കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂളില്‍ മുന്‍പും സമാന കൃത്യം നടന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
വിജയശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂളില്‍ മുന്‍പും സമാന രീതിയില്‍ അധ്യാപകര്‍ തിരിമറി നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ അധ്യാപകന്‍ തനിക്കുവേണ്ടി പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നും താന്‍ നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായാണ് താന്‍ പരീക്ഷയെഴുതിയതെന്നാണ് മുക്കം, നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ നിഷാദ് വി.മുഹമ്മദ് പറഞ്ഞിരുന്നത്.
ഇയാള്‍ രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതിയതായും 32 വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് താന്‍ പരീക്ഷ എഴുതിയിരുന്നെന്നും പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായാണ് അപ്രകാരം ചെയ്തതെന്നും നിഷാദ് പറഞ്ഞത്. ഇതിനെ പാടെ തള്ളിക്കൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം എത്തിയത്. താന്‍ ജയിക്കുമെന്ന് പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ തന്റേത് മാത്രം വന്നില്ല. പേരില്‍ വന്ന എന്തോ തെറ്റാണ് റിസല്‍ട്ട് വൈകാന്‍ കാരണമെന്നാണ് പറഞ്ഞത്. അത് ശരിയാക്കാന്‍ നോക്കുമ്പോളാണ് ആള്‍മാറാട്ടം അറിഞ്ഞതെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
കാസർകോട്: അഞ്ച് ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും മോഷണം പോയെന്ന കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍റെ ആരോപണത്തിന് മറുപടിയുമായി കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജ്. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകളിലേക്ക് നല്‍കാൻ മാറ്റി വച്ചിരുന്ന പണത്തില്‍ നിന്നാണ് പൃഥിരാജ് മോഷണം നടത്തിയതെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ ആരോപണം. തന്‍റെ ഭാര്യയോട് ഉണ്ണിത്താൻ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്നും പൃഥിരാജ് ആരോപിക്കുന്നു. താനാണ് പണം മോഷ്ടിച്ചതെന്ന ഉണ്ണിത്താന്‍റെ പരാതി അടിസ്ഥാനരഹിതമെന്ന് പൃഥിരാജ് പറഞ്ഞു.
അഞ്ച് ലക്ഷം മോഷണം പോയെന്ന് കാട്ടിയാണ് ഉണ്ണിത്താൻ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍, ഉണ്ണിത്താന്‍ തന്‍റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തരാതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പൃഥിരാജിന്‍റെ മറുപടി. പ്രചാരണത്തിന്‍റെ ചുമതല കൊല്ലത്തെ ഡിസിസി ജനറല്‍ സെക്രട്ടറി നടുകുന്നം വിജയനായിരുന്നു. പ്രചാരണവും സ്വക്വാഡ് വര്‍ക്കുകള്‍ ഏകോപിക്കലുമായിരുന്നു താൻ ചെയ്തത്. എന്നാല്‍, വോട്ടെണ്ണല്‍ കഴിഞ്ഞ് മെയ് 24 ന് താൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാമെന്നാണ് ഉണ്ണിത്താന്‍റെ വിശദീകരണം.
കെവിൻ വധക്കേസിലെ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടം തുടരുന്നു . കെവിന്റെ പിതാവ് ജോസഫ് (രാജൻ) അടക്കം 8 സാക്ഷികളാണ്.
കെവിനെയും അനീഷ് സെബാസ്റ്റ്യനെയും തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട സാനു ചാക്കോ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീടു കെവിനെ വിട്ടുകിട്ടാൻ ഫോണിൽ പ്രതികളുമായി ബന്ധപ്പെടുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നടന്നത് . മദ്യപിച്ച് വാഹനം ഓടിച്ച സാനു ചാക്കോയോട് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതിനു 2 പൊലീസുകാരേയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ വകുപ്പുതല നടപടി നേരിടുകയാണ്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു, കെവിനൊപ്പം തട്ടികൊണ്ടുപോയ ബന്ധു അനീഷ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെടെ 15 പേരുടെ വിസ്താരമാണ് പൂർത്തിയാക്കിയത്.
