India

ചെന്നൈ: ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകളൊന്നും കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. സാംമ്പിളുകള്‍ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബംഗളുരു സ്വദേശിയായ അമൃത എന്ന പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ആശുപത്രിയോട് ഇത് സംബന്ധിച്ച വിശദീകരണം കോടതി ആവശ്യപ്പെട്ടത്.

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണ് താനെന്ന് അവകാശപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. താന്‍ ജയയുടെ മകളാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും അമൃത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ ബയോളജിക്കല്‍ സാംമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിയില്‍ എങ്ങനെ തീര്‍പ്പുണ്ടാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ജൂണ്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.

കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ മുപ്പത് ശതമാനത്തോളം പേര്‍ പണിക്ക് കൊള്ളാത്തവരെന്ന് എംഡി ടോമിന്‍ തച്ചങ്കരി. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തച്ചങ്കരിയുടെ പ്രസ്താവന. കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്നും പുതുതായി ചുമതലയേറ്റ എംഡി വ്യക്തമാക്കി.

ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തൊഴിലെടുക്കാതെയുള്ള അഭ്യാസം ഇനി കെ എസ് ആര്‍ ടി സിയില്‍ നടക്കില്ലെന്നും തച്ചങ്കരി പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് മറികടക്കുമെന്നും എംഡി പറഞ്ഞു.

താന്‍ ഒരുദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിക്കും. കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരാണ്. എന്നാല്‍, ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയിലെ അപ്പം, അരവണ എന്നിവയുടെ ചേരുവയില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതല്‍ പുതിയ ചേരുവയിലുള്ള അപ്പവും അരവണയുമായിരിക്കും വിതരണം ചെയ്യുക. പഴനിയിലെ പഞ്ചാമൃതത്തിന് പുതിയ ചേരുവ തയ്യാറാക്കിയ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ശബരിമലയിലെ ചേരുവയും തയ്യാറാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സിഎഫ്ടിആര്‍ഐ. പുതിയ ചേരുവയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കി. നിലവില്‍ ശബരിമലയിലുള്ള അപ്പം, അരവണ നിര്‍മാണ പ്ലാന്റുകളില്‍ കാര്യമായ മാറ്റം വരുത്താതെതന്നെ പുതിയ ചേരുവയില്‍ ഇവ തയ്യാറാക്കാം.

പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം മൈസൂരു കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ കഴിഞ്ഞ ദിവസം മൈസൂരു സിഎഫ്ടിആര്‍ഐയില്‍ എത്തി പുതിയ ചേരുവയെ കുറിച്ച് മനസിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാറിന്റെ വ്യാജ പ്രചരണം. കേരളത്തിലെ മുസ്ലീങ്ങളാല്‍ ഹിന്ദു സ്ത്രീയും ക്ഷേത്രവും അക്രമിക്കപ്പെട്ടുവെന്നാണ് പ്രചരണം. അതേസമയം ട്വീറ്റിന്റെ കൂടെ ചേര്‍ത്തിരിക്കുന്ന ചിത്രം ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെതാണ്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.’#HinduDeniedEquality’ എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം നടക്കുന്നത്.

സംഘപരിവാര്‍ അനുകൂല അക്കൊണ്ടുകളാണ് വ്യാജ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥിരമായി വ്യാജപ്രചരണങ്ങള്‍ നടത്താറുള്ള ശംഖ്നാഥ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട ഒരു കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ഒരുമിച്ചു ചേര്‍ത്താണ് പ്രചരണം.

‘ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്’ എന്നാണ് ശംഖ്നാദിന്റെ ട്വീറ്റില്‍ പറയുന്നു. ‘പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്‍’ എന്നും പ്രചരണമുണ്ട്. അതേസമയം 2017ല്‍ ബംഗ്ലാദേശില്‍ മകന്‍ അക്രമിച്ച അമ്മയുടെ ചിത്രമാണ് ഇവര്‍ വിദ്വേഷപ്രചരണത്തിന് ഉപയോഗിക്കുന്നത്.

സ്വന്തം ലേഖകന്‍

കൊച്ചി : ” മൊഴിമുറ്റം അക്ഷരസംഗമം 2018 ”  മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ. കലയുടെ ഈറ്റില്ലമായ സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10.00 മണിക്ക് തുടക്കം കുറിക്കുന്നു. വേദിയും സദസ്സുമെന്ന വേർതിരിവുകളില്ലാതെ അക്ഷരസുമനസുകളൊത്തുകൂടുന്ന വേളയിൽ വായനയുടെ വഴിയിലേക്ക് ഓരോരുത്തരേയും കൈപിടിച്ചു നടത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പായ് മുഖ്യധാരാ എഴുത്തുകാരുടെ സൃഷ്ടികൾ ഉള്‍ക്കൊള്ളുന്ന അക്ഷരസംഗമം 2018.

