തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്ന കാര്യം ജില്ലാ കളക്ടര്‍ തീരുമാനിക്കും. ആനയ്ക്ക് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യക്ഷമതാ പരിശോധന നടത്തണമെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആനയ്ക്ക് മദപ്പാടില്ലെന്നും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്.
പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഴുന്നെള്ളിക്കുന്നതിന് തടസമായ ഗുരുതര പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. തൃശൂര്‍ പൂര വിളംബരത്തിന് ആനയെ എഴുന്നെള്ളിക്കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ആനയുടമയായിരിക്കും അതിന് ഉത്തരവാദിയെന്നും ഇത് ആനയുടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപകടങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളെ അകലെ നിര്‍ത്തി ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. ഭാവിയില്‍ ഇത് കീഴ്‌വഴക്കമാകരുത്. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ ആവശ്യപ്പെടുന്നു. ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: ആം ആദ്മി പാർട്ടി തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ പരസ്യമായി തൂങ്ങിമരിക്കാൻ തയാറെന്ന് ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർഥിയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരവുമായ ഗൗതം ഗംഭീർ. എതിർ സ്ഥാനാർഥിയും എഎപി നേതാവുമായ അതിഷി മർലിനയെ അധിക്ഷേപിച്ച് നോട്ടീസ് വിതരണം ചെയ്തെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ഗംഭീർ. ആരോപണങ്ങൾ തെളിയിച്ചാൽ പരസ്യമായി തൂങ്ങിമരിക്കാൻ തയാറാണെന്നു പറഞ്ഞ ഗംഭീർ, മറിച്ച് സംഭവിച്ചാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറാകുമോ എന്നും വെല്ലുവിളിച്ചു.
ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ബിജെപിയുടെ കൃഷ്ണനഗർ കൗണ്‍സിലർ സന്ദീപ് കപൂറാണ് കമ്മീഷനു പോലീസ് അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ കമ്മീഷൻ പോലീസിനു നിർദേശം നൽകി. എഎപിയുടെ ആരോപണം നേരത്തെ തന്നെ ഗംഭീർ തള്ളിയിരുന്നു. ആരോപണം ഉന്നയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അടക്കമുള്ള എഎപി നേതാക്കൾക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ എട്ടുവയസ്സുകാരൻ മരിച്ചത് പേവിഷ ബാധയേറ്റെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. വെമ്പായം തലയൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അഭിഷേക് ആണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്. രണ്ടുദിവസം മുൻപ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയിരുന്നു.
ശരീരത്തിൽ മുറിവുകൾ ഇല്ലാത്തതിനാൽ മാതാപിതാക്കൾ അത് കാര്യമായി എടുത്തില്ല. തുടർന്ന് കുട്ടിയുടെ ദേഹത്ത് നൂല് ജപിച്ചുകെട്ടി. പുലർച്ചെയോടെ കുട്ടി പ്രകാശം കണ്ട് ഭയക്കുകയും തുറിച്ചുനോക്കുകയും ചെയ്തുതുടങ്ങി.
തുടർന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയിൽ എത്തിച്ചപ്പോൾ പനിക്കുള്ള മരുന്നു നൽകി തിരിച്ചയച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിക്ക് തീരെ വയ്യാതായി. രാത്രി കന്യാകുളങ്ങര സിഎച്ച്സിയിൽ കുട്ടിയെ എത്തിച്ചു. രോഗലക്ഷണങ്ങൾ കണ്ട ഡോക്ടർ കുട്ടിക്ക് പേ വിഷബാധയേറ്റെന്നു സംശയിക്കുന്നുവെന്നും എസ്എടി ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദേശിക്കുകയും ചെയ്തു.
എന്നാൽ വാഹന സൗകര്യം ഇല്ലാത്തതിനാൽ കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയും പുലർച്ചെ മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീടാണ് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
ഒരു മാസം മുൻപ് അഭിഷേകിന്റെ വീട്ടിലെ പട്ടി തനിയെ ചത്തിരുന്നു. ദിവസങ്ങൾക്കു ശേഷം അയൽവക്കത്തെ പട്ടിയെ പേവിഷബാധയേറ്റതിനെത്തുടർന്ന് തല്ലിക്കൊന്നെന്നും പ്രദേശവാസികൾ പറയുന്നു.
