India

കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്. ശനിയാഴ്ച വൈകുന്നേരമാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജനറല്‍ എന്‍എസ്.എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

എസ്എന്‍ഡിപി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കോര്‍ മീറ്റിങ്ങിനു ശേഷം തീരുമാനിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നതിനാല്‍ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് എന്‍എസ്എസ് തീരുമാനം. യുവതീപ്രവേശത്തെ എതിര്‍ത്ത് ആദ്യമായി രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു.

പ്രതിഷേധസമരങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എന്‍എസ്എസ് പിന്നീട് പ്രത്യക്ഷ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി. നേരിട്ട് കോടതിയെ സമീപിക്കാം എന്ന തീരുമാനത്തില്‍ പിന്‍വാങ്ങിയ സംഘടന ഇപ്പോള്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനില്ല നിലപാടിലാണ്.

ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പി.എസ് ശ്രീധരൻപ്പിള്ളയ്ക്കെതിരെ വിമർശനം. ശബരിമല വിഷയത്തിൽ സമരത്തിന് തീവ്രതയുണ്ടായില്ലെന്നും ഗാന്ധിയൻ സമരം പോരെന്നും മുരളീധര പക്ഷം വിമർശനം ഉന്നയിച്ചു. ബദൽ മാർഗ്ഗത്തെ കുറിച്ച് ശ്രീധരൻപ്പിള്ള ആരാഞ്ഞെങ്കിലും വിമർശനം ഉന്നയിച്ചവർ മറുപടി പറഞ്ഞില്ല. സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി.

സമരത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുന്നത് ഉൾപ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. ശബരിമല തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് വിശദീകരിയ്ക്കാൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഓദ്യോഗിക വിഭാഗത്തിനെതിരെ വിമത പക്ഷം തുറന്നിടച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി.

എന്നാൽ യുവതീ പ്രവേശത്തിനെതിരായ ബിജെപി സമരകേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റുന്നു . കോടതി ഇടപെടലോടെ സന്നിധാനത്തെയും പരിസരങ്ങളിലെയും നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ശബരിമല കേന്ദ്രീകരിച്ച് സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലാണ് മാറ്റം.

ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന സര്‍ക്കുലര്‍ വരെ തയാറാക്കി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിരുന്നിടത്തു നിന്നാണ് ബിജെപിയുടെ പിന്നോട്ടു പോക്ക്. സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും അനിശ്ചിതകാല നിരാഹാരമിരിക്കുക. ‌

ഭക്തരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റണമെന്ന സിപിഎം നേതാക്കളുടെ ആഹ്വാനമനുസരിച്ചാണോ സമരകേന്ദ്രത്തിലെ മാറ്റമെന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ തള്ളി.

സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കെ.സുരേന്ദ്രനടക്കമുളള നേതാക്കള്‍ക്കെതിരെ കേസ് ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതികളില്‍ വ്യക്തിപരമായ നിയമവ്യവഹാരം നടത്തി തിരിച്ചടിക്കാനും സംഘടനാ നേതൃയോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയ്ക്കെതിരെ കെ.പി.ശശികലയുടെ മകന്‍ മാനനഷ്ട കേസ് നല്‍കും. കോടതി ഇടപെടലില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏതാണ്ടില്ലാതായതിനു പിന്നാലെ സമര കേന്ദ്രം നിന്ന് സെക്രട്ടറിയേറ്റ് പടിക്കലേക്കു മാറ്റാനുളള ബിജെപി തീരുമാനം കൂടിയെത്തിയതോടെ സുഗമമായ തീര്‍ഥാടനത്തിനുളള വഴി കൂടിയാണ് ശബരിമലയില്‍ തെളിയുന്നത്.

എടത്വാ: കുട്ടനാടന്‍ ജനതയുടെ ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 9 ദശാംബ്ദം കൊണ്ട് ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളി വള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചത്.

കൊല്‍ക്കത്തയില്‍ നടന്ന ആഗോള ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് നിര്‍വഹിച്ചു.

എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര’ വള്ളം നീരണിയിക്കുന്നത്. ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 2017 ജൂലൈ 27ന് ഏറ്റവും ഒടുവില്‍ നീരണഞ്ഞ കളിവളളം ആണ് ഷോട്ട് പുളിക്കത്ര.

