ന്യൂദല്‍ഹി: ഔറംഗാബാദിലെ പൊതുമധ്യത്തില്‍ സൈനികനെ ഒരുകൂട്ടം ആളുകള്‍ തല്ലിച്ചതക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും നിതീഷ് കുമാറിന്റെ ഭരണമികവാണ് ഇതിലൂടെ വെളിവാകുന്നതെന്നും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിക്കുന്നു.
നിതീഷ് ജീ, നിങ്ങളുടെ കണ്ണിന് മുന്നില്‍ നടക്കുന്ന ഈ ഗുണ്ടാരാജ് നിങ്ങള്‍ കാണുന്നില്ലേ? ലോക്കല്‍ പൊലീസ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ വെച്ചാണ് ഒരു സൈനികനെ ചിലയാളുകള്‍ ചേര്‍ന്ന് ഇത്രയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുന്നത്. ജീവന് വേണ്ടി മല്ലിടുകയാണ് അദ്ദേഹമിപ്പോള്‍. നിങ്ങള്‍ക്കുള്ളില്‍ അല്പമെങ്കിലും മനസാക്ഷി ബാക്കിയുണ്ടെങ്കില്‍ ആ ഗംഗാനദിയില്‍ പോയി ഒന്ന് മുങ്ങുന്നത് നന്നാവും”- തേജസ്വി യാദവ് ട്വിറ്ററില്‍ പറയുന്നു.
അവധിക്കാലം ആഘോഷിക്കാനായാണ് സൈനികന്‍ ഔറംഗാബാദില്‍ എത്തിയത്. ഒരു മണിക്കൂറോളം നേരമാണ് ചില ക്രിമിനലുകള്‍ അയാളെ മര്‍ദ്ദിച്ചത്. മരണത്തിന്റെ വക്കിലാണ് ഇപ്പോള്‍ ഇദ്ദേഹം. എന്നിട്ടും പൊലീസുകാര്‍ ഇതിനെല്ലാം മൂകസാക്ഷിയാകുന്നു. ഒരു ആര്‍മി ജവാന്‍ പോലും പൊതുമധ്യത്തില്‍ വെച്ച് ഇത്തരത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ ബി.ജെ.പിയുടെ സഹായത്തോടെ എന്തുതരം ദേശീയതയാണ് നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് ‘ എന്നും തേജസ്വി യാദവ് ചോദിക്കുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
മുംബൈ: ദളിത് വീടുകളില്‍ പോയി ആഹാരം കഴിച്ച് ബി.ജെ.പി നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം നാടകങ്ങള്‍ക്ക് പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ. ബി.ജെ.പി നേതാക്കള്‍ ദളിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കണമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു. മുംബൈയില്‍ ദളിതര്‍ക്ക് വേണ്ടി ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
ദളിതരുടെ വീടുകള്‍ സന്ദര്‍ശിച്ചത് കൊണ്ട് മാത്രമായില്ല. ദളിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അവര്‍ നമ്മെ സ്വീകരിക്കുന്നത് പോലെ അവരെ സ്വീകരിക്കാന്‍ നമ്മളും തയ്യാറാകണം. അഷ്ടമി നാളില്‍ ദളിത് പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പെണ്‍മക്കളെ ദളിതരുടെ വീടുകളിലേക്ക് അയക്കാന്‍ നാം തയ്യാറാകുമോ-ഭാഗവത് ചോദിച്ചു. ആര്‍.എസ്.എസ് അധ്യഷന്റെ അഭിപ്രായത്തോട് വേദിയിലുണ്ടായിരുന്ന വി.എച്ച്.പി നേതാവ് അലോക് കുമാറും യോജിച്ചു.
