സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും തുടരുന്നു. കരുവാരക്കുണ്ട് മണലിയാപാടം മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഒലിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളംകയറി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കക്കയംവാലിയില്‍ ഉരുള്‍പൊട്ടലില്‍ ഓന്‍പത് തൊഴിലാളികള്‍ ഒറ്റപ്പെട്ടു.
ഉരുള്‍പൊട്ടല്‍ വന്‍ നാശംവിതച്ച വയനാട് പൊഴുതന അമ്മാറയില്‍ വീണ്ടും മണ്ണിടിച്ചില്‍. നേരത്തെ ഇവിടെ ഏഴു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. മേഖല പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി അടച്ചിടും.
സുരക്ഷാജീവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിപോകാന്‍ നിര്‍ദേശം നല്‍കി. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ ഏഴ് അടിയായി ഉയര്‍ത്തും. തൃശൂര്‍ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. കണ്ണൂര്‍ പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കേളകം ഭാഗത്ത് റോഡുകള്‍ മുഴുവന്‍ വെള്ളത്തിലാണ്. കനത്ത കാറ്റിലും മഴയിലും മണ്ണുത്തി വെറ്ററിനറി കോളജ് വളപ്പില്‍ മരംവീണ് നിര്‍മാണ തൊഴിലാളി മരിച്ചു. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയും, ഉരുൾ പൊട്ടലും. ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിൽ കൊട്ടിയൂർ , കേളകം തുടങ്ങിയ മലയോര മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായി. പുലർച്ചെ മുതലാണ് ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തമായത്. പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി.
ഗതാഗതം തടസപ്പെട്ടതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും, മരങ്ങളും നീക്കം ചെയ്താണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. പക്ഷേ മഴ ശക്തമായതോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലും ശക്തമായി.
കൊട്ടിയൂർ – ചപ്പമലയിൽ ഉരുൾപൊട്ടി. ആളപായമില്ല. കേളകം ശാന്തിഗിരിയിൽ മലമുകളിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. വനത്തിനുള്ളിൽ മഴ കനത്തതോടെ ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
ഇതോടെ ഇരിട്ടി കൊട്ടിയൂർ സംസ്ഥാന പാത വെള്ളത്തിനടിയിലായി. മേഖലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ പലയിടത്തും വൈദ്യുതി തൂണുകൾ നിലംപൊത്തിയതോടെ മലയോരത്ത് വൈദ്യുതി ബന്ധവും താറുമാറായി. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും, പൊലീസ്, റവന്യൂ, അഗ്നിശമന സേന വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്.
വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.
മുംബൈ: ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. തിങ്കളാഴ്ച ഡോളറിന് 69.91 രൂപയാണ് വിനിമയ നിരക്ക്. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിര്‍ഹവുമായുള്ള വിനിമയനിരക്കിലും വന്‍മാറ്റം ഉണ്ടായിട്ടുണ്ട്. ദിര്‍ഹത്തിന് 19 രൂപയ്ക്ക് മുകളിലാണ് വിനിമയ നിരക്ക്. പൗണ്ടിന് 90 രൂപയ്ക്ക് മുകളിലേക്ക് വിനിമയ നിരക്ക് ഉയര്‍ന്നേക്കാമെന്ന സൂചനയുണ്ട്.
രൂപയുടെ മൂല്യം തകര്‍ന്നതോടെ പ്രവാസികള്‍ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ്. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്‌സ്ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. വിവിധ ബാങ്കുകളുടെ മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുമെന്ന് നേരത്തെ ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.
നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സമീപകാല കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രൂപയുടെ വിനിമയ മൂല്യത്തെ സ്വാധീനിച്ചതായി നിരീക്ഷര്‍ വ്യക്തമാക്കിയിരുന്നു. വിനിമയ നിരക്കിലെ തകര്‍ച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ബിനോയി ജോസഫ്
ചോദിച്ചത് ജനപ്രതിനിധി.. ചോദ്യം ജനങ്ങളോട്.. നിങ്ങളുടെ നാടിന്റെ വികസനത്തിനായി.. വരും തലമുറയ്ക്ക് പ്രയോജനകരമാകുന്ന.. നിങ്ങൾ ആവിഷ്കരിക്കാൻ താത്പര്യപ്പെടുന്ന നൂതന ആശയങ്ങൾ എന്ത്?. അത് നാടിന് എങ്ങനെ പ്രയോജനപ്പെടും? ആ ചോദ്യം ഏറ്റെടുത്തത് ആയിരങ്ങൾ.. സ്വന്തം നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ ലഭിച്ച അവസരത്തിൽ ഉത്സാഹത്തോടെ പങ്കെടുക്കുവാൻ മുന്നോട്ട് വന്നതിലേറെയും യുവാക്കളും കുട്ടികളും… ഉത്തരങ്ങൾ നിരവധി… ലഭിച്ചത് 500 ഓളം എൻട്രികൾ… വിദഗ്ദരടങ്ങിയ സമിതി ഷോർട്ട് ലിസ്റ്റ് ചെയ്തത് 99 എണ്ണം. അവസാന റൗണ്ടിൽ എത്തിയ പത്ത് പ്രോജക്ടുകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്… ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് വീണ്ടും ആവേശമായി.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാർലമെന്റംഗം അഭിനന്ദനീയമായ ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നതെന്ന് വൺ എം.പി വൺ ഐഡിയ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബോളിവുഡ് താരവും മുൻ കേന്ദ്രമന്ത്രിയും ലോകസഭാംഗവും ബിജെപിയുടെ മുതിർന്ന നേതാവുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. കേരളത്തിന്റെ ആതിഥ്യമര്യാദയേയും വിവിധ മേഖലകളിലെ സമഗ്രമായ വളർച്ചയേയും മുക്തകണ്ഠം പ്രശംസിച്ച സിൻഹ, കേരളം എന്നും തന്നെ ആകർഷിക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാനത്ത് 13 തവണ ബജറ്റ് അവതരിപ്പിച്ച ആദരണീയനായ കെ എം മാണിയുടെ നേട്ടങ്ങളെ അനുസ്മരിച്ച അദ്ദേഹം, ജോസ് കെ മാണി തന്റെ പിതാവിന്റെ ഉത്തമനായ പിന്തുടർച്ചക്കാരനാണെന്ന് പറഞ്ഞു.
വൺ എം.പി വൺ ഐഡിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിച്ച പാമ്പാടി ആര്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനം ലഭിച്ച സെന്റ് ഗിറ്റ്‌സ് കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മെമെന്റോയും ചടങ്ങിൽ വച്ച് ശത്രുഘ്നൻ സിന്‍ഹ സമ്മാനിച്ചു. സെൻറ് ജോസഫ് എഞ്ചിനീയറിംഗ് കോളജ് ചൂണ്ടച്ചേരി പാലാ, സെൻറ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് പാത്താമുട്ടം, കോളജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂർ, സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ എന്നീ ടീമുകൾ നാലു മുതൽ എട്ടുവരെ സ്ഥാനങ്ങൾക്ക് അർഹരായി. കൊതുകുനിര്‍മ്മാര്‍ജനം സംബന്ധിച്ച് കണ്ടുപിടുത്തം അവതരിപ്പിച്ച മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ സ്വാതി മോഹന് ജോസ് കെ മാണി ഏർപ്പെടുത്തിയ പുരസ്കാരവും നല്കി.
വൈദ്യുതി മോഷണത്തിന്റെ തോത് അളക്കാൻ ഉപയോഗിക്കുന്ന സ്മാർട്ട് അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ എന്ന പ്രോജക്ടാണ് സെൻറ് ഗിറ്റ്സ് ടീമിന് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനത്തെത്തിയ പാമ്പാടി ആർ ഐ ടി സ്മാർട്ട് ഫ്ളഷ് സാനിട്ടേഷൻ സിസ്റ്റവും മൂന്നാമതെത്തിയ സെന്റ് ഗിറ്റ്സ് ടീം ചെലവു കുറഞ്ഞ 3D പ്രിൻറിംഗ് വിദ്യയുമാണ് മുന്നോട്ട് വച്ചത്. മാന്നാനം കെ.ഇ സ്കൂളിൽ നടന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിച്ചു. ഐഡി ഫുഡ്സ് സിഇഒ മുസ്തഫ പി.സി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ കളക്‌ടര്‍ ഡോ.ബി.എസ് തിരുമേനി ഐ.എ.എസ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ്, കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഡയറക്‌ടര്‍ ഡോ.സജി ഗോപിനാഥ്, കെ. ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ് മുല്ലശേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പ്രമോദ് നാരായണ്‍ തുടങ്ങിയര്‍ സംസാരിച്ചു. രാഷ്ട്രീയ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
വൺ എം.പി വൺ ഐഡിയ മത്സരത്തിന് ചുക്കാന്‍ പിടിച്ച, 2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ ജോസ് കെ മാണി, ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സ് സിറ്റി സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, റീജിയണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ജോസ് കെ മാണിയുടെ ശ്രമഫലമായി കോട്ടയത്തിനു ലഭിച്ചു. ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് വിവിധ ആശുപത്രികളെ നവീകരിക്കുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്‌തു. കാര്‍ഷിക മേഖലയായ കോട്ടയത്ത് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്‌ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ജോസ് കെ മാണി ജാഗരൂകനായിരുന്നു. നാളികേരത്തിന്റെ വിലത്തകര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വെട്ടിച്ചുരുക്കണം എന്നിവയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചു. റബ്ബര്‍ കാപ്പി, തേയില, ഏലം,നാളികേരം എന്നീ തോട്ട വിളകളെ കാര്‍ഷിക വിളകളായി കാണാന്‍ കഴിയില്ലെന്ന കേന്ദ്ര സെന്‍സസ് ബോര്‍ഡിന്റെ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തവരില്‍ ജോസ് കെ മാണിയും ഉണ്ടായിരുന്നു. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.
