കണ്ണൂര്‍: കുടുബാഗംങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രതി സൗമ്യയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഇവരെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു വരും.
എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. വീട്ടിലെ സാധാരണ ഉപയോഗത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.
മണിക്കൂറുകളോളം ചോദ്യംചെയ്യലിനോടു സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാന്‍ ചില ഘട്ടങ്ങളില്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിനു ശേഷം ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാനെത്തി. ഇവര്‍ക്കു മുന്‍പിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു. 11 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പൊലീസ് വിളിച്ചുവരുത്തി. ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നു. പക്ഷേ കാമുകന്മാര്‍ അടക്കം എത്തിയതോടെ എല്ലാം സൗമ്യ തുറന്നു സമ്മതിച്ചു. ഇതോടെ പിണറായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചു.
വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ് നിര്‍ണ്ണായകമായത്. എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്‌ഫൈഡാണ് ശരീരത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത്. എലിവിഷം ഈ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ എലിവിഷം ഉള്ളില്‍ച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷെ സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സൗമ്യയുടെ മെഡിക്കല്‍ പരിശോധനയില്‍ അവരുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ സൂചന ഇല്ലായിരുന്നു. ചര്‍ദ്ദിയുടെ അസുഖം പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്നതും സംശയത്തിന് ഇട നല്‍കി. ഇതോടെ സൗമ്യയെ പൊലീസ് നിരീക്ഷിച്ചു. പ്രവര്‍ത്തികളില്‍ സംശയം തോന്നി.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും വിഷം നല്‍കിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം.
ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്.
തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയില്‍ സഹകരിച്ചിരുന്നില്ല. ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്‌ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉള്ളിലെത്തി എന്നതില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലര്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും നിര്‍ണ്ണായകമായി.
ഇതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സൗമ്യയെത്തേടി പൊലീസെത്തി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ കുറ്റം സമ്മതിച്ചു.
അവിഹിതബന്ധങ്ങള്‍ക്കു തടസം നില്‍ക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും കാരണമാക്കുകയായിരുന്നു ലക്ഷ്യം. മതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതം തുടങ്ങാനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാലാണ്. അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടിയത് രക്ഷപെടാനാണെന്ന് സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം: ലിഗ മരിച്ചത് ശ്വാസം മുട്ടിയാകാമെന്ന് നിഗമനം. മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതോടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുകയാണ്. രാസപരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരുകയുള്ളു. പ്രാഥമിക നിഗമനങ്ങള്‍ പോലീസിന് കൈമാറി.
കോവളത്ത് ലിഗയെ വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും പുറത്തു വന്നിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഡ്രൈവറായ സജി മൊഴി നല്‍കിയത്. ഇതും മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്നതാണ്. ജാക്കറ്റ് ലിഗയുടേതല്ലന്ന് സഹോദരി ഇല്‍സിയും വ്യക്തമാക്കിയിരുന്നു.
തിരുവല്ലത്തെ കണ്ടല്‍കാടില്‍ ലിഗ എങ്ങിനെ എത്തിയതെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. ലിഗയെ കടവ് കടത്തിയിട്ടില്ലെന്നാണ് കടത്തുകാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫോറന്‍സിക് നിഗമനങ്ങളും മൊഴികളും സ്വാഭാവിക മരണമെന്ന പോലീസ് നിഗമനത്തെ തള്ളുകയാണ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
ഷാജഹാന്‍പുര്‍: പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജോധ്പൂരിലെ പ്രത്യേക കോടതി ബുധനാഴ്ച്ച രാവിലെയാണ് പ്രമുഖ ആള്‍ദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ശിക്ഷാ വിധി പുറത്തുവന്നതോടെ ഇയാളുടെ ആശ്രമങ്ങളും അനുയായികളുടെ സ്ഥാപനങ്ങളും കടുത്ത നിരീക്ഷണത്തിലാണ്. ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ശിക്ഷാ വിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
ഉത്തരേന്ത്യ അടക്കി വാഴുന്ന ആള്‍ദൈവമാണ് ആസാറാം ബാപ്പു. ഇയാള്‍ക്ക് നൂറിലേറെ ആശ്രമങ്ങളും പതിനായിരക്കണക്കിന് അനുയായികളും സ്വന്തമായുണ്ട്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ മറ്റു ചില ആളുകളുടെ സഹായത്തോടെ ആസാറാം ബാപ്പു ബലാല്‍സംഗം ചെയ്യുകയായിരുന്നു. പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നുത്.