കൊല്‍ക്കത്തയില്‍ പ്രഖ്യാപനം നടന്ന അതേ സമയം എടത്വാ മാലിയില്‍ പുളിക്കത്ര തറവാടിനോട് ചേര്‍ന്ന് ഉള്ള മാലിപ്പുരയില്‍ ജലോത്സവ പ്രേമികളും കുടുംബാംഗങ്ങളും ഒത്ത് ചേര്‍ന്നു. അര്‍പ്പുവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഗ്ലോബല്‍ പീസ് വിഷന്‍ അന്താരാഷ്ട്ര ചെയര്‍പേഴ്‌സണ്‍ വനജ അനന്ത(യു.എസ്.എ) പ്രഖ്യാപന രേഖ മോളി ജോണ്‍ പുളിക്കത്രക്ക് സമ്മാനിച്ചു. ചടങ്ങില്‍ ഗിന്നസ് & യു.ആര്‍.എഫ് റെക്കോര്‍ഡ്‌സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

തന്റെ കുടുംബത്തിന് ജലോത്സവ പ്രേമികളും ദേശനിവാസികളും നല്‍കിയ പിന്തുണയും സഹകരണവും തിരിച്ചറിയുന്നുവെന്നും ഈ അംഗികാരം ഏവര്‍ക്കും കൂടി അവകാശപെട്ടതാണെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര (ജോര്‍ജി) പറഞ്ഞു. പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനുമാണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റനാക്കി നെഹ്‌റു ട്രോഫി ഉള്‍പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജലോത്സവ ലോകത്തിന്റെ ഹൃദയം താളമാണ് മാലിയില്‍ പുളിക്കത്ര തറവാട് എന്ന് അയല്‍വാസിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസനാധിപന്‍ കൂടിയായ മാത്യൂസ് മാര്‍ തേവോദോസിയോസിന്റ ആശംസ സന്ദേശത്തില്‍ അറിയിച്ചു.

സുഹൃത്തിനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടിനുറുക്കി ദാരുണഹത്യ. ഇത് പ്രതികരിക്കാതെ നോക്കിനിന്ന് വിഡിയോയെടുത്ത് ഒരുകൂട്ടം നാട്ടുകാരും. ഹൈദരബാദിൽ തിരക്കേറിയ ചാർമിനാർ തെരുവിനടുത്തുവെച്ചാണ് ദാരുണ സംഭവം അരങ്ങേറിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

അബ്ദുൽ ഖാജ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തായ ഖുറേഷിയെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് നിരവധി തവണ കുത്തിയത്. ഓട്ടോറിക്ഷ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതിന്റെ മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇറച്ചിവെട്ടുന്ന കത്തിയുമായി എത്തിയ അബ്ദുൽ ഖാജ ശക്കീർ ഖുറേഷിയുടെ തലയിലും മുതകിലും കഴുത്തിലും പലതവണ കുത്തി. കുത്തേറ്റ് താഴെ വീണിട്ടും ദേഷ്യം തീരാതെ മുകളിൽ കയറിയിരുന്ന് വീണ്ടും കുത്തുകയായിരുന്നു. അതിനുശേഷം ഊരിപിടിച്ച കത്തിയുമായി ഭീഷണി മുഴക്കി. ഇതെല്ലാം കണ്ടുനിന്നവർ തടയാൻ കൂട്ടാക്കാതെ വിഡിയോ എടുക്കുകയായിരുന്നു.

തെരുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ട്രാഫിക്ക് പൊലീസ് ഓഫിസർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹമാണ് അടുത്തുള്ള സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസുകാർ വന്ന് പ്രതിയെ പത്തുമിനുട്ടിൽ അറസ്റ്റ് ചെയ്തു.

നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിവിധ കര്‍ഷകസംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണ് ദില്ലി ചലോ എന്നുപേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ചിനെ അഭിസംബോധന ചെയ്തേയ്ക്കും.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം.കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹല്‍ക്കയിലൂടെയാണ് മാധ്യമ മേഖലയില്‍ സാന്നിധ്യമറിയിച്ചത്. ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമയിലടക്കം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തുഫൈല്‍ പിടിയെയാണ് ആംആദ്മി കേരള ഘടകത്തെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

29 വയസ് മാത്രമുള്ള ഒരു വ്യക്തി സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസം എഎപി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എഎപിയുടെ സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്.

പ്രമുഖ ദേശീയ മാസികയായ ഔട്ട്‌ലുക്കില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് ഭരണം പിടിച്ചിട്ടും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അത്രശക്തിയില്‍ ഇറങ്ങി ചെല്ലാന്‍ സാധിക്കാത്ത ആം ആദ്മി പാര്‍ട്ടി വന്‍ മാറ്റത്തിന് തയ്യാറെടുക്കുന്നു.

പുരോഗമന ആശയങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള കേരളത്തില്‍ വേണ്ടത്ര വിധത്തില്‍ വളരാനാകാത്തത് പാര്‍ട്ടിയെ തളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ആപ്പ്.

ന്യൂഡല്‍ഹിയില്‍ ഒന്നരവര്‍ഷം കൊണ്ട് അഴിമതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ ചൂലെടുത്ത് മുന്‍നിരയിലേക്ക് വന്ന അരവിന്ദ് കെജരിവാളും ആം ആദ്മിയും ഏവരെയും ഞെട്ടിച്ചിരുന്നു. ഈ നേട്ടം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

സാറാ ജോസഫ്, സിആര്‍ നീലകണ്ഠന്‍, എം എന്‍ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ കേരളനിരയില്‍ അണിനിരന്നിട്ടും മുഖ്യധാരയില്‍ ചര്‍ച്ചയാകുന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ആം ആദ്മിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ യുവാക്കളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി തീരുമാനം.

