കൊല്ലം ഓച്ചിറയിൽ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈയിൽ കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയരുന്നു.
കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ. കേസിൽ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഊർജം പകരുന്ന ജീവിതമാണ് ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗിയുടേത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സമ്മതിദായകനാണ് അദ്ദേഹം. 1951 മുതൽ തുടർച്ചയായി വോട്ട് ചെയ്യുന്ന നേഗിക്ക് 102 വയസ്സാണ് പ്രായം. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേഗി വോട്ട് ചെയ്തിട്ടുണ്ട്.
ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് 1951-ൽ ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്. രാജ്യത്ത് ആദ്യമായി വോട്ട് ചെയ്ത ജനവിഭാഗമെന്ന ബഹുമതി കിനാറുകള്‍ എന്നറിയപ്പെടുന്ന ഗോത്രവര്‍ക്കാര്‍ക്കും അങ്ങനെ സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കല്‍പ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ രാജ്കുമാരി അമൃത്കൗര്‍, ഗോപി റാം എന്നിവരാണ് ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
കിനൗർ ജില്ലയിലെ കൽപ ഗ്രാമത്തിൽ ഇളയ മകനൊപ്പമാണ് നേഗി താമസിക്കുന്നത്. ഷിംലയിൽ നിന്ന് 275 കിലോമീറ്റർ അകലെയാണ് കൽപ ഗ്രാമം. മണ്ഡി ലോക്സഭാ മണ്ഡലത്തിലാണ് കൽപ. നേഗിക്ക് 80 വയസുള്ളപ്പോഴാണ് ഭാര്യ മരിക്കുന്നത്. ഭാര്യയുടെ മരണ ശേഷമാണ് നേഗി തെരഞ്ഞടുപ്പിലും വോട്ടിടുന്നതിലും സജീവമായത്. രാജ്യത്തെ ഉയർച്ചയിലെത്തിക്കാൻ കഴിയുന്ന സത്യസന്ധരായ നേതാക്കളെ വിജയിപ്പിക്കുന്നതിനായി വോട്ട് ചെയ്യണമെന്നാണ് വോട്ടർമാരോട്, പ്രത്യേകിച്ച് യുവാക്കളോട് പറയാനുള്ളതെന്ന് നേഗി മാധ്യമങ്ങളോട് പ്രതികരിച്ചു. നേഗിക്ക് വേണ്ടി മകൻ പ്രകാശാണ് സംസാരിച്ചത്.
2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിനൗറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേഗിയെ സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ (SVEEP) ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഈ വർഷം ജൂലൈയിൽ നേഗിക്ക് 103 തികയും. റേഡിയോ കേൾക്കലാണ് നേഗിയുടെ പ്രധാന ഹോബികളിലൊന്ന്.
പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ല്‍ ആണ് വിരമിച്ചത്. ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ 34 വയസായിരുന്നു നേഗിക്ക്. 1951 മുതൽ സംസ്ഥാനത്ത് നടന്ന നിയമസഭാ, ലോക്സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം നേഗി വോട്ട് ചെയ്തിട്ടുണ്ട്. 2007 മുതൽ 2014 വരെ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്ന നേഗിയുടെ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും തൊഴില്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
വേനല്‍ മഴ ലഭിക്കാത്തതാണ് പ്രധാനമായും താപനില കുത്തന ഉയരാനുള്ള കാരണമായി കണക്കാക്കുന്നത്. എല്‍നീനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍ മഴ നീണ്ടുപോകാന്‍ സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ഇന്നലെ പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും താപനില ഉയര്‍ന്നിരിക്കുന്ന ജില്ലയും പാലക്കാടാണ്. കഴിഞ്ഞ നാലോളം പേര്‍ക്ക് പാലക്കാട് പൊള്ളലേറ്റിരുന്നു.
രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെളളം കുടിക്കണം, ചായ, കാപ്പി എന്നിവ പകല്‍സമയത്ത് ഒഴിവാക്കണം, അയഞ്ഞ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത വെയില്‍ ഏല്‍ക്കുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണം.
ദുരന്തനിവാരണ അതോറിറ്റിയുടെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.
ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഡൽഹി കാപിറ്റൽസ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലെത്തുക.
പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം.
ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. വാട്സൺ, റെയ്ന, റായ്ഡു, ക്യാപ്റ്റൻ ധോണി, ബ്രാവോ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിര ആദ്യകളിയിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല.
