷിക്കാം.
യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ
പേഷ്യന്റ് കെയർ മാനേജർ (പിസിഎം)-20 ഒഴിവ്: ലൈഫ് സയൻസസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്കെയർ മാനേജ്മെന്റിൽ ഫുൾടൈം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്, 30,000
പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ (പിസിസി)-70 ഒഴിവ്: ലൈഫ് സയൻസസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുന്‍ഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്, 17916 രൂപ.
റജിസ്ട്രേഷൻ ഫീസ്:300 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ടു പണമായോ ഫീസ് അടയ്ക്കാം.
വിശദവിവരങ്ങൾക്ക്: www.becil.com

ന്യൂഡല്‍ഹി: പാര്‍ട്ടി നേതാക്കളുടെ അച്ചടക്കത്തെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയുമായി ബിജെപി നേതാക്കള്‍ സംവദിക്കും. ഇതിന്റെ ആദ്യ പടിയെന്നോണം ബിജെപി എംഎല്‍എമാര്‍ ഇന്ന് രാവിലെ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി എംഎല്‍എ ആകാശ് വിജയ്‍വാര്‍ഗിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടയിലാണ് നടപടി. 45 എംഎല്‍എമാരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.
മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ച ആകാശ് വിജയവാര്‍ഗിയയെ തളളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വാര്‍ഗിയയുടെ മകനാണ് ആകാശ്. എന്നാല്‍ കുറ്റം ചെയ്തയാൾ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ലെന്ന് മോദി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റ രീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി. കൂടാതെ അദ്ദേഹം മർദിക്കുന്നതിനിടെ ഉപയോഗിച്ച വാക്കുകള്‍ക്കെതിരേയും മോദി പരാമര്‍ശിച്ചു. ‘എത്തരത്തിലുളള ഭാഷയാണ് നിങ്ങള്‍ ഉപയോഗിച്ചത്’ എന്ന് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് ബിജെപി എംഎൽഎ മർദിച്ചത്. ആകാശ് വിജയ്വാര്ഗിയയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നഗരത്തിലെ ഗഞ്ചി കോമ്പൗണ്ടിലായിരുന്നു സംഭവം. പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ആകാശിന് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ് സിങ് ജാമ്യം അനുവദിച്ചതിനെ തുടർന്ന് എംഎല്‍എ ഇന്‍ഡോര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിക്കുകയും സംസ്ഥാനത്തെ പവര്‍ കട്ടിനെതിരെ ഇന്‍ഡോറിലെ രാജ്ബറയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ആക്രമണ കേസില്‍ 50,000 രൂപയും മറ്റ് കേസില്‍ 20,000 രൂപയും വ്യക്തിഗത ജാമ്യ ബോണ്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയിലില്‍ വളരെ മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മയെയും കാമുകനെയും വിശദമായ തെളിവെടുപ്പിനു വേണ്ടി കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥരായ നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറും എസ്.ഐ സുനില്‍ ഗോപിയും കോടതിയില്‍ നിന്ന് പ്രതികളുമായി പുറത്തേയ്ക്ക് വന്നപ്പോള്‍ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷയ്ക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ നിന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മഞ്ജുഷയെ ജീപ്പില്‍ കയറ്റിയത്.
കൊലയ്ക്ക് ശേഷം ഇരുവരും ഒളിച്ചോടിപ്പോയ നാഗര്‍കോവിലില്‍ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഇവിടെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മരിക്കും മുമ്പ് മീരയെ കിണറ്റില്‍ ഉപേക്ഷിച്ചതായുള്ള സംശയമുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.
വെള്ളത്തില്‍ വീണ ശേഷമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ശ്വാസ കോശത്തിലോ ആമാശയത്തിലോ കിണറിലെ വെള്ളം കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഇതിനായാണ് ഡോക്ടര്‍മാരെയും ഫോറന്‍സിക് വിദഗ്ദ്ധരെയും വീണ്ടും കാണുന്നത്.കൊല ആസൂത്രണം ചെയ്തത് ആറു മാസം മുന്‍പ്മകളെ കൊലപ്പെടുത്താന്‍ ആറുമാസം മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നതായാണ് പ്രതികള്‍ മൊഴി നല്‍കിയത്.
അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമല്ലെന്നു മീരയ്ക്കു ബോദ്ധ്യമായത് ആറുമാസം മുമ്പാണ്. അന്നുമുതല്‍ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മകളുടെ ശല്യം അവസാനിപ്പിക്കാന്‍ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. പല തവണ അതിനു തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാല്‍ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയില്‍ കഴുത്തുഞെരിച്ച് കൊന്നത്.