കൊച്ചിയിൽ 3 അസം സ്വദേശികള്‍ പോലീസ് പിടിയിൽ . ബോഡോ തീവ്രവാദികളെന്ന സംശയത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കൊച്ചി മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ആണ് ഇവരെ പിടികൂടിയിരിക്കുന്നത്. ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

എടത്വാ: ലോക റിക്കോര്‍ഡിലേക്ക് ഉള്ള പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വള്ളംക്കളി പ്രേമികള്‍ ആവേശത്തിന്റെ ഓളപ്പരപ്പില്‍. കുട്ടനാടന്‍ ജനതയുടെ ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റിക്കോര്‍ഡില്‍ ഇടം പിടിക്കുന്നതിന്റെ പ്രഖ്യാപനം കല്‍ക്കട്ടയില്‍ നവംബര്‍ 30ന് നടക്കാനിരിക്കെ നാട് ഉത്സവ ലഹരിയില്‍. 9 ദശാബ്ദം കൊണ്ട് ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളി വള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ് ലോക റിക്കോര്‍ഡില്‍ ഇടം പിടിക്കുന്നത്.

കൊല്‍ക്കത്തയില്‍ നടക്കുന്ന ആഗോള ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് നിര്‍വഹിക്കുമെന്നും ഈ ബഹുമതി ലോകത്തില്‍ പുളിക്കത്ര തറവാടിന് മാത്രം സ്വന്തമാണെന്നും ഗിന്നസ് & യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.

എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926 ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര’ വള്ളം നീരണിയിക്കുന്നത്. ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 2017 ജൂലൈ 27ന് ഏറ്റവും ഒടുവില്‍ നീരണഞ്ഞ കളിവളളം ആണ് ഷോട്ട് പുളിക്കത്ര. തന്റെ കുടുംബത്തിന് ജലോത്സവ പ്രേമികളും ദേശനിവാസികളും നല്കിയ പിന്തുണയും സഹകരണവും തിരിച്ചറിയുന്നുവെന്നും ഈ അംഗികാരം ഏവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര (ജോര്‍ജി) പറഞ്ഞു. പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനുമാണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്ടന്‍ ആക്കി നെഹ്‌റു ട്രോഫി ഉള്‍പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇംഗ്ലണ്ടില്‍ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോര്‍ജ് ചുമ്മാര്‍ മാലിയില്‍, രജ്ഞന ജോര്‍ജ് എന്നീ ദമ്പതികളുടെ ഏകമകനായ ആദം പുളിക്കത്ര രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കല്‍ക്കത്തയില്‍ പ്രഖ്യാപനം നടക്കുന്ന അതേ സമയം എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ വള്ളംകളി പ്രേമികള്‍ ഒത്ത് ചേരുമെന്നും വഞ്ചിപാട്ട് ഉള്‍പെടെയുള്ള പ്രത്യേക പരിപാടി ക്രമികരിച്ചിട്ടുണ്ടെന്നും മാനേജര്‍ റജി വര്‍ഗ്ഗീസ് പറഞ്ഞു.

തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള സമയമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്നും പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കി മാത്രമേ കഴിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

വിഷയത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. ചുമ പോലെയുള്ള നിപ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക മേഖല സജ്ജീകരിക്കണം. ഇവിടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക മാസ്‌കുകള്‍ നല്‍കണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് എത്തിയതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018-മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച നിപ വൈറസ് ബാധയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടികൂടിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിന് മുന്നിൽ ച‌‌ാടി മരിച്ചത്. പരീക്ഷാ കോപിയടി നടത്തിയ വിദ്ധ്യാർത്ഥ്നിയെ സ്ക്വാഡ് പിടികൂടിയതിനെ തുടർന്ന് മനംനൊന്ത് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

കൊല്ലം ഫാത്തിമാമാതാ കോളജിലെ അവസാന ഇംഗ്ലീഷ് വിദ്ധ്യാർത്ഥിനിയാണ് ഇരവിപുരം സ്വദേശിനി രാഖികൃഷ്ണ. പരീക്ഷാ ഹാളിൽ കോപ്പിയടിച്ചത് സ്ക്വാഡ് പിടികൂടിയിരുന്നു. തുടർന്ന് രാഖി കൃഷ്ണയെ പുറത്തുനിർത്തുകയും രക്ഷകർത്താക്കളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

കോളേജ് അധികൃതർ രക്ഷിതാക്കളുമായി സംസാരിക്കുന്നതിനിടയിൽ രാഖിയെ കാണാതാവുകയായിരുന്നു പിന്നീട് കൊല്ലം കമ്മീഷണറോഫീസിനു സമീപം റയിൽവേ ട്രാക്കിൽ രാഖിയെ ട്രയിൻ തട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തി. പോലീസ് രാഖിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RECENT POSTS
Copyright © . All rights reserved