ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്
ലോകത്തിന് തന്നെ പലപ്പോഴും മാതൃകയായിട്ടുള്ള കേരളത്തിന് വീണ്ടം ചരിത്രമുഹൂര്‍ത്തം. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തിലാണ് ഇന്ന് മലയാളക്കര.
ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. കേരളത്തിലാധ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നത്.
തിരുവനന്തപുരം പ്രസ്ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ സജ്ജീകരിച്ച പന്തലില്‍ വെച്ചാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി.
കേരളത്തിന്‍റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു.
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് കൊളീജിയം ഉടന്‍ യോഗം ചേരണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്.
നേരത്തെ ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ചേര്‍ന്നെങ്കിലും നിയമന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യം പരിഗണിക്കാന്‍ വീണ്ടും കൊളീജിയം യോഗം വിളിക്കുമെന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊളീജിയം യോഗം ഇത്രയും നാള്‍ കഴിഞ്ഞിട്ടും വിളിച്ചുചേര്‍ത്തില്ല.
ഈയൊരു സാഹചര്യത്തിലാണ് അടിയന്തിരമായി കൊളീജിയം യോഗം വിളിച്ചുചേര്‍ക്കണമെന്നും ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും അയക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കഴിഞ്ഞദിവസമാണ് ഇവര്‍ പ്രത്യേക യോഗം ചേര്‍ന്നത്.
നിലവില്‍ കൊളീജിയം വീണ്ടും കെ.എം. ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്താല്‍ അത് കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരും. എന്നാല്‍ അതിന് കൊളീജിയം ഐക്യകണ്‌ഠ്യേനെ അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്യണം. ഇക്കാര്യത്തില്‍ കൊളീജിയത്തില്‍ അഭിപ്രായഭിന്നതയില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഹൈദരാബാദ്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് വീണ്ടും ബിജെപി. താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി ദിവാസ്വപ്‌നം കാണുകയാണെന്നും 2024 വരെ പ്രധാനമന്ത്രി പദത്തില്‍ ഒഴിവുവരില്ലെന്നും ബിജെപി പരിഹസിച്ചു.
ബിജെപി നേതാവ് ഷാനവാസ് ഹുസൈനാണ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. 2024 വരെ പ്രധാനമന്ത്രി പദത്തില്‍ ഒഴിവ് വരില്ലെന്നും 2019 ല്‍ മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. 2019 ലെ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 13 സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുകൂടി അധികാരത്തില്‍ നിന്ന് പുറത്തായി. കര്‍ണാടകയാണ് അടുത്തതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
കര്‍ണാടകയില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ചോദ്യങ്ങള്‍ ഉയരാതിരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി. കര്‍ണാടകയിലും ബിജെപി അധികാരത്തിലെത്തുമെന്നും ഷാനവാസ് ഹുസൈന്‍ അവകാശപ്പെട്ടു.
ന്യൂഡല്‍ഹി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മീരിലെ പ്രക്ഷോഭകരോട് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ലെന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മിരിലെ യുവാക്കള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടാന്‍ പ്രേരിപ്പിക്കുന്നവരേക്കുറിച്ച് കരസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചു. ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായി അതിനുവേണ്ടി നടക്കേണ്ടതില്ല. നിങ്ങളെന്തിനാണ് ആയുധമെടുക്കുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ആസാദി എന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്നവരോടാണ് തങ്ങള്‍ ഏറ്റുമുട്ടുന്നതെന്നും കരസേനാ മേധാവി പറഞ്ഞു.