അനീഷിനെ മുറിയില്‍ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്ത മകളെ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. മഞ്ജുഷ ചുരിദാറിന്റെ ഷോള്‍ കൊണ്ടു കഴുത്തില്‍ മുറുക്കി. കരഞ്ഞ് ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്കു തള്ളിയിട്ടു. പിന്നീട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ കട്ടിലിനു സമീപം കിടത്തി പുതപ്പു കൊണ്ടു മൂടി. അര്‍ദ്ധരാത്രിയോടെ മീരയെ അനീഷിന്റെ ബൈക്കിനു പിന്നില്‍ വച്ച് കാരാന്തലയിലെ കിണറ്റില്‍ തള്ളി. മരിച്ച ശേഷം മകളെ മോശം നടപ്പുകാരിയായി ചിത്രീകരിക്കാനും മഞ്ജുഷ ശ്രമിച്ചു.
തന്റെ അച്ഛനേയും അമ്മയേയും ഫോണില്‍ വിളിച്ച് മീര കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായും അവളെ തേടി പോകുയാണെന്നും പറഞ്ഞിരുന്നു. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പൊലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍,ആരോപണ വിധേയരായ യുവാക്കളുടേയും മീരയുടേയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്നു വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. രത്‌നഗിരിയിലെ തിവാരെ അണക്കെട്ട് തകർന്ന് ആറു മരണം. 27 പേരെ കാണാതായി. ഏഴ് ഗ്രാമങ്ങളില്‍ വെള്ളംകയറി, 12 വീടുകള്‍ ഒലിച്ചുപോയി അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്‌ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . മുംബൈ നഗരവും താനെ, പൽഘർ മേഖലകള്‍ വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ഗതാഗതം പൂർണമായി സ്തംഭിച്ച നിലയിലാണ്.
ദുബായ്: കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്ത് ഏഴ് മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ഡ്രൈവറുടെ കുറ്റസമ്മതം. ഒമാൻ സ്വദേശിയായ 53കാരനാണ് ഡ്രൈവർ.
തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവർ സമ്മതിച്ചതായി എമിറേറ്റ്സ് ട്രാഫിക് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ സലാഹ് ബു ഫറുഷ അൽ ഫലാസി വ്യക്തമാക്കി. കേസിന്റെ തുടർ വിചാരണ ഇൗ മാസം 9ലേയ്ക്ക് മാറ്റി. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം(ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം(ബ്ലഡ് മണി) നൽകുകയും വേണമെന്ന് സലാഹ് ബു ഫറൂഷ അൽ ഫലാസി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഇൗ മാസം 6ന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യക്ക് അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോര്‍ട്ട്. ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് മല്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
റോയല്‍ കോര്‍ട്ടിലെ രണ്ടംഗ ബെഞ്ചാണ് മല്യയുടെ അപ്പീലില്‍ വാദം കേട്ടത്. യുകെ ഹൈക്കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറണമെന്ന് ഉത്തരവിട്ടത്. അനുകൂല വിധി സന്തോഷകരമാണെന്ന് റോയല്‍ കോര്‍ട്ട് ജസ്റ്റിസില്‍ എത്തിയ മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ത്ഥ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലെ മുന്‍ എയര്‍ഹോസ്റ്റസും കാമുകിയുമായ പിങ്കി ലാല്‍വാനി എന്നിവര്‍ക്കൊപ്പമാണ് മല്യ കോടതിയില്‍ എത്തിയത്
എഴുതി നല്‍കിയ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഓറല്‍ ഹിയറിങ് നടന്നത്.
ഏപ്രിലിലാണ് മല്യ തിരിച്ചയക്കുന്നതിനെതിരെ അപ്പീലിന് അപേക്ഷ നല്‍കിയത്. വരുന്ന ആഴ്ചയില്‍ തന്നെ ന്യായാധിപര്‍ മല്യയുടെ അപ്പിലിന്മേല്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പീലിനുള്ള അപേക്ഷ കോടതി അനുവദിച്ചതോടെ കേസ് യുകെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.
ഇന്ത്യന്‍ ബാങ്ക്‌സില്‍ നിന്നും 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ വന്നതോടെയാണ് മല്യ കേസില്‍ പ്രതിയാകുന്നത്. പിന്നാലെയാണ് അദ്ദേഹം നാടു വിടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നൽകിയ ഹർജിയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി നേരത്തേ തള്ളിയത്.
