കേരളത്തെ നടുക്കിയ ആ ദുരഭിമാനക്കെലായുടെ ഒന്നാംവാർഷികത്തിലും പ്രണയത്തെ ചേർത്ത് പിടിച്ച് യുവാവ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ ഉള്ളുലച്ചതാണ്. ദുരഭിമാന കൊലയ്ക്ക് ഇരയായി ആതിര ജീവൻ വെടിയുമ്പോൾ ഉയർന്ന ചോദ്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുന്നു.
വിവാഹത്തലേന്നായിരുന്നു ആതിര അച്ഛന്റെ കുത്തേറ്റു മരിച്ചത്. സ്വന്തം ജാതിയിൽ നിന്നല്ലാത്തെ ഒരാളെ മകൾ പ്രണയിച്ച് വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു.
കായംകുളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് ഒരു ഡസിനിലധികം പേരെയെന്ന് റിപ്പോർട്ടുകൾ. ഇതിലൂടെ 200 പവനിലധികം സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി.
കായംകുളംത്ത് വിവാഹത്തട്ടിപ്പ് നടത്തിയ കേസിലാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനി(35) ഒടുവിൽ അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ് ബാബു കായംകുളം പോലീസിനു നൽകിയ പരാതിയിലാണ് നടപടി. വിവാഹ മോചിതനായ ഇദ്ദേഹം നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിനു വാരണപ്പള്ളി ക്ഷേത്രത്തിൽവച്ചു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.
മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തുവച്ചാണു നേരിൽ കണ്ടത്. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണപ്പെട്ടതിനാൽ മറ്റു ബന്ധുക്കളില്ലെന്നും ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണു കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ആരോ ഫോണിലും വിളിച്ചിരുന്നു.
ഇതിനിടെ യുവാവിന്റെ കൈയിൽ നിന്ന് മൂന്നു പവന്റെ മാല ശാലിനി വാങ്ങി. തന്റെ കൈവശമിരുന്ന മാല അഞ്ചു പവന്റേതാണെന്നു പറഞ്ഞു യുവാവിനു നൽകുകയും ചെയ്തു. പിന്നീട് ഇവർ ജ്വല്ലറിയിൽ പോയും ആഭരണങ്ങൾ വാങ്ങി. ഒാച്ചിറ ക്ഷേത്രദർശനം കഴിഞ്ഞുവരവേയാണ് യുവതിയെ പരിചയമുള്ള ചിലർ കാണുന്നത്.
യുവതി തട്ടിപ്പുകാരിയാണെന്നു ഇവർ യുവാവിനെ അറിയിക്കുകയും നേരത്തെ വന്ന ടിവി വാർത്തയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതോടെ യുവതി തനിക്കു സമ്മാനിച്ച മാല യുവാവ് പരിശോധിപ്പിച്ചപ്പോൾ മുക്കുപണ്ടമാണെന്നു വ്യക്തമായി. തുടർന്നാണ് കേസ് നൽകിയത്. യുവാവിന്റെ പെരുമാറ്റത്തിൽനിന്ന് പന്തികേടു തോന്നിയ യുവതി സ്ഥലംവിടാനായി കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂർ ജില്ലകളിൽ നിന്നും ഒരു ഡസനിലധികം പരാതികളാണ് ആയൂർ സ്വദേശിനിയായ ഇവർക്കെതിരേ പോലീസിന് കിട്ടിയിട്ടുള്ളത്. 2014 ൽ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മധ്യവയസ്ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയിൽ നിന്നായിരുന്നു പോലീസ് പൊക്കിയത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നൽകി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.
വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാൻ പോയപ്പോൾ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാൻ പോകണമെന്ന് പറഞ്ഞ് കാർ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്.ഭർത്താവിനെ ബീച്ചിൽ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവർ പോലീസിൽ പരാതിപ്പെട്ടു.
കല്യാണത്തിന് ഫോട്ടോഗ്രാഫർ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കൽ പറഞ്ഞാണ് ഫോട്ടോയിൽ നിന്നും ഒഴിവായത്. പിന്നീട് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു പോലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മുൻ ഭർത്താവിനെ ഉപയോഗിച്ചായിരുന്നു പോലീസ് പിടികൂടിയത്.
