India

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സന്യാസ സഭ. സഭയില്‍ നിന്ന് എത്രയും പെട്ടന്ന് സ്വമേധയാ പുറത്തുപോകാനാണ് ലൂസി കളപ്പുരയ്ക്കലിനോട് എഫ്.സി.സി. സന്യാസിനി സമൂഹം നിര്‍ദേശിച്ചിരിക്കുന്നത്. സഭയുടെ നിര്‍ദേശം അവഗണിച്ചാല്‍ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലൂസി കളപ്പുരയ്ക്കലിന് പുറത്താക്കല്‍ ഭീഷണിയുമായി സഭ രംഗത്ത് വരുന്നത്.

വിഷയത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടാക്കാണിച്ച് രണ്ടാമതും സഭ പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സഭയുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനകളോട് മാപ്പ് പറയുകയെന്ന സമവായത്തിലേക്ക് ലൂസിയെ കൊണ്ടുവരികയെന്നതായിരുന്നു രണ്ടാമത്തെ നോട്ടീസിന് പിന്നിലെ പരോക്ഷ ലക്ഷ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു കാരണവശാലും മാപ്പ് പറയില്ലെന്ന് ലൂസി കളപ്പുരയ്ക്കല്‍ പരസ്യമായി പ്രഖ്യാപിച്ചത് സഭാ നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചു. തുടര്‍ന്നാണ് അന്ത്യശാസനവുമായി സഭ രംഗത്ത് വന്നിരിക്കുന്നത്.

സഭയില്‍ നിന്ന് പുറത്ത് പോകണം, അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരും. പുറത്ത് പോകുന്നില്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണം. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാര്‍ വാങ്ങിയതും പുസ്തക പ്രകാശനം നടത്തിയതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവര്‍ക്കെതിരെ സന്യാസിനി സമൂഹം ആരോപിച്ചിരിക്കുന്നത്. നേരത്തെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച് നടന്ന കന്യാസ്ത്രീ സമരത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ പങ്കെടുത്തിരുന്നു. അതേസമയം സ്വമേധയാ പുറത്തുപോകില്ലെന്ന നിലപാടിലാണ് ലൂസി കളപ്പുരയ്ക്കല്‍.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം. സഭയില്‍ നിന്ന് പുറത്ത് പോകണമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമാണ് സിസ്റ്ററിന് നല്‍കിയ മുന്നറിയിപ്പ്. കാനന്‍ നിയമപ്രകാരം ഒരു കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലംഘിച്ചുവെന്നാണ് പ്രധാനകാരണമായി നോട്ടീസില്‍ പറയുന്നത്. ശമ്പളം സഭയ്ക്ക് നല്‍കാതിരിക്കുന്നതും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും കാര്‍ വാങ്ങിയതുമെല്ലാം നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏപ്രില്‍ 16 വരെയാണ് സിസ്റ്ററിന് സ്വയം പുറത്ത് പോകാനായി സഭ അനുവദിച്ച സമയം. അതേസമയം പുറത്ത് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുന്‍പ് നല്‍കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ക്കെതരെ വീണ്ടും നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സിസ്റ്ററുടെ പ്രതികരണം.

അതിക്രൂരമായ കൊലപാതകം നടന്നതു കൊലയാളികളിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം. ലഹരിയിൽ കൂത്താടി പിറന്നാൾ ആഘോഷിക്കുന്ന കൊലയാളി സംഘത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണു പിറന്നാൾ ആഘോഷവും. ലഹരിയിൽ മുങ്ങിയ പിറന്നാൾ ആഘോഷത്തിനു ശേഷം അനന്തുവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണിവ. കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിൽ എന്തു നടന്നാലും പുറത്താരും അറിയില്ല. ദേശീയ പാതയോരത്തായിട്ടും കൊലപാതകം ആരും അറിയാതിരുന്നതിന്റെ കാരണമിതാണ്

വിഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. ഈ യുവാവിനെ പൊലീസിനു പിടികിട്ടിയിട്ടുമില്ല. കാവി മുണ്ടാണ് ഉടുത്തിരിക്കുന്നത്. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. തോട്ടത്തിനുള്ളിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിൽ കയറിയിരുന്നാണു മദ്യപാനവും മയക്കുമരുന്നുപയോഗവും. വിഡിയോയിൽ എട്ടോളം പേരെ കാണാം. ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനവും ഇതിനിടെ സംഘാംഗങ്ങളിലൊരാൾ പാടുന്നുണ്ട്

കൃത്യമായ പദ്ധതി തയാറാക്കിയാണ് കരമനയിൽ അനന്തുഗീരീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് എട്ടംഗസംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഡാലോചനയുടെ ഭാഗമായി.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.

ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിന് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടി നിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു കളഞ്ഞു

അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബല പ്രയോഗം നടത്തിയിരുന്നില്ല. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം അനന്തുവിനെ കാട്ടിലെ ഒളി സംഘത്തിൽ കൊണ്ടു പോയി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.

അനന്തുഗിരീഷിന്റെ കൈകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌് കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണ് കത്തി ഉപയോഗിച്ച് മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി. വിഷ‌്ണു ഉൾപ്പെട്ട എട്ട‌ു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്.ഇവർ സംസ്ഥാനം വിട്ടു കഴിഞ്ഞു. ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിക്രൂര മർദനമാണ‌് അനന്തുവിന‌് ഏറ്റത‌്

അംഗ സംഘം പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. കൈകളിലെ ഞരമ്പ‌് ഉൾപ്പെടെയുള്ള ഭാഗം കത്തി കൊണ്ട‌് അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു

തെളിവെടുപ്പിന് എത്തിച്ചപ്പോഴും കൂസലില്ലാതെ  പിടിയിലായ പ്രതികൾ. കഞ്ചാവ് ലഹരിയിൽ സമപ്രായക്കാരനെ അരുംകൊല ചെയ്തതിന് പിടിയിലായിട്ടും ഒട്ടും കുലുങ്ങാതെയാണ് തെളിപ്പെടുപ്പിന് അഞ്ചംഗ സംഘം പൊലീസിനൊപ്പം എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് അറസ്റ്റിലായ കിരൺകൃഷ്ണൻ , മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെ തെളിവെടുത്തത്.

ഫോർട്ട് എസി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുക്കാൻ എത്തിച്ചത്. വലിയ ജനക്കൂട്ടത്തിന് നടുവിലും പൊലീസ് വലയത്തിൽ തല ഉയർത്തി നിന്ന പ്രതികൾ കൊലപാതക രീതികൾ ഉൾപ്പെടെ അഭിനയിച്ചു കാണിച്ചു. മാധ്യമ സംഘങ്ങൾക്ക് ഒപ്പം പൊലീസ് പ്രതികളുമായി എത്തിയതോടെ സംഭവം നടന്ന നീറണൺകരയിൽ വൻ ജനക്കൂട്ടവും തടിച്ചു കൂടി. കനത്ത പൊലീസ് വലയത്തിലാണ് ദേശീയ പാതയ്ക്ക് സമീപം നീറമൺകര ബിഎസ്എൻഎൽ പുറമ്പോക്ക് ഭൂമിയിലെ സംഭവ സ്ഥലത്ത് ഇവരെ എത്തിച്ചത്.

മാധ്യമ ക്യാമറകൾക്ക് നടുവിലൂടെ പ്രതികളുമായി പൊലീസ് സ്ഥലത്തെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും കാട്ടിനുള്ളിലാണ് കൊലയാളികളുടെ സങ്കേതം. റോഡിൽ നിന്ന് നോക്കിൽ ആർക്കും ഭയം തോന്നുന്ന വഴികളിലൂടെ രാത്രിയും പകലും കൊലയാളി സംഘം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. അനന്തുവിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് എത്തിച്ച പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി

കൂടാതെ മർദിച്ച് അവശനാക്കി അനന്തുവിനെ കിടത്തിയ സ്ഥലവും കൊലപാതക രീതിയും പ്രതികൾ അഭിനയിച്ച് കാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരോടും പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. 40 മിനിട്ടോളം നീണ്ട തെളിവെടുപ്പിന് ശേഷവും പ്രതികൾക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. തുടർന്നു അനന്തുവിനെ തട്ടികൊണ്ടു പോയ അരശുംമൂട്ടിലും തെളിവെടുപ്പ് നടത്തി

സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. മഴക്കുറവിന്റെ കണക്കുകള്‍ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടതിലും ഇത് സംബന്ധിച്ച സൂചനകളാണ് നല്‍കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ ഉണ്ടായിട്ടേയില്ല എന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ വലിയതോതില്‍ മഴയുടെ കുറവുണ്ടായി. ഇത് ഈ ജില്ലകളില്‍ ചൂട് ക്രമാതീതമായി ഉയരാനും കാരണമായി.

