ക്രൈസ്തവ ദേവാലയത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങല്‍ മോഷ്ടിച്ചു. കാട്ടാക്കട സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ സൂക്ഷിച്ചിരുന്ന പൂജാ ദ്രവ്യങ്ങളാണ് മോഷ്ടിച്ചത്. സത്താൻ സേവകരാണ് തിരുവോസ്തികള്‍ മോഷ്ടിച്ചതെന്ന് ഇടവ വികാരി ആരോപിച്ചു.
വൈദികരുടെ കുര്‍ബാന വസ്ത്രങ്ങളും അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍ സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കെലെടുത്താണ് പൂജദ്രവ്യങ്ങള്‍ മോഷ്ടിച്ചത്. സാത്താൻ സേവകരും ആഭിചാര മന്ത്രവാദികളുമാണ് മോഷണത്തിന് പിന്നിലെന്നാണ് ഇടവകയുടെ ആരോപണം.
ആരാധനക്കായി പള്ളി തുറന്നിട്ടിരുന്നപ്പോഴാണ് കള്ളൻ അകത്ത് കടന്നത്. കാട്ടാക്കട സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ആലപ്പുഴയിലും എറണാകുളത്തും പള്ളികളിൽ സമാനമായ മോഷണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊളളാച്ചിയിലെ അനധികൃത റിസോർട്ടിൽ നടത്തിയ റെയിഡില്‍ റേവ് പാര്‍ട്ടിക്കിടെ മദ്യവും ലഹരി വസ്തുക്കളും പിടികൂടി. തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കോളേജുകളിൽ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പിടിയിലായതായാണ് വിവരം.
തമിഴ്നാട്ടിലെ വിവിധ കോളേജുകളില്‍ നിന്നുള്ള മലയാളികളായ 150 വിദ്യാർത്ഥികള്‍ പിടിയിലുള്ളതായി ആനമല പൊലീസ് പറയുന്നു. ഇവര്‍ ഏതൊക്കെ കോളേജുകളില്‍ നിന്നുള്ളവരാണെന്ന് ചോദ്യം ചെയ്യുകയാണ്. ചില തമിഴ് വിദ്യാര്‍ത്ഥികളും അറസ്റ്റിലായവരിലുണ്ട്.
പൊളളാച്ചിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അണ്ണാനഗറിലെ സേത്തുമടയിലാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. റിസോർട്ട് ആനമല പൊലീസ് സീൽ ചെയ്തു. വിദ്യാർത്ഥികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. വിദ്യാർത്ഥികൾ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയെന്ന് പൊലീസ് പറഞ്ഞു. വാട്സാപ്പ്, ഇന്‍സ്‍റ്റാഗ്രം കൂട്ടായ്മകളുടെ അഡ്മിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
റിസോര്‍ട്ടില്‍ നിന്ന് മദ്യവും മയക്കുമരുന്നുകളും പിടികൂടിയതായാണ് വിവരം. പൊലീസിന് നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നിരീക്ഷണത്തിലായിരുന്നു. പൊള്ളാച്ചിയില്‍ ആദ്യമായാണ് ഇത്തരമൊരു ലഹരി പാര്‍ട്ടി നടക്കുന്നതെന്നും പാര്‍ട്ടിയില്‍ സംഗീതവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും ആനമല പൊലീസ് പറഞ്ഞു.
ബി.എസ്.പി നേതാവിനെ അധിക്ഷേപിച്ച് വരുൺഗാന്ധിയുടെ പ്രസംഗം. ബി.ജെ.പി നേതാവും പിലിഭിത്തിലെ സ്ഥാനാർഥിയുമാണ് വരുൺഗാന്ധി. സുൽത്താൻപൂരിലെ പ്രചാരണത്തിനിടെയാണ് അവിടുത്തെ ബിഎസ്പി സ്ഥാനാർത്ഥിയായ ചന്ദ്ര ഭദ്ര സിംഗിനെയും സഹോദരനെയും അധിക്ഷേപിച്ചത്. ഇതിന്റെ വിഡിയോ വൈറലാണ്.
ചന്ദ്ര ഭദ്ര സിംഗിന്റെ ‘സോനു സിംഗ്’ എന്ന വിളിപ്പേരിനെ ചൂണ്ടിക്കാട്ടിയായിരുന്നു വരുൺ ഗാന്ധിയുടെ ആക്ഷേപം.