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഇസ്രേലി കന്പനിയുടെ മദ്യക്കുപ്പിയുടെ മുകളിൽ ഉപയോഗിച്ചതിനെതിരേ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശം. വിഷയത്തിൽ രാജ്യസഭയിൽ കടുത്ത പ്രതിഷേധമുയർന്നതോടെയാണ് കന്പനിക്കെതിരേ രാജ്യത്തും നയതന്ത്ര തലത്തിലും നടപടിയെടുക്കാൻ സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി കേന്ദ്രമന്ത്രിയോടു നിർദേശിച്ചത്.
ഇസ്രേലി കന്പനി മദ്യക്കുപ്പിയിൽ മഹാത്മാ ഗാന്ധി അടക്കമുള്ള ചരിത്രപുരുഷന്മാരുടെ ചിത്രം ഉപയോഗിച്ചതിനെതിരേ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. മദ്യത്തിനെതിരേ എന്നും ശബ്ദമുയർത്തിയിരുന്ന ഗാന്ധിജിയെ അവഹേളിക്കുന്നതാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മദ്യക്കന്പനിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ. ജോസ് ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. മലാദില്‍ വെളളക്കെട്ടിലേക്ക് എസ്.യു.വി വീണ് വാഹനത്തില്‍ കുടുങ്ങി രണ്ട് പേര്‍ മരിച്ചു. ഇര്‍ഫാന്‍ ഖാന്‍ (37), ഗുല്‍ഷാദ് ഷൈഖ് (38) എന്നിവരാണ് മരിച്ചത്. വെളളം കയറിയതോടെ സ്കോര്‍പിയോ വാഹനത്തിനകത്ത് ഇരുവരും കുടുങ്ങിപ്പോവുകയായിരുന്നു.
മുംബൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍.
ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വേയിൽ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയിട്ടുണ്ട്.
മുംബൈയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 21 ആയി. മഹാരാഷ്ട്രയിലെ മലാദ് പ്രദേശത്താണ് ഇന്ന് മതില്‍ ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. മലാദയിലെ പിംപ്രിപാഡ മേഖലയില്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ മതില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നാല് പേരെ രക്ഷപ്പെടുത്തി.
കനത്ത മഴ തുടരുന്നതിനെത്തുടർന്ന് മുംബൈയിൽ നിന്നുള്ള 54 വിമാനങ്ങൾ റദ്ദാക്കി. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള പൊലീസ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ മൂന്നു ദിവസമായി ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ജനമൈത്രി പൊലീസായാൽ ഇങ്ങനെ വേണമെന്ന നിലപാടുമായി വിഡിയോയിലെ പൊലീസിനെ പിന്തുണച്ചും, ഇങ്ങനെയൊന്നും പൊലീസ് ചെയ്യാൻ പാടില്ലെന്ന വിമർശനമുയർത്തി വിഡിയോയെ എതിർത്തും അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളുമെല്ലാമായി വിഡിയോ വൈറലായിക്കൊണ്ടേയിരിക്കുന്നു.
ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ മാത്രമാണിതെന്നതാണ് വസ്തുത. ഈ വീഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസല്ല. വിഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസ് ജീപ്പുമല്ല. എല്ലാം വ്യാജനാണ്.
സിനിമ സെറ്റിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റുകൾ ചേർന്ന് തയാറാക്കിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ സംവാദത്തിന് വഴിവച്ച കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ .
സാജൻ നായർ എന്ന നടനാണ് ദിവസങ്ങൾക്കു മുമ്പ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. ‘കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനിൽ ആരോ ഇത് ഷെയർ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാർ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒരു വലിയ വിഭാഗമാളുകളും വിഡിയോ കണ്ട് ഒന്നു സംശയിച്ചിടത്താണ് വ്യാജന്റെ വിജയം
തിരുവനന്തപുരത്തുനിന്ന് കാണാതായ ജര്‍മന്‍ യുവതി ലീസ വെയ്സയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ലീസ വെയ്സയുടെ മാതാവില്‍ നിന്ന് വിവരം ശേഖരിക്കുന്നതിനുള്ള ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഇത് ജര്‍മ്മന്‍ കോണ്‍സുലേറ്റിന് കൈമാറും.
അതേസമയം യുവതിയുടെ തിരോധാനത്തില്‍ അവരോടൊപ്പം കേരളത്തിലെത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. മാര്‍ച്ച് 10നാണ് ലിസ വെയ്സ അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. 2011ല്‍ ഇവര്‍ കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
കേരളത്തിലെത്തിയ ശേഷം കാണാനില്ലെന്ന് പറയുന്ന ജര്‍മ്മന്‍ യുവതി ലിസ വെയ്സ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്.