ന്യൂസ് ഡെസ്ക്
ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പുരുഷ ഡോക്ടറും ഒരു വനിതാ ഡോക്ടറുമാണ് മരിച്ചത്. സഹപാഠികള്‍ ആയ ഇവരെ ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തരും (34) പത്തനംതിട്ട സ്വദേശി ഡോ. ഷംലിനാ മുഹമ്മദ് സലീമും (34) ഒരേ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുമാരാണ്. ഇവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പറയുന്നു. ശനിയാഴ്ച രാത്രി ഡോ. ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് പോലീസിനെ അറിയിച്ചു.
പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മരണകാരണം അറിവായിട്ടില്ല. ഇബ്രാഹിമിന് ഭാര്യയും ഒരു മകനുമുണ്ട്. ഷംലീനയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്. ഷംലീനയുടെ പിതാവ് ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. നാട്ടില്‍നിന്ന് ഇരുവരുടേയും ബന്ധുക്കള്‍ ഇന്നലെ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കും.
മഴ സംഹാരതാണ്ഡവമാടിയപ്പോൾ കേരളം വെള്ളത്തിനടിയിലായി. ഈ ദുരിതക്കയത്തിൽ നിന്നും കരകേറാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ പ്രകൃതിദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴ് സിനിമാ താരങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതും മലയാള സിനിമാ സംഘടനയായ അമ്മ വാഗ്ദാനം ചെയ്ത തുക കുറഞ്ഞു പോയതും ചര്‍ച്ചയായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്താരങ്ങളെ പുകഴ്ത്തി ധാരാളം ആളുകള്‍ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ പലരും മലയാളതാരങ്ങള്‍ ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടില്ല. മഴക്കെടുതിയുടെ ഇരകള്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും സജീവമായി രംഗത്തുണ്ട്.
പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്‌ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. ഈ പരിപാടിയില്‍ ഉടനീളം താരങ്ങളും പങ്കെടുത്തു. അവശ്യവസ്തുക്കള്‍ ശേഖരിക്കാനും പാക്ക് ചെയ്യാനുമൊക്കെ താരങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലും ഇവര്‍ സഹായമഭ്യര്‍ഥിച്ചു.
[ot-video][/ot-video]
ദുരന്തബാധിതര്‍ക്കായി മലയാള സിനിമാ താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നത്. എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച നടന്‍ ജയസൂര്യ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്തു. കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വെള്ളം കയറി അലങ്കോലമായ വീടുകള്‍ വൃത്തിയാക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു.
ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി.
നേരത്തെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്. മമ്മൂട്ടി കഴിഞ്ഞ ദിവസം പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ എത്തിയിരുന്നു. ധൈര്യമായിട്ടിരിക്കാന്‍ മമ്മൂട്ടി ആളുകളോട് ആവശ്യപ്പെട്ടു. മുമ്പ് മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കാര്‍ത്തിയും സൂര്യയും കമല്‍ഹാസനുമുള്‍പ്പെടെയുള്ള തമിഴ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് തമിഴ്താരങ്ങളെ പുകഴ്ത്തിയും മലയാള താരങ്ങളെ ഇകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായത്. നല്ലതു കണ്ടാൽ ചെറുതോ വലുതോ എന്ന് നോക്കാതെ അവയെ അംഗീകരിക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
[ot-video]
[/ot-video]
[ot-video]
[/ot-video]
[ot-video]
[/ot-video]
കൊല്‍ക്കത്ത: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവും ഇദ്ദേഹത്തിനുണ്ടായി. ഇന്ന് രാവിലെ 8.30ഓടെയാണ് അന്ത്യമുണ്ടായത്. ഇദ്ദേഹം മസ്തിഷ്‌കാഘാതത്തിനും ചികിത്സയിലായിരുന്നു.
2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായത്. പിന്നീട് ആണവക്കരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ച സമയത്ത് ഇദ്ദേഹം സി.പി.എമ്മുമായി അകലുകയും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്നു.
