എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്ത് നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപടിയില്‍ പങ്കെടുക്കാന്‍ കനകദുര്‍ഗ്ഗയും ബിന്ദുവും എത്തി. ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് ശേഷം രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന കനക ദുര്‍ഗ്ഗയും ബിന്ദുവും ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. പൊലീസിന്റെ സംരക്ഷണയില്ലാതെയാണ് എത്തിയതെന്ന് ഇരുവരും പറഞ്ഞു. സംഘ പരിവാര്‍ ഭീഷണികളെ ഭയക്കുന്നില്ലെന്നും പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. സംഘപരിവാര്‍ നേരിട്ട് ആക്രമിച്ചില്ലെങ്കിലും അവരുടെ ഇടയിലുളളവരില്‍ നിന്ന് വ്യക്തിപരമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ വലിയൊരു സമൂഹത്തിന്റെ പിന്തുണയുളളതിനാല്‍ ഭയക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.

തങ്ങള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കനക ദുര്‍ഗ്ഗയും ബിന്ദുവും പറഞ്ഞു. തന്ത്രി ചെയ്തത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. അതിനാല്‍ സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

അയിത്തത്തിനെതിരെ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം നടത്തിയ പരിപാടിയിലെ രണ്ടാം ദിവസമാണ് അപ്രതീക്ഷിതമായി കനക ദുര്‍ഗ്ഗയും ബിന്ദുവും എത്തിയത്. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില അസൗകര്യങ്ങള്‍ അറിയിച്ച് അദ്ദേഹം പങ്കെടുത്തില്ല.