ഏറ്റുമുട്ടലില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെടുന്നുവെന്നത് പ്രധാനമല്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നു. ഇതെല്ലാം വെറുതെയാകുമെന്നാണ് എനിക്ക് അവരോട് പറയുനുള്ളത്. ഒരിക്കലും അവരേക്കൊണ്ട് സാധിക്കില്ല. സൈന്യവുമായി ഏറ്റുമുട്ടാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലുന്നതില്‍ ഞങ്ങള്‍ സന്തോഷം കാണാറില്ല. പക്ഷെ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. രക്ഷാ സേന ക്രൂരന്‍മാരല്ലെന്ന് കശ്മീരികള്‍ മനസിലാക്കണം. സിറിയയിലേക്കും പാകിസ്താനിലേക്കും നോക്കൂ- അവര്‍ ടാങ്കുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചാണ് ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. എത്രവലിയ പ്രകോപനമുണ്ടായാലും സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ സൈന്യം പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കള്‍ കോപാകുലരാണ് എന്ന് മനസിലാകുന്നു. പക്ഷെ അതിന് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതുപോലെയുള്ള ആക്രമണങ്ങളല്ല അതിനായുള്ള വഴിയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
കശ്മീരില്‍ സമാധാനം വരണമെങ്കില്‍ ആളുകള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. സൈനിക നടപടി നടക്കുമ്പോള്‍ അത് തടസപ്പെടുത്താന്‍ ആളുകള്‍ കൂട്ടമായി അവിടേക്കെത്തുന്നതെന്തിനെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. സുരക്ഷാ സേനയോട് ഏറ്റുമുട്ടുന്നവര്‍ കൊല്ലപ്പെടരുത് എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയുധം താഴെവെച്ച് തിരികെ വരാന്‍ അവരോട് പറയുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ ആരും കൊല്ലപ്പെടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ സൈനിക നടപടി അപ്പോള്‍ തന്നെ തങ്ങള്‍ നിര്‍ത്തിവെക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാന്‍ പ്രേരിപ്പിച്ച് അവര്‍ സേനയെ കൂടുതല്‍ അക്രമാസക്തമാക്കുകയാണ് ചെയ്യുന്നതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരോ അവരുടെ പ്രതിനിധികളോ ഗ്രാമങ്ങളില്‍ ചെന്ന് അവരോട് സംസാരിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ ആക്രമിക്കപ്പെടുമോ എന്ന് ഭയന്ന് അവര്‍ മാറിനില്‍ക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇവിടെ സമാധാനമായ അന്തരീക്ഷമുണ്ടാകണം. ഇപ്പോള്‍ നടത്തുന്നതൊക്കെ വ്യര്‍ഥമായ പരിശ്രമങ്ങളാണെന്ന് അവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വ്യത്യസ്തമായി ചിന്തിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ തങ്ങള്‍ കീഴടങ്ങിയവരാണെന്ന് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്നു. ഇതൊരു പുതിയ പ്രവണതയാണ്. കീഴടങ്ങിയവരായോ, അറസ്റ്റ് ചെയ്യപ്പെട്ടവരായോ അറിയപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഏറ്റുമുട്ടലിനിടെ പരിക്ക് പറ്റി സൈന്യത്തിന്റെ പിടിയിലായവരാണെന്ന് അറിയപ്പെടാന്‍ ഇവര്‍ ശ്രമിക്കുന്നു. അവരില്‍ ഒരു ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബുഡ്ഗാമില്‍ കഴിഞ്ഞ വര്‍ഷം യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെ ബിപിന്‍ റാവത്ത് ന്യായീകരിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തേയും കല്ലെറിയുന്നതിനേയും തടയാന്‍ അതല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ ആള്‍കൂട്ടത്തിന് നേരെ നിറയൊഴിക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.75 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
പരീക്ഷ എഴുതിയതില്‍ 3,09,065 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത് കണ്ണൂരില്‍ നിന്നുമാണ്. 86.75 ശതമാനമാണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനം വിജയം വന്നിരിക്കുന്നത്് പത്തനംതിട്ടിയിലാണ്. 77.16 ശതമാനമാണ് പത്തംതിട്ടിയിലെ വിജയശതമാനം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 90.24 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത്. 14,375 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി.
സേ പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കൊച്ചി : രണ്ടുലക്ഷം രൂപ വായ്‌പയെടുത്തതിനു രണ്ടരക്കോടി രൂപ വിലവരുന്ന വീട്ടില്‍നിന്നു കുടിയിറക്കപ്പെടുന്ന അവസ്‌ഥയിലെത്തിയ വീട്ടമ്മയ്‌ക്ക് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാഴായി. വീടും സ്‌ഥലവും ജപ്‌തി ചെയ്യുന്നതിനെതിരേ ചിതയൊരുക്കി നിരാഹാരസമരം നടത്തിയ ഇടപ്പള്ളി മാനാത്തുപാടം പ്രീത ഷാജി ഇപ്പോള്‍ ജപ്‌തിഭീഷണിയിലാണ്.
