തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിരോധിക്കുന്നതായി കാണിച്ച് ബുധനാഴ്ച്ച ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാരും രംഗത്ത് വന്നു. ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.
രാത്രി പള്ളിക്കുള്ളില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു. ഇത് പിന്നീട് ഉന്തും തള്ളുമായി, തുടര്‍ന്ന് ഇരുവിഭാഗക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. യാക്കോബായ വിഭാഗം സമരപന്തല്‍ പൊളിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം. കുത്തിയിരിപ്പ് സമരം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനുള്‍പ്പെടെ കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ ചാക്കിൽ പൊതിഞ്ഞു ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഏകദേശം 4 വയസ്സുള്ള പെൺകുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ബാഗിലാക്കിയതാണെന്നു പൊലീസ് കരുതുന്നു. പോസ്റ്റ് മോർട്ടത്തിലും കൊലപാതകസൂചനയാണു ലഭിച്ചതെന്നറിയുന്നു.
കഴുത്തിൽ കെട്ടിട്ടു മുറുക്കിയതരം പാടുകളുണ്ട്. ഭിന്നശേഷിയുള്ള കുട്ടിയാണിതെന്നു സംശയിക്കുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം കണ്ടെത്തിയ പരിസരങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
നാലു ദിവസത്തിലേറെ പഴക്കമുള്ള ശരീരം ചീർത്തതോടെയാണു കൈകൾ ബാഗിനു പുറത്തേക്കു തള്ളിയത്. ബാഗിൽ നിന്നു ലഭിച്ച ചില വസ്തുക്കളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സാമ്യമുള്ള ഏതെങ്കിലും കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ സി.അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
മേഘാലയയിലെ ഖനി അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം.
മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
അപകടം നടന്ന് 12 ദിവസത്തിന് ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും 350 അടിയായി തുടരുകയാണ്.
കാശ്മീരിൽ സ്ഫോടനത്തിൽ മലയാളിയായ മേജർ ശശിധരൻ നായർ വീരമൃത്യു വരിച്ചത് ഏറെ ദുഖത്തോടെയാണ് ഏവരും ശ്രവിച്ചത്. രാജ്യത്തിന് വേണ്ടി ജീവനർപ്പിച്ച അതേ ധീരത തന്നെയാണ് മേജർ ശശിധരൻ പ്രണയത്തിന് വേണ്ടിയും കാണിച്ചത്. ആരുടെയും കണ്ണുനനയിക്കുന്നതാണ് ശശിധരന്റെയും ഭാര്യ തൃപ്തിയുടെയും ജീവിതം.
ഡിഗ്രി വിജയകരമായി പൂർത്തിയാക്കിയശേഷം ഇനിയെന്ത് എന്നൊരു ചോദ്യമേ മേജറിന്റെ മുന്നിൽ ഇല്ലായിരുന്നു. സൈന്യത്തിൽ കയറുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. ആഗ്രഹിച്ചതുപോലെ അധികം വൈകാതെ സൈന്യത്തിൽ ചേരാനും സാധിച്ചു.
പൂനൈയിൽവെച്ചാണ് ശശിധരൻ നായർ ആദ്യമായി തൃപ്തിയെ കാണുന്നത്. സുഹൃത്തുക്കൾ വഴി തുടങ്ങിയ പരിചയം പ്രണയമായി. അധികം എതിർപ്പുകളൊന്നുമില്ലാതെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാൽ അതിനുശേഷമാണ് വിധി ജീവിതത്തിൽ ആദ്യമായി വില്ലനായി എത്തുന്നത്.
വിവാഹനിശ്ചയം കഴിഞ്ഞുള്ള എട്ടാമത്തെ മാസം തൃപ്തിക്ക് മൾട്ടിപ്പിൾ ആർട്രിയോസ്ക്ലീറോസിസ് എന്ന രോഗം കണ്ടെത്തുന്നത്. അധികം വൈകാതെ തൃപ്തിയുടെ ജീവിതം വീൽചെയറിലായി. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഈ വിവാഹം വേണ്ടെന്ന് വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അതിലൊന്നും വഴങ്ങാതെ 2012ൽ ശശിധരൻ നായർ തൃപ്തിയെ ജീവതസഖിയാക്കി.