എല്ലാ ബി.ജെ.പി മന്ത്രിമാരും എം.പിമാരും 50 ശതമാനത്തിന് മുകളില്‍ ദളിത് ജനസംഖ്യയുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ആഹാരം കഴിക്കുന്നതിനുള്ള പദ്ധതിയായ ഗ്രാമ സ്വരാജ് അഭിയാന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ കൊണ്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടാകില്ലെന്ന് ബി.ജെ.പിയുടെ ദളിത് എംപി ഉദിത് രാജ് വിമര്‍ശിച്ചിരുന്നു. ഈ പദ്ധതി ദളിതരുടെ അപകര്‍ഷതാ ബോധം വര്‍ധിപ്പിക്കുകയേയുള്ളൂ. ദളിത് ഭവനങ്ങളില്‍ ഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി നടത്തിയ നീക്കമാണ് കോണ്‍ഗ്രസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നും ഉദിത് രാജ് പറഞ്ഞിരുന്നു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ തുടങ്ങിയ നേതാക്കളുടെ പേരില്‍ സി.പി.എം നേതാവിന്റെ സഹോദരന്റെ സാമ്പത്തിക തട്ടിപ്പ്. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സഹോദരന്‍ പി.സതീശന്‍ ആണ് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി ആളുകളില്‍ നിന്ന് പണം വാങ്ങുന്നത്. പാര്‍ട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ്. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് തട്ടിപ്പ് വാര്‍ത്ത പുറത്തുവിട്ടത്.
ആശ്രിത നിയമത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതി കൈപ്പറ്റാന്‍ പോലും തയ്യാറാകാതെ കസബ എസ്.ഐയും. പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്നാണ് പി.സതീശന്‍ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയത്. നാല്പതിനായിരം രൂപ ആദ്യം വാങ്ങി. പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന പേരില്‍ രണ്ടു ലക്ഷം രൂപം വാങ്ങി. ഈ തുകയ്ക്ക് ഈടായി ചെക്കും നല്‍കി. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല.
ഇതേതുടര്‍ന്ന് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. പരാതിക്കാരിയും കൂടെ വന്നയാളും ഇത് ചോദ്യം ചെയ്തതോടെ എസ്.ഐ മറ്റൊരു പോലീസുകാരനൊപ്പം ബൈക്കില്‍ കയറി സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കു പോയി. സി.ഐ വന്നശേഷം പരാതി സ്വീകരിക്കാമെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഉച്ചയോടെ സ്‌റ്റേഷനില്‍ എത്തിയ സി.ഐ പരാതി സ്വീകരിച്ചു.
അതേസമയം, പി.സതീശന്റെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ണൂരിലും കോഴിക്കോടും പി.സതീശന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കസബ സ്‌റ്റേഷന്‍ പരിധിയിലാണ് നിലവില്‍ പരാതിയുള്ള തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ പരാതിയൊന്നും ഇല്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പി.സതീശന്‍ പറഞ്ഞു.
അതേസമയം, പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. സി.സ്‌റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. നാല്പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി.
ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസംഘര്‍ഷത്തെതുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലിയാണ് സംഘര്‍ഷം രൂക്ഷമായത്. ഇന്ന് അര്‍ധരാത്രിവരെ ഇന്റര്‍നെറ്റ് സേവനകള്‍ നിര്‍ത്തിവെച്ചു. കൂടുതല്‍ കേന്ദ്രസേനയെ സര്‍വകലാശാലാ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പുറത്തുനിന്നെത്തിയ തീവ്രവലതുപക്ഷ വിദ്യാര്‍ഥിസംഘടനകളും ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അലിഗഡിലെ വിദ്യാര്‍ഥികളുമാണ് പൊലീസുമായി ഏറ്റുമുട്ടിയത്.
കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം രംഗത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രം സര്‍വകലാശാലയുടെ ചുവരില്‍ തൂക്കിയതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് എംപി അലിഗഡ് വിസിക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു.
സര്‍വ്വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്രമണം സംഘടിപ്പിച്ചത്. സര്‍വകലാശാലയുടെ സ്ഥാപകനാണ് മുഹമ്മദലി ജിന്ന. സര്‍വകലാശാലയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ച ജിന്നയുടെ ചിത്രത്തെച്ചൊല്ലി സംഘര്‍ഷത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍വകലാശാല അധികാരികളുടെ പക്ഷം.
കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്തിയത് വലിയ ചക്ക എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെന്ന് പ്രതി. പാലാ പൂവരണി കിഴവറപ്പള്ളില്‍ സഖറിയ ചാക്കോ(കുട്ടി-56) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തല്‍. പ്രതിയായ പൂവരണി പുറത്തേല്‍ ജോസ് അറസ്റ്റിലായിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോളാണ് പ്രതി ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം സമീപത്തെ പുരയിടത്തില്‍ നിന്ന പ്ലാവില്‍ കയറി ജോസ് ചക്കയിട്ടു. ജോസ് മരത്തില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് താഴെ നില്‍ക്കുകയായിരുന്ന സഖറിയ കൂട്ടത്തില്‍ വലിപ്പം കൂടിയ ചക്കയെടുത്ത് ഒളിപ്പിച്ചു. മരത്തിലിരുന്ന ജോസ് ഇതുകണ്ട് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഒളിപ്പിച്ച ചക്ക സഖറിയ തിരികെ എത്തിച്ചു. ഇതിനു ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കം തുടരുകയും ജോസ് കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. സഖറിയയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ജോസിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വിവിപാറ്റുകളും എണ്ണി നോക്കണമെന്ന് ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പാര്‍ട്ടി സമര്‍പ്പിച്ചത്.
ആം ആദ്മി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍
1. പാരിസ്ഥിതികമായി വലിയ ദോഷം ഉണ്ടാക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കണം എന്നൊരു നിര്‍ദ്ദേശം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയതായിട്ട് ആണ് അറിയുന്നത്. എന്നാല്‍ ചെങ്ങന്നൂരില്‍ അത്തരം നിയന്ത്രണങ്ങള്‍ മറ്റു പല പാര്‍ട്ടികളും പാലിച്ചതായി കാണുന്നില്ല. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്.മണ്ണിനേയും ജലത്തെയും നശിപ്പിക്കുന്ന ഫ്‌ലക്‌സ് പോലെയുള്ള വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
2. തെരഞ്ഞെടുപ്പ് യന്ത്രം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ഇപ്പോള്‍ നടന്നുവരികയാണ്. 100% യന്ത്രങ്ങളിലും വിവിപാറ്റ് (VVPAT) ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായിട്ടാണ് അറിയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പു വരുത്തുവാന്‍ വേണ്ടി ഈ വിവിപാറ്റുകള്‍ നൂറുശതമാനവും എണ്ണണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
പ്രണവ് രാജ്
ചെങ്ങന്നൂര്‍ : മോഡിയെപ്പോലെ തന്നെ പിണറായി വിജയനും ആം ആദ്മി പാര്‍ട്ടിയെയും , ചെങ്ങന്നൂരിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെയും വല്ലാതെ ഭയക്കുന്നു എന്നാണ് സമീപകാല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത് . ആം ആദ്മി പാര്‍ട്ടി വെറും ഫേസ്ബുക്ക് പാര്‍ട്ടിയാണ് , അവര്‍ക്ക് പ്രത്യേകശാസ്ത്രമില്ല , അവര്‍ക്ക് ഭരിക്കാന്‍ അറിയില്ല , അവര്‍ ഒരു പ്രതിഭാസം മാത്രമാണ് , ഒരു വര്‍ഷംകൊണ്ട് അവര്‍ ഇല്ലാതാകും എന്നൊക്കെ പറഞ്ഞ് പരിഹസിച്ചിരുന്ന സിപിഎം തന്നെയാണ് ചെങ്ങന്നൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും .
കെജരിവാളിനും , ആം ആദ്മി പാര്‍ട്ടിക്കും എതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പല രീതിയിലുള്ള കുപ്രചരണങ്ങള്‍ നടത്തിയിട്ടും ലക്ഷക്കണക്കിന് ജനങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി അനുദിനം മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത് . ഇന്ത്യയിലും വിദേശത്തും ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത രാജ്യത്തെ മുത്തശി പാര്‍ട്ടികളായ ഇടത് – വലത് – ബിജെപി മുന്നണികളുടെ നിലനില്‍പ്പിനെ തന്നെയാണ് അപകടത്തിലാക്കിയിരിക്കുന്നത് . അതുകൊണ്ട് തന്നെ അവര്‍ പരസ്പരമുള്ള ശത്രുത മറന്ന് രഹസ്യവും പരസ്യുമായ എല്ലാതരം നീക്കുപോക്കുകളും നടത്തി ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ അവര്‍ എടുത്തിരിക്കുന്ന മൌനവും .
