മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മൂന്നരവയസുകാരി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. പട്ടിണിക്ക് ഇട്ടതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല. പൂങ്ങോട് കോളനിയില്‍ മൂന്നരവയസുകാരിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത് സ്വന്തം അമ്മയുടെ അമ്മ. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടം. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കുട്ടിയേയും അമ്മയേയും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ രണ്ടാംവിവാഹത്തിലെ മൂത്ത കുട്ടിയ്ക്കാണ് മര്‍ദനമേറ്റത്. താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെ തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐഎഎസ് ആണെന്നു കരുതി ഒരുകൂട്ടം ആളുകള്‍, നടി അനുപമയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ ചീത്തവിളി നടത്തുന്നു.
രാക്ഷസന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് അനുപമ പരമേശ്വരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് പലരും ചീത്തവിളി നടത്തിയിരിക്കുന്നത്.
പാക്കിസ്ഥാന്‍റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് വ്യോമസേന. ആകാശത്തെ ഏറ്റുമുട്ടലിന്‍റെ ഇ– സിഗ്നേച്ചര്‍ പുറത്തുവിട്ടു.
പാക്കിസ്ഥാന്റെ പക്കലുള്ള മുഴുവൻ എഫ്–16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്ന് 2 യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കൻ മാധ്യമമായ ‘ഫോറിൻ പോളിസി’ റിപ്പോർട്ട് െചയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യോമസേന വ്യക്തത വരുത്തിയത്. വിഷയത്തിൽ പാക്കിസ്ഥാനും ഇന്ത്യയുടെ പ്രതികരണം തേടിയിരുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്ന് എയർ സ്റ്റാഫ് (ഓപറേഷൻസ്) അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ അറിയിച്ചു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക‌്തമായിരുന്നു. വിമാനങ്ങളിൽ നിന്നുള്ള ‘ഇജക്‌ഷൻ’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്–16 ആണെന്ന സൂചനയുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ എഫ്–16 ഉപയോഗിച്ചത് റഡാർ സിഗ്നേച്ചറും അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കാട്ടി ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഒന്നരമാസം മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കെഎം മാണി.
മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.
നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കെ എം മാണിയെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
സഡൻ ബ്രേക്കിന്റെ ശബ്ദമാണ് ആദ്യം കേട്ടത്. സ്ഥലത്തെ കാഴ്ച ദാരുണമായിരുന്നു. കരണം മറിഞ്ഞു കിടക്കുന്ന കാർ, ചിതറിത്തെറിച്ചതു പോലെ പലയിടത്തായി കിടക്കുന്ന മനുഷ്യർ. ആരാണ് എന്താണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. തെറിച്ചുവീണു രക്തത്തിൽ കുളിച്ചു കിടന്നവരെ ഉടൻ തന്നെ റോഡിൽ നിന്നു നീക്കിക്കിടത്തി.
ആർക്കും അനക്കം ഉണ്ടായിരുന്നില്ല. മൂന്നു പേർ കാറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു മനസിലായതോടെ കമ്പിപ്പാര ഉപയോഗിച്ച് കാർ കുത്തിപ്പൊളിക്കാൻ ശ്രമിച്ചു. അൽപനേരത്തിനകം തന്നെ മൂവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞു. തുടർന്നു പിന്നാലെ വന്ന വാഹനങ്ങളിലാണ് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കയറ്റിവിട്ടത്. മൂന്നു പേർക്കു മാത്രമാണ് ശ്വാസമുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജോബിൻസിന്റെ (ടോണി) പിതാവ് ജോയി ജനറൽ ആശുപത്രിയിലെത്തി വിങ്ങിപ്പൊട്ടുന്ന കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളെപ്പോലും ഇൗറനണിയിച്ചു. 5 വർഷം മുൻപാണ് ഇവർ കടനാട്ടിൽ നിന്ന് വെള്ളിലാപ്പിള്ളിയിലെത്തിയത്.
ജോബിൻസിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ജോയിയെ പാലായിൽ ധ്യാനം കൂടാൻ 6ന് രാവിലെ കൊണ്ടുവിട്ടത് ജോബിൻസായിരുന്നു. മാതാവ് ലീലാമ്മയും ഒപ്പമുണ്ടായിരുന്നു. ജോബിൻസ് വീട്ടിൽ തനിച്ചായതിനാൽ വൈകിട്ട് ലീലാമ്മ മടങ്ങിപ്പോയി. ഇന്നലെ രാവിലെ ജോബിൻസിന് ഭക്ഷണം ഉണ്ടാക്കിയ ശേഷം ലീലാമ്മ ധ്യാനത്തിൽ പങ്കെടുക്കാൻ വീണ്ടും പോയി. വൈകിട്ട് അപകടവിവരം അറിഞ്ഞതോടെ ഇരുവരും തളർന്നുവീഴുകയായിരുന്നു.