സ്മരണികപ്രകാശനം , മൊഴിമുറ്റത്തെ അക്ഷരസൗഹൃദങ്ങളുടെ കവിതാസമാഹാരമായ ‘ കാലത്തോട് കലഹിക്കുന്ന കവിതകൾ ‘ പ്രകാശനം , തുടങ്ങിയവയോടൊപ്പം അംഗങ്ങൾക്കിടയിലെ എഴുത്തുകാരുടെ പ്രസിദ്ധീകൃതമായ കൃതികൾ പരിചയപ്പെടുത്തുകയും അവയുടെ വില്പനയ്ക്കായ് സൗകര്യവുമൊരുക്കുന്നു.

സാഹിത്യപരമായ വിവിധ വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചകൾ , സാഹിത്യസംവാദങ്ങൾ , കവിതാലാപനം തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടുന്നു . അക്ഷരങ്ങളിലൂടെ സംവേദനക്ഷമമാകുന്ന സംസ്കൃതിയുടെ കൈമാറ്റത്തിന്റെ ഒരവിസ്മരണീയ മുഹൃത്തമായ് മനസിലെന്നെന്നും വായനയുടെ , അറിവിന്റെ , സ്നേഹത്തിന്റെ സംഗമദിനമായ് മാറ്റുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

അക്ഷരങ്ങൾ കൊണ്ടു നമ്മെ മോഹിപ്പിച്ച പ്രതിഭാധനരായ വ്യക്തിത്വങ്ങൾ , വായനയുടെ പുതുലോകം നമുക്കായ് തുറന്നു തരുന്ന അസുലഭാവസരത്തിന് സാക്ഷികളാകുവാനുള്ള തയ്യാറെടുപ്പിലാണോരോരുത്തരും.

ബംഗളൂരു: സമ്മേളനം നടക്കുന്നതിനിടെ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട നേതാക്കള്‍ക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി വിവാദത്തില്‍. 2012ല്‍ യെദിയൂരപ്പ ഗവണ്‍മെന്റില്‍ മന്ത്രിമാരായിരുന്ന ലക്ഷ്മണ്‍ സാവദി, സി.സി.പാട്ടീല്‍ എന്നിവര്‍ക്കാണ് ബിജെപി വീണ്ടും സീറ്റ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഫോണില്‍ വീഡിയോ കാണുന്നതിന്റെദൃശ്യങ്ങള്‍ പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു.

സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി. സി.സി.പാട്ടീല്‍ ശിശുക്ഷേമവകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഇവര്‍ക്കൊപ്പം പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമറും ഉണ്ടായിരുന്നു. ഒരു ടിവി ചാനലിന് ലഭിച്ച ദൃശ്യങ്ങള്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ക്കും മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ബിജെപിക്ക് ദേശീയതലത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കിയതായിരുന്നു മന്ത്രിമാര്‍ സഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട സംഭവം.

സാവദിക്ക് അഥാനിയിലും പാട്ടീലിന് നാര്‍ഗണ്ടിലുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മൂന്നാമനായ പലേമറിന് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടാനായില്ല. 2013ല്‍ മംഗളൂരു സിറ്റി നോര്‍ത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പലേമര്‍ അന്ന് പരാജയപ്പെട്ടിരുന്നു. കത്വ, ഉന്നാവ് സംഭവങ്ങളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയ നടപടി വിമര്‍ശന വിധേയമാകുന്നത്.

ലക്‌നൗ: ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് ജാമ്യം. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. എന്നാല്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ മറിച്ചുവിറ്റുവെന്ന ആരോപണമുന്നയിച്ച് ഇദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ജയിലിലടക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലണ്ടറുകളുടെ കുറവുമൂലം എഴുപതിലേറെ കുഞ്ഞുങ്ങളാണ് മരിച്ചത്. പിന്നീട് ദുരന്തത്തിന് കാരണക്കാരന്‍ ഡോക്ടറാണെന്ന് കാട്ടി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിനു പിന്നാലെ ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.

‘പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്. ഇതിന് ശേഷം പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല.

ദൂരെ നിന്നും തോട്ടിലൂടെ  ഒഴുകി വരുന്നത് അജ്ഞാത മൃതദേഹമാണ് കരുതി പോലീസിനെ വിവരമറിയിച്ച് കാത്തിരുന്ന നാട്ടുകാർക്ക് മുന്നിൽ ഒഴുകിയെത്തിയത് ജീവനുള്ള സ്ത്രീ . യുവാക്കളുടെ സമയോചിതമായ ഇടപെടലിൽ തിരികെ ലഭിച്ചത് എടത്വ കോയില്‍മുക്ക് കിഴക്കേടത്ത് പരേതനായ തമ്പിയുടെ ഭാര്യ പുഷ്പ (52) യുടെ ജീവൻ. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലായിരുന്നു.