മകൾ നീനുവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടു പിതാവ് ചാക്കോ ജോസഫ് സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ മൊഴി. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഇത്. കെവിൻ കൊലക്കേസ് വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നൽകാനെത്തിയത്. മൊഴിയിൽ നിന്ന്: കഴിഞ്ഞ വർഷം മേയ് 25നാണ് ചവിട്ടുവരിയിലെ വർക്‌ഷോപ്പിൽ വന്ന് ചാക്കോ കണ്ടത്. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടിൽ വന്നു. 27 നു പുലർച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി.
തട്ടിക്കൊണ്ടു പോയ വിവരം ആദ്യം സിപിഎം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി വേണുവിനെ അറിയിച്ചു. പിന്നീട് ഗാന്ധി നഗർ സ്റ്റേഷനിൽ പരാതി നൽകി. ഗാന്ധിനഗർ എസ്ഐ പരാതി കാര്യമായെടുത്തില്ല. പൊലീസ് സ്റ്റേഷനിൽ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവിൽ പൊലീസ് ഓഫിസർ അജയകുമാർ മൊഴി നൽകി. ‘‘എഎസ്ഐ ടി.എം. ബിജുവും ഒപ്പമുണ്ടായിരുന്നു. അമലഗിരിയിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനു വന്നതാണ്. വഴിതെറ്റി മാന്നാനത്ത് എത്തിയതാണെന്ന് സാനു പറഞ്ഞു. സാനുവിന്റെ കാറിന്റെ നമ്പർ പ്ലേറ്റുകൾ ചെളി കൊണ്ട് മറച്ചിരുന്നു. മറ്റൊരു കാറിൽ നിന്നു ചെളി തെറിച്ചതാണെന്നു പറഞ്ഞു.
സാനുവിനെയും ഇഷാനെയും കാറിനൊപ്പം നിർത്തി ഫോട്ടോ എടുത്തു. സാനുവിന്റെ ഫോൺ നമ്പറും വാങ്ങി. അനീഷിന്റെ വീട് ആക്രമിക്കപ്പെട്ട വിവരം അൽപം കഴിഞ്ഞപ്പോൾ അറിഞ്ഞു. എഎസ്ഐ ബിജു സാനുവിനെയും ചാക്കോയെയും ഫോണിൽ വിളിച്ചു. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു.’’ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും അജയകുമാർ കോടതിയിൽ തിരിച്ചറിഞ്ഞു.
വാഹന പരിശോധയ്ക്കിടെ സാനുവിന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന അജയകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചു. എഎസ്ഐ ബിജുവിനു പിരിച്ചു വിടൽ നോട്ടിസ് നൽകിയിരിക്കുകയാണ്.
യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തിൽ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു. മംഗളൂരു അത്താവറിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവർ അമർ ആൽവാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. തലയും കുറച്ചു ശരീര ഭാഗങ്ങൾ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങൾ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാൽപാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല.
പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. തല ഒരു ഹെൽമറ്റിനകത്തും ശരീര ഭാഗങ്ങൾ ചാക്കിൽ കെട്ടിയുമാണ് കദ്രിയിൽ ഒരു കടയുടെ മുന്നിൽ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു സമീപത്ത് ഉപേക്ഷിച്ച ഹെൽമെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കോട്ടയത്ത് എന്‍സിപി നേതൃയോഗത്തില്‍ കയ്യാങ്കളി. ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാങ്കളിയിലെത്തിയത്. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു.
എ കെ ശശീന്ദ്രൻ – തോമസ് ചാണ്ടി വിഭാഗം നേതാക്കളാണ് പരസ്പരം കൊമ്പ് കോർത്തത്. ജില്ലാ പ്രസിഡന്റായിരുന്ന ടി വി ബേബിയെ തൽസ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ ശശീന്ദ്രൻ പക്ഷക്കാർ കൊണ്ട് വന്ന പ്രമേയമാണ് ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തിയത്. പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്നതിനെതിരെ ടി വി ബേബി രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ നേതൃ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ശശീന്ദ്രൻ വിഭാഗം ആരോപിച്ചു.
ജില്ലയില്‍നിന്നുള്ള ഒരു വിഭാഗം നേതാക്കളെ ഒഴിവാക്കിയതും തര്‍ക്കത്തിന് കാരണമായി. ജില്ലാ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതലയുള്ളയാള്‍ അംഗങ്ങളെ പരിചയപ്പെടാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത യോഗമാണെന്നാണ് തോമസ് ചാണ്ടി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. തര്‍ക്കങ്ങളെ തുടര്‍ന്ന് യോഗം വേഗത്തില്‍ പിരിഞ്ഞു.