ഗോദ്ര കലാപത്തിന് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നതായി മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ. അത് തടഞ്ഞത് വാജ്പേയ് മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനിയാണെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. എൽ.കെ അദ്വാനി രാജിഭീഷണി മുഴക്കിയാണ് വാജ്പേയ്‌യുടെ നീക്കം തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” ഗുജറാത്തിലുണ്ടായ വർഗിയ കലാപങ്ങൾക്ക് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാജിവെപ്പിക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചതാണ്. 200ൽ ഗോവയിൽ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ മോദി രാജി വയ്ക്കുന്നില്ല എങ്കിൽ ഗുജറാത്ത് സർക്കാരിനെ തന്നെ പിരിച്ചുവിടുമെന്ന് വാജ്പേയ് പ്രഖ്യാപിച്ചു.” യശ്വന്ത് സിൻഹ പറഞ്ഞു.
“എന്നാൽ പാർട്ടിക്കുള്ളിൽ നടന്ന മറ്റൊരു ചർച്ചയിൽ അദ്വാനി ഇതിനെ ശക്തമായി എതിർത്തു. മോദിയെ പുറത്താക്കിയാൽ കേന്ദ്ര സർക്കാരിൽ നിന്ന് താനും രാജിവയ്ക്കുമെന്ന് അദ്വാനി ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് വാജ്പേയ് തീരുമാനം പിൻവലിച്ചതും മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായി തുടർന്നതും,” യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്വകാര്യ ആവശ്യങ്ങൾക്ക് ആയി ഐഎൻഎസ് വിരാട് ഉപയോഗിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെയും യശ്വന്ത് സിൻഹ തള്ളി. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ലെന്നായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം.
” രജീവ് ഗാന്ധി ഐഎൻഎസ് വിരാട് സ്വകാര്യ ടാക്സിയാക്കി എന്നുള്ള ആരോപണത്തിലൊന്നും കാര്യമില്ല. മുൻ നേവൽ ഓഫീസർ തന്നെ ഇതിന് വ്യക്തത നൽകി കഴിഞ്ഞു. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ല,” യശ്വന്ത് സിൻഹ പ്രതികരിച്ചു.
ഗാന്ധി കുടുംബം ഒരു കപ്പലും സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുൻ നേവൽ സ്റ്റാഫ് അഡ്മിറൽ എൽ രാംദാസ് പറഞ്ഞിരുന്നു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ ഗാന്ധിയും 1987 ഡിസംബറിൽ ഐഎൻഎസ് വിരാടിൽ യാത്രചെയ്തിരുന്നെന്നും ലക്ഷ്വദ്വീപിൽ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ മോദി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിരവധി തവണ ശ്രദ്ധ നേടിയിരുന്നു.
Speaking at a meet-the-press programme in Bhopal, the former Union finance minister also dismissed as a non-issue the controversy over the alleged misuse of INS Viraat by former Prime Minister Rajiv Gandhi.https://t.co/C6JDTegBbv
— The Indian Express (@IndianExpress) May 10, 2019
തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടിയുടെ മാതാവിനെ ജാമ്യത്തില്‍ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം മറച്ചു വച്ചു, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചൂ എന്നിവയക്ക് ഐപിസി 201,212 വകുപ്പുകള്‍ പ്രകാരമാണ് മാതാവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.
പൊലീസ് കുട്ടിയുടെ അമ്മയെ കേസിലെ സാക്ഷിയാക്കാനായിരുന്നു ആദ്യ ആലോചിച്ചിരുന്നത്. എന്നാല്‍ അമ്മയ്‌ക്കെതിരേയും കേസ് എടുക്കണമെന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൊടുപുഴ പൊലീസിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂത്താട്ടുകുളത്തെ കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ കുട്ടിയുടെ മാതാവിനെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ മാതാവിനെതിരേ ചുമത്തിയിട്ടില്ല.