പഴനിയിൽ വെച്ച് അറസ്റ്റിലാകുന്പോൾ ഓട്ടോ ഡ്രൈവർ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്നം അവസാനിച്ച് മാസങ്ങൾ കഴിയും മുന്‍പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.
പക്ഷേ ഓട്ടോ ഡ്രൈവർ നൽകിയ മൊബൈൽ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ് പലർക്കും തട്ടിപ്പിനിരയായത് ബോധ്യപ്പെട്ടത്. ആയൂർ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയിൽ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നൽകിയാണ് വിവാഹത്തട്ടിപ്പ്.
കുളനട ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ വിവാഹം ചെയ്ത ശാലിനിയെ അവിടെവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കബളിക്കലിന് ഇരയായ ഒരാളുടെ സുഹൃത്ത് ശാലിനിയെ തിരിച്ചറിയുകയായിരുന്നു. ഷീബ എന്ന വിളിപ്പേരിലും ഇവർ അറിയപ്പെട്ടിരുന്നു.
പനങ്ങാട് കേന്ദ്രീകരിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസിൽ ശാലിനിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി.തുളസീദാസ് (42) ആണ് പോലീസ് പിടിയിലായത്. വിവാഹതട്ടിപ്പു നടത്തിയതിനെ തുടർന്ന് ശാലിനിയെ ഉള്ളന്നൂർ വിളയാടി ക്ഷേത്രത്തിലെ വിവാഹവേദിയിൽ നിന്നും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് യുവതിയുടെ മൊബൈലിൽ ഏട്ടൻ നന്പർ വണ്‍ എന്ന പേരിൽ നിരവധി വിളികൾ വന്നിരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറിയുടുക്കാൻ വസ്ത്രം വേണമെന്നാവശ്യപ്പെട്ടു യുവതിയെ കൊണ്ടുവിളിപ്പിച്ച പോലീസ് വസ്ത്രവുമായി സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് സഹോദരൻ അല്ലെന്നും വിവാഹത്തട്ടിപ്പിനു യുവതിയുടെ കൂട്ടാളിയായി പ്രവർത്തിക്കുകയാണെന്നും മനസ്സിലായത്.
ഒരു വർഷമായി ഇവർ ഒന്നിച്ചായിരുന്നു താമസം. ഇയാളുടെ പക്കൽ നിന്ന് ഇരുവരുടെയും പേരിലുള്ള എടിഎം, വീസാ കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉള്ളന്നൂരിലെ വിവാഹത്തട്ടിപ്പും ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തതാണ്. തട്ടിപ്പിനിരയായ യുവാവിൽ നിന്നു വാങ്ങിയ പണം ഇരുവരും ചെലവഴിച്ചതായും പോലീസ് പറഞ്ഞു.
പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാലിനിക്ക് ഒരു ഡസനിലധികം ഭർത്താക്കൻമാരുള്ളത്. ഇവരിൽ എല്ലാവരും പറ്റിക്കപ്പെട്ടു എങ്കിലും കിടങ്ങന്നൂർ സ്വദേശി പ്രമോദ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുന്പനാട്ടുകാരൻ, ചിങ്ങവനം സ്വദേശിയായ ഒാട്ടോ ഡ്രൈവർ, പുതുപ്പള്ളി സ്വദേശി സുധീഷ് തുടങ്ങി ചിലർ മാത്രമാണ് ശാലിനിക്കെതിരേ പരാതി നൽകാൻ തയാറായത്. ശാലിയുടെ ആദ്യഭർത്താവ് ഉണ്ണികൃഷ്ണൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടാമത്തെ ഭർത്താവ് ചെന്നൈ സ്വദേശിയായ ബേബിയാണത്രേ.