ഭർത്താവിന്റെ മരണശേഷം ജൻമം നൽകിയ പിതാവ് തന്നെ 10000 രൂപയ്ക്ക് വിറ്റതോടെ ഇരുപതുകാരിയുടെ യാതനകൾ ആരംഭിച്ചു.. കൊടിയ ദുരിതങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നപ്പോൾ സ്വയം തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. മരണവും ആ പെൺകുട്ടിയുടെ ആഗ്രഹത്തിനൊപ്പം നിന്നില്ല. പടിഞ്ഞാറൻ യുപിയിലെ ഹാപൂർ സ്വദേശിയായ യുവതിയാണ് എൺപത് ശതമാനം തീപ്പൊള്ളലേറ്റ് ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ മരണത്തോട് മല്ലിടുന്നത്.
ഇളം പ്രായത്തിൽ വിവാഹം നടന്നെങ്കിലും ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന മകൾക്ക് അഛനിട്ട വിലയായിരുന്നു പതിനായിരം രൂപ. യുവതിയെ നേടിയ വ്യക്തി പലരിൽ നിന്നും പണം കടം വാങ്ങുകയും കടക്കാരുടെ വീട്ടുപണിക്കായി യുവതിയെ അയക്കുകയുമായിരുന്നു..അങ്ങനെ പലരിൽ നിന്നും പലതവണ ശാരീരികമായും മാനസികമായും പീഡനമേറ്റു വാങ്ങി.
ഒടുവിൽ ആശ്രയത്തിനായി സമീപിച്ച പൊലീസും ആദ്യഘട്ടത്തിൽ അനുകൂലമായി പ്രതികരിച്ചില്ല..തുടർന്ന് കഴിഞ്ഞ മാസാവസാനമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവം വലിയ വാർത്തയായതോടെ പതിനാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചതായി ഹപൂർ എസ്പി യഷ് വീർ സിംഗ് പറഞ്ഞു. യുവതിയ്ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഡൽഹി വനിതാകമ്മീഷൻ ചെയർ പേഴ്സൺ സ്വാതി മലിവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അവകാശവാദങ്ങൾ പലപ്പോഴും തൊണ്ടതൊടാതെ വിഴുങ്ങാൻ വളരെ പ്രയാസമാണ്. കാർമേഘങ്ങളുടെ മറവിൽ പോർ വിമാനങ്ങളെയും തെളിച്ച് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെപ്പറ്റിയുള്ള പരാമർശത്തിന് മേലെ ട്രോളുകളുടെ പെരുമഴയായിരുന്നു. അതിന്റെ ബഹളങ്ങൾ ഒടുങ്ങും മുമ്പുതന്നെ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് അദ്ദേഹം. 1987-88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി എന്നാണ് ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചുമ്മാ ഉപയോഗിച്ചിട്ടുണ്ട് എന്ന് മാത്രമല്ല പറഞ്ഞത്, അന്നത്തെ ബിജെപി നേതാക്കളിൽ പ്രമുഖനായിരുന്ന ലാൽ കൃഷ്ണ അദ്വാനിയുടെ കളർ ചിത്രങ്ങൾ പകർത്തി, അതിനെ ദില്ലിയിലേക്ക് ഈമെയിൽ അയച്ചു കൊടുത്തു എന്നും പറഞ്ഞുകളഞ്ഞു മോദി.
അതൊരല്പം കടന്നുപോയി. മോഡിയുടെ ഇത്തരത്തിലുള്ള വീരവാദങ്ങളോട് സ്വതവേ പ്രതികരിക്കാത്ത പലരും അതിനെതിരെ പ്രസ്താവനകളുമായി സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തി. അതിൽ രാഷ്ട്രീയക്കാരും, പത്രപ്രവർത്തകരും, സാമ്പത്തിക, സാങ്കേതികവിദ്യാ രംഗങ്ങളിലെ വിദഗ്ധരും ഒക്കെ ഉണ്ടായിരുന്നു.
