India

തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എംഉം ദളിതര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടെന്ന് ആം ആദ്മി പാര്‍ട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകളുടെ നേതാവിനെ അറസ്റ്റ് ചെയ്യുകയെന്നത് കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഇതിലൂടെ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയം മറ നീക്കി പുറത്തുവന്നിരിക്കുന്നതെന്ന് ആം ആദ് മി പാര്‍ട്ടി ആരോപിച്ചു.

കേരളത്തില്‍ രാഷ്ട്രീയ കക്ഷികളും, തൊഴിലാളി സംഘടനകളും വ്യാപാരികളുംപലപ്പോഴും ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട് എങ്കിലും, ഇത് വരെ ഉണ്ടാകാത്ത ഒരു നടപടി ഇന്നലെ നടന്നത്. എന്തുകൊണ്ട് ഇടതു സര്‍ക്കാര്‍ ഇതിനു മുമ്പ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കളെ ഒന്നും അറസ്റ്റ് ചെയ്തില്ല എന്നതിന് വിശദീകരണം നല്‍കേണ്ടതുണ്ട്.

ചരിത്രം പരിശോധിച്ചാല്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ നടത്തിയിട്ടുള്ളത് സിപിഎം ആയിരിക്കും. ഗീതാനന്ദന്‍ അടക്കമുള്ളവരുടെ അറസ്റ്റിനെ ആം ആദ്മി പാര്‍ടി ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.

മുംബൈ: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് അച്ഛനില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. മാതാപിതാക്കള്‍ വിവാഹമോചനം നേടുകയോ പിരിഞ്ഞു താമസിക്കുകയോ ആണെങ്കിലും അവിവാഹിതയായ  മകള്‍ക്ക് അച്ഛനില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായെങ്കിലും അവിവാഹിതയായ മകള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അച്ഛന്‍ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

പത്തൊമ്പതുകാരിയായ മകള്‍ക്കു വേണ്ടിയാണ് അമ്മ കോടതിയെ സമീപിച്ചത്. 1988 ലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹിതരായത്. 1997 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്.

വിവാഹമോചനത്തിനു ശേഷവും കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുന്നിടം വരെ ഇവരുടെ അച്ഛന്‍ ജീവനാംശം അമ്മയെ ഏല്‍പിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പതിനെട്ടു വയസ്സു പൂര്‍ത്തിയായതോടെ ജീവനാംശം നല്‍കുന്നത് അച്ഛന്‍ നിര്‍ത്തി ഇതേ തുടര്‍ന്നാണ് അമ്മ ആദ്യം കുടുംബകോടതിയെ സമീപിച്ചത്.

മകള്‍ക്ക് പ്രായപൂര്‍ത്തിയായെങ്കിലും ഉപരിപഠനം തുടരുന്നതിനാല്‍ ഇപ്പോഴും സാമ്പത്തിക ആവശ്യമുണ്ടെന്നും അമ്മ വ്യക്തമാക്കിയിരുന്നു. ആദ്യം കേസ് പരിഗണിച്ച കുടുംബ കോടതി ഇവര്‍ക്ക് അനുകൂലമായല്ല വിധി പ്രസ്താവിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കു മാത്രമാണ് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുള്ളതെന്നും പ്രായപൂര്‍ത്തിയായ മകള്‍ക്ക് അമ്മ മുഖാന്തരം ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നുമായിരുന്നു കുടുംബ കോടതിയുടെ വിധി. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ഭാരതി ഡാങ്‌ഗ്രെയാണ് വിധി പ്രസ്താവിച്ചത്.

തൃശൂര്‍: പൊലീസുകാര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡിജിപിയെ അസഭ്യം പറഞ്ഞ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ നഗരാതിര്‍ത്തിയിലെ പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ജോഫിന്‍ ജോണിയെയാണ് കമ്മിഷണര്‍ രാഹുല്‍ ആര്‍.നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

തൃശൂര്‍ സായുധസേനാ ക്യാംപിലെ പൊലീസുകാര്‍ ഒന്നടങ്കം അംഗമായ ‘സായുധസേന തൃശൂര്‍’ എന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു അസഭ്യവര്‍ഷം. സിഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെയുള്ളവര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത സേനാംഗങ്ങളിലൊരാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്കു കീഴിലാണു ജോഫിന്റെ അസഭ്യവര്‍ഷം വന്നത്. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമുയര്‍ത്തുകയും ചെയ്തിരുന്നു

മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ പൊലീസിന്റെ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്നു ആവര്‍ത്തിച്ചു നിര്‍ദേശിക്കുന്നതിനിടെയായിരുന്നു ഡിജിപിക്കെതിരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം.