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ നോട്ടിസ് നൽകിയതിനു പിന്നിൽ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടർ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തത്. അതു ചെയ്തില്ലെങ്കിൽ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തിൽ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നൽകി അതു പരിശോധിക്കുന്നതുവരെ പറയാൻ പാടില്ലെന്നതു മര്യാദയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെന്നു കാട്ടിയാണ് ജില്ലാ കലക്ടർ സ്ഥാനാർഥിക്കു നോട്ടിസ് നൽകിയത്. കലക്ടർ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള കലക്ടറാണു അനുപമയെന്നു സുരേഷ് ഗോപി പറഞ്ഞു. അവരുടെ ആത്മാർഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കലക്ടർ എന്റെയോ എതിർത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നതാണു നിലപാട്. നീക്കത്തിനു പിന്നിൽ രാഷ്ട്രീയം ആണെങ്കിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമെങ്കിലും അവർ പറയുമല്ലോ? ഇല്ലെങ്കിൽ വേണ്ട– സുരേഷ് ഗോപി വ്യക്തമാക്കി.
15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വർഗത്തിനുള്ള തന്റെ മറുപടിയാണ്. അവർ ഒരുപാടു പേരെ വഴി തെറ്റിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയ്ക്ക് അവർ പറഞ്ഞ ഭാഷയിൽതന്നെ മറുപടി നൽകേണ്ടതുണ്ട്. അത്രയും ഹൃദയവിശാലത എനിക്കുണ്ട്– അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
സ്വിസ് ബാങ്കിൽ കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ചു പങ്കുവയ്ക്കാനുള്ള പണമുണ്ടാകും എന്ന് പറഞ്ഞതിന്, മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റെ അര്‍ഥം? ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ– എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
കൊച്ചി: നടിയെ ആക്രമണ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. സമാന ആവശ്യമുന്നയിച്ച് ദിലീപ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
സത്യം പുറത്തു വരണമെങ്കില്‍ കേരള പോലീസിനു പുറത്തുള്ള ഏജന്‍സി അന്വേഷണം നടത്തണം. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണം. കേസിലെ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തന്നെ പ്രതി ചേര്‍ത്തതെന്നും പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു.കേസില്‍ തന്റെ ഭാഗം കേട്ടിരുന്നില്ലെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്കെതിരെ ഉന്നയിച്ച തടസ്സ വാദം നേരത്തേ കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലോ തമിഴ്നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും വിജയിക്കാന്‍ സാധിക്കുമെന്ന ധൈര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിക്കെതിരെ തരൂരിന്റെ വെല്ലുവിളി.
മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിച്ചുവെന്നും ആ വിടവ് നികത്താന്‍ രാഹുല്‍ ഗാന്ധിയെകൊണ്ടു മാത്രമേ സാധിക്കൂവെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി വയനാട്ടില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഫെഡറലിസം മുന്‍പില്ലാത്ത വിധം വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താനാണ് ഈ ശ്രമമെന്നും അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടല്ല രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്നതെന്നും തരൂര്‍ പറഞ്ഞു. അതേസമയം, ബിജെപിയുടെ നേതാവായാണ് മോദി പെരുമാറുന്നതെന്നും ഇന്ത്യയിലെ എല്ലാവരുടെയും പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന കാര്യം മോദി തന്നെ മറന്നുവെന്നും തരൂര്‍ വിമര്‍ശിച്ചു.
നേരത്തെ, അമേഠിയില്‍ തോല്‍ക്കുമെന്ന പേടികൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് മോദി പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മോദി രംഗത്തുവന്നത്. ഇതിനുള്ള മറുപടിയാണ് തരൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്.
ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നു. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായും നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കുമെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. രാഘവന്റെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം തുടരുമെന്നും എസിപി പറഞ്ഞു.
ടിവി 9 ചാലനാണ് കെ.എം.രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോർട്ട്. സിംഗപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. മാര്‍ച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നാണ് ടിവി 9 ന്റെ റിപ്പോർട്ടിൽ പറയുന്നത്.
ജീവനെടുക്കുന്ന പ്രണയപ്പകയുടെ നടുക്കുന്ന വാർത്തകൾ തുടർക്കഥയാവുകയാണ്. വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഡിണ്ടിഗൽ ഒട്ടംഛത്രം രാഘവനായ്ക്കൻ പട്ടിയിലെ വെള്ളച്ചാമിയുടെ മകൾ പ്രഗതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പ്രഗതിക്കു വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതാണ് പകയുണ്ടാവാൻ കാരണം. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ഒട്ടേറെ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പെൺകുട്ടി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ കാറിൽ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്.
പിന്നീട് കാറിൽ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി മൃതദേഹം പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. കോളജിൽ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ എത്താമെന്നു പറഞ്ഞ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.