എന്നാൽ വിവാഹശേഷവും വിധി ഇവരെ വെറുതെവിട്ടില്ല. സ്ട്രോക്കിന്റെ രൂപത്തിൽ അസുഖം വീണ്ടും തൃപ്തിയെ ആക്രമിച്ചു. ഒരു വശം തളർന്നുപോയി. എന്നിട്ടും ഭാര്യയെ കൈവിടാതെ എല്ലാ സന്തോഷങ്ങളിലും അവളെയും ഒപ്പം കൂട്ടി. ചിലനേരം വീൽചെയറിൽ പാർട്ടികളിൽ പങ്കെടുത്തു, ചിലനേരം ശശിധരൻ തൃപ്തിയെ കൈയിലെടുത്തും ആഘോഷവേളകളിൽ എത്തുമായിരുന്നു.
ജനുവരി 2ന് കശ്മീരിൽ പോകുന്നതിന് മുമ്പ് ഒരു മാസം ഭാര്യയോടൊപ്പം ചെലവഴിക്കാൻ ശശിധരൻ നായർ ലീവും എടുത്തിരുന്നു. കശ്മീരിലെ പോസ്റ്റിങ്ങിനെക്കുറിച്ച് തൃപ്തിക്ക് ആശങ്കയുണ്ടായിരുന്നു. ജോലി തീർത്തിട്ട് വേഗം വീട്ടിലേക്ക് മടങ്ങാം എന്ന് ഉറപ്പ് നൽകിയാണ് ശശിധരൻ നായർ കശ്മീരിലേക്ക് യാത്രതിരിച്ചത്. എന്നാൽ ജീവിതത്തിലെ ഈ വാഗ്ദാനം മാത്രം പാലിക്കാൻ അദ്ദേഹത്തിനായില്ല.
ത്രിവർണ്ണപതാകയിൽ പൊതിഞ്ഞ മൃതദേഹമാണ് തൃപ്തി പിന്നീട് കാണുന്നത്. വീൽചെയറിലിരുന്ന് മേജർ ശശിധരൻ നായർക്ക് അന്ത്യയാത്ര നൽകാനെത്തിയ തൃപ്തിയെ കണ്ണീരോടെയാണ് സുഹൃത്തുക്കളും സൈന്യത്തിലുള്ള മറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ജീവിതത്തിൽ എല്ലാമായിരുന്ന ആളുടെ അവസാനയാത്രയിൽ പങ്കുചേരാനെത്തിയ തൃപ്തി അവിടെയത്തിയ ഓരോരുത്തർക്കും ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
പല അവസരങ്ങളിലും ഗായകൻ സോനു നിഗമിനെ കൊല്ലാൻ ശിവസേന നേതാവ് ബാൽ താക്കറെ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ എംപി നിലേഷ് റാണയാണ് വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് സോനു നിഗമിനും അറിയാമായിരുന്നു.
