തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി. ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഡെപ്യൂട്ടേഷന്‍ വഴിയാണ് നിയമനം നല്‍കിയത്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമായതിനാല്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആദ്യം അഭിമുഖത്തിന് വന്നവര്‍ക്ക് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല. അതിനാല്‍ നേരത്തെ അപേക്ഷ നല്‍കിയ അദീബിനെ നിയമിക്കുകയായിരുന്നു. പിന്നീട് വിവാദമുണ്ടായപ്പോള്‍ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. നേരത്തെ കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫായി ഡെപ്യൂട്ടേഷന്‍വഴി ഇത്തരത്തില്‍ നിയമനം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്, ബീഫ് കൈവശംവെച്ചാന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ സുബോധ് കുമാറിനെ കേസിന്റെ പാതിവഴിയില്‍ വെച്ച് വാരാണസിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം സുബോധ് കുമാര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കല്ലേറിനിടെയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സുബോധിന്റെ ഇടത് പുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്നും വെടിയുണ്ട തലയോട്ടിയ്ക്ക് മാരകമായ ക്ഷതമേല്‍പ്പിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദാദ്രിയിലെ അഖ്‌ലാഖ് കൊലപാതകക്കേസില്‍ ആദ്യ അന്വേഷണം നടത്തിയത് സുബോധായിരുന്നുവെന്ന് എ.ഡി.ജി.പി അനന്ത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
അഖ്ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
ഇന്ന് ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു. വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കന്നുകാലികളുടെ ശവശരീരവുമായി ഒരുപറ്റമാളുകള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ചിഗ്രാവതി പൊലീസ് സ്റ്റേഷനിലേക്കും അക്രമികള്‍ കന്നുകാലികളുടെ ശവശരീരം ട്രാക്ടറിലാക്കി മാര്‍ച്ച് ചെയ്തു.
പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്.
സുബോധിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ലക്നൗ∙ ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ നടന്ന കല്ലേറിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരിച്ചത്.
മരിച്ച മറ്റൊരാൾ പ്രദേശവാസിയാണ്. ഒരു പൊലീസ് കോൺസ്റ്റബിളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ തുടർന്നാണ് സുബോധ് കുമാര്‍ മരിച്ചത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള അക്രമത്തിന്റെ ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഡിയോയിൽ ഉള്ള പുരുഷനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം സത്യം പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.
ഗോവധം, ആൾക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഗ്രാമത്തിനു പുറത്തുള്ള വനപ്രദേശത്താണ് പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങളുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാനും ശ്രമിച്ചു. പ്രതിഷേധിക്കുന്നവരെ മാറ്റാനെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി.
ന്യൂഡല്‍ഹി: നടി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പോലീസ് ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ തിനക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അതിനാല്‍ നിരപരാതിത്വം തെളിയിക്കുന്നതിനായി ഇവ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ അത് ചോരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ച വിചാരണാക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു.
സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന ഭർത്താവിന്റെ ആരോപണം തെറ്റെന്ന് ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ സജു പുതിയ നിയമയുദ്ധത്തിന്. ഭർത്താവിന്റെ വാക്കുമാത്രം കേട്ട് തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയെ സമീപിക്കുമെന്ന് ശോഭ മനോരമ ന്യൂസിനോട് പറഞ്ഞു. ചൈല്‍ഡ്‌ലൈന്റെ ഈ നടപടി മൂലമാണ് കുട്ടികളെ തനിക്ക് കാണാൻ കൂടി കഴിയാത്ത സ്ഥിതിയായത്. ആത്മാഭിമാനം സംരക്ഷിക്കാനുള്ള ശോഭയുടെ പോരാട്ടം പ്രമുഖ പത്ര മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.