വി വി പാറ്റ് മെഷീനുകളെപ്പറ്റി ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
മോഡി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ആയിരക്കണക്കിന് ഇലക്ട്രോണിക് മെഷീനുകള്‍ ഉപയോഗിച്ച് കള്ള വോട്ടിംഗ് നടന്നതായും , അങ്ങനെയാണ് പല സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്തത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും , മുത്തശി പാര്‍ട്ടികളായ ഇക്കൂട്ടര്‍ വളരെ അപകടകരമായ മൌനമാണ് ഈ കാര്യത്തില്‍ സ്വീകരിച്ചു വരുന്നത് . അവര്‍ മോഡിയെക്കാള്‍ ഉപരി കെജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയുമാണ് പേടിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. തങ്ങള്‍ പരസ്പരം നടത്തുന്ന കൂട്ട് കച്ചവടം ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം . അതുകൊണ്ട് തന്നെയാണ് ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വരുന്ന എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളിലും അവര്‍ ഒറ്റക്കെട്ടായി നിലപാടുകള്‍ എടുക്കുന്നതും.
അതിന്റെ ഏറ്റവും വലിയ തെളിവാണ് ചെങ്ങന്നൂരില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകളും എണ്ണി റിസള്‍ട്ട് പ്രഖ്യാപിക്കണം എന്ന് അവര്‍ ആവശ്യപ്പെടാത്തതും . എന്നാല്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും , ചെങ്ങന്നൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണി തിട്ടപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത് കോടതിയില്‍ കേസ് നല്‍കി കാത്തിരിക്കുകയാണ്.
ചെങ്ങന്നൂരിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ പോള്‍ ചെയ്യപ്പെടുന്ന വെറും ഒന്നര ലക്ഷത്തോളം വരുന്ന വോട്ടുകള്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകളിലും യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ പോള്‍ ചെയ്യപ്പെട്ടത് എന്ന് ഉറപ്പാക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണ് . എന്നാല്‍ ബൂത്ത് പിടിച്ചടക്കി കള്ളവോട്ടുകള്‍ ചെയ്ത് തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് കയറിയിട്ടുള്ള ഈ പാര്‍ട്ടികള്‍ എങ്ങനെയാണ് സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രീയയെ അംഗീകരിക്കുന്നത് എന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം.
അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ ധൈര്യമായി ഒരു നിലപാട് സ്വീകരിക്കാന്‍ ചെങ്ങന്നൂരിലെ ഇടത് – വലത് -ബിജെപി സ്ഥാനാര്‍ത്ഥികള്‍ തയ്യാറല്ല എന്നതാണ് സത്യം . കാരണം ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ അവരെ വല്ലാതെ ഭയപ്പെടുത്തുന്നു . മാധ്യമങ്ങള്‍ തള്ളികളഞ്ഞിട്ടും ചെങ്ങന്നൂരിലെ ജനങ്ങള്‍ രാജീവ് പള്ളത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പ്രചരണത്തില്‍ ഉടനീളം കാണുന്നതെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നു . ഈ മൂന്നു മുന്നണികള്‍ക്കും എതിരായി ആം ആദ്മി പാര്‍ട്ടി വളര്‍ന്നു വരണമെന്നാണ് ചെങ്ങന്നൂരിലെ ജനങ്ങള്‍ തന്നോട് ആവശ്യപ്പെടുന്നത് എന്ന് രാജീവ് പള്ളത്ത് വ്യക്തമാക്കുന്നു.
സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാല്‍ രാജീവ് പള്ളത്ത് ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവരെ ഭയപ്പെടുത്തുന്ന യഥാര്‍ത്ഥ പ്രശ്നം . അതുകൊണ്ടുതന്നെ പരസ്പരം വോട്ടുകള്‍ വിറ്റുകൊണ്ടോ , ഇലക്ട്രോണിക് മെഷീനില്‍ തിരിമറി നടത്തിയോ ആണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ കേരളത്തില്‍ വളരാന്‍ അനുവദിക്കരുത് എന്നാണ് അവര്‍ മൂന്നു കൂട്ടരും ആഗ്രഹിക്കുന്നത് . ഈ മാസം ഇരുപതിന് പരിഗണിക്കുന്ന കേസ്സില്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണം എന്ന് വിധി വന്നാല്‍ അത് ഏറ്റവും കൂടുതല്‍ വെട്ടിലാക്കുന്നത് കേരളത്തിലെ മുത്തശി പാര്‍ട്ടികളെ തന്നെയാണ് .
വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണിയാല്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി നേടുന്ന വോട്ടുകള്‍ എത്രയെന്ന് കൃത്യമായി പുറത്ത് വരും . അത് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ തുറന്ന് കാട്ടും . അതോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും , വിവിപാറ്റ് മെഷീനിലെയും രേഖപ്പെടുത്തിയ വോട്ടുകളില്‍ തമ്മില്‍ വ്യത്യാസം വന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തട്ടിപ്പ് പുറത്ത് വരുകയും ചെയ്യും . അതുകൊണ്ടുതന്നെയാണ് ഈ പ്രശ്നത്തില്‍ ഈ മൂന്നു പാര്‍ട്ടികളും വ്യക്തമായ മൌനം പാലിക്കുന്നതും.
രാജ്യം ഇത്രവലിയ അപകടകരമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും അതിന് കാരണമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഈ കപട നിലപാടുകളിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഇതിനെതിരെയെല്ലാം ജനമാനസാക്ഷിക്കൊപ്പം നിന്ന് വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതുകൊണ്ടാണ് രാജ്യത്താകെയുള്ള ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കി മുന്നോട്ട് വരുന്നതും .
ചെങ്ങന്നൂരിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെ കേരളത്തിലെ ആദ്യ ആം ആദ്മി എം എല്‍ എയായി നിയമസഭയില്‍ എത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് കേരളത്തിലും ലോകം മുഴുവനിലുമുള്ള ആം ആദ്മി പ്രവര്‍ത്തകര്‍ . നൂറുകണക്കിന് പ്രവര്‍ത്തകരാണ് എല്ലാം മാറ്റിവച്ച് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത് . ഒന്നും നേടാനും , നഷ്ടപ്പെടുവാനും ഇല്ലാത്ത അവര്‍ രാജീവ് പള്ളത്ത് എന്ന ആം ആദ്മി സ്ഥാനാര്‍ത്ഥിയിലൂടെ കേരളത്തിലെ കൂട്ട് കൃഷിക്കാരായ രാഷ്ട്രയക്കാര്‍ക്ക് ഒരു വന്‍ തിരിച്ചടി നല്‍കണമെന്നും ആഗ്രഹിക്കുന്നു .
കോടികള്‍ ആസ്ഥിയുള്ള മുത്തശി പാര്‍ട്ടികള്‍ക്കൊപ്പം പണം മുടക്കി തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കഴിയുന്നില്ല എന്നതാണ് ആം ആദ്മി പാര്‍ട്ടി അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം . എന്നാല്‍ പ്രവാസി മലയാളികളില്‍ അനേകര്‍ പലവിധ സഹായങ്ങളുമായി മുന്നോട്ട് വരുന്നു എന്നതാണ് അവരുടെ ആശ്വാസം . സാമ്പത്തികമായി സഹായിക്കുവാനും , നേരിട്ടുള്ള പ്രചരണങ്ങള്‍ക്കായും , ഫോണിലൂടെയുള്ള വോട്ട് അഭ്യര്‍ത്ഥനകള്‍ക്കായും അനേകം വിദേശ മലയാളികളാണ് മുന്നോട്ട് വന്നിരിക്കുന്നത് . എന്ത് തന്നെയാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെക്കാള്‍ ഉപരി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മുത്തശി പാര്‍ട്ടികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത് . ചെങ്ങന്നൂരില്‍ രാജീവ് പള്ളത്ത് ജയിച്ചാല്‍ പിന്നെ കേരളം മുഴുവനും ആം ആദ്മി എം എല്‍ എ മാരെക്കൊണ്ട് നിറയാന്‍ അധികം സമയം വേണ്ടി വരില്ല എന്നതാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും.