തോട്ടിലൂടെ ഒഴുകിവരുന്നത് ജഡമാണെന്ന് കരുതി നോക്കി നിന്നവർക്ക് മുന്നിൽ സ്ത്രീയുടെ മുഖം വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഇല്ലിക്കമ്പില്‍ തട്ടിയതോടെ കൈ ചെറുതായി ഉയര്‍ന്നു. ഇതോടെ ജീവനുണ്ടെന്ന് മനസ്സിലായപ്പോൾ ജീവന്‍ പണയം വച്ച്‌ ചെറുപ്പക്കാര്‍ രണ്ടും കല്പിച്ചു വെള്ളത്തിലേക്ക് ചാടി. അവരെ കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി. എടത്വ കോയില്‍മുക്ക് കൊല്ലന്റെ കിഴക്കേതില്‍ സുരേഷ്, ചെമ്പകശ്ശേരില്‍ അനന്തു, മാരാമുറ്റത്ത് അഖില്‍, പരുത്തിക്കല്‍ ജോജന്‍, ജോബി എന്നിവരാണു വെള്ളത്തില്‍ച്ചാടി പുഷ്പയെ കരയ്‌ക്കെടുത്തത്.

കോയില്‍മുക്ക് പേരങ്ങാട് സ്‌കൂളിനു സമീപം കരിങ്ങോഴിക്കല്‍ തോട്ടില്‍ കുഴിപടവ് പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. യുവാക്കളുടെ സമയോചിത ഇടപെടൽ കൊണ്ട് പുഷ്പയ്ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്തു.
കരയ്‌ക്കെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു പുഷ്പ. ഉടനെ എടത്വയില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയും പുഷ്പയ്ക്കു ബോധം വീണ്ടുകിട്ടിയിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പുഷ്പയുടെ വീട്ടിലെ മോട്ടോര്‍ കേടായതിനാല്‍ രണ്ടു ദിവസമായി വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തോട്ടിലേക്ക് ഇട്ടിരുന്ന മോട്ടോറിന്റെ വാല്‍വില്‍ പോള കയറുന്നതു പതിവായതിനാല്‍ അത് എടുത്തു മാറ്റാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒഴുക്കുണ്ടായിരുന്നെങ്കിലും ആഴം കുറവായതു രക്ഷയായി. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലൂടെ ഒഴുകി പോയി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഒടുവില്‍ അനുമതി. അനുമതി തരാന്‍ വൈകിപ്പിച്ച റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ രംഗത്ത് വന്നിരുന്നു. പൂരക്കാഴ്ച്ചയുടെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വെടിക്കെട്ട്. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. അതേസമയം വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടാകുന്നത് സ്വഭാവികമാണെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.

വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. നാളെ നടക്കേണ്ട വെടിക്കെട്ടിന് വലിയ തയ്യാറെടുപ്പുകളാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വെടിക്കെട്ടിന്റെ മാറ്റ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ പൂരപ്രേമികള്‍ ഇത്തവണ തൃശൂരിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സമീപ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നേരത്തെ തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്ക് കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു.

ജോധ്പൂര്‍: ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. ആസാറാം ബാപ്പുവടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപ്രതികള്‍ക്കും 20 വര്‍ഷം വീതം തടവും കോടതി നല്‍കി. പ്രതികളായിരുന്ന ശരത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു. അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. വിധിപ്രസ്താവം കേട്ട ആസാറാം ബാപ്പു പൊട്ടിക്കരഞ്ഞു.

ജോധ്പുര്‍ എസ്സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. ഉത്തരേന്ത്യ അടക്കി വാഴുന്ന ആള്‍ദൈവമാണ് ആസാറാം ബാപ്പു. ഇയാള്‍ക്ക് നൂറിലേറെ ആശ്രമങ്ങളും പതിനായിരക്കണക്കിന് അനുയായികളും സ്വന്തമായുണ്ട്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ മറ്റു ചില ആളുകളുടെ സഹായത്തോടെ ആസാറാം ബാപ്പു ബലാല്‍സംഗം ചെയ്യുകയായിരുന്നു. പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നുത്.

ശിക്ഷാ വിധി പുറത്തുവന്നതോടെ ഇയാളുടെ ആശ്രമങ്ങളും അനുയായികളുടെ സ്ഥാപനങ്ങളും കടുത്ത നിരീക്ഷണത്തിലാണ്. ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇരയുടെ വീടിന് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved