വ്യക്തമായി അറിയാമായിരുന്നിട്ടും തീരദേശ സംരക്ഷണ നിയമവും, തണ്ണീര്‍ത്തട നിയമവും ലംഘിച്ചു കൊണ്ട് 600 മീറ്റര്‍ നീളത്തില്‍ ആറു മീറ്റര്‍ വീതിയില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ് റോഡ് വരെയുള്ള കൊച്ചിക്കായല്‍ റോഡ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത കൊച്ചി മേയര്‍ രാജിവെക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത്രവലിയ ഒരു അഴിമതി നടന്നിട്ടും ഇതിനെതിരെ ഒരു അക്ഷരം പ്രതികരിക്കാന്‍ പ്രതിപക്ഷമോ മറ്റു കക്ഷികളോ തയ്യാറായില്ല എന്നത്, അവര്‍ക്കും ഇതില്‍ പങ്കുണ്ട് എന്ന് തെളിയിക്കുന്നു.
ഈറോഡ് നിര്‍മാണത്തിലൂടെ ചിലവന്നൂര്‍ കായലിലെ ഒഴുക്ക് കുറയുന്നു എന്ന് മാത്രമല്ല, ഇതിന്റെ സമീപത്തുള്ള വലിയൊരു പ്രദേശം നികത്തി എടുക്കുവാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കുറുക്കുവഴി കൂടിയായി ഇതിനെ കാണണം. ഇതിന്റെ പിന്നില്‍ ശക്തമായ റിയല്‍എസ്റ്റേറ്റ് മാഫിയ ഉണ്ട്. അതിന്റെ ദല്ലാളായി മേയറും കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ ങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

ഇക്കാര്യത്തില്‍ കായല്‍ നികത്തലിന് സ്റ്റോപ്പ് മെമ്മോ കൊടുത്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാന്‍ വരെ ശ്രമം നടത്തിയതാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയില്‍ തന്നെ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തത്. ഈ അഴിമതി നടത്തിയ മേയര്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നു. പ്രതിഷേധ സമരം ബെന്നി ജോസഫ് ജനപക്ഷം ഉദ്ഘാടനം ചെയ്തു, നിപുന്‍ ചെറിയാന്‍, അഷ്‌കര്‍ ബാബു, ഡൊമിനിക് ചാണ്ടി, ഫോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം മുന്‍ സബ്കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫെയിസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രിയും സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ മകനായ ശബരീനാഥന്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് എംഎല്‍എയായത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യയുമായുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ശബരീനാഥന്‍ വിജയം നേടി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശബരീനാഥന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ.
ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ അയ്യര്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങിയ നിലകളിലും പ്രശസ്തയാണ്.
എതിര്‍ സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് യുഡിഎഫ് നിയുക്ത സ്ഥാനാര്‍ഥി ശശി തരൂര്‍. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യമെന്ന് തരൂര്‍ തിരുവനന്തപുരത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്ന് ശശി തരൂർ പറയുന്നു.
അവരുടെ വ്യക്തിത്വത്തെ അല്ല എതിർക്കുന്നത്. അവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബിജെപി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സിപിഎം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണന്ന് ശശി തരൂർ പറഞ്ഞു.
കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ പറഞ്ഞു. മുൻ ഗവറണറും മുൻ മന്ത്രിയുമാണ് എതിർ സ്ഥാനർഥികൾ. അവരുടെ വ്യക്തി പരമായ കാര്യങ്ങൾ പരാമർശിക്കാൻ താനില്ലെന്നും യുഡിഎഫിന്റെ നിയുക്ത സ്ഥാനർഥി പറഞ്ഞു.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാധ്യത കൂടുതലും.
ബിജെപി ദേശീയ നേതൃത്യം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കുമ്മനം ബിജെപി സംസ്ഥാന നേതാക്കളുമായി സംസാരിച്ചുവെന്നാണ് വിവരം. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിലും വീണ്ടും ജനവിധി തേടും. അതേസമയം, അടുത്തിടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കിഴക്കൻ യു പി യുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാലും സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ് യുപിയിലെ ഫറൂഖാബാദിലും ആർ.പി.എൻ സിങ് കുശിനഗറിലും ജിതിൻ പ്രസാദ ദൗരാഹ്രയിലും വീണ്ടും ജനവിധി തേടും. ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും വഡോധരയിൽ പ്രശാന്ത് പട്ടേലുമാണ് മൽസരിക്കുക.