സ്വന്തം ലേഖകൻ
മടപ്പള്ളി പഞ്ചായത്തിൽ മാമ്മൂടിന്റെ നാടൻ പ്രദേശങ്ങളിലും വഴിയോരത്തും പൊതുസ്ഥലങ്ങളിലും കോഴിമാലിന്യം തളളി മുങ്ങുന്ന സംഘം വീണ്ടും സജീവം. മാമ്മൂട് സ്കൂൾ പള്ളിയുടെ പരിസരത്തും പഞ്ചായത്തു ഓഫീസിന്റെ കണ്മുന്നിലും മാലിന്യം തളളിയ സംഭവമാണ് ഒടുവിലത്തേത്. പ്രതികളെ കണ്ടെത്തി ശക്തമായ നടപടി എടുക്കാനാവുന്നില്ലെന്നാണ് ആക്ഷേപം.
വാഴൂർ റോഡിൽ നിന്നും വെങ്കോട്ട വഴി തിരുവല്ലയിലേക്കുള്ള വഴിയിൽ ചെന്നമാറ്റം ഭാഗത്തു കോഴിമാലിന്യം ചിതറിക്കിടുക്കുന്ന നിലയിലായിരുന്നു. കുര്യച്ചൻ പടിയിൽ നിന്നും വഴിപ്പാടിക്ക് പോകുന്ന വഴിക്കു ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ക്ക് പരിസരിത്തേക്ക് അടുക്കാനാവാത്ത സ്ഥിതി. തൊട്ടടുത്ത കുടുംബങ്ങളെല്ലാം വീടുപേക്ഷിച്ച പോവേണ്ട ഗതികേടിലായി. ഇതോടെ നാട്ടുകാര്‍ തന്നെ മുൻ കൈ എടുത്തു അവിടെ സിസിടിവി സ്ഥാപിച്ചിരിക്കുവാണ്. കാലങ്ങളായി പരിസരപ്രദേശങ്ങളില്‍ ലോഡു കണക്കിന് കോഴിമാലിന്യം തളളിയ ശേഷം സംഘം രക്ഷപ്പെടുന്നത് പതിവാണ്. തുടർന്ന് സഹികെട്ട നാട്ടുകാർ സംഘടിച്ചു ആളെ കൈയിൽ കിട്ടിയാൽ പിസി ജോർജ് പറഞ്ഞതുപോലെ സ്വയം കൈകാര്യം ചെയ്യേണ്ട അവസ്ഥ ആയിരിക്കുകയാണ്.
തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലയെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകം പീഡനത്തിനിടെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തണിക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടൂവെന്നതിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ കാടിന് സമീപം താമസിക്കുന്നവരും ലഹരിസംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കൊലപ്പെടുത്തിയതെന്നും സ്ഥിരീകരിച്ചു.
ഇവരെ കാണാതായത് മാര്‍ച്ച് 14നാണ്. അന്ന് രാവിലെ ഒമ്പത് മണിയോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്ക് നടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് വിദേശ വനിതയെ ശാരീരികമായി ആക്രമിച്ചു. അതിന് ശേഷം പീഡിപ്പിക്കുകയും ചെയ്തു.
ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികളും സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് പ്രതികളിലൊരാളായ ഉദയന്റേതാണെന്നും പൊലീസ് അറിയിച്ചു. വിദേശവനിതയെ കാണാതായ മാര്‍ച്ച് 14ന് ഉച്ചയ്ക്ക് ശേഷം കൊല നടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിന് ശേഷം പലതവണ പ്രതികള്‍ ഇവിടെയെത്തിയിരുന്നൂവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കാട്ടില്‍ നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും ഇവരുടേതെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച മണൽകാറ്റിൽ 22 പേർ മരിച്ചു. 100 ലേറെ പേർക്ക് പരിക്കേറ്റു. ഭാരത് പൂർ, ആൾവാർ, ദോർപൂർ ജില്ലകളിൽ നൂറുകണക്കിന് മരങ്ങൾ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായി. 1000 ലേറെ പോസ്റ്റുകളാണ് തകർന്നത്.
ആൾവാർ നഗരം പൂർണമായും ഇരുട്ടിലായി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.ഭാരത് പൂർ ; ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മണൽക്കാറ്റ് അതിശക്തമായി വീശിയടിച്ചത്.