India

അപകടസാഹചര്യങ്ങളിലെത്തുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ജീവനക്കാർ സഹായത്തിനെത്തുന്ന നിരവധി വാർത്തകള്‍ സമീപകാലത്തായുണ്ട്. ഇതിപ്പോൾ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ആർഎസ്എം 924, KL 15 A 461 നമ്പർ ബസിലെ ഡ്രൈവർ. അടിവാരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്ത നൂറാംതോട് സ്വദേശികളായ ബാബു–അബിദ ദമ്പതികളുടെ കുഞ്ഞിനാണ് യാത്രയ്ക്കിടെ ശ്വാസതടസ്സമുണ്ടായത്.

ജീവവായു കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ മാറോട് ചേർത്ത് കരഞ്ഞ അമ്മയും അച്ഛനും എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിന്നപ്പോഴാണ് ആലോചിക്കാൻ പോലും സമയമെടുക്കാതെ ഡ്രൈവർ ബസ് റൂട്ട് മാറ്റി ആശുപത്രി കാഷ്വാലിറ്റി ഗേറ്റിലേക്ക് ഓടിച്ച് കയറ്റിയത്. മറ്റ് യാത്രക്കാരും കുഞ്ഞുജീവനൊപ്പം നിന്നതോടെ കാര്യങ്ങൾ വളരെ എളുപ്പമായി.

താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി മദർ മേരി ആശുപത്രിയിലേക്കാണ് കുഞ്ഞിനെയും കൊണ്ട് ബസ് പറന്നത്. കുഞ്ഞിന് നേരത്തെ പനിയുടെ ലക്ഷണം കണ്ടതോടെയാണ് രക്ഷിതാക്കൾ യാത്ര പുറപ്പെട്ടത്. ഷിഗല്ല പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഏതായാലും ഒട്ടും താമസിക്കാതെ കുഞ്ഞു ജീവൻ രക്ഷിക്കാൻ ആ ഡ്രൈവർ കാണിച്ച മനസ്സിനെ സ്തുതിക്കുകയാണ് രക്ഷിതാക്കളും യാത്രക്കാരും വാർത്ത അറിഞ്ഞവരും.

പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവിന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനം സഹിക്കവയ്യാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ദ്ധ നഗ്നനാക്കി, പൊതുജനമദ്ധ്യത്തില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ചവിട്ടി പൊലീസ് മര്‍ദ്ദനം. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. എസ്സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോക്സോ കേസ് കൊടുത്ത കുട്ടിക്കൊപ്പമാണ് അയാൾ ഇപ്പോൾ താമസിക്കുന്നതും ആ കുട്ടിയാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു. ഇതാണ് വീഡിയോയില്‍ കാണുന്നത്. പ്രതിയുടെ ഭാര്യ ഇയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെ പൊലീസ് തള്ളിമാറ്റുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസ് എടുത്തു.

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ളപ്രശ്‌നം നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളത്തിലെ ഒരു സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു. വെള്ളം കിട്ടിയിട്ട് 12 ദിവസമായി. നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ലെന്നതിനാല്‍ മരണം അടുത്തു തന്നെ സംഭവിക്കുമെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ്.

പ്രളയാനന്തരം ആലപ്പുഴയില്‍ കടുത്ത ശുദ്ധജല ദൗര്‍ലഭ്യതയാണ് നേരിടുന്നത്. എന്നാല്‍ പ്രശ്നപരിഹാരം കാണുന്നതില്‍ പ്രദേശീക ഭരണകൂടം പരാജയപ്പെട്ടു. ശുദ്ധജല ദൗര്‍ലഭ്യതോടൊപ്പം വൈദ്യുതി വിതരണവും താളം തെറ്റി. കറണ്ട് വല്ലപ്പോഴും വന്നാലായി എന്ന അവസ്ഥയിലാണ്. വെള്ളവും വെളിച്ചവുമില്ലാതെ ഗര്‍ഭിണിയായ ഭാര്യയും താനും നാട്ടുകാരും മരിക്കുമെന്നാണ് ഗഫൂര്‍ കുറിക്കുന്നത്. ബാക്കിയാകുന്ന ഗ്രാമവാസികളെ ആരെങ്കിലും ദത്തെടുക്കണമെന്നും ഗഫൂര്‍ എഴുതുന്നു.

പരീത് പണ്ടാരി, മാര്‍ളിയും മക്കളും തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ഗഫൂര്‍ വൈ ഇല്ല്യാസാണ്. ഗഫൂരിന്‍റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

ഗഫൂര്‍ വൈ ഇല്ല്യാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പ്രിയമുള്ളവരെ , ഇത് ഒരു പക്ഷേ ഞാൻ അവസാനമായ് എഴുതുന്ന കത്താവാം !!! മരണം അടുത്തെന്ന് ഒരു തോന്നൽ അതുകൊണ്ട് മാത്രം എഴുതുന്നു

ഒരുപാട് പ്രതീക്ഷകളും അതിലുപരി വലിയ വലിയ സ്വപ്നങ്ങളും ഉള്ള ഒരു യുവാവാണ് ഞാൻ !!! സിനിമ എന്ന മായ ലോകത്ത് സംവിധായകനായും എഴുത്തുകാരനായും വലത് കാൽ വെച്ച് കയറിയിട്ട് അധികം ആയിട്ടില്ല , തലനാരിഴക്ക് ആദ്യ സിനിമക്ക് സ്റ്റേറ്റ് അവാർഡ് നഷ്ടമായതിന്‍റെ നിരാശ ഇനിയും മാറിയട്ടില്ല എന്നത് ഈ അവസരത്തിൽ ഞാൻ തുറന്ന് പറയട്ടെ !!! അടുത്ത സിനിമയുടെ പണിപ്പുരയിൽ ആണ് നിലവിൽ , മമ്മുക്കയേ വെച്ച് ഒരു മരണമാസ്സ് പടവും ലാലേട്ടനെ വെച്ച് ഒരു ക്ളാസ്സ് പടവും ചെയ്യണമെന്നുണ്ട് , പക്ഷേ ലക്ഷ്യത്തിൽ എത്തില്ലന്നൊര് തോന്നൽ , വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആകുന്നുള്ളു……പ്രിയതമയുമായ് കിനാവുകൾ കണ്ട് തുടങ്ങിയതേയുള്ളൂ……ഒരു കുഞ്ഞ് വരാനിക്കുന്നു…..അവളെ/അവനെ വലിയ നേട്ടങ്ങളിലേക്ക് ഞങ്ങൾക്ക് കെെ പിടിച്ച് കൊണ്ട് പോകേണ്ടിരിക്കുന്നു !!! എന്നെ പ്രാണന് തുല്ല്യം സ്നേഹിക്കുന്ന ഒരുമ്മയുണ്ട് ഒരു വാപ്പിയുണ്ട് ഒരു ഭാര്യയുണ്ട് മൂന്ന് കൂടെപ്പിറപ്പുകൾ ഉണ്ട്….കൊറേ കുട്ടി മരുമക്കളുണ്ട്……അവരൊക്കെ എൻ്റെ വളർച്ചയിൽ കണ്ണും നട്ടിരിക്കുകയാണ്………പക്ഷേ ഒന്നും നടക്കില്ല…..കാരണം എൻ്റെ നാടായ ആലപ്പുഴയിൽ ദാഹജലം കിട്ടിയിട്ട് 12 ദിവസം കഴിഞ്ഞു….പോരാഞ്ഞിട്ട് കരണ്ടും കളഞ്ഞ് ഇരുട്ടത്താക്കി വിയർപ്പുമുട്ടിച്ചും തുടങ്ങിയിരിക്കുന്നു !!! പതിയെ പതിയെ അധിക്യതർ ഞങ്ങളെ നരകിച്ച് കൊന്നുകൊണ്ടിരിക്കുകയാണ്….കൂട്ടത്തിൽ ഞാനും ഇല്ലാതാവും……അവശേഷിക്കുന്നവരോട് ഒന്ന് രണ്ട് അപേക്ഷ മാത്രം….
1.എൻ്റെ പത്ര മാധ്യമ സുഹ്യത്തുകൾ ഞാൻ മരിച്ചാൽ ഫ്രണ്ട് പേജിൽ തന്നെ വാർത്ത കൊടുക്കണം……ക്യാപ്ഷൻ ;- ഗഫൂർ വെെ ഇല്ല്യാസ് എന്ന കലയുടെ വൻമരം ഇരുട്ടത്ത് തട്ടിവീണ് ദാഹിച്ച് മരിച്ച് വീണു ”ശേഷം ആര് ” ?
2. വാട്ടർ അതോറിറ്റിയിലും KSEB യിലും മ്യത്ദേഹം പൊതുദർശനത്തിന് വെക്കണം

3. പോലീസ് ബഹുമതികളോടെയെ എനിക്ക് അന്ത്യയാത്ര അയപ്പ് നൽകാവൂ….വെടിവെച്ച് ഉണ്ട കളയണ്ട…..ആക്ഷൻ മാത്രം കാണിച്ചിട്ട് വാ കൊണ്ട് ഒച്ചയിട്ടാലും മതി…എൻ്റെ വട്ടപ്പള്ളിക്കാർ അത്രക്ക് നിഷ്കളങ്കരാണ് പാവങ്ങൾ വിശ്വസിച്ചോളും…