ജനങ്ങൾ പേടിക്കേണ്ടത് ഏതെങ്കിലും ടോനുവിനെയോ മോനുവിനെയോ അല്ല, അവരവർ ചെയ്ത തെറ്റുകളെയും പാപങ്ങളെയുമാണ്. ഭയക്കുന്നുണ്ടെങ്കിൽ ദൈവത്തം മാത്രം ഭയന്നാൽ മതി, അല്ലാതെ വേറെ ആരെയും അല്ല. ഞാൻ സഞ്ജയ് ഗാന്ധിയുടെ മകനാണ്. ഇവരെ പോലുള്ളവർക്ക് എന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെ ഉള്ളൂ’- വരുൺ ഗാന്ധി പറഞ്ഞു.
അമ്മയും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്ക് വേണ്ടി സുൽത്താൻപൂരിൽ പ്രചാരണത്തിനെത്തിയതായിരുന്നു വരുൺ. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്നും വരുൺ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇത്തവണ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്.
#WATCH BJP LS candidate from Pilibhit, Varun Gandhi in Sultanpur says, “Mai ek hi cheez aapko kehna chahta hoon, kisi se darne ki koi zarurat nahi hai….Mai khada hoon yaha pe, mai Sanjay Gandhi ka ladka hoon, mai in logon se apne jute khulvata hoon” (2.4.19) pic.twitter.com/LnA8kVDivu
— ANI UP (@ANINewsUP) May 4, 2019
രാജ്യമൊന്നാകെ ഒഡീഷയ്ക്ക് ഒപ്പം അണിനിരക്കുകയാണ്. ഫോനി ചുഴലിക്കാറ്റ് വൻനാശം വിതച്ച് കടന്നുപോയെങ്കിലും ആളപായം കുറയ്ക്കാനായത് ഒഡീഷ ഗവൺമെന്റ് എടുത്ത നടപടികൾക്കുള്ള എടുത്ത് പറയാവുന്ന ഉദാഹരണമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഇക്കാര്യം ലോകത്തോട് പങ്കുവച്ചിരിക്കുകയാണ്. സംഭവിക്കാനിരുന്ന വലിയ ദുരന്തമാണ് അധികൃതരുടെ കൃത്യമായ മുന്നൊരുക്കത്തിലൂടെ ഒഴിവാക്കിയത്. ഒരു ദശലക്ഷം ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വലിയൊരു ദുരന്തം ഒഡീഷ നേരിട്ടത്തിനെ കുറിച്ച് വിശദമായ റിപ്പോർട്ടാണ് ഇംഗ്ലീഷ് മാധ്യമം ന്യൂയോര്‍ക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒഡിഷ പോലൊരു സംസ്ഥാനത്ത് ഇത്തരത്തിൽ മികച്ച മുന്നൊരുക്കങ്ങളിലൂടെ നടത്തിയ തയാറെടുത്ത് ലോകത്തിന് തന്നെ മാതൃകയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിമാന-ട്രെയിൻ സര്‍വീസുകൾ നിർത്തിവെച്ചു, ഫോണുകളിലൂടെ ജനങ്ങൾക്ക് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങൾ നൽകി, എന്തിനും തയാറായി 43,000 വളണ്ടിയര്‍മാർ, 1,000 അടിയന്തര രക്ഷപ്രവര്‍ത്തകർ, ടെലിവിഷനുകള്‍ നിരന്തരം പരസ്യം നല്‍കി, ജനം കൂടുന്നിടത്തെല്ലാം കാറ്റിനെ കുറിച്ച് കൃത്യമായ വിവരം നൽകി. മൽസ്യത്തൊഴിലാളികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി, ലൗഡ് സ്പീക്കറിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകി. ഇങ്ങനെ പോകുന്ന ഒഡീഷയുടെ തയാറെടുപ്പുകൾ. മുൻ അനുഭവങ്ങളിൽ നിന്നും കൃത്യമായ പാഠം ഉൾക്കൊണ്ട പ്രവർത്തനത്തിന്റെ ഫലമാണ് ഇൗ ചെറുത്തുനിൽപ്പെന്ന് വ്യക്തം.
വെള്ളിയാഴ്ച രാവിലെ തീരത്തേക്ക് ഫോനി ആഞ്ഞടിക്കാൻ തുടങ്ങി. മരങ്ങളും കെട്ടിടങ്ങളും ടവറുകളും നിലംപൊത്തി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാറ്റ് വിതച്ച ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്. എന്നാൽ മരണനിരക്ക് കുറയ്ക്കാനായത് സർക്കാരിന്റെ മികവിന്റെ ഉദാഹരണമായി വിദഗ്ധർ എടുത്തുകാട്ടുന്നു. 1999ൽ ഇവിടെ വീഴിയടിച്ച ചുഴലിക്കാറ്റിൽ ആയിരിക്കണക്കിനുപേരാണ് മരണപ്പെട്ടത്. ആ ദുരന്തത്തിൽ നിന്നും അധികൃതർ എടുത്ത മുന്നൊരുക്കങ്ങളാണ് 20 വർഷങ്ങൾക്കിപ്പുറം ഫോനിയെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞത്.