സാമ്പത്തിക വിദഗ്ധയായ രൂപ സുബ്രഹ്മണ്യ തന്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്, പാശ്ചാത്യലോകത്തുപോലും 1988-ൽ ഇന്റര്നെറ് എന്നത് വിരലിലെണ്ണാവുന്ന ഉത്പതിഷ്ണുക്കളായ ധനാഢ്യർക്കു മാത്രം ലഭ്യമായിരുന്ന ഒരു ആഡംബരമായിരുന്നു. ഗവേഷകരും, അക്കാദമിക് പണ്ഡിതരും, ശാസ്ത്രജ്ഞരും ഒക്കെ അവരുടെ ലാബുകളിൽ കഷ്ടിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്ന ഒരു സാങ്കേതികവിദ്യ മോദി അന്നേ പരിചയിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോവും. ഇന്ത്യയിൽ ഇന്റർനെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം ഉപഭോക്താക്കളിലേക്ക് ഔദ്യോഗികമായി എത്തുന്നത് 1995 -ലാണ്.
In 1988, even in the developed west, email was available to a few academics and scientists but Modi somehow used it in 1988 in India before it was officially introduced to the rest of us in 1995. 😳 https://t.co/cq3nhRLEQJ
— Rupa Subramanya (@rupasubramanya) May 12, 2019
‘ഭൂലോക നുണയൻ’ എന്നാണ് ഈ പരാമർശത്തിന്റെ പേരിൽ ഒരു ട്വിറ്റർ ഉപഭോക്താവ് മോദിയെ വിശേഷിപ്പിച്ചത്.
രാഷ്ട്രീയനിരീക്ഷകനായ സൽമാൻ സോസ് പറഞ്ഞത്, ഈ വീമ്പ് ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നാണ് എന്നായിരുന്നു. അദ്ദേഹം തന്റെ 1993-ലെ അമേരിക്കൻ ജീവിതം ഓർത്തെടുത്തുകൊണ്ട് ഇങ്ങനെ കുറിച്ചു, ” അന്ന് AOL – അമേരിക്കാ ഓൺലൈൻ ആയിരുന്നു അവിടത്തെ പ്രധാന സർവീസ് പ്രൊവൈഡർ. അത് തന്നെ അവിടത്തെ യൂണിവേഴ്‌സിറ്റികളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അന്ന് അവിടത്തെ അവസ്ഥ അതായിരിക്കുമ്പോഴാണ്, നമ്മുടെ മോഡി 1988-ൽ ഇന്ത്യയിൽ മെയിൽ അയച്ചെന്ന് കള്ളം പറഞ്ഞിരിക്കുന്നത്. എത്ര അപഹാസ്യമാണിത്.. ”
മോദിയെ ഈ ഡിജിറ്റൽ കാമറ അവകാശവാദത്തിന് പേരിൽ കടന്നാക്രമിക്കുകയാണ് AIMIM നേതാവ് അസദുദ്ദിൻ ഒവൈസി ചെയ്തത്. കയ്യിൽ അഞ്ചു കാശില്ലാത്ത, സൂക്ഷിക്കാനും മാത്രം കാശ് കയ്യിൽ വരാത്തതുകൊണ്ട് പേഴ്‌സുപോലും ഇല്ലായിരുന്നു എന്ന് നൊസ്റ്റാൾജിയ പറയുന്ന പ്രധാനമന്ത്രി, 1988-ൽ ലക്ഷങ്ങൾ വിലയുള്ള ഡിജിറ്റൽ കാമറ സ്വന്തമാക്കിയിരുന്നു എന്നും അതുവച്ച് തുരുതുരാ പടങ്ങൾ പിടിച്ചിരുന്നു എന്ന് പറയുന്നത് എത്ര വലിയ വിരോധാഭാസമാണ്..? എന്തും പറയാൻ മടിയില്ലാത്ത പ്രധാനമന്ത്രിയെ എങ്ങനെയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വസിക്കാനാവുക.
