നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യന്‍റെ വിസ്താരത്തോടെയാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതി സാനു ചാക്കോ ഉള്‍പ്പെടെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു, മൂന്ന് സാക്ഷികളെ തിരിച്ചറിയാനായില്ല.

കൊലപാതകം നടന്ന് പതിനൊന്നാം മാസമാണ് കെവിന്‍ കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും ദുരഭിമാനവും മൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ പിതാവ് ചാക്കോ ഉള്‍പ്പെടെ പതിനാല് പേരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് 14 പ്രതികൾക്കുമേല്‍ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

വിചാരണയുടെ ആദ്യ ദിനം തന്നെ കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഒരേ ബ്രാന്‍ഡിലുള്ള വെള്ളഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് കേസിലെ പതിനാല് പ്രതികളും വിചാരണയ്ക്കെത്തിയത്. പതിനൊന്ന് മണിയോടെ കോടതി നടപടികള്‍ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ആദ്യ ദിനം വിസ്തരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അനീഷ് കോടതിയില്‍ ആവര്‍ത്തിച്ചു. നീനുവിന്റെ സഹോദരൻ ഷാനു ചോക്കോ ഉൾപ്പടെ 11 പ്രതികളാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് അനീഷ് മൊഴി നല്‍കി.

കാറിൽ വച്ച് നീനുവിന്റെ സഹോദരൻ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാൻ വേണ്ടി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവർത്തിച്ചു. കാറിൽ വച്ച് ഇവർ തന്നെ മർദ്ദിക്കുകയും കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ് പറഞ്ഞു. എന്നാൽ കഴുത്തിൽ വാൾ വച്ച പ്രതിയെ തിരിച്ചറിയാൻ അനീഷിന് കഴിഞ്ഞില്ല. പ്രതികളെ തിരിച്ചറിയുന്ന സമയം നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാ‍ൻ കഴിയാതിരുന്നതോടെ കോടതിയുടെ നിർദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നിൽ എത്തി ഒരോരുത്തരെയും തിരിച്ചറിയാൻ ശ്രമിച്ചു.

ആദ്യം ചാക്കോയെ തിരിച്ചറിയാനെത്തിയത്. എന്നാൽ മൂന്ന് അവസരം നൽകിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാൻ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ എത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധവുമായെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചൂണ്ടികാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. ഒടുവില്‍ പ്രോസിക്യൂട്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തി കോടതി ജീവനക്കാരുടെ സാന്നിധ്യത്തിൽ നടപടികള്‍ തുടര്‍ന്നു. ഒരേ തരത്തിൽ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതുമൂലമാണ് 3 പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന് പ്രോസിക്യുഷൻ വാദിച്ചു.

പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തലിനു ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം തുടങ്ങി. അനീഷ് പൊലീസിന് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് പ്രതിഭാഗം ചൂണ്ടികാട്ടിയത്. ഇതോടെ കോടതി സമയം കഴിഞ്ഞും വിചാരണ നീണ്ടു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച കോടതി നടപടികള്‍ വൈകിട്ട് ആറിനാണ് അവസാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഒന്നാം പ്രതി ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺ സന്ദേശവും കോടതിയിൽ കേൾപ്പിച്ചു. കെവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതും എഎസ്ഐ ടി.എം. ബിജു വേണ്ടത് ചെയ്യാമെന്ന് മറുപടി നൽകുന്നതുമായ രണ്ട് ഫോൺ സന്ദേശങ്ങളാണ് പ്രത്യേക പ്രോജക്ടർ സ്ഥാപിച്ച് കോടതി മുറിയിൽ കേൾപിച്ചത്. ഈ ശബ്ദ സന്ദേശങ്ങൾ സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. വേനലവധി ഒഴിവാക്കി ജൂണ്‍ ആറ് വരെ വിചാരണ തുടര്‍ച്ചയായി നടത്താനാണ് കോടതി തീരുമാനം. കേസില്‍ 186 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.