പിറന്ന കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്നുപേർ. കോൽക്കത്തയിലെ ആശുപത്രിയിലാണു വിചിത്ര സംഭവം. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി മൂവരില്‍ ഒരാൾ യുവതിയുടെ ഭർതൃസ്ഥാനവും കുഞ്ഞിന്റെ പിതൃത്വവും ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾക്കു പരിഹാരമായത്. ശനിയാഴ്ച പ്രസവവേദനയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപത്തൊന്നുകാരി ഞായറാഴ്ച രാത്രിയിൽ പെണ്‍കുഞ്ഞിനു ജൻമം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോൾ യുവതിക്കൊപ്പം ഭർത്താവെന്നു പറഞ്ഞ യുവാവാണ് രേഖകളിൽ ഒപ്പിട്ടത്. എന്നാൽ യുവതി കുഞ്ഞിനെ പ്രസവിച്ചതിനു പിന്നാലെ പിതൃത്വം അവകാശപ്പെട്ടു മറ്റൊരു യുവാവെത്തി.
ഇതോടെ ആശുപത്രിയിൽ തർക്കമായി. ഈ സമയം അബോധാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആശുപത്രി അധികൃതരും പോലീസും യുവാക്കളോടു നിർദേശിച്ചു. രണ്ടാമതെത്തിയ യുവാവ് ഉടൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇതോടെ ആദ്യം പെണ്‍കുട്ടിക്ക് ഒപ്പമെത്തിയ യുവാവ് നൈസായിട്ട് ഒഴിവായി. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആളല്ല മകളുടെ ഭർത്താവെന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും തർക്കമായി. ഒടുവിൽ സത്യാവസ്ഥ അറിയാൻ യുവതിക്കു ബോധം വരുംവരെ പോലീസ് കാത്തിരുന്നു. ഈ സമയമാണ് കുഞ്ഞിന്റെ അച്ഛനാണ് എന്നവകാശപ്പെട്ട് മറ്റൊരാൾ കൂടി ആശുപത്രിയിൽ എത്തുന്നത്. താൻ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും പക്ഷേ കുഞ്ഞിന്റെ അച്ഛൻ താനാണെന്നും മൂന്നാമൻ അവകാശപ്പെടുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിക്കു ബോധം തെളിഞ്ഞു.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ആളാണ് യഥാർഥ ഭർത്താവെന്നും അദ്ദേഹം തന്നെയാണു കുഞ്ഞിന്റെ അച്ഛനെന്നും യുവതി മൊഴി നൽകി. ഇതോടെ പ്രശ്നങ്ങൾക്ക് ഏകദേശ പരിഹാരമായി. പിന്നീടാണ് ഈ നാടകത്തിനു പിന്നിലെ കഥ വെളിപ്പെടുന്നത്. കൊച്ചിന്റെ അച്ഛനായ യുവാവുമായി പെണ്‍കുട്ടിക്കു നേരത്തെ ബന്ധമുണ്ടായിരുന്നു. പബ്ബിൽ വച്ചുള്ള ബന്ധം വളർന്നതോടെ പെണ്‍കുട്ടി ഗർഭിണിയായി. എന്നാൽ വിവാഹത്തിന് കൂടുതൽ സമയം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കി. ഈ കേസിൽ യുവാവ് ജയിലിലായി. പിന്നീട് പുറത്തിറങ്ങിയശേഷം കഴിഞ്ഞ ഏപ്രിലിലാണ് “ഭർത്താവ്’ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. ഈ വിവാഹം യുവാവിന്റെ വീട്ടുകാർ അംഗീകരിച്ചില്ല. ഇതോടെ ഇരുവരും വെവ്വേറെ താമസം തുടങ്ങി. കഴിഞ്ഞ ദിവസം യുവതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടാണ് താൻ അച്ഛനായ കാര്യം യുവാവ് അറിയുന്നത്.
ഇതോടെ ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുകയായിരുന്നു. കുഞ്ഞിന്റെ അച്ഛൻ എന്നവകാശപ്പെട്ട് രംഗത്തെത്തിയ മറ്റു രണ്ടു പേരുമായുള്ള യുവതിയുടെ ബന്ധം സംബന്ധിച്ചു വ്യക്തതയില്ല.
രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്‍റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23-ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
‘ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണം,” കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്.
