മലപ്പുറത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് രണ്ടുവട്ടം ഉരുള്‍പൊട്ടി. മല കുത്തിയൊലിച്ചിറങ്ങിയ ഭാഗത്ത് തിരച്ചില്‍‌ നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇടവിട്ട് മഴയും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ടുപോയിട്ടില്ല.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്.

ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു ഇനിയും അന്‍പത്തിനാലുപേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നാളെ തിരച്ചില്‍ വീണ്ടും തുടരും. വ്യാപകമായി തിരച്ചിലിനു പകരം വീടുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ഏകദേശം കണക്കാക്കി ആ ഭാഗത്ത് തിരച്ചിലിനാണ് ശ്രമം.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്. വയനാടും കണ്ണൂരും കാസര്‍കോട്ടും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എസ്റ്റേറ്റില്‍ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ മരണം ഒന്‍പതായി. കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു മരിച്ചു. ചാലക്കുടിയില്‍ ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

മലപ്പുറം മുണ്ടേയിരിയില്‍ പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍ കുടുങ്ങി. ഇവിടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂർ–കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൊന്നാനി കർമറോഡ് പൂർണമായും മുങ്ങി. പൊന്നാനി ടൗണിൽ വെള്ളം കയറി. പുറത്തൂർ ഉൾപ്പടെയുള്ള പുഴയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

വയനാട്ടും കാസര്‍കോട്ടും കണ്ണൂരും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇതിനിടെ റണ്‍വേയില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്