തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി രംഗത്ത്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെ ഇറക്കി സീറ്റ് നേടാനാവും ബി.ജെ.പി ശ്രമിക്കുക. അതേസമയം മത്സരരംഗത്ത് ഇറങ്ങില്ലെന്ന് നേരത്തെ ലാല്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും ബിജെപി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്. പരമാവധി സെലിബ്രറ്റികളെ മത്സരരംഗത്തിറക്കാനാവും ബി.ജെ.പി ശ്രമിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച്ച സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പാര്‍ട്ടി സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങളില്‍ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ ബി.ജെ.പി പ്രചാരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ സ്ഥിതി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. മത്സരിക്കുന്നവരെപ്പറ്റി പറയാറായിട്ടില്ലെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ എം.പി.യായ നടന്‍ സുരേഷ്ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്.