ഇപ്പോള്‍ കേസിലെ രണ്ടാം പ്രതിയാണ് യുവതി. ഇവരുടെ കാമുകനായിരുന്ന അരുണ്‍ ആനന്ദ് ആണ് ഒന്നാം പ്രതി. ഇയാള്‍ ജയിലില്‍ ആണ്. ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത് തടഞ്ഞില്ല, ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയ സമയത്ത് പ്രതിയെ രക്ഷിക്കുന്ന തരത്തില്‍ നുണ പറഞ്ഞു എന്നിവയാണ് മാതാവിനെതിരേയുള്ള കുറ്റങ്ങള്‍. ഇക്കാര്യങ്ങളെല്ലാം ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പേടി കൊണ്ടാണ് തനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതെന്നാണ് ഇവര്‍ പറയുന്നത്.
കുട്ടിയുടെ അമ്മൂമ്മ നല്‍കിയ മൊഴിയിലും യുവതിക്കെതിരേ പരാതി ഉണ്ടായിരുന്നു. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഇളയ കുട്ടി ഇപ്പോള്‍ ഇവരുടെ മരിച്ചു പോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. രണ്ടു മാസത്തേക്കാണ് കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുത്തിരിക്കുന്നത്. യുവതിക്ക് കുട്ടിയെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
കുവൈത്തിൽ നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തി. ജനുവരി ഒന്ന് മുതൽ ഏപ്രിൽ മുപ്പത് വരെയുള്ള കണക്കാണ് താമസ കാര്യ വകുപ്പ് പുറത്ത് വിട്ടത്. നാടുകടത്തിയതിൽ ഇന്ത്യക്കാരാണ് കൂടുതൽ.
നാല് മാസത്തിനുള്ളിലാണ് 4500 വിദേശികളെ കുവൈത്തിൽ നിന്ന് നാട് കടത്തിയത്. ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരെല്ലാണ് നാട് കടത്തിയത്.
മദ്യം, മയക്കുമരുന്ന് കേസുകളിൽ പെട്ടവരാണ് കയറ്റി അയച്ചവരിൽ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരിൽ പെടും. കയറ്റി അയച്ചവരിൽ ഇന്ത്യക്കാരാണ് കൂടുതൽ.
ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ വർഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ൽ 19730 പേരെയും, 2017 ൽ 29000 ആളുകളെയും കുവൈത്ത് കയറ്റി വിട്ടു.
സ്വന്തം പാര്‍ട്ടിയിലെ നേതാവ് പണം മോഷ്ടിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യുഡിഎഫ് ഫണ്ടിലെ പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസർകോട് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസർകോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി.
സംഭവത്തിൽ സാഹായിയായ കൊല്ലം സ്വദേശിക്കെതിരെയാണ് രാജ്മോഹൻ ഉണ്ണിത്താൻ ആരോപണം ഉന്നയിച്ചിട്ടുള്ളത്. രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായിട്ടാണ് കൊല്ലത്ത് നിന്ന് നേതാവ് എത്തിയത്. മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാസർകോട് മേപ്പറമ്പിൽ വാടക വീട് സജ്ജമാക്കിയിരുന്നു. ഇവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്നാണ് ആരോപണം.
ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല. പണം മോഷണം പോയ കാര്യം നേരത്തേ ഉണ്ണിത്താന് അറിയാമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ സമയത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകാമെന്ന ആശങ്കയിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്.
ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.
ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാരുന്നു പൊലീസിനോട് സമിതിയുടെ നിർദ്ദേശം. 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിൽ ഉൾപ്പെടുന്നത്.
അതേസമയം, മർദനത്തിൽ പരിക്കേൽക്കുകയും അമ്മൂമ്മയുടെ സംരക്ഷണയിലും കഴിഞ്ഞിരുന്ന മരിച്ച കുട്ടിയുടെ ഇളയ സഹോദരനായ മുന്നുവയസ്സുകാരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതോടെയാണ് പോലീസ് ഇടപെട്ടത്. ഇതോടെ മുന്നുവയസ്സുകാരന്‍ അടുത്ത ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.