അതേസമയം, ഉത്തർപ്രദേശിലെ സമാജ് വാദി ബിഎസ്പി സഖ്യത്തിലേയ്ക്ക് കോൺഗ്രസിനും ഇടം ലഭിച്ചേക്കും. കോൺഗ്രസിന് 15 സീറ്റുകൾ നൽകാൻ എസ് പിയും ബിഎസ്പിയും സന്നദ്ധതയറിയിച്ചു. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിച്ചാലും ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപി യുപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ മനോരമ ന്യൂസിനോട് പറഞ്ഞു.
യു പിയിലെ 80 ലോക്സഭാ സീറ്റിൽ 38 ൽ ബിഎസ്പിയും 37 ൽ സമാജ് വാദി പാർട്ടിയും ആർ.എൽ.ഡി മൂന്ന് സീറ്റുകളിലും മൽസരിക്കാനാണ് ധാരണ. കോൺഗ്രസിനെ പടിക്കു പുറത്തു നിർത്തിയെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചു.
സഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസിന് 15 സീറ്റ് നൽകാൻ എസ്പിയും ബിഎസ്പിയും ഇപ്പോൾ സന്നദ്ധമാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. എസ് പി 7 സീറ്റുകളും ബിഎസ്പി 6 സീറ്റുകളും വിട്ടുനൽകും. കൂടാതെ അമേഠിയും റായ്ബറേലിയും. സഖ്യം വേണമെന്നാണ് അഖിലേഷിനും രാഹുൽ ഗാന്ധിക്കും. എന്നാൽ കാര്യമായ വിട്ടുവീഴ്ച്ച വേണ്ടെന്ന് മായാവതി കടുപ്പിക്കുന്നു. കോൺഗ്രസ് കൂടി എസ് പി – ബി എസ് പി സഖ്യത്തിന്റെ ഭാഗമായാലും കാറ്റ് മാറി വീശില്ലെന്ന് ബിജെപി.
പുതിയ ഫോർമുല അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവുകയാണെങ്കിൽ സഖ്യ പ്രഖ്യാപനം ഉടനുണ്ടാകും. 10 സീറ്റു നൽകാമെന്ന വാഗ്ദാനം പ്രിയങ്ക ഗാന്ധി തള്ളിയിരുന്നു.
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.
ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് സമാനമായ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസത്തിനുള്ളില്‍ ജമ്മു കാശ്മീരില്‍ ആക്രമണം നടത്തനാണ് ജെയ്‌ഷെ പദ്ധതിയൊരുക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികര്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിക്കാനാണ് ജെയ്‌ഷെ പദ്ധതിയൊരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. പുല്‍വാമ മോഡലില്‍ തന്നെയാകും ആക്രമണമെന്നാണ് സൂചന. കൂടാതെ വലിയ സുമോ, എസ്.യു.വി വാഹനങ്ങള്‍ ഉപയോഗിച്ചാവും ചാവേര്‍ ആക്രമണം നടത്തുകയെന്നും മുന്നറിയിപ്പുണ്ട്.
ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് സൂചന. സ്‌ഫോടനത്തില്‍ പങ്കുള്ളതായി കരുതുന്ന ഒരാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മധുര: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി പിടിയിലായി. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വ്യാപകമായി ഇമാമിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അൽഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
നീമുച്ച്: ആൺകുട്ടികൾ വേണമെന്ന ആവശ്യവുമായി രാജ്യത്ത് പെൺഭ്രൂണഹത്യ വർദ്ധിക്കുമ്പോൾ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട് മധ്യപ്രദേശിൽ. എന്നാൽ ഈ ആഘോഷങ്ങൾക്ക് പിന്നിൽ വിചിത്രമായ ഒരു കാരണമുണ്ട്.
ബൻചാദ സമൂഹമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങൾ പെൺകുട്ടികളുടെ ജീവിതം നരകപൂരിതമാക്കുകയാണ് ചെയ്യുന്നത്. കാരണം, ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്ക ആളുകളും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തിൽ പെൺകുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്.
മധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച് ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. തലമുറകളായി ലൈംഗികവൃത്തി ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ് ഇവർക്ക്. കറുപ്പിന്റെ കൃഷിയ്ക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടത്തെ പുരുഷന്മാരുടെ ജീവിതം.ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്.
ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയിൽ സജീവമാണ്. ചെറുപ്രായത്തിൽ തന്നെ ഈ സമുദായത്തിലെ പെൺകുട്ടികളെ വൻതുകയ്ക്ക് വിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേള അവസാനിച്ചത് സംഘര്‍ഷത്തില്‍. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.
‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പിന്നാലെ പോലീസ് എത്തി ലാത്തി ചാര്‍ജ്ജ് വീശുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്’. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്.