സമാനതകൾ ഇല്ലാത്ത നിയമപോരാട്ടമാണ് തൊടുപുഴക്കാരി ശോഭ രണ്ടര വര്‍ഷക്കാലം നടത്തിയത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു അശ്ലീലദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന ശോഭയുടെ ഭർത്താവിന്റെ തോന്നലിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒരു അന്വേഷണത്തിനും കാക്കാതെ ഭർത്താവ് വിവാഹമോചനത്തിന് നടപടി തുടങ്ങി. ഇതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കാന്‍ ശ്രമം നടന്നതെന്ന് ശോഭ പറയുന്നു.
ശോഭ മർദിച്ചുവെന്ന് ആരോപിച്ച് കുട്ടികളിൽ ഒരാളെ ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകരോട് ശോഭക്ക് മാനസികപ്രശ്നം ആണെന്നും ചികിത്സ ഉണ്ടെന്നും ഭർത്താവ് പറഞ്ഞു. ഈ വാദം അതുപടി ഏറ്റെടുത്ത ചൈല്‍ഡ്‌ലൈന്‍, മറ്റ് അന്വേഷണമൊന്നും നടത്താതെ ശിശുക്ഷേമ സമിതിക്ക് നൽകിയ റിപ്പോർട്ടാണ് ഇത്. ഇതിനെയാണ് ശോഭ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
‘മാനസികരോഗം സ്വന്തമായി ചികിൽസിക്കാൻ പറ്റില്ലല്ലോ, അങ്ങനെ ചികിത്സ ഉണ്ടെന്ന് പറഞ്ഞ ഭർത്താവിനോട് ഡോക്ടർ ആരാണ് എന്നെങ്കിലും ചോദിക്കണമായിരുന്നു..’ ശോഭ പറയുന്നു.
അതുവരെ മാസത്തിൽ രണ്ടുദിവസം കുട്ടികളെ കാണാൻ ശോഭക്ക് അനുമതി ഉണ്ടായിരുന്നു. ചൈല്‍ഡ്‌ലൈന്‍ ഈ റിപ്പോർട്ട് ജില്ലാ ശിശുക്ഷേമസമിതിക്ക് നൽകിയതോടെ അതിനും വഴിയില്ലാതെയായി. അന്ന് തൊട്ട് ഇന്നുവരെ കുട്ടികളെ ഒന്നു കാണാൻ പോലും ശോഭക്ക് കഴിഞ്ഞിട്ടില്ല.
‘അമ്മയ്ക്ക് മനസിക രോഗം ഉണ്ടെന്ന് വന്നാൽ അത് കുട്ടികളെ കൂടിയാണല്ലോ ബാധിക്കുക, അതുകൊണ്ട് ചോദ്യംചെയ്തേ പറ്റൂ..’ അവര്‍ പറഞ്ഞു.
ആ സംഭവത്തെപ്പറ്റിയും മാറിയ ജീവിതത്തെപ്പറ്റിയും ശോഭ തന്നെ പറയട്ടെ:
‘രണ്ടരവർഷം മുൻപാണു സംഭവം. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ, എന്റേതെന്ന പേരിൽ ഒരു നഗ്നദൃശ്യം പരക്കുന്നതായി ഒരു ബന്ധുവഴി അറിഞ്ഞു. അപവാദപ്രചാരണത്തിനെതിരെ അന്നുതന്നെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ കുറ്റകത്യമായതിനാൽ, കമ്മിഷണറെ കാണാൻ നിർദേശം. അപ്പോൾ തന്നെ സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിനെ കണ്ടു പരാതി നൽകി. പരാതി സൈബർ സെല്ലിലേക്ക്. ഒരു ദിവസം കഴിഞ്ഞ്, തെളിവെടുപ്പ്. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ദൃശ്യത്തിലുള്ളതു ഞാനല്ലെന്നു പൊലീസുകാർ തറപ്പിച്ചു പറഞ്ഞു. വിഡിയോ ദൃശ്യമാണെന്നുപോലും അപ്പോഴാണ് അറിയുന്നത്. അപ്പോഴേക്കും ദൃശ്യം പലർക്കും കൈമാറിയിരുന്നു.’
‘കാര്യം അവിടെ തീരേണ്ടതാണ്. പക്ഷേ, ബന്ധുക്കൾക്കും പരിചയക്കാർക്കുമിടയിൽ വ്യാപകമായ, ക്രൂരമായ അപവാദപ്രചാരണമാണു ചിലർ നടത്തിയത്. നഗ്നദൃശ്യങ്ങൾ സ്വയം പകർത്തി, ഞാൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചാരണം. സംഭവത്തിലെ കൂട്ടുപ്രതികളെയും എന്നെയും അറസ്റ്റ് ചെയ്തുവെന്നു വരെയെത്തി അപവാദം. ഞാനല്ല ദൃശ്യത്തിലുള്ളതെന്നു തെളിയിക്കേണ്ടത് അത്യാവശ്യമായി. പക്ഷേ, അത് എന്റെ മാത്രം ഉത്തരവാദിത്തമാണെന്നും വൈകാതെ മനസ്സിലായി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു സൗത്ത് പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. അന്നു മുതൽ വീട്ടിലെ അന്തരീക്ഷം ആകെ മാറി. ഒറ്റപ്പെട്ടതു പോലെയായി. ഇതിനിടെ, വിവാഹമോചനം തേടിയുള്ള വക്കീൽ നോട്ടിസ് ലഭിച്ചു.’ ശോഭ പറഞ്ഞു.
‘മക്കളെ എന്നിൽ നിന്നകറ്റാനുള്ള ശ്രമമുണ്ടായി. മൂത്ത മകളെ മർദിച്ചുവെന്ന് എനിക്കെതിരെ കേസുണ്ടായി. വിവാഹമോചന കേസിന്റെ ചർച്ചയും വിചാരണയും ഒരുവശത്ത്. അപവാദ പ്രചാരണം മറുഭാഗത്ത്. മക്കളെ കാണാൻ കഴിയാത്ത വിഷമം വേറെ.
ഒരുദിവസം രാത്രി, എന്നെ വീട്ടിൽനിന്നു പുറത്താക്കി. അന്നുരാത്രി അതേ വീടിന്റെ വരാന്തയിൽ ഉറങ്ങാതെ ഇരുന്നു കഴിച്ചുകൂട്ടി. അന്ന് അർധരാത്രിയോടെ പ്രമുഖ ദൃശ്യ പത്ര മാധ്യമത്തെ വിളിച്ചുവരുത്തി അഭിമുഖം നൽകി. പൊലീസ് വനിതാ സെൽ വഴി രാത്രി താമസത്തിനു സൗകര്യം ഒരുക്കിത്തരാമെന്നു ചാനൽ സംഘം പറഞ്ഞുവെങ്കിലും ഞാൻ നിരസിച്ചു. ചാനൽ അഭിമുഖത്തിൽ മുഖം മറയ്ക്കേണ്ടെന്നു ഞാൻ തന്നെയാണു പറഞ്ഞതും. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ എന്തിനു നാണിക്കണം?
നായ്ക്കളുടെ കുര രാത്രി മുഴുവനുണ്ടായിരുന്നു. നായ്ക്കളെ എനിക്കു പേടിയാണ്. പക്ഷേ, ഒരു ചുമരിനപ്പുറം ഭർത്താവും മക്കളുമുണ്ടല്ലോയെന്ന ധൈര്യത്തിലാണു വരാന്തയിൽ തന്നെ ഇരുന്നത്. ആരെങ്കിലും വാതിൽ തുറക്കുമെന്നു കരുതി. അതുണ്ടായില്ല. വീട്ടിൽ കയറ്റില്ലെന്നുറപ്പായതോടെ പിറ്റേന്നു രാവിലെ കരിങ്കുന്നത്തെ വീട്ടിലേക്കു പോയി.’
‘ഭർത്താവും മക്കളുമുള്ള സ്ഥലമല്ലേ. ഇടയ്ക്കൊക്കെ മക്കളെ അകലെ നിന്നെങ്കിലും കാണാൻ കഴിയുമെന്നൊരു പ്രതീക്ഷ.
ചുറ്റുവട്ടത്ത് അവരുണ്ടല്ലോയെന്നൊരു സുരക്ഷിതത്വ ബോധം. രണ്ട് ആഴ്ചയ്ക്കുശേഷം കൊച്ചിയിലേക്കു തന്നെ മടങ്ങി. കടവന്ത്രയിൽ ഇലക്ട്രിക്കൽ സാധനങ്ങളുടെ ചെറിയൊരു കട നേരത്തെ തന്നെയും കണ്ടായിരുന്നു. അതു നോക്കിനടത്തി. ഇടയ്ക്കു പള്ളിയിൽ വരുമ്പോൾ മക്കളെ കാണും. ഒന്നും മിണ്ടാൻ കഴിയാറില്ല.
ഇതിനിടെ, ദൃശ്യം സംബന്ധിച്ചു സംസ്ഥാന സൈബർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട് വന്നു. വ്യക്തതയില്ലെന്നായിരുന്നു അതിൽ. എന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റിയ റിപ്പോർട്ടായിരുന്നില്ല അത്. കോടതിയിൽ പരാതി നൽകി. കോടതി നിർദേശപ്രകാരം പൊലീസ് വീണ്ടും അതേ ലാബിലേക്കു തന്നെ ദൃശ്യങ്ങൾ അയച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ, പഴയ നിഗമനം തന്നെ അവർ ആവർത്തിച്ചു. എനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർ കൂസലേതുമില്ലാതെ നടക്കുന്നു. എന്റെ ആവശ്യം എവിടെയുമെത്തില്ലെന്നു തോന്നി. എനിക്കുറപ്പുള്ള കാര്യമാണ്. പക്ഷേ, മക്കളുടെയും 85 വയസ്സുള്ള മുത്തശ്ശിയുടെയുമൊക്കെ മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽക്കാൻ എനിക്കൊരു തെളിവു വേണം. ഇല്ലെങ്കിൽ ആ അമ്മയുടെ മക്കളല്ലേ എന്ന ചോദ്യം അവർക്കു നേരെ ഉയരും. അപവാദത്തിന്റെ നിഴൽ മക്കളുടെ മേൽ വീഴരുതെന്ന നിർബന്ധമുണ്ടായിരുന്നു.
പക്ഷേ, സംശയാതീതമായി തെളിയിക്കാൻ ദൃശ്യം ഇനിയെവിടെ പരിശോധിപ്പിക്കും? അപ്പോഴാണ്, ‘സി–ഡാക്കിനെ’ പറ്റി പൊലീസ് ഉദ്യോഗസ്ഥർ വഴി അറിയുന്നത്. വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിയെ കണ്ടു. നേരത്തെ തന്നെ വന്നു കാണാമായിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിച്ചത്.
കേസ് അതുവരെ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റാനും ദൃശ്യം സി–ഡാക്കിൽ പരിശോധിപ്പിക്കാനും അദ്ദേഹം അന്നുതന്നെ ഉത്തരവിട്ടു. ആറു മാസത്തിനകം, ദൃശ്യത്തിലുള്ളതു ഞാനല്ലെന്നും ദൃശ്യം ആർക്കൊക്കെ കൈമാറിയിട്ടുണ്ടെന്നുമുള്ള വിശദമായ റിപ്പോർട്ട് ലഭിക്കുകയും ചെയ്തു.’
‘സിറ്റി കമ്മിഷണറുടെ ഓഫിസിൽ എത്ര തവണ കയറിയിറങ്ങിയെന്നുപോലും ഓർമയില്ല. ആ ഓഫിസ് കാണുമ്പോൾ വല്ലാത്തൊരു വിഷമമാണ്. പൊലീസ് സ്റ്റേഷൻ, കോടതി, അഭിഭാഷകന്റെ ഓഫിസ് എന്നിവിടങ്ങളിലായി ജീവിതം. പറിച്ചെടുത്തു മാറ്റപ്പെട്ട മക്കൾ. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ചുറ്റിലും. ഒരു ചടങ്ങിനും പങ്കെടുക്കാനാവില്ല. അർഥം വച്ചുള്ള നോട്ടവും കമന്റുകളും. ഒരു സ്ത്രീക്ക് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും? ’
സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നിയമപോരാട്ടത്തിന്റെ വഴി കാണിച്ചു കൊടുക്കുകയാണു ശോഭ. എന്നിട്ടും ശോഭ കരയുകയാണ്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും സങ്കടം ചേർന്നൊഴുകുന്നു. ചില വിജയങ്ങൾ സങ്കടപ്പെടാൻ കൂടിയുള്ളതാണ്.
