India

പോലീസിന്റെ കണ്ണുവെട്ടിച്ച് 35 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലപാതക കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. പുരോഹിതന്റെ വേഷം ധരിച്ചായിരുന്നു ഇയാളുടെ ആള്‍മാറാട്ടം. ഇതിനു പുറമെ സ്ഥിരമായി സ്ഥലങ്ങള്‍ മാറിയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും ഇയാള്‍ ഒളിവു ജീവിതം തുടരുകയായിരുന്നു. യുപിയിലെ ഉന്നാവോയിലാണ് സംഭവം.

1982-ല്‍ ഉന്നാവോയിലെ മജ്‌റ ഗ്രാമത്തില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്നാണ് അന്ന് 20 വയസുണ്ടായിരുന്ന ശേഷ് നാരായണ്‍ ശാസ്ത്രി അറസ്റ്റിലാകുന്നത്. തന്റ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അടുത്ത വര്‍ഷം ജാമ്യം ലഭിച്ചു. ഇതിനു ശേഷം ശാസ്ത്രിയെ ആരും കണ്ടിട്ടില്ല. പോലീസ് അന്വേഷണം തുടര്‍ന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. കുട്ടു പ്രതികളായ ഒമ്പതു പേരുടെ വിചാരണ ഇതിനിടയില്‍ കഴിയുകയും അവര്‍ക്കൊക്കെ ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അപ്പോഴും ശാസ്ത്രിയെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അജ്‌ഗെയിന്‍ എസ്എച്ച്ഒ അജയ് രാജ് വര്‍മ പറയുന്നു.

ഇതിനിടയിലും പോലീസ് അന്വേഷണം തുടന്നിരുന്നു. ഒടുവില്‍ 2013-ല്‍ കാണ്‍പൂര്‍ ബാര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിക്ക് ശാസ്ത്രിയുമായി സാമ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നി. ഇതിനിടെ, ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചു. ഒടുവില്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഉന്നാവോയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.

ഇക്കാലമത്രയും പോലീസിനെയും മറ്റുള്ളവരെയും കബളിപ്പിക്കാന്‍ പുരോഹിത വേഷത്തിലായിരുന്നു ശാസ്ത്രി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം, നിരന്തരമായി സ്ഥലം മാറുകയും ഫോണുകള്‍ ഉള്‍പ്പെടെ മാറുകയും ചെയ്തതോടെയാണ് ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിയാതെ പോയത്. ശാസ്ത്രിക്ക് ഇപ്പോള്‍ 55 വയസുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ 10 ന് ക്ളിഫ് ഹൗസിൽ ചേരും. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പാലായിലെ വിജയത്തെ, കേരള കോണ്‍ഗ്രസിലെ ഭിന്നത ബാധിക്കരുതെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാര്‍ട്ടിയിലെ പ്രശനങ്ങളിൽ കോടതി വിധി കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്നും യുഡിഎഫ് നേതാക്കള്‍ ജോസഫ് , ജോസ് കെ മാണി വിഭാഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം പി ജെ ജോസഫ് തള്ളിയിരുന്നു. ഇന്ന് ചേരുന്ന യുഡിഎഫ് യോഗം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞത്.

പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ വരാനാണ് സാധ്യത.

പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ തർക്കം അതിരൂക്ഷമായി. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാൽ അത്തരം വാർത്തകൾ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പരസ്‍പരം പോരടിച്ച് സിറ്റിംഗ് സീറ്റ് കളഞ്ഞുകുളിക്കരുതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അടക്കം യുഡിഎഫ് ജോസ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിൽ പി ജെ ജോസഫ് പക്ഷത്തിന് അമർഷമുണ്ട്.

ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോർമുല എന്താകണമെന്ന പ്രശ്നം യുഡിഎഫിലും വലുതാവുകയാണ്. മറുവശത്ത് പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. കഴിഞ്ഞ തവണ മാണിയോട് 4703 വോട്ടിന് പോരാടി തോറ്റ മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബിജെപിയും ചർച്ച തുടങ്ങി. ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേര് സജീവ പരിഗണനയിലുണ്ട്. അതേസമയം എൻഡിഎ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് പി സി തോമസും വ്യക്തമാക്കിയിട്ടുണ്ട്.

സിസ്റ്റർ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.

എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു.

അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തിൽ കശ്മീർ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ മോദി ബോറിസ് ജോൺസണെ അഭിനന്ദനമറിയിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകി (22) ആണ് മരിച്ചത്.

ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരുടെ അഞ്ചുവയസ്സുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി. മകനെ കാറിലാക്കിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എറണാകുളത്ത് മദ്യലഹരിയിൽ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശി സുനില്‍ (40) അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ടരയോടെ വൈറ്റില ഹബ്ബിന് സമീപമാണ് സംഭവം.