ദലിതർക്കെതിരെ 840 അക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?” സിനിമാപ്രവർത്തകർ കത്തിലൂടെ മോദിയോട് ചോദിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ, ‘അർബൻ നക്സൽ’ എന്നും ദേശവിരുദ്ധർ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെട്ടു.
സംവിധായകന്‍ എ.എല്‍ വിജയ്‌യുമായുള്ള വിവാഹമോചനം തന്നെ ആകെ തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളിലൂടെയാണെന്നും നടി അമല പോള്‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്. നിരവധി സുഹൃത്തുക്കളെ തനിക്ക് നഷ്ടപ്പെട്ടെന്നും ആകെ ഒറ്റപ്പെട്ട സമയത്ത് ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചെന്നും അമല പറഞ്ഞു.
‘ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’
‘2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ ഞാന്‍ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങള്‍ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് എന്ന്.’ അമല പോള്‍ പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ജില്ലയിലെ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നതാണ് നിര്‍ണായകം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 അംഗങ്ങളാണ് ആകെയുള്ളത്. കോണ്‍ഗ്രസിന് എട്ട്, കേരളാ കോണ്‍ഗ്രസിന് ആറ്, എല്‍ഡിഎഫിന് ഏഴ്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസിനാണ് അടുത്ത അവസരം. ആറ് അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് സെബാസ്റ്റ്യൻ കുളത്തിങ്കലിനെ പ്രസിഡന്‍റാക്കാൻ തീരുമാനിച്ചു. ജോസ് കെ മാണി വിഭാഗം അതിനുള്ള വിപ്പും നല്‍കി.
എന്നാല്‍, ചെയര്‍മാൻ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ജോസ് കെ മാണിക്ക് വിപ്പ് നല്‍കാൻ അവകാശമില്ലെന്ന് കാണിച്ച് ജോസഫ് രംഗത്തെത്തി. അജിത് മുതിരമലയാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫും വിപ്പ് നല്‍കി. ഇന്നലെ അര്‍ദ്ധരാത്രി കൗണ്‍സിലര്‍മാരുടെ വീടുകളില്‍ വിപ്പ് പതിപ്പിക്കുകയായിരുന്നു. ആറ് പേരില്‍ രണ്ട് പേര്‍ തന്നോടൊപ്പമുണ്ടെന്നാണ് ജോസഫിന്‍റെ അവകാശവാദം. ഉമ്മൻചാണ്ടി ഉള്‍പ്പടെയുള്ളവര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇരുകൂട്ടരും വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല.
തര്‍ക്കം തുടര്‍ന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കാനാണ് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് നീക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസില്‍ എതെങ്കിലുമൊന്നിന് ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് പിന്തുണ നല്‍കിയാല്‍ അട്ടിമറി നടക്കും. കേരളാ കോണ്‍ഗ്രസില്‍ ജോസഫിനാണോ ജോസ് കെ മാണിക്കാണോ വിപ്പ് നല്‍കാനുള്ള അവകാശമെന്നത് കോടതി കയറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടും നിര്‍ണ്ണായകം. പാര്‍ട്ടി പിടിക്കാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമാണ് വിപ്പിലുള്ള തര്‍ക്കം. പിളര്‍പ്പിന് ശേഷം ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് നേരിടുന്നത്. ഇതില്‍ ആര്‍ക്കാണ് വിജയമെന്നത് പാല ഉപതെരഞ്ഞെടുപ്പിലടക്കം പ്രതിഫലിക്കും.
ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണതിനു പിന്നാലെ, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി ബുധനാഴ്ച ബംഗളൂരുവിൽ നിയമസഭാകക്ഷിയോഗത്തിനു ശേഷം യെദ്യൂരപ്പ ഗവര്‍ണറെ കാണുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. നാളെയായിരിക്കും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്നാണ് സൂചനകള്‍.
പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. ഇന്നലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാറിന് അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാറായിരിയ്ക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യദ്യൂരിയപ്പ പ്രതികരിച്ചത്. അടുത്ത സര്‍ക്കാറിന് ആശംസകള്‍ അറിയിച്ചതല്ലാതെ, മറ്റൊന്നും പറയാന്‍ എച്ച്.ഡി. കുമാരസ്വാമി തയ്യാറായില്ല.