നാളെ രാവിലെ 11 മണിക്കു മുമ്പ് വീട് ഒഴിഞ്ഞു നല്‍കിയില്ലെങ്കില്‍ പോലീസ് സഹായത്തോടെ ജപ്‌തി നടത്തുമെന്നു കാണിച്ച് അഡ്വ. കമ്മിഷണര്‍ ഇന്നലെ നോട്ടീസ് നല്‍കി. വീടിനു മുന്നില്‍ ചിത ഒരുക്കി ആരംഭിച്ച സമരം 300 ദിവസം പൂര്‍ത്തിയാക്കിയ ദിവസമാണു ജപ്‌തി നോട്ടീസ് ലഭിച്ചത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ കുടുംബസമേതം ജീവനൊടുക്കുമെന്നു പ്രീത ഷാജി മുന്നറിയിപ്പ് നല്‍കുന്നു. 24 വര്‍ഷം മുമ്പ് ലോര്‍ഡ് കൃഷ്‌ണ ബാങ്കില്‍നിന്നു രണ്ടു ലക്ഷം രൂപ വായ്‌പയെടുക്കാന്‍ സുഹൃത്തിനു ജാമ്യം നിന്നതാണു പ്രീതയുടെ കുടുംബത്തെ കടക്കെണിയിലാക്കിയത്. വായ്‌പ എടുത്ത ആള്‍ പണം തിരിച്ചടക്കാതെവന്നതോടെ 1997 ല്‍ നാല് സെന്റ് സ്‌ഥലം വിറ്റ് ബാങ്ക് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ ലോര്‍ഡ് കൃഷ്‌ണാ ബാങ്ക് എച്ച്.ഡി.എഫ്.സി. ഏറ്റെടുത്തു. അതോടെ രണ്ടുലക്ഷം രൂപയുടെവായ്‌പയ്‌ക്കു കുടിശിക അടക്കം 2 കോടി 70 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്നായിരുന്നു എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആവശ്യം.
ഇത് നിരാകരിച്ചതോടെ വായ്‌പ ഈടായി നല്‍കിയ വസ്‌തു ലേലത്തിനുവച്ചു. രണ്ടരക്കോടി രൂപയോളം വിപണി വിലവരുന്ന വീടും സ്‌ഥലവും 37 ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്‌തു.
കടത്തില്‍ വീണ ആളുടെ വസ്‌തു ചുളുവിലയ്‌ക്കു കച്ചവടം ചെയ്യാന്‍ കോഴ വാങ്ങിയതിനു സി.ബി.ഐ. അറസ്‌റ്റ് ചെയ്‌ത രംഗനാഥനെയായിരുന്നു ബാങ്ക് ഡി.ആര്‍.ടി. റിക്കവറി ഓഫീസറായി നിയമിച്ചത്. ഇയാളുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്. എന്നാല്‍ കുടുംബത്തെ കുടിയിറക്കാന്‍ വന്ന ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ വീട്ടമ്മ ചിത ഒരുക്കി സമരം ആരംഭിച്ചു. അതുകൊണ്ടും പ്രയോജനമില്ലാതെവന്നതോടെ നിരാഹാരസമരം ആരംഭിച്ചു. വീട്ടമ്മയുടെ ആരോഗ്യസ്‌ഥിതി വഷളായതോടെ കഴിഞ്ഞ മാര്‍ച്ച് ഏഴിന് ജപ്‌തി നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കലക്‌ടര്‍ നേരിട്ടെത്തി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വീട്ടമ്മ സമരം അവസാനിപ്പിച്ചത്.