ഈ ജീവിതകഥ വായിക്കുന്നവരുടെയെല്ലാം മനസ്സിൽ ഉയരുന്ന ചോദ്യങ്ങളുണ്ട് ശോഭയ്ക്കു പഴയ കുടുംബജീവിതം തിരിച്ചു കിട്ടുമോ? ശോഭ അതിനു തയാറാകുമോ?
ഉത്തരം ഇതാണ്: ‘എന്റെ ജീവിതം തകർത്തവരെയും അതിനു പ്രേരിപ്പിച്ചവരെയും ഗൂഢാലോചന നടത്തിയവരെയുമൊക്കെ കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. മറ്റൊന്നും ഇപ്പോൾ മനസ്സിലില്ല.’
ശോഭയുടേത് എന്ന പേരിൽ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അടക്കം കൂടുതൽ പേരെ അടുത്ത ദിവസങ്ങളിൽ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശോഭയുടെ പുതിയ മൊഴി പ്രകാരം സംഭവത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി പറഞ്ഞു.
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസിടിവി കാമറകൾ ഒരു മണിക്കൂർ കണ്ണടച്ചെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) സൂക്ഷിച്ചിരുന്ന സ്റ്റോർ മുറിയിലെ തത്സമയ ദൃശ്യങ്ങള്‍ കാണിച്ചിരുന്ന കാമറകളാണ് കണ്ണടച്ചത്. വെള്ളിയാഴ്ച അവിചാരിതമായി വൈദ്യുതി ബന്ധം നിലച്ചതുമൂലം ഒരു മണിക്കൂറിലേറെ സമയം സിസിടിവി കാമറകൾ പ്രവർത്തിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചത്. ഇവിഎമ്മുകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനു ഇതോടെ ബലമേറി. തിരിമറി നടത്താനായി ഒരു മണിക്കൂർ നേരെ കാമറ ഓഫ് ചെയ്തെന്നാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആരോപിക്കുന്നത്.
സാഗറിൽ വോട്ടടെപ്പിനു ശേഷം രണ്ടു ദിവസം കഴിഞ്ഞും സ്ട്രോംഗ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എത്തിക്കാതെ വൈകിപ്പിച്ച സംഭവത്തിൽ നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎമ്മുകൾ എത്തിക്കാൻ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. സിസിടിവി കാമറകൾ പ്രവർത്തിക്കാതെവന്നതു സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 30 ന് രാവിലെ 8.19 മുതൽ 9.35 വരെയാണ് വൈദ്യുതിബന്ധം നിലച്ചതുമൂലം കാമറകളും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടിവിയും പ്രവർത്തന രഹിതമായത്.
ഈ സമയം കാമറകളിൽ റിക്കോർഡിംഗ് ഉണ്ടായില്ല. ഇതേ തുടർന്ന് ഒരു എൽഇഡി ടിവിയും ഇൻവെർട്ടറും ജനറേറ്ററും എത്തിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു. ഓള്‍ഡ് ജയില്‍ കാമ്പസിലെ സ്ട്രോംഗ് റൂം പൂട്ടിയിരുന്നില്ലെന്ന കോൺഗ്രസിന്റെ ആരോപണവും ഇലക്ഷൻ കമ്മീഷൻ ശരിവച്ചു. പരാതിക്കു ശേഷം ഇവ പൂട്ടിയതായി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനു ശേഷം ഇവിഎം നമ്പർ പ്ലേറ്റ് പോലുമില്ലാത്ത സ്കൂൾ ബസിലാണ് കൊണ്ടുപോയത്. ഈ സ്കൂൾ ബസ് സാഗർ കളക്ടറുടെ ഓഫീസ് വളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിനശിക്കുകയും ചെയ്തതായി കോൺഗ്രസ് എംപി വിവേക് താൻഖ ആരോപിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ഭുപേന്ദ്ര സിംഗിന്റെ മണ്ഡലമായ ഖുറേയിൽ പകരംവയ്ക്കാൻ എത്തിച്ച വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിനു ശേഷം രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചുകൊണ്ടുപോയി.