4.ആലപ്പുഴയിൽ ബാക്കി അവശേഷിക്കുന്നവരെ മറ്റേതങ്കിൽ ജില്ലക്കാർ ദത്തെടുത്ത് അവരുടെയെങ്കിലും ജീവൻ നിലനിർത്തണം
എന്ന് ഒത്തിരി സങ്കടത്തോടെ ഗഫൂർ വെെ ഇല്ല്യാസ്

ആലപ്പുഴയില്‍ ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ വിവി വിനോദ്, ക്യാമറാമാന്‍ പി കെ പ്രശാന്ത് എന്നിവര്‍ക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്.

സംസ്ഥാന നേതൃയോഗം കഴിഞ്ഞയുടനെ ഉടനെ കഴിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശത്തോടെ ചീറിയടുത്ത കെ സുരേന്ദ്രന്‍ യാതൊരുവിധ പ്രകോപനവും ഇല്ലാതെ കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷിനിര്‍ത്തിയായിരുന്നു കയ്യേറ്റശ്രമം. തങ്ങള്‍ വിചാരിച്ചാല്‍ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും മര്യാദക്ക് അല്ലെങ്കില്‍ തെരുവില്‍ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ പുറത്ത് ഉണ്ടെന്നും ഭീഷണിപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകരെ പൊതുവേദിയില്‍ അവഹേളിച്ച്‌ നടപടി തിരുത്താന്‍ സുരേന്ദ്രന്‍ തയ്യാറാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

എന്നാൽ തന്റെ ഭാഗത്ത് തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ സംഭവത്തെ കുറിച്ച് വിശദമായ കുറിപ്പ് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചു. “മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം,” എന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്.

നാലു കുട്ടികളേയും ചേര്‍ത്ത് സ്‌കൂട്ടര്‍ സവാരി നടത്തുന്ന മധ്യവയസ്‌കനെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തൊഴുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു. ഹെല്‍മറ്റ് പോലുമില്ലാതെ നാലു കുട്ടികളുമായി സ്‌കൂട്ടറില്‍ വരുന്ന മധ്യവയസ്‌കനെ എംവിഐ എന്‍. വിനോദ് കുമാര്‍ തൊഴുത് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. കൊച്ചിയിലാണ് സംഭവം.

സ്‌കൂട്ടറിന്റെ വരവ് കണ്ട് അന്തംവിട്ട എംവിഐ തൊഴുതതിനു ശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടിക്രമത്തിലേക്ക് കടന്നപ്പോഴാണ് വാഹനത്തിനു ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ല എന്ന കാര്യം വ്യക്തമായത്.ഒടുവിൽ ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിന് 1000, കുട്ടികളെ കുത്തിനിറച്ച്‌ വാഹനം ഓടിച്ചതിന് 1000, ഹെല്‍മറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെ ഫൈന്‍ ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്.

പാടി ആളുകളെ പാട്ടിലാക്കിയ പുരോഹിതന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

അജിത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് സിനിമയിലെ ‘കണ്ണാന കണ്ണേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുരോഹിതന്‍ അതിമനേഹരമായി അവതരിപ്പിച്ചത്. മീഡിയ വിങ് പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പാട്ടുകേട്ട സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു, അച്ഛന്‍ പൊളിയാണ്

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തൽ. സർക്കാരിനെ താഴെയിറക്കാൻ 50 കോടി മുതൽ 60 കോടി രൂപ വരെയും ഒപ്പം മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നാണ് ബിഎസ്പി എംഎൽഎ രമാഭായ് സിങ്ങിന്റെ വെളിപ്പെടുത്തൽ.

എല്ലാവർക്കും അവർ ഓഫർ നൽകുന്നുണ്ട്. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവർ എന്നെയും വിളിച്ചിരുന്നു. താൻ വാഗ്ദാനം നിരസിച്ചെന്നും രമാഭായ് സിങ് പറയുന്നു.

രണ്ട് ബിഎസ്പി എംഎൽഎമാരുടെയാണ് 2018ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലാണ് ബിഎസ്പി വിജയിച്ചത്. 230ൽ 114 സീറ്റാണ് കോൺഗ്രസ് നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാരിനെ താഴെയിറക്കാൻ ആസൂത്രണം നടക്കുന്നുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. 29 സീറ്റുകളിൽ ഇരുപത്തിയെട്ടും തൂത്തുവാരിയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ ജയം.

സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വാർത്തകളെ സാധൂകരിക്കുന്നതാണ് വെളിപ്പെടുത്തൽ. മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ നിലനിൽക്കുകയാണ് അത്യാവശ്യമെന്നാണ് രമാഭായ് സിങ്ങിന്റെ നിലപാട്.

കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബു വീണ്ടും സര്‍വീസില്‍. പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയശേഷമാണ് തിരിച്ചെടുത്തത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനം. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെവിന്റെ പിതാവ് പറഞ്ഞു.

അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകള്‍ക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറില്‍ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്.

ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാന്‍, ഇഷാന്‍ എന്നിവരുടേതാണെന്ന് തുടര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ദനായ എസ്. സുജിത് മൊഴി നല്‍കി. അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ സീറ്റിന് പുറകില്‍ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങള്‍ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നല്‍കി. കൂടാതെ മൂന്ന് കാറുകളില്‍ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടില്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച്് അക്രമം നടത്തിയയാതി പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥ മൊഴി നല്‍കി.

ദുബായ് ∙ പെരുന്നാൾ സമ്മാനമായി മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറിനെയാണ് ഭാഗ്യം തലോടിയത്.

ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രതീഷ് കുമാർ കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പൺ വാങ്ങിയത്. ഇന്ന് രാവിലെ 11.15ന് ഓഫിസിലിരിക്കുമ്പോൾ സന്തോഷവാർത്തയുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി.

ആദ്യം കേട്ടപ്പോൾ അത്ര വിശ്വസിക്കാൻ തോന്നിയില്ല. ഭാഗ്യം സമ്മാനിച്ച കൂപ്പണിന്റെ നമ്പർ ഒത്തുവന്നപ്പോൾ ഉറപ്പിച്ചു. പിന്നീട്, സുഹൃത്ത് ഡ്യൂട്ടി ഫ്രീയുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചും നമ്പർ ഉറപ്പുവരുത്തിയതായി രതീഷ് കുമാർ പറഞ്ഞു. 10 വർഷമായി യുഎഇയിലുള്ള രതീഷ് കുമാർ കുടുംബസമേതമാണ് ഇവിടെ താമസം.സമ്മാനക്കാര്യം ഭാര്യ രമ്യയെ വിശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നതായി രതീഷ് പറയുന്നു. കോടിപതിയായെങ്കിലും ഉടനെയൊന്നും പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാം–രതീഷ് കുമാർ പറയുന്നു.

രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. പുതുമുഖങ്ങളും പ്രമുഖരും മന്ത്രിസഭയില്‍ ഇടംപിടിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ നേതാക്കളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. പുതിയ സര്‍ക്കാരിന് 100 ദിന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്.

പുതിയ തുടക്കമെന്നാണ് പുതിയ സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരാണ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള കൂടിയാലോചനകള്‍ നടത്തുന്നത്. ആര്‍.എസ്.എസിന്‍റെ താല്‍പര്യങ്ങളും പ്രാദേശിക പരിഗണനകളും കണക്കിലെടുക്കും. ലോക്സഭയില്‍ നിന്നായിരിക്കും ഇത്തവണ കൂടുതല്‍ മന്ത്രിമാര്‍. രാജ്യസഭയില്‍ അംഗങ്ങളായ പ്രമുഖമന്ത്രിമാര്‍ ലോക്സഭയിലേയ്ക്ക് ജയിച്ചുവെന്നതും ലോക്സഭയിലെ അംഗബലം കൂടിയെന്നതും ഇതിന് കാരണമാണ്. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി എന്നിവയ്ക്ക് കാര്യമായ പരിഗണന കിട്ടും.

അമിത് ഷാ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. ആരോഗ്യം മോശമായതിനാല്‍ അരുണ്‍ ജയ്റ്റ്ലി വിട്ടുനിന്നേക്കും. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടം കിട്ടും. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ജെഡിയുവിന്‍റെ മോഹം. പിഎംഒ ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങി സുപ്രധാന പദവികളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബിംസ്ടെക് രാഷ്ട്രത്തലവന്മാെരയും കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്‍റിനെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ക്ഷണമില്ല. നേരത്തെ നിശ്ചയിച്ച വിദേശ പര്യടനമുള്ളതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞയ്ക്ക് എത്തില്ല. പകരം ജൂണ്‍ 8 ന് ഹസീന നേരിട്ടെത്തി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിക്കും.

RECENT POSTS
Copyright © . All rights reserved