ഇയാളെ കൂടാതെ ആശ്രമത്തിലെ വാര്‍ഡനായ സംഗീത ഗുപ്ത, പാചകക്കാരന്‍ പ്രകാശ്, ശിവ, ശരത്ച്ചന്ദ്ര എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആള്‍ദൈവത്തിന് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് സൂചനകള്‍. ശിക്ഷാവിധി പുറത്തുവന്നാല്‍ അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരയുടെ വീടിന് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജോജി തോമസ്
ഡെല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അനുമതി നല്‍കിയത്. വധശിക്ഷയുള്‍പ്പെടെ നിരവധി കര്‍ശനമായ നിയമ മാറ്റങ്ങളാണ് പോസ്‌കോയില്‍ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രല്‍ ഫ്രെം സെക്ഷ്വല്‍ ഒഫന്‍സസ്) ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിനെകൊണ്ട് തിരക്കിട്ട് നിയമത്തില്‍ മാറ്റം വരുത്തി ഓര്‍ഡിനന്‍സ് ഇറപ്പിക്കുവാന്‍ പ്രേരിപ്പിച്ചത് ആം ആദ്മി പാര്‍ട്ടിയുടെ വനിതാ നേതാവും , ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മാലിവാള്‍ നയിച്ച ധീര നിരാഹാരസമരമാണ് . ആ സമരത്തിന് ലഭിച്ച വമ്പിച്ച ജനപിന്തുണ പല മുഖ്യധാര മാധ്യമങ്ങളും മൂടിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച വരും നാളുകളില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന് തിരിച്ചറിഞ്ഞ കോര്‍പ്പറേറ്റുകള്‍ ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതൃത്വവും നടത്തുന്ന ജനകീയ ഇടപെടലുകളെയും, സമരങ്ങളെയും മാധ്യമങ്ങളെ ഉപയോഗിച്ച് ജനശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ്.
ആം ആദ്മി പാര്‍ട്ടിയുടെ തീപൊരി നേതാവും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മാലിവാളിന്റെ പത്ത് ദിവസം നീണ്ട നിരാഹാരസമരം കൊണ്ടാണ് പന്ത്രണ്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിര്‍ബന്ധിതനായത് . വ്യക്തമായ ആസൂത്രണമോ സംഘടനാ സംവിധാനത്തിന്റെ പിന്‍ബലമോ ഇല്ലാതെ ആരംഭിച്ച നിരാഹാര സമരത്തിന് പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് പ്രത്യേകിച്ച് യുവജനങ്ങളില്‍ നിന്നും , സ്ത്രീകളില്‍ നിന്നും അഭൂതപൂര്‍വ്വവുമായി പിന്തുണയാണ് ലഭിച്ചത് . ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
കത്‌വ കൂട്ടമാനഭംഗക്കേസില്‍ എട്ട് വയസുമാത്രമുള്ള പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ കഥകള്‍ വാര്‍ത്തകളില്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് സ്വാതി മാലിവാള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചത്. മാലിവാളിന്റെ സമരത്തിന് ലഭിച്ച ജനപിന്തുണ നിര്‍ഭയയുടെ മരണത്തിനുശേഷം നടന്ന പൊതുജന സമരത്തേയും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെയുയര്‍ന്ന ജനരോഷത്തേയും അനുസ്മരിപ്പിച്ചു. മാലിവാളിന്റെ സമരത്തിനെതിരെ മുഖം തിരിക്കുന്ന നിലപാടാണ് ആദ്യമുതല്‍ പല പ്രമുഖ മാധ്യമങ്ങളും സ്വീകരിച്ചതെങ്കിലും സമരത്തിന് ലഭിക്കുന്ന ബഹുജന പിന്തുണ പലപ്പോഴും മാധ്യമശ്രദ്ധ സ്വാതി മാലിവാളിലേയ്ക്കും നിരാഹാര സമരത്തിലേയ്ക്കും തിരിയാന്‍ കാരണമാക്കി. അഭിഭാഷകര്‍ , പത്രപ്രവര്‍ത്തകര്‍ , ബുദ്ധിജീവികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാഭാഗത്തുനിന്നുള്ള പിന്തുണ നിരാഹാര സമരത്തിന് ലഭിച്ചിരുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമങ്ങള്‍ വേണമെന്ന ആവശ്യം സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് വളരെക്കാലമായി ഉയരുന്നുണ്ടായിരുന്നു. കത്‌വ പീഡനത്തെ തുടര്‍ന്ന് സ്വാതി മാലിവള്‍ നയിച്ച സമരം കേന്ദ്ര ഗവണ്‍മെന്റിനെ ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത് തീര്‍ച്ചയായും ആം ആദ്മി പാര്‍ട്ടിയുടെ നേട്ടമാണ്.
കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച മൂന്നു മണിമുതൽ രണ്ടു ദിവസത്തേക്കുള്ള പ്രവേശന വിലക്കാണ് ജില്ലാ കളക്ടര്‍ ഉത്തറവിറക്കിയത്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് അധികൃതരുടെ പുതിയ തീരുമാനം.
ഇതോടൊപ്പം തന്നെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ രണ്ടര മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കോട്ടയം നഗര മധ്യത്തുനിന്നും കള്ളന്‍ ജെസിബി കൊണ്ടു പോയി. കെഎസ്ടിപിയുടെ റോഡ് നിര്‍മാണത്തിന് കൊണ്ടു വന്ന ജെ സി ബി ആണ് കള്ളന്‍ കൊണ്ടുപോയത്, പണികിട്ടിയത് കരാറുകാരനും. ശനിയാഴ്ച്ച വൈകുന്നേരം തൊഴിലാളികള്‍ പണി കഴിഞ്ഞ് ബേക്കര്‍ ജംഗ്ഷനിലെ റോഡരികില്‍ ജെസിബി നിര്‍ത്തിയിട്ട ശേഷം മടങ്ങുകയായിരുന്നു. തിങ്കളാഴ്ച്ച വീണ്ടും പണിക്ക് വന്നപ്പോഴാണ് ജെസിബി മോഷണം പോയ വിവരം തൊഴിലാളികള്‍ മനസിലാക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് കരാറുകാരന്‍ പൊലീസിനെ സമീപിച്ചു. ഈ മോഷണത്തെ അപൂര്‍വ സംഭവമായിട്ടാണ് പൊലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് ജെസിബി കൊണ്ടു പോയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ജെസിബി ഓടിച്ചുകൊണ്ടു പോയോ അതോ മറ്റേതെങ്കിലും വാഹനം കൊണ്ടുവന്നു കയറ്റി കൊണ്ടു പോയോ എന്ന സംശയത്തിലാണ് പൊലീസ്. ഇതിനു ഉത്തരം തേടി നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.ജെസിബിക്ക് 15 ലക്ഷം രൂപ വിലമതിക്കുമെന്നാണ് കരാറുകരാന്‍ പരാതിയില്‍ പറയുന്നത്.
തിരുവനന്തപുരം: കോവളത്ത് കണ്ടല്‍കാട്ടില്‍ നിന്ന് കണ്ടെത്തിയത് ലിഗയുടെ മൃതദേഹം തന്നെയെന്ന് ഓട്ടോ ഡ്രൈവര്‍. ലിഗയെ കോവളത്ത് എത്തിച്ച ഷാജി എന്ന ഓട്ടോ ഡ്രൈവറാണ് മൃതദേഹത്തിലെ വസ്ത്രം തിരിച്ചറിഞ്ഞത്. എന്നാല്‍ ലിഗ ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ഷാജി പറഞ്ഞു. ഈ മൊഴിയോടെ ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും അവര്‍ വ്യക്തമാക്കി. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തെ വിപുലീകരിച്ചിരുന്നു. മൂന്ന് എസിപിമാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയാണ് ഉയര്‍ത്തിയത്. മരണം സംബന്ധിച്ച് ലിഗയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായ വീടാക്രമണ കേസിലെ പ്രതികള്‍. എസ്ഐ ദീപക് ശ്രീജിത്തിന്റെ അടിയവയറ്റില്‍ ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചവിട്ടേറ്റ് വേദനകൊണ്ട് കരഞ്ഞ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.