‘ബാൽ സാഹിബിന്റെ കർജത് ഫാം ഹൗസിൽ കൊല്ലപ്പെട്ട ആളുകൾക്ക് കൈയും കണക്കുമില്ല. ശിവസേന നേതാവ് ആനന്ദ് ഡിഗേയുടെ മരണത്തിലും ബാൽ സാഹിബിന് പങ്കുണ്ട്. അദ്ദേഹം ഹൃദയാഘാതം മൂലമല്ല മരിച്ചത്. ഈ മരണം വിശ്വസിക്കാതിരുന്ന രണ്ട് ശിവസേന നേതാക്കളെയും കൊന്നുതള്ളിയിട്ടുണ്ട്. പലതവണ സോനുനിഗമിനെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്താണ് സോനുവും ബാൽ സാഹിബും തമ്മിലുള്ള ബന്ധമെന്ന് ചോദിക്കരുത്. ഇനിയും വാ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്.’- നിലേഷ് റാണ പറഞ്ഞു.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണയുടെ പുത്രനും മുന്‍ എംപിയുമാണ് നീലേഷ് റാണ. ശിവസേന മുൻ നേതാവായിരുന്നു നീലേഷിന്റെ പിതാവ് നാരായൺ റാണ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരാണ് ഒൻപതു പേരെ കൊന്നതെന്ന് ചോദിച്ചാൽ വ്യക്തമാകുമെന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു. നീലേഷിന്റെ പ്രസ്താവന ബിജെപി-ശിവസേന ബന്ധത്തിൽ വിള്ളൽ വീഴ്ത്തും. വരുംദിവസവങ്ങളിൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കും സാധ്യതയുണ്ട്.
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു പന്നിപ്പനി ബാധയേറ്റതായി സ്ഥിരികരണം. നിലവില്‍ ഡല്‍ഹിയിലെ എയിംസില്‍ ചികിത്സ നടക്കുന്നത്. പന്നിപ്പനി ബാധിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാ ട്വീറ്റ് ചെയ്തു. അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പൊതുപരിപാടികളില്‍ ഷാ പങ്കെടുത്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് ശേഷം നെഞ്ച് വേദനയും പനിയും റിപ്പോര്‍ട്ട് ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ഷായുടെ ചികിത്സ നടത്തുന്നത്. ഇതുവരെ മെഡിക്കല്‍ ബുള്ളറ്റിനുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ഷായുടെ അഭാവം കൃത്യമായി പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന നിരവധി റാലികള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ജനുവരി 20 ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പന്നിപ്പനി ബാധിച്ചതോടെ കാര്യങ്ങള്‍ ബിജെപിക്ക് പ്രതികൂലമാകും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന നീക്കങ്ങള്‍ നടത്താനൊരുങ്ങുന്ന ബി.ജെ.പിക്ക് ദേശീയ അധ്യക്ഷന്റെ അഭാവം തിരിച്ചടിയാകും.
കുമ്പനാട്: റീമാ പബ്ലീഷേഴ്‌സിന്റെയും ഫൗണ്ടേഷന്റെയും 20-ാം വാര്‍ഷിക സമ്മേളനവും സ്‌തോത്ര ശുശ്രൂഷയും തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. കല്ലിശ്ശേരി ഐ.പി.സി. ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ. ഷാജി സ്‌തോത്ര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ പാസ്റ്റര്‍ സി.പി. മോനായി അതിഥികളെ പരിചയപ്പെടുത്തി. റീമായുടെ 20-ാമത്തെ അവാര്‍ഡ് ജോര്‍ജ് ഏബ്രഹാമിന്, ഡോ. സി.വി. വടവനയ്ക്കും സമ്മാനിച്ചു.
ആരോഗ്യ, വിദ്യാഭ്യാസ, പാര്‍പ്പിട മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.വി.ജി. ഗോകുലന്‍, മജ്‌നു എം. രാജന്‍, സുധി ഏബ്രഹാം എന്നിവരെ ആദരിച്ചു. തേക്കിന്‍കാട് ജോസഫ്, നഗരസഭാ അദ്ധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം. സലീം, ജോര്‍ജ്ജ് മത്തായി സി.പി.എ, ചാര്‍ളി ഏബ്രഹാം, ഡോ. ജോര്‍ജ്ജ് മാത്യു, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സാംകുട്ടി ചാക്കോ, ജോയി തോമസ്, സുകുമാരന്‍ മൂലക്കാട്, സാലി മോനായി, സിനിമാ സംവിധായകന്‍ ജോഷി മാത്യു, ബാബു കരിക്കിനേത്ത്, റ്റി.എസ്. ചാക്കോ, എം.വി. ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കൃഷ്ണഗിരി: രഞ്ജി ട്രോഫിയിൽ കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റണ്‍സിന് ഓൾഔട്ടായി. ഇതോടെ ഗുജറാത്തിന്‍റെ വിജയലക്ഷ്യം 195 റണ്‍സായി. പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് മികച്ച പോരാട്ടം കാഴ്ചവയ്ക്കേണ്ടി വരും. രണ്ടു ദിവസത്തിനിടെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വീണത് 29 വിക്കറ്റുകളാണ്. യുവതാരം സിജോമോൻ ജോസഫിന്‍റെ അർധ സെഞ്ചുറിയും (56), ജലജ് സക്സേന പൊരുതി നേടിയ (പുറത്താകാതെ 44) റണ്‍സുമാണ് കേരളത്തിന് തുണയായത്. ആദ്യ ഇന്നിംഗ്സിൽ കൈയ്ക്ക് പരിക്കേറ്റ് പിന്മാറിയ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിംഗ്സിൽ പതിനൊന്നാമനായി ക്രീസിൽ എത്തി.