തട്ടുദോശ കിട്ടാൻ വൈകിയതോടെ ഇയാൾ തോക്കെടുക്കുകയായിരുന്നു. തട്ടുകടക്കാരും സമീപത്തുണ്ടായിരുന്നവരും പരിഭ്രാന്തരായി. തോക്കിൻമുനയിലാണ് പിന്നീട് ദോശ ചുട്ടത്. മേശപ്പുറത്ത് തോക്ക് വച്ചാണ് ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ഇയാൾ തോക്കുയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒറിജിനൽ തോക്കെന്നു കരുതി ആരും അടുത്തില്ല.

വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്.ഒപ്പമുണ്ടായിരുന്നവർ പൊലീസിനെ കണ്ട് ഓടിമറഞ്ഞു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി മരട് ‌എസ്എച്ച് സി. വിനോദ് പറഞ്ഞു.

ജമ്മുകശ്മീരിന്‍റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നിലപാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിൽ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി.

അബുദാബിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ ഉറപ്പ്. തുടക്കമെന്ന നിലയിൽ നൂറു കശ്മീരികൾക്കു ജോലി നൽകും. അതേസമയം, യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാർഡ്, ലുലു ഗൂപ്പിൻറെ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ സൌകര്യമൊരുക്കുമെന്നു എം.എ.യൂസഫലി വ്യക്തമാക്കി.

 

മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ്. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഗുരുതരാവസ്ഥയില്‍ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാല്‍ കുട്ടിയ്ക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനന്‍ വൈദ്യര്‍ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിനെ ഉദ്ധരിച്ച് ഡോക്ടര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയിൽ അമല മെഡിക്കൽ കോളേജിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയിൽ റഫർ ചെയ്യുകയുണ്ടായി . റഫർ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളിൽ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ ( Propionic Acidemia ) എന്ന രോഗമാണെന്നും , കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ കഴിഞ്ഞ നാല് മാസമായി ആയുർവേദ ട്രീറ്റ്മെന്റ് തുടങ്ങി , മറ്റുളള മോഡേൺ മെഡിസിൻ എല്ലാം നിർത്തി , അസുഖം കൂടുതലായി അമലയിൽ ചികിത്സ തേടി , സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കൽ കോളേജിലോട്ട് വിടുകയാണ് . അന്നാണേൽ ഐ സി യു ഫുളളും , 2 വെന്റി യും
സ്വാഭാവികമായി ഞാൻ ആയുർവേദ്ദത്തെ കുറേ പഴിച്ചു . ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോൾ തന്നെ
പരിശോധനയിൽ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു ( Hypothermia), പ്രഷർ കുറവായിരുന്നു ( Low BP ) , രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതിൽ നീല കളർ ( cyanosis ) കണ്ടുതുടങ്ങിയിരിക്കുന്നു . ശ്വസനം അസിഡോറ്റിക്ക് പോലെയും ( Acidotic Breathing )
കുട്ടിയെ നമ്മുക്ക് വെന്റിലേറ്റ് ചെയ്യേണ്ടി വന്നു . കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു . എമർജൻസി ട്രീറ്റ്മെൻറിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാൻ ഉമ്മയെ വിളിച്ചു .
കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് ( decreased feeding ), കളി കുറവ് ( Decreased Activity ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചർദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടർന്ന് അമൃത മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ പരിശോദനയിൽ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും ( Included Under Inborn errors of Metabolism ) പൂർണമായി ചികിത്സിച്ച് ഭേതമക്കാൻ സാധിക്കില്ല എന്നും , പക്ഷേ അധികമാകാതെ പിടിച്ചു നിർത്താൻ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു . ഇടയ്ക്ക് വരുന്ന ജലദോഷം , പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥ കൂടാതെ ഒരു വർഷം കഴിഞ്ഞു .
അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം ‘ #നാട്ടുവൈദ്യൻ #മോഹനൻ #വൈദ്യരെ‘ കാണാൻ പോകുന്നത് .
ഉമ്മയുടെ വാക്കുകളിലൂടെ -” കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തിൽ ആണ് പോയത് , ആദ്യ തവണ പോകമ്പോൾ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കൺസട്ടേഷൻ ഫീ വേണ്ട , മരുന്നിന് മാത്രം മതി , അത് 10 ദിവസം കൂടുമ്പോൾ വരണം , മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും . മുൻപുള്ള ഒരു റീപ്പോർട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും ( പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി ) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും . ചികിത്സ തുടങ്ങുന്നതിനു മുൻപ് മറ്റെല്ലാം മരുന്നും നിർത്തണം , ചികിത്സയുടെ ഭാഗമായി നൽകിയത് നാടൻ നെല്ലിക്ക നീരും , പൊൻകാരം ( Tankan Bhasma ) എന്ന മെഡിസിനും ”

പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിർത്തി , പ്രശ്നങ്ങൾ വഷളാകാൻ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂർച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാൻ തുടങ്ങി , അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂർച്ചിച്ചതിനാൽ അമലയിൽ ഇറക്കുവായിരുന്നു ..( Severe Metabolic Crisis )

കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാൽ കേസ് പുരുഷോത്തമൻ സാറുമായി ( Purushothaman Kuzhikkathukandiyil ) ഡിസ്കസ് ചെയ്യുകയും , രാവിലെ തന്നെ പെരിട്ടോണിയൽ ഡയാലിസിസ് ( Peritoneal Dialysis -PD ) ചെയ്യാൻ നിർദേശിച്ചു , പ്രകാരം PD തുടങ്ങി .. പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും , പ്രഷർ താഴ്ന്ന് മരുന്നുകൾക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു .

ക്രമമായ ഭക്ഷണക്രമത്തിലൂടെയും ( പ്രോട്ടിൻ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും( ബയോട്ടിൻ , കാർനിട്ടിൻ , സോഡിയം ബെൻസോവേറ്റ് ) ഒരു പരിധി വരെ മുൻപോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനൻ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം .ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പിൽ വീണ പോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം .ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാൻസറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് !!
എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളൂ . ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കൻമാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നൽകി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .

ഇനി എന്റെ ആയുർവേദ ഡോക്ടർ സുഹൃത്തക്കളോടാണ് , നിങ്ങൾ പറയൂ മുകളിൽ പറഞ്ഞ അസുഖത്തിന് പൊൻകാരം എങ്ങനെ ഉപകാരപ്പെടും ?
അന്വേഷിച്ചതിൽ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്സ് ഗണത്തിൽ ഉൾപ്പെടുന്നതാണ് ഇതെന്ന് കണ്ടു .
രസ മെഡിസിനിൽ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിൻ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാൾ ചികിത്സിക്കത്ത തെങ്ങനെ ?
നിങ്ങളുടെ പേരും പറഞ്ഞ് (എന്നിട്ട് പറയപ്പെടുന്നത് നാട്ടുവൈദ്യം ) നടത്തുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങളുടെ കൂടെ കടമയാണ് .
പ്രെപ്പയോണിക്ക് അസിഡീമിയയെ സംബന്ധിച്ച വിവരം താഴെ ലിങ്കിൽ ഉണ്ട് ✍

ആയുർവേദ്ദത്തിൽ ഉപയോഗിക്കുന്ന പൊൻകാരത്തെ സംബന്ധിച്ച് വിവരങ്ങൾ നൽകിയത് ഡോ വന്ദന ഡോ .ആരതി , ഡോ സുജിത്ത് ( Arathi Gangadhar , Vandana Pannikkottil , Vaidya Sujith M Sudheer )
( വിവരങ്ങൾ താഴെ ചേർക്കുന്നു )

നാട്ടുവൈദ്യം ആനയാണ് , മാങ്ങയാണ് എന്ന് പറഞ്ഞ് പോസ്റ്റിനടിയിൽ മോങ്ങുന്ന മോഹന ,വടക്ക ഫാൻസുകൾ അകലം പാലിക്കുക 🤞🏽

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം പ്രശേദം ശാന്തമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. കശ്മീരിലെ പ്രതിനിധി പകര്‍ത്തിയ വീഡിയോയിലൂടെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിവരങ്ങള്‍ പുറത്തു വിട്ടത്.

കശ്മീരില്‍ നിന്ന് കരണ്‍ദീപ് സിംഗ്, അഹ്മദ് ഖാന്‍, നീല്‍ കോളിയര്‍, ബെന്‍ ലാഫിന്‍ എന്നിവര്‍ തയ്യാറാക്കിയ ആറു മിനുട്ടോളം ദൈര്‍ഘ്യമുള്ള ‘ജീവിതം തടങ്കലില്‍’ എന്ന വീഡിയോ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണത്തിന് വിരുദ്ധമായ കാര്യങ്ങള്‍ എണ്ണിപറയുന്നത്.

കശ്മീരിലെ സൈനിക നീക്കത്തിലെ പ്രതിഷേധപ്രകടനങ്ങളുടെ ദൃശ്യങ്ങളുമായാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കു ശേഷം സൈന്യത്തിന്റെ നടപടികള്‍ക്ക് ഇരയായവരുടെ കഥകളാണ് പറയുന്നത്.

മുൻപ് കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബിബിസി, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നെന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം റിപ്പോര്‍ട്ട് ചെയ്തത്.

അസംബ്ലി തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘടനാപരമായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

സംസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമന്‍ മിത്ര പറഞ്ഞു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ അംഗീകരിക്കുകയാണെങ്കില്‍ സഖ്യത്തിന് ശ്രമിക്കണം എന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമന്‍ മിത്ര പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ മമത ബാനര്‍ജി പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved
➤