പത്രത്തിൽ വിവാഹപ്പരസ്യം നൽകിയാണ് ശാലിനി വിവാഹത്തട്ടിപ്പുകൾ നടത്താറുള്ളത്. കോടതിയിൽ ഹാജരാക്കുന്പോഴും ശാലിനിക്ക് ഒരു കൂസലുണ്ടായിരുന്നില്ല. മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കു ചിരിച്ചുകൊണ്ടാണ് ശാലിനി മറുപടി പറഞ്ഞത്. കോടതിക്ക് പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവർത്തകരെ നോക്കി ചിരിക്കാനും, ഞാൻ പോസ് ചെയ്തു തരണോ എന്ന് ചോദിക്കാനും ശാലിനി സമയം കണ്ടെത്തി.
തിരുവനന്തപുരം: കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളിൽ രാത്രിയിൽ ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളത്ത് വ്യാഴാഴ്ച രാത്രിയിൽ പട്രോളിംഗ് നടത്തിയ പോലീസാണ് ഡ്രോണ്‍ കാമറ ശ്രദ്ധിച്ചത്. സംഭവത്തിൽ പോലീസും ഇന്റലിജൻസും സംയുക്ത അന്വേഷണം തുടങ്ങി. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്റർ ഉൾപ്പടെയുള്ള പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പറത്തിയതായി കണ്ടെത്തിയത്.
ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. തട്ടികൊണ്ടുപോയി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലൂരൂ, രാജസ്ഥാന് എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. നിലവില്‍ കേസന്വേഷിച്ചുകൊണ്ടിരുന്ന ഓച്ചിറ എസ്ഐ, സിഐ, എന്നിവരില്‍ നിന്നും അന്വേഷണചുമതല കരുനാഗപളളി എസ്പിക്ക് കൈമാറി.
അതേസമയം പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ മുഹമ്മദ് റോഷന് സ്ഥലത്തെ സിപിഎം നേതാവ് നവാസിന്റെ മകനായതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി തര്‍ക്കം തുടരുന്നതിനിടയില്‍ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. സുരേന്ദ്രന്, എം.ടി രമേശ് എന്നിവരാണ് പത്തനംതിട്ട സീറ്റിനായി നിലവില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സുരേന്ദ്രനെ പിന്തുണച്ച് ആര്.എസ്.എസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന് അല്‍ഫോണ്‍സ് കണ്ണന്താനമോ അല്ലെങ്കില്‍ ശ്രീധരന് പിള്ളയോ മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അണികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സുരേന്ദ്രനെ പരിഗണിക്കാനായിരിക്കും അമിത് ഷാ ശ്രമിക്കുക.
സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്. മുരളീധരപക്ഷവും കെ. സുരേന്ദ്രന്റെ ഗ്രൂപ്പും പത്തംതിട്ട സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വ്യക്തി തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. പിന്നാലെ പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.
ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക. കേരളത്തിലാദ്യമായാണ് സസ്പെന്‍ഷനിലുള്ള ഐപിഎസ് ഓഫീസര്‍ മത്സരിക്കാനെത്തുന്നത്. മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഐ പി എസില്‍ നിന്ന് രാജി വയ്ക്കുമെന്നാണ് സൂചന.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം പി ഇന്നസെന്റും യു ഡി എഫിന് വേണ്ടി മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാനുമാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന് നിലവില്‍ ജേക്കബ് തോമസാണ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. കിഴക്കമ്പലം പഞ്ചയാത്ത് ഭരിക്കുന്നത് ട്വന്റി 20ആണ്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. പിന്നീട് പല കാരണങ്ങള്‍ക്കൊണ്ടും തുടരെ സസ്പെന്ഷന് ലഭിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ.എം.മാണിയിപ്പോള്‍ ചികിത്സയിലുള്ളത്.
എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്കായി മകളുടെ വീട്ടില്‍ നിന്നാണ് മാണി ആശുപത്രിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർഥിനിക്ക് നാടിൻറെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവല്ലയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
സ്വന്തം കലാലയമുറ്റത്തേക്ക് അവസാനമായി ഒരിക്കൽക്കൂടി അവളെത്തി. കണ്ണീർ തളംകെട്ടിയ അന്തരീക്ഷത്തിൽ സഹപാഠികളും, അധ്യാപകരും, നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. വാടകവീട്ടിലെ പൊതുദർശനമൊഴിവാക്കിയാണ് പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിൽ പതിനഞ്ച് മിനിറ്റ് പൊതുദർശനമൊരുക്കിയത്. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലെ പൊതുശ്മശാനത്തിലെത്തിച്ച് നാലരയോടെ സംസ്കരിച്ചു.
അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയതിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെ ഈ മാസം പന്ത്രണ്ടാംതീയതിയാണ് ആക്രമണത്തിനിരയായത്. പ്ലസ്ടുവിന് സഹപാഠിയായിരുന്ന അജിൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ‘പിഎം നരേന്ദ്രമോദി’ യെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ട്രെയിലറിൽ കാണിക്കുന്നില്ലെന്നാണ് പരിഹാസം. കമ്മികളുടെയും നക്സലുകളുടെയും ‘നെഹ്രു’വിന്റെയും വിലകുറഞ്ഞ തന്ത്രമാണോ ഇതെന്നും താരം പരിസാഹ രൂപേണ ട്വിറ്ററിൽ കുറിച്ചു.
ഇതുപോലുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണം പൂശൽ നടന്നേക്കുമെന്ന് ആലോചിക്കുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കാവുന്നതാണ്, എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് മാപ്പർഹിക്കുന്നില്ല”, സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.
റാഫേല്‍ രേഖകൾ കളവ് പോയി എന്ന അറ്റോർണി ജനറലിൻറെ വെളിപ്പെടുത്തലിനു പിന്നാലെ ഇതിനെ പരിഹസിച്ചും താരം രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണവും സൈനികരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും സിദ്ധാർത്ഥ് ആരോപിച്ചിരുന്നു.
പുൽവാമ ഭീകരാക്രമണത്തെ നേട്ടമാക്കി പ്രസംഗിച്ച മോദിയെ വിമർശിച്ചും സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. സ്വയം ഹീറോ ആയി പ്രഖ്യാപിക്കുന്ന മോദി ആ പണി നിർത്തണം എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.
#PMNarendraModiTrailer does not show how #Modiji won India’s Independence by single handedly wiping out the British Empire. Looks like another cheap trick by the sickular, libtard, commie, naxals and of course that Nehru. #IstandwithModi
— Siddharth (@Actor_Siddharth) March 21, 2019
തിരുവനന്തപുരം പൊഴിയൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേര്‍ന്ന് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതോടെ പനങ്കാല ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവ് രാജപ്പനും ഒളിവില്‍ പോയി. ഉച്ചഭാഷിണി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.
പൊഴിയൂരിന് സമീപം ചെങ്കവിളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അതിര്‍ത്തിയിലെ തമിഴ്നാട് പ്രദേശമായ മങ്കമലയില്‍ താമസിക്കുന്ന ജേക്കബ് എന്ന 28കാരനാണ് കുത്തേറ്റത്. സി.പി.എമ്മിന്റെ പനങ്കാല ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവും പിതാവ് രാജപ്പനും ചേര്‍ന്നാണ് ആക്രമിച്ചത്. കുത്തേറ്റ ജേക്കബ് മൈക്ക് സെറ്റ് വാടകയ്ക്ക് നല്കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ചെങ്കവിള ക്ഷേത്രത്തിലെ ഉത്സവത്തിന് മൈക്ക് സൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലിക്കെത്തിയതായിരുന്നു ജേക്കബ്. ജോലി ചെയ്യുന്നതിനിടെ ബൈജുവും പിതാവ് രാജപ്പനുമെത്തി ജേക്കബിനോട് തട്ടിക്കയറി.
മൈക്ക് വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. വാക്കേറ്റത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജേക്കബിനെ മര്‍ദിച്ചു. ഇതിനൊടുവിലാണ് കത്തിയെടുത്ത് പിതാവ് രാജപ്പന് കുത്തിയത്. കുത്തേറ്റ് വീണ ജേക്കബിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ബൈജുവും രാജപ്പനും ഒളിവില്‍ പോയി. ഇരുവരെയും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുമ്പോള്‍ രക്ഷിക്കാനായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. പൊഴിയൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.