എന്നാൽ വോട്ടിംഗ് മെഷീനുകൾ രണ്ടു ദിവസത്തിനു ശേഷമാണ് സ്ട്രോംഗ് റൂമിൽ എത്തിച്ചതെന്നും വിവേക് പറയുന്നു. വോട്ടിംഗ് മെഷീനുകളല്ല സ്ട്രോംഗ് റൂമിൽ എത്തിക്കാൻ വൈകിയത്. മെഷീനുകൾക്ക് തകരാർ സംഭവിച്ചാൽ പകരംവയ്ക്കാൻ എത്തിച്ചവയാണിതെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിശദീകരണം. ഇത് തള്ളിയാണ് വിവേകിന്റെ പ്രതികരണം. വളരെ കാലങ്ങളായി ഡൽഹി മുഖ്യമന്ത്രി കേജരിവാൾ പറയുന്നതും ഒത്തുചേർത്തു വായിച്ചാൽ വോട്ടിങ് മെഷീനുകൾ ഒഴിവാക്കേണ്ടത് തന്നെയോ എന്ന് ജനം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിത്തീരുമോ എന്നാണ് പലരുടെയും സംശയം.
പൂഞ്ഞാര്‍: ശബരിമല സമരത്തില്‍ ബിജെപിയുമായി കൈകോര്‍ക്കുന്ന ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് തിരിച്ചടികള്‍ എന്ന് സൂചന. സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ നിന്നുമാണ് പി.സിയുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന എസ്ഡിപിഐ ഇനി സഹകരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
2016ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി.ജോര്‍ജിന് മുസ്ലിം വിഭാഗത്തിന്റെ വോട്ടുകളില്‍ വലിയൊരു പങ്ക് ലഭിച്ചിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ നല്‍കിയ പിന്തുണ ഇനി വേണോ എന്ന് ആലോചിക്കുമെന്ന് കോണ്‍ഗ്രസും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായി നിലപാട് എടുത്ത പി.സി.ജോര്‍ജിനെ സ്വാഗതം ചെയ്യുന്നതില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൂര്‍ണ തൃപ്തിയില്ല. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ ശബരിമലക്ക് വേണ്ടി സംസാരിക്കാന്‍ കറുപ്പണിഞ്ഞാണ് പി.സി ജോര്‍ജ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27821 വോട്ടുകള്‍ക്കാണ് മൂന്ന് മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് പി.സി.ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ച് പൂഞ്ഞാറില്‍ വിജയിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിലെ മഞ്ഞണിക്കരയില്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഇവരുടെ ബന്ധുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ്.
കുട്ടിയെ കണ്ടെത്തി പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് സൂചന. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു
അന്‍ഡമാൻ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപായ സെന്റിനലും അവിടുത്തെ ഗോത്രവർഗ്ഗക്കാരും വാർത്തകളിലിടം നേടിയിട്ട് കുറച്ചായി. അമേരിക്കൻ പൗരൻ അലൻ ചൗവിന്റെ കൊലപാതകത്തോടെയാണ് സെന്റിനൽ ദ്വീപ് വാർത്തകളിൽ നിറഞ്ഞത്. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീർത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണ് സെന്റിനെൽസ്.
ദ്വീപിലെത്തുന്നവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് പതിവ്. പണ്ടുകാലത്ത്, കൃത്യമായി പറഞ്ഞാൽ 1991ൽ മധുമാല ചത്രോപാധ്യായ എന്ന യുവതിയുടെ ദ്വീപിലെ ഇടപെടൽ ശ്രദ്ധേയമാണ്. ഇന്ത്യൻ ഉപദ്വീപിൽ നിന്നും 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തുവെച്ച് സെന്റിനൽ ഗോത്രവംശത്തിലെ ഒരു മനുഷ്യന് മധുമാല തേങ്ങ കൈമാറുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സെന്റിനൽസുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടൽ ആയിരുന്നു അതെന്ന് ചരിത്രരേഖകൾ പറയുന്നു.