എസ്ഐ ദീപക് പോലീസ് സ്റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലെത്തി തങ്ങളെ മര്‍ദ്ദിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ശ്രീജിത്തിനെയും അദ്ദേഹം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അവര്‍ പറഞ്ഞു. ആര്‍ടിഎഫുകാര്‍ തങ്ങളെ പിടികൂടിയ സമയത്ത് തന്നെ മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ശേഷം എസ്‌ഐയും മര്‍ദ്ദിച്ചു.
വയറിലേറ്റ ശക്തമായ ചവിട്ട് കാരണം എണീക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ശ്രീജിത്ത്. ആ സമയത്തും എസ്‌ഐ മര്‍ദ്ദനം തുടര്‍ന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം മുഖത്തും മറ്റും കണ്ട പാടുകള്‍. അതേസമയം പ്രതികളായ പോലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 25 ലധികം സൈറ്റുകള്‍ സംസ്ഥാനത്ത് നിരോധിച്ച അദ്ദേഹം പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തെയും ഭൂപേന്ദ്രസിംഗ് പ്രശംസിച്ചു.
2017 നവംബറില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇത്തരം ഒരു ബില്‍ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. 12 വയസ്സില്‍ താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനായിരുന്നു പറഞ്ഞിരുന്നത്. അത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോര്‍ണോഗ്രാഫി സംബന്ധിക്കുന്ന കാര്യങ്ങള്‍ എളുപ്പവും യഥേഷ്ടവുമായി കിട്ടുന്നുണ്ടെന്നും അത് കുട്ടികളെ കാര്യമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഇതിന്റെ ഫലം ലൈംഗിക പീഡനങ്ങളാണ്. മദ്ധ്യപ്രദേശ് ഇതിനകം 25 സൈറ്റുകള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം സൈറ്റുകളെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരം സൈറ്റുകളെ നിരോധിക്കേണ്ട ബാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ബലാത്സംഗത്തിന് എതിരേ കര്‍ശനമായ നിയമമായി മാറുകയാണ്. അതേസമയം ഇത് ഇക്കാര്യത്തില്‍ ഒരു പരിഹാരമല്ലെന്നും വ്യാപകമായ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
പൂനെ: ഭീമ കൊറേഗാവ് കലാപത്തിന് ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജാ സാകേത് എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം കലാപകാരികള്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
സംഭവത്തില്‍ രണ്ട് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ദളിത് വിഭാഗക്കാര്‍ക്കെതിരെ സവര്‍ണ്ണ വിഭാഗമായ മറാത്തകള്‍ നടത്തിയ ആക്രമണത്തില്‍ പൂജയുടെ വീടും അഗ്നിക്കിരയായിരുന്നു. കലാപത്തെത്തുടര്‍ന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂജയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി വീട്ടുകാര്‍ മുമ്പ് അറിയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വൈരാഗ്യമുള്ളവരെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ മരണം വീട്ടുകാര്‍ ഉപയോഗിക്കുകയാണെന്നും പോലീസ് ആരോപിക്കുന്നു. 1818ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മറാത്തകളും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം വിജയിച്ചിരുന്നു.
ബ്രിട്ടീഷ് പട്ടാളത്തിലെ ദളിത് സൈനികരായിരുന്നു വിജയത്തിന് കാരണക്കാരായത്. ഈ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ഭീമ കൊറേഗാവിലെത്തിയ ദളിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ സംഘര്‍ഷം പിന്നീട് കലാപമായി മാറുകയും ചെയ്തു.