എറണാകുളം കളമശേരിയിൽ ഭാര്യയെയും ഒന്നര വയസുകാരൻ മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭാര്യാമാതാവിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കളമശേരി കൊച്ചി സർവകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാൽ നഗറിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് സജിയും കുടുംബവും.
ഭാര്യ ബിന്ദുവും ഒന്നര വയസുകാരൻ മകനും നിലത്ത് പായയിൽ കിടന്നുറങ്ങുമ്പോൾ ഇരുവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ യോ പെട്രോളോ പോലുള്ള ഇന്ധനം ഒഴിച്ച ശേഷം സജി തീകൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും.
നിലത്ത് കത്തിക്കരിഞ്ഞ പായയിൽ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. വീട്ടിൽ സജിയും ബിന്ദുവും തമ്മിൽ വഴക്കു പതിവായിരുന്നെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.കളമശേരി പൊലീസ് സംഭവത്തെ പറ്റി വിശദമായ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയിലേക്ക് കൂടുമാറി. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധി നഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അനില്‍ ബാജ്പേയ്. ഇദ്ദേഹം പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു എം.എല്‍.എ പാര്‍ട്ടി വിടുന്നത് ആം.ആദ്.മിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. അമിത് ഷായുടെ കുതിരക്കച്ചവട തന്ത്രത്തിന്റെ ഭാഗമാണ് അനില്‍ ബാജ്പേയ് പാര്‍ട്ടി വിട്ടതെന്നാണ് ആം.ആദ്.മി മുതിര്‍ന്ന നേതാക്കളുടെ ആരോപണം.
ഇത്തവണ ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ആം.ആദ്.മി പ്രതീക്ഷിക്കുന്നത്. ഇവിടെ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മെയ് 12നാണ് ഡല്‍ഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുകയെന്നത് ബി.ജെ.പിക്ക് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ നേരത്തെ പ്രതികരിച്ചത്.
അനില്‍ ബാജ്പേയുടെ കൂറുമാറ്റത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.പശ്ചിമ ബംഗാളിലെ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ‘ദീദി, മെയ് 23 ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളില്‍ നിന്ന് അകലും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു’. മോഡി പറഞ്ഞു.
കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റിൽ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.
അന്തർ സംസ്ഥാന കുറ്റവാളിയായ കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. തമിഴ്നാട്ടില്‍ `മരിയാർ ഭൂതം’ എന്നറിയപ്പെടുന്ന ഗോപി ലോറൻസ് ഡേവിഡിനെയാണ് പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. നാനൂറിലധികം മോഷണക്കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെയുളളത്.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗോപി ലോറൻസ് ഡേവിഡ് മോഷണം നടത്തിവന്നത്. 40 വർഷത്തിനിടെ 67കാരനായ ലോറന്‍സിനെതിരെ ചെന്നൈയില്‍ മാത്രം നാനൂറിലധികം മോഷണക്കേസുകളുണ്ട്. രാത്രികാലങ്ങളില്‍ വീടുകളും ,കടകളും കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് രീതി. തമിഴ്നാട് ,പോണ്ടിച്ചേരി, എന്നിവിടങ്ങളിലായി വിവിധ കുറ്റകൃത്യങ്ങളിൽ ഇരുപതു വർഷത്തെ തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം മുന്പ് കൊച്ചിയിലെത്തിയ പ്രതി സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ന്യൂ ജനറേഷൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിവരികയായിരുന്നു.
പട്രോളിങ്ങിനിടെ പാലാരിവട്ടം പൊലീസാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും മോഷ്ടിച്ച 25 പവനിലധികം സ്വർണ്ണവും 5 ലക്ഷം രൂപയുടെ ഡയമണ്ടും പിടിച്ചെടുത്തതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പി എസ് സുരേഷ് പറഞ്ഞു.
മൂര്‍ച്ചയുളള ഇരുന്പുകന്പി, ടോര്‍ച്ച്, സ്ക്രൂ ഡ്രൈവര്‍ എന്നിവയാണ് ഇയാളുടെ പ്രധാന ആയുധം. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് അസാന്മാർഗിക ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.