സാമൂഹ്യമാധ്യമങ്ങളിൽ തന്നെ മറ്റുപലരും മോദി പറഞ്ഞതിനെ വസ്തുതകൾ കൊണ്ട് ഖണ്ഡിക്കാനും ശ്രമിച്ചു. ഷാഹിദ് അക്തർ എന്ന ഒരാൾ എഴുതിയത് ഇങ്ങനെയായിരുന്നു. വിപണിയിൽ വന്ന ആദ്യത്തെ ഡിജിറ്റൽ കാമറ 1990 -ൽ പുറത്തിറങ്ങിയ ഡൈകാം എന്ന മോഡലായിരുന്നു. പിന്നെ ലോജിടെക് ഫോട്ടോമാൻ. പക്ഷേ, മോദിജി അത് 1988 -ൽ തന്നെ സ്വന്തമാക്കി. VSNL വഴി 1995 ഓഗസ്റ്റ് 14-നു മാത്രം ഇന്ത്യയിൽ വന്ന ഇന്റർനെറ്റും മോദിക്കു മാത്രം 1988-ലേ കിട്ടി. സത്യമെന്തെന്ന് ആരന്വേഷിക്കുന്നു. മോദിജി പറയുന്നത് എന്തോ അതാണ് സത്യം.
1990 -ൽ ആദ്യമായി കമേഴ്സ്യലി നിർമിക്കപ്പെട്ട കാമറയുടെ ചിത്രവും ഒരാൾ പങ്കുവെച്ചു.

ഇനി മോദിയാണോ ഇന്റർനെറ്റ് കണ്ടുപിടിച്ചത് എന്നുപോലും ഒരാൾ സംശയം പ്രകടിപ്പിച്ചു. ‘മോദിജിയുടെ വീരവാദങ്ങൾ’ എന്നൊരു പുസ്തകം താമസിയാതെ പുറത്തിറങ്ങും എന്ന് മറ്റൊരാൾ. ചായ വിറ്റ് ഉപജീവനം നയിച്ച, ദാരിദ്ര്യത്തിൽ പുലർന്നിരുന്ന മോദിജി എങ്ങനെ അക്കാലത്ത് ലക്ഷങ്ങൾ വിലയുണ്ടായിരുന്ന ഡിജിറ്റൽ കാമറ സ്വന്തമാക്കി അക്കാലത്ത് എന്ന സംശയം ആർക്കും തീരുന്നില്ല.
ഒട്ടാവ: യുവതിയോട് അപമര്യാദയായി പെരുമാറിയ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍. കാനഡയിലെ ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂണ്‍ 24നാണ് കേസ് കോടതിയിലെത്തുക. കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികനാണ് ഇദ്ദേഹം.
വൈദികനെതിരെ മുന്‍പ് ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിലെ പരാതിയുടെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നുമാണ് ഇടവക നിവാസികള്‍ പറയുന്നത്. പള്ളിയില്‍ വെച്ച് ഫാ. ടോബി ദേവസ്യ യുവതിയുമായി സംസാരിച്ചെന്നും, അവര്‍ തിരികെ പോകാന്‍ നേരത്തെ യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ടോബി പൗരോഹത്യ ജീവിതം ആരംഭിക്കുന്നത്. പരാതിയില്‍ വാസ്തവുമുള്ളതായി തെളിഞ്ഞാല്‍ സഭയും വികാരിക്കെതിരെ നടപടി സ്വീകരിച്ചേക്കും.
കേസിന്റെ വിശദവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പരാതിക്കാരി ആരാണെന്നും പുറത്തറിഞ്ഞിട്ടില്ല. വൈദികന്‍ അറസ്റ്റ് ചെയ്യപ്പെട്ട വിവരം കാനഡയിലെ മലയാളികളാണ് മാധ്യമങ്ങളെ അറിയിക്കുന്നത്. സംഭവത്തില്‍ സീറോ മലബാര്‍ സഭ നേരിട്ട് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഭാ പ്രതിനിധികള്‍ ഇതുവരെ വിഷയത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തിരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളാ കോൺഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റൽ ബാലറ്റ് വിവാദവും കള്ളവോട്ടുമുൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യുഡിഎഫ് യോഗം ചേരുക.
യുഡിഎഫിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ചുരുങ്ങിയത് 16 സീറ്റുകൾ ലഭിക്കുമെന്നതാണ് മുന്നണി നേതൃത്തിന്റെ കണക്കു കൂട്ടൽ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല അവലോകനം ഇന്നത്തെ യോഗത്തിലുണ്ടാകും. കെ.എം.മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും.
മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കൈക്കൊള്ളേണ്ട നിലപാടും യോഗത്തിൽ ധാരണയാകും. പോസ്റ്റൽ ബാലറ്റ് വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ ആയുധമാക്കാനുള്ള ആലോചനയും യുഡിഎഫിനുണ്ട്.