നദികളില്‍ നീരൊഴുക്ക് നിലയ്ക്കുകയും വറ്റാനും ആരംഭിച്ചു എന്ന് സിഡബ്ല്യുആര്‍ഡിഎം വ്യക്തമാക്കുന്നു. കിണറുകളിലെ ജലനിരപ്പും ആശങ്കാജനകമാംവിധം താഴുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭ്യമാകേണ്ട മഴയുടെ അളവിലുണ്ടായ സാരമായ കുറവാണ് ജലക്ഷാമത്തിലെത്തിച്ചത്. 38 ശതമാനം വരെയാണ് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയുടെ കുറവ് രേഖപ്പെടുത്തിയത്. തുലാവര്‍ഷത്തില്‍ 15 ശതമാനം കുറവുണ്ടായ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഒരുമീറ്റര്‍ വരെ താഴ്ന്നു. 38 ശതമാനം മഴകുറവുണ്ടായ ഇടങ്ങളില്‍ ഭൂഗര്‍ഭജല വിതാനത്തിലെ വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.

ഉയര്‍ന്ന താപനില ബാഷ്പീകരണ തോത് ക്രമാതീതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും വെള്ളത്തിന്റെ അളവ് കുറയാനിടയാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലും മാര്‍ച്ച് ആദ്യവാരവും സംസ്ഥാനത്ത് കാര്യമായി മഴയുണ്ടായില്ല. പ്രളയശേഷം കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല. മാര്‍ച്ച് ആദ്യവാരം വരെയുള്ള നിരീക്ഷണം അനുസരിച്ച് ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴുകയാണ്. നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍, വനവിസ്തൃതിയിലുണ്ടായ കുറവും ഭൂഗര്‍ഭജല പരിപോഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഭൂര്‍ഗര്‍ഭ ജലം താഴ്ന്നതും ജലസ്രോതസ്സുകള്‍ വറ്റുന്നതും ഗൗരവത്തില്‍ എടുക്കണമെന്നും സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിലെ പല ജില്ലകളിലും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ ലഭിച്ച മഴയുടെ അളവ് ആശങ്കപ്പെടുത്തുന്നതാണ്. സാധാരണ ഗതിയില്‍ ഈ മാസങ്ങളില്‍ കേരളത്തില്‍ 24.4 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നയിടത്ത് ഇത്തവണ 13.1മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ പൂജ്യം മില്ലിമീറ്റര്‍ മഴലഭിച്ചു അഥവാ മഴയുണ്ടായില്ല. ആലപ്പുഴയില്‍ മൂന്ന് മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ 93 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 32 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ച മഴ 7.2 മില്ലിലിറ്റര്‍. -78 ശതമാനംകുറവ്. മലപ്പുറം- 0.4എംഎം(ലഭിക്കേണ്ടത്-5.6, കുറവ്- -92), തൃശൂര്‍-3.6 (ലഭിക്കേണ്ടത്-10.9, കുറവ്- -67), തിരുവനന്തപുരം-11.9 (ലഭിക്കേണ്ടത്- 40.4, കുറവ്- -70). ഇടുക്കി, കോട്ടയം,പാലക്കാട് ജില്ലകളിലും യഥാക്രമം -27,-56,-59 ശതാമനം മഴ കുറവ് രേഖപ്പെടുത്തി. വയനാട്, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് സാധാരണ ലഭിക്കേണ്ടചിനനുസൃതമായ രീതിയില്‍ മഴ ലഭിച്ചത്.

ആലപ്പുഴ, കോഴിക്കോട്,കാസര്‍കോഡ്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ താപനിലയില്‍ 5ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ കാരണമായത് മഴകുറവ് മൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും കൂടതല്‍ ചൂടുയര്‍ന്നത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ്. 3 ഡിഗ്രി സെല്‍ഷ്യസ് മുല്‍ 5 ഡിഗ്രി വരെ താപനില ഉയര്‍ന്നു. ആലപ്പുഴയാണ് തൊട്ടുപിന്നില്‍. 2.5 മുല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ഉയര്‍ച്ചയുണ്ടായതായി കണക്കുകള്‍ പറയുന്നു. വേനല്‍ കടുക്കുന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂടും, ജലക്ഷാമവും ഏറുമെന്ന് ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.

തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡന കേസ് സിബിഐക്ക് കൈമാറി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംഭവത്തില്‍ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.

പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ചെന്നൈയിലും ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം പ്രതിഷേധമുയര്‍ന്നു. ഗുണ്ടാ നിയമം മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നെന്നാണ് പ്രധാന ആരോപണം. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം വേണമെന്നാണ് ആവശ്യം.

സിബിസിഐഡിയാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നൂറോളം യുവതികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

തിരുവനന്തപുരം അമ്പലത്തറ അൽ- ആരിഫ് ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി. ബീമാപള്ളി സ്വദേശിയായ മുപ്പത്തിയൊന്നുകാരിയാണ് പ്രസവ ശസ്ത്രക്രിയയേത്തുടർന്ന് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

നസിയാബീവിയെ തിങ്കളാഴ്ചയാണ് സ്കാനിങിനായി ആശുപത്രിയിലെത്തിച്ചത്. ഏപ്രിലിൽ ആറിനായിരുന്നു പ്രസവത്തീയതിയെങ്കിലും ഡോക്ടർമാർ പെട്ടെന്നുതന്നെ സിസേറിയൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകിയ നെസിയയെ രാവിലെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് മരണവും സംഭവിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം നിരാകരിച്ചതായും മരണവിവരം മണിക്കൂറുകളോളം മറച്ചു വച്ചതായും ബന്ധുക്കൾ ആരോപിച്ചു.

നൂറു കണക്കിന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥയായി. ലേബർ റൂമിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. നാലാമത്തെ പ്രസവമായിരുന്നു നെസിയാ ബീവിയുടേത് . യുവതിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പ്രസവത്തെത്തുടര്‍ന്ന് നില വഷളാവുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുംബൈയിൽ നടപ്പാലം തകർന്നുവീണ് അഞ്ചുപേർമരിച്ചു. ഇരുപതുപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേര്‍ സ്ത്രീകളാണ്. സിഎസ്ടി റയിൽവേ സ്റ്റേഷനുസമീപം, റോഡിന് കുറുകെയുള്ള പാലമാണ് നിലംപതിച്ചത്.

രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് പുറത്തേക്കുളള നടപ്പാലമാണിത്. ഇരുമ്പുപാളികൾകൊണ്ട് നിർമിച്ചപാലത്തിന്റെ നടപ്പാത കോൺക്രീറ്റ് പാളികളായിരുന്നു. ഈ ഭാഗമാണ് താഴേക്കുവീണത്. ഈസമയം റോഡിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളുടെ മുകളിലും ആളുകൾ വന്നുവീണു. പരുക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ജിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടേയുംനില ഗുരുതരമാണ്.

കൊച്ചി പനമ്പള്ളി നഗറിൽ യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമം. സന്ധ്യയോടെ ഇരുചക്ര വാഹനത്തിൽ മുഖം മറച്ചെത്തിയ ആൾ പെൺകുട്ടിയുടെ സമീപത്ത് സംസാരിക്കാനെന്നവണ്ണം നിർത്തിയ ശേഷം പെട്രോൾ ഒഴിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ യുവാവ് രക്ഷപ്പെട്ടു. യുവതിയെ കടവന്ത്രയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ദൃക്സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമം.നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് അക്രമമുണ്ടായത്

കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റിന് വേണ്ടി നടക്കുന്ന തര്‍ക്കം പരിഹരിച്ച് ജോസഫിന് നീതിപൂര്‍വമായ പരിഗണന ലഭിക്കണമെന്ന് ജോസഫ് വിഭാഗം നിലപാട് അറിയിച്ചു. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി പ്രശ്‌നപരിഹാരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്തെത്തി.

പി.ജെ.ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫ് പൊതു സ്വതന്ത്രനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ തുടരുകയാണ്. അനുകൂല തീരുമാനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട ചുമതല നിലവില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ജോസഫ് വിഭാഗവും ആവശ്യപ്പെടുന്നില്ല. പാര്‍ട്ടിയിലും മുന്നണിയിലും ജോസഫിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കോണ്‍ഗ്രസിന്റെ ഇടപെടലില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്. അതേസമയം തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ ഒറ്റക്കെട്ടായി പ്രചാരണത്തില്‍ പങ്കെടുക്കൂ എന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞു. സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് തോമസ് ചാഴികാടനെ മാറ്റി പ്രശ്‌നപരിഹാരത്തിന് തയ്യാറല്ലെന്ന് മാണി വിഭാഗം വ്യക്തമാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് കേസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്.ഐ.ആര്‍. എറണാകുളം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ, സമാന കേസില്‍ കെ.സി. വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹൈബി ഈഡനെതിരെ ബലാത്സംഗ കുറ്റവും അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മൂവര്‍ക്കുമെതിരെ കേസെടുക്കാന്‍ കഴിയുമോ എന്ന് നേരത്തെ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനപ്രതിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയത്.

Copyright © . All rights reserved