മുഖ്യമന്ത്രി കുമാരസ്വാമി സർക്കാരിന്റെ വിശ്വാസപ്രമേയത്തെ ബിജെപിയുടെ 105 അംഗങ്ങൾ എതിർത്തപ്പോൾ ഭരണപക്ഷത്തെ പിന്തുണയ്ക്കാൻ 98 അംഗങ്ങൾ മാത്രമാണ് ഉണ്ടായത്. വിമത എംഎൽഎമാർ 15 പേർക്കും കോൺഗ്രസും ജെഡിഎസും വിപ്പ് നൽകിയിരുന്നെങ്കിലും ഇവർ സഭയിലെത്തിയില്ല. ബിഎസ്പി എംഎൽഎയും വിശ്വാസവോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യദ്യൂരപ്പ പറഞ്ഞു. വികസനത്തിന്റെ പുതുയുഗം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിനെ ആളുകൾക്ക് മടുത്തു. തന്റെ സർക്കാർ കർഷകരിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക- യദ്യൂരപ്പ കൂട്ടിച്ചേർത്തു. വിപ്പ് ലംഘിച്ച് വിട്ടുനിന്നവര്ക്കെല്ലാം അയോഗ്യതാനടപടി നേരിടേണ്ടിവരുമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
കാസര്‍കോട് മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ ഹാരിസിനെ സ്കൂളിലേക്ക് പോകുവഴിയാണ് കടത്തിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്നുദിവസമായിട്ടും കുട്ടിയെകണ്ടെത്താനായില്ല.
മകനെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയറിഞ്ഞതുമുതല്‍ കണ്ണിരോടെ കാത്തിരിക്കുകയാണ് ഈ അമ്മ. ഒൻപതാം ക്ലാസുകാരിയായ സഹോദരിയ്ക്കൊപ്പം സ്കൂളിലേക്കുപോയതാണ് ഹാരിസ്. വീട്ടില്‍ ഒരുകിലോമീറ്റര്‍ അകലെ വച്ച് കാറിലെത്തിയ സംഘം ബലമായി ഹാരിസിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം സഹോദരി വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ദിവസം മൂന്നാകുമ്പോഴും കുട്ടിയെവിടെയെന്നതില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിനായിട്ടില്ല.
ഗൾഫിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കോടിയിലറെ രൂപയുടെ തർക്കം കുട്ടിയുടെ ബന്ധുക്കളുമായി ചിലര്‍ക്ക് നിലനിൽക്കുന്നുണ്ടെന്നും, ഇതേത്തുടര്‍ന്നാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.
മദ്യപിച്ചോയെന്നറിയാൻ ഊതിച്ചുനോക്കി കേസെടുത്താൽ നിലനിൽക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാൻ പാടുള്ളൂ എന്ന 2018-ലെ വിധി കോടതി വീണ്ടും ഓർമപ്പെടുത്തി. ചില മരുന്നുകൾക്ക് ആൽക്കഹോളിന്റെ ഗന്ധമുണ്ട്. ആൽക്കോമീറ്റർ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാർഗമെന്ന് 2018-ൽ വൈക്കം സ്വദേശിയുടെ കേസിൽ വിധിയുണ്ട്.
മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിച്ച് ആൽക്കഹോളിന്റെ ഗന്ധമുണ്ടോ എന്നു പരിശോധിക്കുകയും മണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരിൽ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പുനലൂർ ഡിവൈ.എസ്.പി.യും കേസിനനുകൂലമായ റിപ്പോർട്ടാണ് നൽകിയിരുന്നത്. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി∙ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. മരിച്ച സിന്ധു അബുദാബിയിൽ നഴ്‌സാണ് .പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്.
പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായ് ഞായറാഴ്ച വൈകിട്ടാണ് 36 കാരിയായ സിന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിന്ധു .തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഒാപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് അമ്മ തിയറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്.
പൂര്‍ണമായും അബോധാവസ്ഥയിലായ യുവതിെയ ഉടന്‍ ഐസിയു ആബുലന്‍സിൽ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവിടെയെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. തിയറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു.
അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വയനാട്: വയനാട്ടിൽ ദന്പതികൾക്കു മർദനമേറ്റ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. ദന്പതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ അന്പയവയലിലെ ഹോട്ടലിൽ മുറി എടുത്തിരുന്നു. പാലക്കാട്ടെ വിലാസമാണ് ഇവർ നൽകിയത്. ഇതു സംബന്ധിച്ചു സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സ്ഥലം കാണാനെത്തിയ ദന്പതികൾക്കാണ് അന്പലവയലിൽ കഴിഞ്ഞ ഞായറാഴ്ച ടിപ്പർ ഡ്രൈവറായ ജീവാനന്ദന്റെ ക്രൂരമർദനമേറ്റത്.
ഭർത്താവിനെ മർദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജീവാനന്ദൻ യുവതിയെ മർദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. സംസാരിക്കുന്നതിനിടെ “നിനക്കും വേണോ’ എന്നു ചോദിച്ച് ജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നതു കാണാം. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. ജീവാനന്ദിനോടു യുവതി പ്രതിരോധിച്ചതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു മർദനകാരണം വ്യക്തമല്ല. പോലീസ് സ്റ്റേഷനിൽനിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്. ആക്രമണം കണ്ടുനിന്നവരാണു മർദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
വീഡിയോ കഴിഞ്ഞദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തില്ല. മർദനത്തിനു പിന്നാലെ ദന്പതികളേയും ജീവാനന്ദനെയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നെന്നു സൂചനയുണ്ട്. എന്നാൽ പരാതി നൽകാൻ ദന്പതികൾ തയാറായില്ല. ഇതേതുടർന്ന് പോലീസ് കേസ് ഒതുക്കി തീർക്കുകയാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്.
ചന്ദ്രയാൻ– 2 ഓസ്ട്രേലിയക്കാർക്ക് പറക്കും തളികയായ കൗതുക വാർത്തയാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ചന്ദ്രയാൻ–2 പറന്നുയർന്ന ശേഷം ഒാസ്ട്രേലിയയിലെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ചിലർ പേടിപ്പിക്കുന്ന ചില കാര്യങ്ങൾ പങ്കുവച്ചു. അതും ചിത്രങ്ങൾ സഹിതം. രാത്രി ആകസ്മികമായി ആകാശത്തിലൂടെ വിചിത്ര വെളിച്ചം കുതിക്കുന്നത് കണ്ടെന്നാണ് ചിലർ കുറിപ്പിട്ടത്. ഓസ്ട്രേലിയയിലെ വടക്കൻ പ്രദേശത്തും ക്വീൻസ്‌ലാന്റിലും ആകാശത്ത് പറക്കും തളിക കണ്ടെന്നായി മറ്റൊരു വിഭാഗം. ഇത്തരത്തിൽ പലതരം റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീടാണ് ഇത് ഇന്ത്യയുടെ ചന്ദ്രയാൻ–2 കുതിച്ചുപാഞ്ഞതാണെന്ന് അറിയുന്നത്.
ഓസ്ട്രേലിയക്ക് മുകളിലൂടെ ജിഎസ്എൽവി റോക്കറ്റ് കുതിക്കുമ്പോഴാണ് ചിലർ പറക്കും തളികയാണെന്ന് തെറ്റിദ്ധരിച്ചത്. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ -2 യാത്ര തുടങ്ങിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടന്നത്. ഈ സമയത്ത് ഓസ്‌ട്രേലിയയിൽ രാത്രി 7.30 ആയിരുന്നു.
വടക്കുപടിഞ്ഞാറൻ ക്വീൻസ്‌ലാന്റിലെ ജൂലിയ ക്രീക്ക് കാരവൻ പാർക്കിന് മുകളിൽ തിങ്കളാഴ്ച രാത്രി 7.30 ന് ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ തന്നെ എബിസി നോർത്ത് വെസ്റ്റിന്റെ ഫെയ്സ്ബുക് പേജിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകി പോസ്റ്റിട്ടു. തികച്ചും ശോഭയുള്ളതും അസാധാരണവുമായ ഒരു പ്രകാശമായിരുന്നു കണ്ടത്. അത് വടക്ക്-കിഴക്ക് ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുകയായിരുന്നു. ആകാശത്ത് ആ വെളിച്ചം മങ്ങുന്നതിന് മുൻപ് രണ്ടോ മൂന്നോ മിനിറ്റ് കണ്ടു. അതെന്താണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇത് ശരിക്കും അസാധാരണമായിരുന്നു എന്നുമാണ് മിക്കവരും പ്രതികരിച്ചത്.