മുംബൈ ബൗളർമാരെ തച്ചുതകർത്ത ഡൽഹി കാപിറ്റൽസ് വാംഖഡേയിൽ നേടിയത് 213 റൺസായിരുന്നു. 27പന്തിൽ പുറത്താവാതെ 78 റൺസെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ധോണിപ്പടയുടെയും പേടിസ്വപ്നം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരും അപകടകാരികൾ. കോട്‍ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബൗളർമാരുടെ മികവാകും നിർണായകമാവുക.
വടക്കൻ പറവൂര്‍ പുത്തൻവേലിക്കരയിൽ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വിനോദയാത്രയെ ചൊല്ലിയുണ്ടായ തർക്കമെന്ന് പൊലീസ്. പുത്തൻ വേലിക്കര സ്വദേശി സംഗീത് ഞായറാഴ്ചയാണ് കുത്തേറ്റ് മരിച്ചത്. പ്രതികള്‍ ഒളിവിലാണ്.
പുത്തൻവേലിക്കര കൈമാത്തുരുത്തിപടി ശെൽവരാജിന്റെ മകൻ സംഗീതാണ് കഴിഞ്ഞ രാത്രിയിൽ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോട് പുത്തൻവേലിക്കര കുറുമ്പത്തുരുത്ത് റോഡിലായിരുന്നു സംഭവം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റിനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കള്‍ തന്നെയായിരുന്നു ആക്രമത്തിന് പിന്നിൽ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
കൊല്ലപ്പെട്ട സംഗീതും സുഹൃത്ത് ക്ലിന്റുമായി വിനോദയാത്രയെ ചൊല്ലി പ്രതികള്‍ ഞായറാഴ്ച വൈകുന്നേരം വാക്കു തർക്കത്തിലേർപ്പെടുകയും ഇരുസംഘങ്ങളും പിന്നീട് പിരിഞ്ഞു പോവുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഒമ്പത് മണിക്ക് ക്ലിന്റിനെ വീട്ടിലാക്കുവാൻ സംഗീത് ബൈക്കിലെത്തിയപ്പോള്‍ വീടിന് സമീപം കാത്ത് നിന്ന പ്രതികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ആണ് സംഗീതിന് കുത്തേറ്റത്. തുടർന്ന് രണ്ട് കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച ശേഷം ബസാർ ഭാഗത്ത് വച്ച് സംഗീത് കുഴഞ്ഞു വീണു. നാട്ടുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സംഗീതിനെ രക്ഷിക്കാനായില്ല. പ്രതികളും കൊല്ലപ്പെട്ട സംഗീതും ലഹരിക്കടിമകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജയിംസ് എര്‍ത്തയിലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷികളെ വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, ഫോണ്‍ മുഖാന്തരം ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമയ്ക്കാണ് ഫോണിലൂടെ ഫായജയിംസ് എര്‍ത്തയില്‍ വാഗ്ദാനം നല്‍കിയത്. കേസില്‍ നിന്ന് പിന്മാറിയാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു സിസ്റ്റര്‍ അനുപയോട് എര്‍ത്തയിലിന്റെ വാഗ്ദാനം. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അതേസമയം, ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ രംഗത്തെത്തി. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിന് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്സി വടക്കേയിലിന് നിര്‍ദേശിച്ചു.
രാജസ്ഥാനിലെ സിക്കാര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി പാര്‍ട്ടി യോഗത്തില്‍ നേതാക്കളുടെ കൈയാങ്കളി. സിറ്റിംഗ് എംപിയായ സുമേദാനന്ദ സരസ്വതിക്കു സീറ്റ് നല്‍കിയതിനെച്ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍. സുമേദാനന്ദ സരസ്വതിക്ക് വീണ്ടും അവസരം നല്‍കിയതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.
തിങ്കളാഴ്ച യോഗത്തിനായി എത്തിയവര്‍ തമ്മില്‍ ഇതു സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിയിലേക്കു നീങ്ങുകയായിരുന്നു. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കൈയാങ്കളിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുമേദാനന്ദ് മണ്ഡലത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ സില പരിഷത് അംഗം ജഗ്ദീഷ് ലോറ കുറ്റപ്പെടുത്തി.
#WATCH Rajasthan: Ruckus ensued at BJP meeting in Sikar when quarrel broke out between a group of supporters of Sumedhanand Saraswati & another group of his opponents over him being given ticket from Sikar Lok Sabha constituency. Situation was later brought under control. pic.twitter.com/J0AYSrpz3y
— ANI (@ANI) March 25, 2019
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ്. കേരളത്തിലെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. കേരള, കര്‍ണാടക, തമിഴ്നാട് ഘടകങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അന്തിമ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്നും സൂര്‍ജേവാല പറഞ്ഞു.