സെന്റിനൽസുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ.ഇന്ന് കേന്ദ്രസർക്കാർ ജീവനക്കാരിയായി ഡൽഹിയിലുണ്ട് മധുമാല.
ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ ആദ്യം റിസർച്ച് ഫെല്ലോ ആയും പിന്നീട് റിസർച്ച് അസോസിയേറ്റ് ആയും മധുമാല പ്രവർത്തിച്ചു. പിന്നീട് ആറുവർഷം അൻഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം. അതിനിടെ അൻഡമാനിലെ തന്നെ ജരാവ ഗോത്രവര്‍ഗവുമായി സൗഹൃത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്സ് ഓഫ് കാർ നിക്കോബാർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നു.
അൻഡമാനിലെ ഒരു മനുഷ്യൻ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന നിവാസികൾ അമ്പും വില്ലുമായി മുന്നോട്ടുവെന്നു.
ഉടൻ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകൾ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകൾ പെറുക്കെയെടുക്കാൻ തുടങ്ങി. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയിൽത്തന്നെ നിൽക്കുകയായിരുന്നു.
കൂടുതൽ തേങ്ങകൾ കൊണ്ടുവരാൻ സംഘം കപ്പലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികൾ സ്വീകരിച്ചെന്ന് മധുമാല പറയുന്നു. ഇനിയും തേങ്ങൾ വേണമെന്നാണ് അവർ വിളിച്ചുപറഞ്ഞതെന്ന് മധുമാല പുസ്തകത്തിൽ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികൾ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാൾ ബോട്ടിൽ തൊട്ടുനോക്കി. പിന്നാലെ കൂടുതൽ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലർ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലെ സ്ത്രീകൾ തടഞ്ഞു.
ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാൻ തീരുമാനിച്ചത്. പിന്നീട് തേങ്ങകൾ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്ക് തന്നെ നൽകി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികൾക്ക് ധൈര്യം നൽകിയത്.
അതിന് ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദർശിക്കാനെത്തി. അവർ അമ്പെയ്തില്ല, തേങ്ങകൾ സ്വീകരിക്കാൻ ബോട്ടിനുള്ളിൽ വരെയെത്തി.
അതിനിടെ ദ്വീപിൽ പുറത്തുനിന്നുള്ളവർ സന്ദർശിക്കുന്നതിന് ഇന്ത്യൻ സർക്കാർ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാൽ ഒരു ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു തീരുമാനം.
ഉത്തര കേരളത്തെയാകെ ഞെട്ടിച്ചാണ് ഗുഹയില്‍ യുവാവിന്‍റെ ദാരുണമരണം. കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവാണ് മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.
കാസര്‍കോടിന്‍റെ അതിര്‍ത്തിയില്‍ തുളുനാട്ടില്‍ ഇത്തരം ഗുഹകള്‍ പതിവാണ്. കടുത്ത ജലക്ഷാമത്തെ അതിജയിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മണ്‍തിട്ടകളിലാണ് ഉറവ തേടി ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കുക. ഒരു മെഴുകുതിരി കത്തിച്ച് തുരന്നുതുരന്നു പോകുന്ന പതിവ്. ഒടുവില്‍ വെളിച്ചം കെട്ടുപോകുമ്പോള്‍ കുഴിക്കുന്നത് നിര്‍ത്തും. അതുവരെയേ ഓക്സിജന്‍ കിട്ടൂ എന്നതിനാലാണ് ഇത്. ഒരാള്‍ക്ക് മാത്രം സഞ്ചിക്കാന്‍ കഴിയുന്ന തുരങ്കമാണിത്.