കൊച്ചി കടവന്തറയില്‍ വീടിന് മുന്നില്‍ നിന്ന ലോ കോളജ് വിദ്യാര്‍ഥിയ്ക്ക് പൊലീസിന്‍റെ മര്‍ദനം. കടവന്തറ സ്വദേശി പ്രേംരാജിനെ ജീപ്പില്‍ വലിച്ചിഴച്ച് കയറ്റി സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കടവന്തറ കരീത്തല റോഡില്‍ രാത്രി ഏഴരയോടെയാണ് സംഭവം. കടവന്തറ എസ്.ഐ അഭിലാഷും സംഘവും റോഡില്‍ നിന്ന യുവാവിനോട് വീട്ടില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ജീപ്പിലേയ്ക്ക് വലിച്ചിഴച്ച് കയറ്റിയ പ്രേംരാജിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയും ലോകോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ് മര്‍ദനമേറ്റ പ്രേംരാജ്. സംഭവം അറിഞ്ഞ് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സ്റ്റേഷനിലേയ്ക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നടപടിയായത്. പൊലീസിന്റെ കൃത്യനിര്‍വഹണ തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ആഞ്ഞുവീശുന്ന ഫോനി ചുഴലിക്കൊടുങ്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. ഭുവനേശ്വറിനും കട്ടക്കിനുമിടയില്‍ എത്തിയ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരിയെ തുടര്‍ന്ന് ഒഡീഷയിലെ പുരിയിലും ഗോപാല്‍പൂരിലും വെളളപ്പൊക്കമുണ്ടായി. ഒഡീഷയില്‍ ഇന്നുമുഴുവന്‍ കനത്ത കാറ്റും മഴയും തുടരും. ദുരിതാശ്വാസത്തിന് ആയിരം കോടി അനുവദിച്ചതായി പ്രധനാമന്ത്രി അറിയിച്ചു.
രാവിലെ എട്ടു മണിയോടെയാണ് ഒഡീഷയിലെ പുരി തീരത്ത് ഫോനി ആഞ്ഞുവീശിയത്. മണിക്കൂറില്‍ 185 കിലോമീറ്ററായിരുന്നു കാറ്റിന്‍റെ വേഗത. രാവിലെ മുതല്‍ തന്നെ ശക്തമായ മഴ പെയ്തു. മരങ്ങള്‍ കടപുഴകി. പുരിയിലെ തീരദേശ മേഖലകള്‍ വെള്ളത്തിനടിയിലായി. 11 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വരും മണിക്കൂറില്‍ ഫോനിയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് രാത്രിയോടെ ബംഗാള്‍ തീരത്തേക്കെത്തും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയില്‍ വിന്യസിച്ചു. ഫോനി നാളെ ബംഗ്ലാദേശിലേക്ക് കടക്കും.
രാവിലെ ബംഗാള്‍ ഉള്‍കടലില്‍ നിന്ന് കരയിലേക്ക് കടന്ന ഫോനി , ഒഡീഷയുടെയും ആന്ധ്രയുടെയും തീരങ്ങളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് ആഞ്ഞ് വീശിയത്. അതി ശക്തമായ മഴയും കൂടെയെത്തി. 15 മുതല്‍ 20 അടിവരെ ഉയരമുള്ള വന്‍തിരമാലകാളാണ് ഒഡീഷ തീരത്തേക്ക് അടിച്ചുകയറിയത്. താഴ്ന്ന പ്രദേശങ്ങളപ്പാടെ വെള്ളത്തിനടിയിലാണ്. 1999 ന് ശേഷം ഒഡീഷ അനുഭവിച്ച ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റാണ് ഫോനി. വരുന്ന മണിക്കൂറുകളില്‍ അല്‍പ്പം തീവ്രത കുറഞ്ഞ് ചുഴലിക്കൊടുങ്കാറ്റ് വടക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങി ബംഗാള്‍ തീരത്തേക്ക് എത്തും. ബംഗാളിലേക്ക് എത്തുമ്പോള്‍ മണിക്കൂറില്‍ 100 മുതല്‍ 115 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനാണ് സാധ്യതയുള്ളത്.
അതി തീവ്രമായ മഴയും കടലാക്രമണവും ഉണ്ടാകാം. ഇതെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം നാളെ രാവിലെ വരെ അടച്ചിടും. ചുഴലിക്കൊടുങ്കാറ്റിന്റെ പാതയിലുള്ള റയില്‍, റോഡ് ഗതാഗതം നിറുത്തിവെച്ചിരിക്കുകയാണ്. 200 ട്രയിനുകള്‍ റദ്ദുചെയ്യുകയോ വഴിമാറ്റിവിടുകയോ ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയിലാകെ വിന്യസിച്ചിട്ടുണ്ട്. കര, നാവിക, വ്യോമസേനകളും തയ്യാറാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ഖരഗ്പൂരിലേക്ക് പോയി. അവിടെ നിന്ന്് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും തൃണമൂല്‍കോണ്‍ഗ്രസ് രണ്ട് ദിവസത്തെ പ്രചരണ പരിപാടികള്‍ വേണ്ടെന്നുവെച്ചു. ഫോനി വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലും കനത്ത മഴക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തുടര്‍ന്ന് ഫോനി ബംഗ്ലാദേശിലേക്ക് എത്തും.