അമേഠി രാഹുലിന്റ കർമ്മ ഭൂമിയാണ്. രാഹുൽ ഒളിച്ചോടുന്നുവെന്ന് പ്രചരിപ്പിക്കുന്നത് സ്മൃതി ഇറാനിയാണ്. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. തുടർച്ചയായ തോൽവികൾ. കൈകാര്യം ചെയ്ത വകുപ്പുകൾ എല്ലാം തകർത്തു. ചാന്ദ്നിചൗക്കിലും അമേഠിയിലും പരാജയപ്പെട്ട ആളാണ് സ്മൃതിയെന്നും വിമര്‍ശനങ്ങള്‍ക്ക് സൂര്‍ജേവാല മറുപടി നല്‍കി.
വയനാട്ടില്‍ മല്‍സരിക്കുമോ എന്ന് വ്യക്തമാക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാധ്യമങ്ങളുടെ മുന്‍പിലെത്തിയത്. പ്രവര്‍ത്തകസമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ മറ്റുവിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. പ്രകടനപത്രികയിലെ പ്രധാനവിഷയമായ മിനിമം വേതനത്തിന്റെ വിശദാംശങ്ങളല്ലാതെ മറ്റൊന്നും പറയില്ലെന്ന ഉറച്ച നിലപാട് രാഹുല്‍ വ്യക്തമാക്കി. മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാമെന്നായിരുന്നു വാര്‍ത്താലേഖകരോട് രാഹുലിന്റെ പ്രതികരണം.
എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോ എന്നതില്‍ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍സിനും യു.പി.എയ്ക്കും ദക്ഷിണേന്ത്യയില്‍ ഉണര്‍വ് നല്‍കാനാണ് രാഹുലിന്റ മല്‍സരത്തിലൂടെ ലക്ഷ്യമിടുന്നത്. വയനാട് തന്നെയാണ് രാഹുലിനായി പരിഗണിക്കുന്നതെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് മല്‍സരിക്കണമെന്നില്ലെന്നും ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ പറഞ്ഞു.
എൻജിൻ തകരാറിനെ തുടർന്ന് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് വൻ അപകടത്തിൽ നിന്നും രക്ഷിച്ചത്. 67 യാത്രക്കാരുമായി ബെംഗളൂരുവിൽനിന്നു പുറപ്പെട്ട എടിആർ ഇനത്തിലെ 7129 നമ്പർ വിമാനമാണു രക്ഷാപ്രവർത്തന മുന്നൊരുക്കങ്ങളോടെ കരിപ്പൂരിൽ ഇറക്കിയത്. രാവിലെ 11.05ന് ഇറങ്ങേണ്ട വിമാനം 10.48ന് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
സുരക്ഷിതമായി ഇറങ്ങിയ വിമാനം റൺവേയിൽ നിർത്തിയ ശേഷം ബസിൽ യാത്രക്കാരെ ടെർമിനലിലേക്കു കൊണ്ടുപോയി. കരിപ്പൂർ ആകാശപരിധിയുടെ 4 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോൾ ഒരു എൻജിൻ തകരാറായതായി പൈലറ്റിനു സൂചന കിട്ടി. കോഴിക്കോട് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗത്തിനു പൈലറ്റ് സന്ദേശം കൈമാറി. ഉടൻ എമർജൻസി ലാൻഡിങ് പ്രഖ്യാപിച്ചു. അഗ്നിശമന സേനയുടെ 5 ഫയർ ടില്ലറുകളും 2 ആംബുലൻസുകളും റൺവേയിൽ എത്തി വിമാനത്തെ അനുഗമിച്ചു.
പൈലറ്റിന്റെ സമയോചിത ഇടപെടലും എയർ ട്രാഫിക്കിന്റെ ജാഗ്രതയുമാണ് അപകടം ഒഴിവാക്കിയത്. ഈ വിമാനം 54 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് 11.25നു ചെന്നൈയിലേക്കു പോകേണ്ടതായിരുന്നു. ഇവരിൽ ചിലരെ റോഡ് മാർഗം കണ്ണൂരിൽ എത്തിച്ച് അവിടെ നിന്നു മറ്റു വിമാനത്തിൽ അയച്ചു. ശേഷിച്ചവരുടെ യാത്ര മറ്റു വിമാനങ്ങളിൽ ക്രമീകരിച്ചതായി ഇൻഡിഗോ അറിയിച്ചു.
തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനോടുമാണ് കുമ്മനത്തിന്‍റെ മത്സരം. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം തന്‍റെ തട്ടകമല്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.