ജനപക്ഷം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി. ജോര്‍ജ്. കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചതിനാല്‍ പത്തനംതിട്ടയില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇടപെട്ട് യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് അറിയിച്ചത്. യുഡിഎഫുമായി സഹകരിക്കാന്‍ ജനുവരി 12ന് ഞങ്ങള്‍ കത്ത് കൊടുത്തു. ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരത്തെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ആലുവാ പാലസില്‍ എത്താന്‍ പറഞ്ഞു.

അവിടെയെത്തിയപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ എത്താന്‍ പറഞ്ഞു. അങ്ങനെ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു തീരുമാനവുമുണ്ടായില്ല, ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. ഇതോടെയാണു മത്സരിക്കാന്‍ തീരുമാനിച്ചത്. 26 ന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് വഴക്കും വര്‍ഗീയതയുമാണ് കോണ്‍ഗ്രസില്‍. മതവിശ്വാസങ്ങളെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമലയില്‍ എന്തൊക്കെ ക്രൂരതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. ക്രിസ്തുമത വിശ്വാസത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് കൊണ്ടുവന്നു. 26ന് രണ്ടിന് കോട്ടയം സിഎസ്ഐ റിസ്ട്രീറ്റ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.