ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ബിജെപി ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹര്‍ത്താലിനെതിരേ കഴിഞ്ഞ ദിവസം വ്യാപാരികള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. ഹര്‍ത്താലുകള്‍ക്കെതിരേ കടകള്‍ തുറന്ന് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയാണ്.

സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. നെയ്യാറ്റികരയില്‍ ശബരിമല കര്‍മ്മസമിതി ദേശീയപാത ഉപരോധിച്ചു. കൊച്ചി കച്ചേരിപ്പടയിലും റോഡ് ഉപരോധിച്ചു. കൊടുങ്ങല്ലൂര്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ കടകള്‍ അടപ്പിക്കുകയും ബസിന് കല്ലെറിയുകയും ചെയ്തു.