ഇവരുടെ ദയനീയാവസ്‌ഥ എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, എം. സ്വരാജ് എന്നിവര്‍ നിയമസഭയിലും ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട ലേല നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ കലക്‌ടര്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി. ആസൂത്രണ സാമ്പത്തിക വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രീതയുടെ ഭര്‍ത്താവ് ഷാജി സി.ബി.ഐക്കും പരാതി നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ നടന്നുവരവേയാണു മുഖ്യമന്ത്രിയുടെ ഉറപ്പുപോലും കാറ്റില്‍ പറത്തി വീണ്ടും ജപ്‌തി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്ന് വിരമിക്കുന്നു. കമ്പനി അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബന്‍സാല്‍ തന്റെ രാജി സന്നദ്ധത അറിയിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്റെ ജോലി കഴിഞ്ഞു, ഇത് കൈമാറാന്‍ സമയമായിരിക്കുന്നു എന്നാണ് ബന്‍സാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. ഇന്ത്യന്‍ വിപണിയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിളിപ്കാര്‍ട്ടിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മേഖലയില്‍ നിന്ന് ഏറെക്കാലം വിട്ടു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗെയിമിംഗ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തിപരമായ ചില പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുത്തത്. 20 ബില്യണ്‍ ഡോളറിന് ഫ്ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. രാജ്യാന്തര ഇ-കൊമേഴ്സ് രംഗത്തെ ഭീമനായ ആമസോണ്‍ ഫ്ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് വാള്‍മാര്‍ട്ട് കരാറുറപ്പിക്കുകയായിരുന്നു. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെയും ഏറ്റവും വലിയ ഏറ്റെടുക്കലായി ഇതിനെ കണക്കാക്കുന്നു.
ആമസോണില്‍ ജീവനക്കാരായിരുന്ന ഐ.ഐ.ടി ബിരുദധാരികളായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും 2007ല്‍ സ്ഥാപിച്ചതാണ് ഫ്ളിപ്പ്കാര്‍ട്ട്. ഓണ്‍ലൈന്‍ വഴി പുസ്തകങ്ങളുടെ വില്‍പ്പന നടത്തി ആരംഭിച്ച സ്ഥാപനം മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് കൂടിയ വ്യാപിപ്പിക്കുകയായിരുന്നു. നിലവില്‍ 33,000 തൊഴിലാളികളുണ്ട് ഫ്ളിപ്പ്കാര്‍ട്ടിന് കീഴില്‍.
വധുവിന്റെ പേരിലെ പ്രത്യേകതയാല്‍ വൈറലായ വിവാഹക്ഷണക്കത്തിനെ തുടര്‍ന്നു ഫോണ്‍ വിളികളാല്‍ പൊറുതിമുട്ടിയ വരന്‍ പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. കോഴിക്കോട് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്നാഗിതിയുടെ പേരിന്റെ പേരില്‍ പുലിവാലു പിടിച്ചത്.
വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍ മീത്തല്‍ ഹരിദാസന്റെ മകള്‍ ദ്യാനൂര്‍ഹ്നാഗിതിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് വധുവിന്റെ പേരിന്റെ പ്രത്യേകതയാല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വധുവിന്റെ പേരു ശരിയായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട ക്ഷണക്കത്ത് വധുവിന്റെ പേരിന്റെ പ്രത്യേകതയാല്‍ ഞൊടിയിടയില്‍ വൈറലാവുകയായിരുന്നു.
ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവ് വേലായുധന്റെയും ഫോണുകള്‍ക്കു പിന്നീട് വിശ്രമമില്ലാതായി. എല്ലാവര്‍ക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകയെക്കുറിച്ചും അതിന്റെ അര്‍ഥമെന്താണെന്നുമായിരുന്നു. മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലര്‍ ചീത്തവിളിക്കാനും തുടങ്ങിയതോടെയാണ് സൈബര്‍ സെല്ലിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
തൃശൂര്‍: സ്വയം ചിതയൊരുക്കിയ ശേഷം 65കാരന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍, മാള, കനകക്കുന്നിലാണ് സംഭവം. മാണിയംപറമ്പില്‍ പ്രകാശന്‍ ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ചിതയില്‍ മൃതദേഹം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കാല്‍ഭാഗം മാത്രമാണ് ശേഷിച്ചത്.