2008ല്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ആസാമിലെ തേജ്പുരില്‍ 1929ല്‍ ആണ് സോമനാഥ് ചാറ്റര്‍ജി ജനിച്ചത്. അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്‌സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മോമോ ഗെയിമിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ്. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യാജപ്രചരണങ്ങളിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഫേസ്ബുക്കിൽ കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ സെല്ലിനേയോ, കേരള പോലീസ് സൈബർ ഡോമിനെയോ അറിയിക്കുക. എന്നാൽ വ്യാജനന്പരുകളിൽനിന്നു മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മോമോ ചലഞ്ച് വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽനിന്നാണ് ചലഞ്ചിന്റെ തുടക്കം. തുടർന്ന് കുട്ടികളുടെ കോണ്ടാക്ട് നന്പർ സ്വന്തമാക്കിയശേഷം ഓരോ ടാസ്കുകൾ നൽകുന്നു. പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ഇതിനിടെ കുട്ടികൾക്ക് മോമോ അഡ്മിൻ അയച്ചുകൊടുക്കും. സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരണ നൽകുന്നതാണ് മോമോ ചലഞ്ചിലെ ടാസ്കുകളെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, മെക്സിക്കോ, ജർമനി, അർജന്റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മോമോ ചലഞ്ചിലേർപ്പെട്ടവരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ മോമോയ്ക്കെതിരേ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിൽ മോമോയ്ക്കെതിരേ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ അതിവർഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി. രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.
തന്റെ ജീവിതവൃത്തവുമായി ഏറ്റവുമടുത്ത കേരളീയ സമൂഹത്തിന്റെ ഈ അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ ഖേദമുണ്ടെനും ഇരകളാക്കപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാലാവുന്ന പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. ഇപ്പോഴത്തെ അടിയന്തര നടപടികളിലെന്ന പോലെ, ഭാവിയിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന സുരക്ഷിതത്വ പദ്ധതികളിലും ‘യൂണിമണി’ ഉൾപ്പെടെ തങ്ങളുടെ സ്ഥാപനങ്ങൾ ഉചിതമായ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസി മലയാളികളുടെ കൂടി മനസ്സ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങൾ ദുരന്ത നിവാരണ ശ്രമങ്ങളിൽ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
സംസ്ഥാനത്തുണ്ടായ ഈ പ്രളയദുരന്തം മൂലം ജീവഹാനി വന്നവരുടെ കുടുംബങ്ങളെയും ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ട ജനങ്ങളെയും ആശ്വസിപ്പിക്കാനും പുനരധിവസിപ്പിക്കാനും പൂർണ്ണ ജനപങ്കാളിത്തത്തോടെ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ ഡോ. ബി.ആർ.ഷെട്ടിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും നല്‍കുന്ന അവസരോചിതമായ പിന്തുണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു.
മണ്ണാര്‍ക്കാട്: വീട്ടില്‍നിന്ന് നിധിയെടുത്തുകൊടുക്കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 82 ലക്ഷം രൂപ വെട്ടിച്ച സിദ്ധന്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശിയായ അബ്ദുള്‍ അസീസാണ് പോലീസ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിശ്വാസവഞ്ചന, വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പയ്യനെടം തോട്ടാശ്ശേരി സ്വദേശിനിയായ ആയിഷയെന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ രണ്ട് തവണയായി 82 ലക്ഷം രൂപ വെട്ടിച്ചത്.
ആയിഷയുടെ വീട്ടില്‍ നിധിയുണ്ടെന്നും ചില കര്‍മ്മങ്ങള്‍ നടത്തിയാല്‍ നിധിയിരിക്കുന്ന സ്ഥലം കാണിച്ചു തരാമെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. ഇതിലേക്കായി വന്‍തുക ആവശ്യമാണെന്നും ഇയാള്‍ ആയിഷയെ ബോധ്യപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റ് 7ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബര്‍ രണ്ടിന് സ്വര്‍ണം വിറ്റ വകയിലും മറ്റുമുള്ള 22 ലക്ഷവും ഇയാള്‍ക്ക് കൈമാറിയതായി ആയിഷ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 4 കോടിയുടെ ഡയമണ്ടാണെന്ന് വ്യക്തമാക്കി ഒരു കല്ല് ആയിഷയ്ക്ക് ഇയാള്‍ നല്‍കുകയും ചെയ്തു.
പിന്നീട് ഈ കല്ല് വ്യാജമാണെന്ന് മനസിലാക്കിയ ആയിഷ സിദ്ധനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷത്തിന്റെ നാല് ചെക്കുകള്‍ ഇയാള്‍ ആയിഷയ്ക്ക് കൈമാറി. ഇത് മാറാനായി ബാങ്കിനെ സമീപിച്ചെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.