ഒൻപത് പന്തുകൾ നേരിട്ട സഞ്ജു റണ്‍സ് ഒന്നും നേടാതെ അക്ഷർ പട്ടേലിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഗുജറാത്തിന് വേണ്ടി റോഷ് കലാറിയയും അക്ഷർ പട്ടേലും മൂന്ന് വീതം വിക്കറ്റുകൾ നേടി. നേരത്തെ ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചിരുന്നു. 97/4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഗുജറാത്തിനെ രാവിലെ തന്നെ പേസർമാർ വരിഞ്ഞുമുറുക്കി. ബൗളിംഗ് അനുകൂല വിക്കറ്റിൽ തണുത്ത കാലാവസ്ഥ കൂടിയായതോടെ ബാറ്റ്സ്മാൻമാർ സ്കോർ ചെയ്യാൻ വിഷമിച്ചു. 36 റണ്‍സ് നേടിയ റോഷ് കലാറിയ അവസാനം വരെ പൊരുതിയെങ്കിലും ഇന്നിംഗ്സ് ലീഡ് നേടാൻ സന്ദർശകർക്കായില്ല. ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ 43 റണ്‍സ് നേടി ആദ്യദിനം തന്നെ പുറത്തായിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോലീസിന്റെ കനത്ത സുരക്ഷ. ഇന്നലെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദനമേറ്റിരുന്നുവെന്നാണ് പറയപ്പെടുന്നത്. പട്ടികകൊണ്ടു തലക്കടിയേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലും ഇവര്‍ കഴിയുന്ന വാര്‍ഡിലും ഏതെങ്കിലും രീതിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസിനെ വിന്യസിപ്പിച്ചത്. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഉണ്ടായാല്‍ മറ്റു രോഗികളേയും ആശുപത്രിയുടെ പ്രവര്‍ത്തനത്തേയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്.
നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി.പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിപ്പിച്ചത്. പെരിന്തല്‍മണ്ണ താലുക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സിറ്റി പോലീസ് കൂടുതല്‍ സേനാംഗങ്ങളെ ആശുപത്രിയില്‍ വിന്യസിപ്പിച്ചിരുന്നു.
ചികിത്സ കഴിയും വരെ മെഡിക്കല്‍കോളജില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കനകദുര്‍ഗയും ബിന്ദുവുമായിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിധാനത്തെത്തിയ ആദ്യ യുവതികള്‍. ഇരുവരും ശബരിമല സന്ദര്‍ശിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു.
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കുമ്മനം രാജശേഖരൻ മെട്രോയിൽ കയറിയപ്പോൾ വാർത്തയായതു പോലെ വാർത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കൊല്ലത്തെ ജനങ്ങൾ മുഖ്യമന്ത്രിക്ക് നേരെ കൂക്കിവിളിച്ച സംഭവം ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂക്കിവിളിച്ചത് ന്യായീകരിക്കരിക്കാനാവില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.