ആത്മഹത്യയ്ക്ക് ഇയാള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ് കരുതുന്നു. ചിതയൊരുക്കാനായി വീട്ടുവളപ്പില്‍ സ്വയം കുഴി തയ്യാറാക്കി വിറകുകള്‍ നിറച്ചു. മഴപെയ്താല്‍ തീ കെടാതിരിക്കാന്‍ മുകളില്‍ ഇരുമ്പുഷീറ്റുകള്‍ കൊണ്ട് മറയും തീര്‍ത്തിരുന്നു. പുരയിടത്തിന് ചുറ്റുമതിലുള്ളതും തൊട്ടടുത്തായി വീടുകള്‍ ഉണ്ടായിരുന്നതും സംഭവം സമീപവാസികളുടെ ശ്രദ്ധയിപ്പെടാതിരിക്കാന്‍ കാരണമായെന്ന് കരുതുന്നു.
ആത്മഹത്യക്ക് കാരണമെന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇളയമകളുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് : നീറ്റ് പരീക്ഷയുടെ പേരിൽ ആചാര വസ്ത്രങ്ങൾ അഴിപ്പിക്കുക, ശിരോ വസ്ത്രം ഊരിക്കുക, മാലയും, വളയും ഊരിക്കുക, വസ്ത്ര ധാരണം നിശ്ചയിക്കുക തുടങ്ങി പലതും വാര്‍ത്തയായിരുന്നു. ഒടുവിൽ ഇതാ പാലക്കാട് നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ എത്തിയ 25 പെൺകുട്ടികളുടെ ബ്രാ അഴിപ്പിച്ച ശേഷമാണ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബ്രാ ഇട്ട് നീറ്റ് പരീക്ഷ എഴുതാൻ ആകില്ലെന്ന് ശഠിച്ച പരീക്ഷാ നടത്തിപ്പുകാർക്ക് ഒടുവിൽ പെൺകുട്ടികൾ വഴങ്ങേണ്ടിവന്നു. അവരേ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പറയുന്നത് അതേ പടി അവർക്ക് ഒരു പരീക്ഷക്കായി സമ്മതിക്കേണ്ടിവന്നു.
പരീക്ഷയിൽ കോപ്പിയടി തടയാൻ നിരീക്ഷരുണ്ട്. ക്യാമറകൾ സ്ഥാപിക്കാം. ശാസ്ത്രീയ അനലൈസ് നടത്താം. ശാസ്ത്രം ഇത്ര പുരോഗതി പ്രാപിച്ച കാലത്തും ഒരു പരീക്ഷക്ക് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചത് ഗൂഡ ഉദ്ദേശത്തോടെ ആണെന്ന് കുട്ടികള്‍ ആരോപിക്കുന്നു.
സംഭവം ഇങ്ങനെ:
മെയ് 6ന് നടന്ന നീറ്റ് പരീക്ഷയിലാണ് ഈ സംഭവം നടന്നത്. സമയം 9.30ന്…ആദ്യ ഗേറ്റിൽ ചെന്നപ്പോൾ കടത്തിവിട്ടു. പിന്നീടുള്ള ഗേറ്റില്‍ ബ്രായിലേ കൊളുത്ത് മെറ്റൽ ആയതിനാൽ ബ്രാ ഊരണമെന്ന് ശാഠ്യം. എതിർത്തപ്പോൾ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾ പുറത്ത്. ആരുമായും ഒന്ന് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതിയിൽ പെൺകുട്ടികൾ ബ്രാ ഊരി. അടുത്ത ഗേറ്റിൽ ചെന്നപ്പോൾ ഒരു സ്ത്രീ ചാക്കുമായി നില്ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതിൽ ബ്രായിടുന്ന ഓരോ പെൺകുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേർ കൂടി എഴുതി നല്കി വേണം ചാക്കിൽ ഇടാൻ.
പരീക്ഷ തുടങ്ങി. 10.30 മുതൽ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകൻ പെൺകുട്ടികൾ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ നോക്കൽ. ശല്യം അസഹനീയം. പെൺകുട്ടികൾക്ക് അസ്വസസ്ഥത. പെൺകുട്ടികൾ ചിലർ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു. പുറത്ത് പറയാനാകില്ല. പുറത്ത് പറഞ്ഞാൽ ബഹളം ഉണ്ടാക്കിയതിന് പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. ഈ കാരണങ്ങളാല്‍ തന്നെ പെൺകുട്ടികൾ സഹിച്ചു. പലരും കരഞ്ഞും ചോദ്യപേപ്പർ കൊണ്ട് മാറിടം മറച്ചുമാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്.