ചേർത്തല: താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സയ്ക്കെത്തി, മരുന്നു കഴിച്ചയാൾ ശരീരമാകെ വ്രണങ്ങൾ നിറഞ്ഞ് ഗുരുതരാവസ്ഥയിൽ. മരുന്നിന്റെ പാർശ്വഫലമാകാമെന്ന് ആശുപത്രി അധികൃതർ. വയലാർ കൂട്ടുങ്കൽ ബിജുവാണ് (40) ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. മരുന്നു കഴിച്ചതിനു ശേഷം കണ്ണിനു പുകച്ചിലും കാഴ്ചക്കുറവും അനുഭവപ്പെട്ടു. ശരീരത്തിലും വായിലും വ്രണങ്ങളുണ്ടായി. 3ന് വീണ്ടും ആശുപത്രിയിലെത്തി, കിടത്തി ചികിത്സ തുടങ്ങി. രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്‌തു.
ദേഹമാസകലം തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. കുടലിനെയും വൃക്കയെയും കണ്ണിനെയും ബാധിച്ചേക്കാമെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു. ബിജു കെട്ടിട നിർമാണ തൊഴിലാളിയാണ്. സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. സംഭവം സംബന്ധിച്ചു മന്ത്രി പി.തിലോത്തമനും ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
വായുകോപത്തിനുള്ള മരുന്നിന്റെ പാർശ്വഫലമാകാം ഇത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ പറഞ്ഞു. ഡ്യൂട്ടി ഡോക്ടറും ഇക്കാര്യം പറഞ്ഞു. മരുന്നിന് അലർജി ഉണ്ടെന്നു ബിജു ഡോക്ടറോട് പറഞ്ഞതായോ ഡോക്ടർ അക്കാര്യം ചോദിച്ചതായോ ചീട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും സൂപ്രണ്ട് അറിയിച്ചു.മൂന്നു മാസം മുൻപ് പാമ്പ് കടിയേറ്റു ഇവിടെ വന്നയാൾക്ക് ശരിയായ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചത് വിവാദമായിരുന്നു
ഇടക്കൊച്ചിയിൽ യുവാവിനെ കാണാതായ സ്ഥലത്തിന് സമീപം രക്തക്കറ കണ്ടെത്തിയത് ആശങ്ക പരത്തി. തോപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണങ്കാട്ടുകടവ് പാലത്തിന് കീഴെയാണ് മണ്ണിലും ചുവരിലുമായി രക്തം പരന്നത് കണ്ടെത്തിയത്. കാണാതായ ആളുടെ ബൈക്ക് ഇതിന് സമീപത്ത് നിന്ന് കിട്ടുകയും ചെയ്തു.
ഉച്ചയോടെ പരിസരവാസികൾ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. പാലത്തിന് കീഴെ രക്തം തളംകെട്ടി ഉണങ്ങിയത് കാണാം. ചുവരിൽ രക്തം തെറിച്ച് പടർന്നതിന്റെ തൊട്ടടുത്ത് ഇങ്ങനെ രക്തം പുരണ്ട കൈകൾ കൊണ്ട് പിടിച്ചതിന്റെ അടയാളവും ഉണ്ട്. ഇതിന് തൊട്ടടുത്താണ് കരുവേലിപ്പടിയിൽ നിന്ന് കാണാതായ വിനുരാജിന്റെ ബൈക്ക് കണ്ടെത്തിയത്. നാലു ദിവസം മുൻപാണ് 37കാരനായ വിനുരാജ് വീട്ടിൽ നിന്ന് പോയത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പാലത്തിന് കീഴിൽ നിന്ന് ബൈക്കും കിട്ടിയതോടെ തൊട്ടടുത്ത് കായലിൽ ഫയർ ഫോഴ്‌സ് സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്തി. സിറ്റി പൊലീസ് കമ്മിഷണർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഫോറൻസിക് സംഘവും എത്തി തെളിവെടുപ്പ് നടത്തി.