ഭൂമിയുടെ ഞെരമ്പുകള്‍ കണ്ടെത്തി ഉറവകള്‍ തുറന്നുവിടുകയാണ് ഈ ഗുഹാദൗത്യങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ആ ഗുഹയാണ് നാടിനെയാകെ ഞെട്ടിച്ച മരണത്തിലേക്കും നീണ്ടിരിക്കുന്നത്. ഒരു മുള്ളന്‍ പന്നി കയറിപ്പോയെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഇവര്‍ പിന്നാലെ കയറാന്‍ തീരുമാനിച്ചത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗിനിശമസേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്.
ഇന്നലെ രാത്രിയാണ് വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രമേശും അയല്‍വാസികളായ നാലുപേരുംഎത്തിയത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് അകത്തുകയറി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടർന്ന് തുരങ്കത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് രക്ഷാപ്രവർത്തനം തുടർന്നു. കയറുപയോഗിച്ച് 4 സേനാംഗങ്ങൾ അകത്തേക്കു കടന്നെങ്കിലും 3 പേർക്കു മാത്രമേ മുന്നോട്ട് പോകാൻ കഴിഞ്ഞുള്ളൂ. ആദ്യം നിവർന്നു നടക്കാൻ കഴിഞ്ഞെങ്കിലും 10 മീറ്റർ കഴിഞ്ഞപ്പോൾ കുനിയേണ്ടി വന്നു. പിന്നെയും 10 മീറ്റർ കഴിഞ്ഞപ്പോൾ ഇരിക്കേണ്ടി വന്നു. പിന്നെ നിരങ്ങിയും ഇഴഞ്ഞും സേനാംഗങ്ങൾ രാത്രി തന്നെ മൃതദേഹത്തിന്റെ അടുത്തെത്തി.
കയർ അരയിൽ കെട്ടി മൃതശരീരം വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽപൂണ്ടു കിടന്നതിനാൽ സാധിച്ചില്ല. ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചതോടെ മൃതദേഹംം രാവിലെ പുറത്തെടുക്കാമെന്ന ധാരണയിൽ അർധരാത്രി എല്ലാവരും മടങ്ങി. തുരങ്കങ്ങളെക്കുറിച്ചറിയുന്ന തൊഴിലാളികളെയും സഹായത്തിനു കൂട്ടിയാണ് രാവിലെ ദൗത്യം തുടങ്ങിയത്. ഇവരുടെ നിർദേശമനുസരിച്ചു അടിഭാഗം കുഴിച്ച് അകത്തേക്കു നടന്നുപോകാൻ കഴിയുന്നത്ര മണ്ണെടുത്തു.
കുഴിച്ചെടുത്ത മണ്ണ് പുർണമായും പുറത്തേക്ക് നീക്കം ചെയ്തതോടെ കുനിഞ്ഞെങ്കിലും അകത്തേക്കുപോകാമെന്ന അവസ്ഥയായി. വായു ലഭിക്കുന്നതിനുള്ള യന്ത്രം(ബ്രീത്തിങ് അപ്പാരറ്റസ്)തുരങ്കത്തിനുള്ളിൽ കൊണ്ടുപോകാൻ കഴിയാത്തത് തിരിച്ചടിയായി.ഓരോ 10 മിനിട്ടിലും ഓക്സിജൻ സിലിണ്ടർ തുറന്ന് വിട്ടാണ് ശ്വസിച്ചത്.
അപ്പോഴും വെല്ലുവിളിയായി മുള്ളൻപന്നി അകത്തുണ്ടായിരുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന മുള്ളൻപന്നി അക്രമിച്ചാൽ സഹിക്കുകയല്ലാതെ തിരിയാൻ പോലും സ്ഥലമില്ലാത്ത തുരങ്കത്തിൽ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ അജി കുമാർ ബാബു,ഫയർമാന്മാരായ പി.കെ.ബാബുരാജൻ, സി.എച്ച്.രാഹുൽ, ഐ.എം.രഞ്‌ജിത്ത്, അഖിൽ.എസ്.കൃഷ്ണ,കെ,സതീഷ്, എ.വി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.