കൊല്‍ക്കത്ത : തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമത്തെ തടഞ്ഞ ബിജെപിക്കൊപ്പം കൂടി സിപിഎം.  ഇനിയും ഞങ്ങള്‍ക്ക് അടികൊള്ളാനാവില്ല എന്ന ന്യായീകരണവുമായാണ് സിപിഎമ്മിന്റെ വരവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത തൃണമൂലിനു നേരേ ബിജെപിയുടെ പോരാട്ടം അതിനൊപ്പം കൈകോര്‍ക്കുകയാണ് സിപിഎം. ബീര്‍ഭൂമില്‍ പത്രിക സമര്‍പ്പണം തടഞ്ഞ തൃണമൂല്‍ ഗുണ്ടകളെ ബിജെപി -സിപിഎം പ്രവര്‍ത്തകര്‍ പ്രതിരോധിച്ച് പത്രിക സമര്‍പ്പണം നടത്തി.

ബീര്‍ഭൂം ബ്‌ളോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ടത് . എന്നാല്‍ പ്രതിപക്ഷ കക്ഷി സ്ഥാനാര്‍ത്ഥികളെ പത്രിക നല്‍കാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് വളഞ്ഞിരുന്നു . പത്രിക സമര്‍പ്പിക്കാനെത്തിയ ബിജെപി സിപിഎം സ്ഥാനാര്‍ത്ഥികളെ ഇവര്‍ തടഞ്ഞു.

പിന്നീട് സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം നടന്ന് സംഭവ സ്ഥലത്ത് എത്തുകയും തൃണമൂല്‍ പ്രവര്‍ത്തകരെ തടഞ്ഞ്് പത്രിക സമര്‍പ്പണം നടത്തുകയുമായിരുന്നു. തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പം പോലീസും ചേര്‍ന്നെങ്കിലും മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തെ തടയാനായില്ല.സിപിഎം അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സിപിഎം 56 ഇടത്തും ബിജെപി 80 ഇടത്തും പത്രിക സമര്‍പ്പിച്ചു.

എത്രനാളാണ് ഞങ്ങള്‍ അടികൊള്ളുന്നത് . അതുകൊണ്ട് ഞങ്ങള്‍ ശത്രുവിന്റെ ശത്രുവിനൊപ്പം ചേരാന്‍ തീരുമാനിച്ചുവെന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. . പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമമാണ് ബംഗാളില്‍ നടത്തി വരുന്നത് . സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഒന്‍പതു പ്രാവശ്യം എം.പിയുമായിരുന്ന ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.

നേരത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തൃണമൂലിനെതിരെ പോരാടാന്‍ ബിജെപിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞിരുന്നു . തൃണമൂലിനെതിരെ പോരാടുന്ന കാര്യത്തില്‍ സിപിഎമ്മിനെയും സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് മുകുള്‍ റോയിയും വ്യക്തമാക്കിയിരുന്നു

 

ധര്‍മ്മശാല: ഹിമാചല്‍ പ്രദേശില്‍ 45 വിദ്യാര്‍ത്ഥികളുമായി സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് അധ്യാപകരും ഡ്രൈവറുമുള്‍പ്പെടെ ആകെ 29 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നുര്‍പുര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുറച്ചു കുട്ടികള്‍ ഇപ്പോഴും ബസില്‍ കുടുങ്ങിക്കിടക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സീര്‍ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് മുതല്‍ താഴേക്കുള്ള വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അതേസമയം ഇതേവരെ ആളപായം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിലാണ് ബസ് കിടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഒന്‍പതു പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നു ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം: മലയാള സിനിമാ താരം സുധീര്‍ കരമനയുടെ പക്കല്‍ നിന്നും അന്യായമായി നോക്ക് കൂലി വാങ്ങിയ തൊളിലാളികള്‍ പണം തിരികെ നല്‍കി മാപ്പ് പറഞ്ഞു. തൊഴിലാളികള്‍ വാങ്ങിയ 25000 രൂപ തിരികെ നല്‍കി തൊഴിലാളികള്‍ മാപ്പു പറഞ്ഞതായി സുധീര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ട് സുധീറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം ചാക്ക ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സുധീറിന്റെ വീട്ടിലേക്ക് സാധനങ്ങളുമായെത്തിയ വാഹനം തടഞ്ഞിട്ട തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ലോഡിറക്കാന്‍ ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട യൂണിയന്‍കാര്‍ പിന്നീട് 30000 രൂപ മതിയെന്ന തീരുമാനത്തിലെത്തി. എന്നാല്‍ അത്രയും തുക നല്‍കാന്‍ തയ്യാറാവാതിരുന്ന സുധീര്‍ അവസാനം 25000 രൂപ നല്‍കുകയായിരുന്നു.

അന്യായമായി നോക്കുകൂലി വാങ്ങിയ നടപടിയെ തുടര്‍ന്ന് സി ഐ ടി യു അരശുംമൂട് യൂണിറ്റിലെ 14 തൊഴിലാളികളെ സിഐടിയു ജില്ലാ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കര്‍ശന പാര്‍ട്ടി നിര്‍ദേശങ്ങള്‍ വകവെക്കാതെ പല സ്ഥലങ്ങളിലും ഇപ്പോഴും നോക്കുകൂലി വാങ്ങുന്നുണ്ട്.

തൃശ്ശൂര്‍: സംസ്ഥാന പോലീസിന് ചെരിഞ്ഞ തൊപ്പിയേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തില്‍ ഡിജിപിക്ക് തെറിവിളി. പോലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് തൃശൂരില്‍ നിന്നുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അസഭ്യവര്‍ഷം നടത്തിയത്. സായുധസേന തൃശൂര്‍ എന്ന ഗ്രൂപ്പിലായിരുന്നു തെറിവിളി.

സിഐ മുതല്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് ചെരിഞ്ഞ തൊപ്പിയേര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസമാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. ഇതേക്കുറിച്ചുള്ള പത്രവാര്‍ത്ത ഗ്രൂപ്പില്‍ ഒരാള്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് അസഭ്യ കമന്റ് പ്രത്യക്ഷപ്പെട്ടത്. ആംഡ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുള്‍പ്പെടെ അംഗമായ ഗ്രൂപ്പില്‍ തൊപ്പിമാറ്റത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

നിലവില്‍ ഐപിഎസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പിമാരുമാണ് ചെരിഞ്ഞ ക്യാപ്പുകള്‍ ധരിക്കുന്നത്. സേനയിലെ മറ്റുള്ളവര്‍ക്കും ഈ ക്യാപ്പുകള്‍ നല്‍കാനാണ് പുതിയ നിര്‍ദേശം. സിഐ മുതല്‍ എഎസ്‌ഐ വരെ ഒരു നിറത്തിലുള്ളതും അതിനു താഴേക്കുള്ളവര്‍ക്ക് മറ്റൊരു നിറത്തിലുമുള്ള ക്യാപ്പുകളായിരിക്കും നല്‍കുക.

വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിച്ചു. മിക്ക ജില്ലകളിലും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ചില സ്ഥലങ്ങളില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ കല്ലേറുണ്ടായി. രാവിലെ പ്രതിഷേധവുമായി എത്തിയ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അന്യായമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു.

ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ നിരവധി പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പല സ്ഥലങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. നേരത്തെ ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന ബസുടമകളുടെ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും നിലച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസുകള്‍ രാവിലെ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി. മലപ്പുറം, കൊല്ലം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ വാഹനങ്ങളും കടകളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. പാല്‍, പത്രം, ആശുപത്രി വാഹനങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ പോലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡ് ഉത്തര്‍പ്രദേശിലെ മൗ എന്ന ഗ്രാമത്തിലെത്തുന്നത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇന്ത്യയിലെ ആരോഗ്യ മേഖല അത്രയൊന്നും വളര്‍ച്ച കൈവരിക്കാത്ത കാലഘട്ടം. ഗ്രാമത്തിലെ ആളുകള്‍ക്ക് ഗുരുതര അസുഖങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും മൗവിലും സമീപ പ്രദേശങ്ങളിലും മെച്ചപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഡിസ്പെന്‍സറി മാത്രം.

ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ എം.ഡി. കഴിഞ്ഞിറങ്ങിയ സിസ്റ്ററിനെ 1977-ലാണ് മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ് എന്ന സന്ന്യാസ സമൂഹം മൗവിലേക്ക് അയച്ചത്. ഫാത്തിമ ഡിസ്‌പെന്ററി മികച്ച രീതിയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ സിസ്റ്റര്‍ ജൂഡിന്റെ പങ്ക് വളരെ വലുതാണ്. 352 കിടക്കകളും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള വലിയ ആശുപത്രിയായാണ് ഫാത്തിമ ഡിസ്‌പെന്ററി ഇന്ന്. അത്യാഹിത വിഭാഗത്തില്‍പ്പോലും 52 കിടക്കകളുണ്ട്.

യുപിയുടെ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് സിസ്റ്റര്‍ ജൂഡിന് ആദരവ് അര്‍പ്പിച്ചിട്ടുള്ളത്. ഝാന്‍സി റാണി വീര പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്റ്റര്‍ക്ക് സമ്മാനിച്ചു. 382 രോഗികളെവരെ ഒരു ദിവസം നോക്കിയിട്ടുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. ഇപ്പോള്‍ 200 കഴിഞ്ഞാല്‍ ബാക്കി അസിസ്റ്റന്റുമാര്‍ക്ക് കൈമാറുകയാണ് 76-കാരിയായ സിസ്റ്റര്‍. മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്. ടിന അംബാനിയുടെ നേതൃത്വത്തില്‍ 2009-ല്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് നല്‍കിയിരുന്നു.

ഭുവനേശ്വര്‍: എഞ്ചിന്‍ വേര്‍പെടുത്തിയ തീവണ്ടി യാത്രക്കാരുമായി സഞ്ചരിച്ചത് 10 കിലോമീറ്റര്‍. ഒഡീഷയിലെ തിത്ലഗഢ് സ്റ്റേഷനില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. നിരവധി യാത്രക്കാരുമായി സ്റ്റേഷനിലെത്തിയ തീവണ്ടിയുടെ എഞ്ചിന്‍ മാറ്റുന്നതിനിടയിലാണ് സംഭവം. എഞ്ചിന്‍ മാറ്റിയ സമയത്ത് സ്‌കിഡ് ബ്രേക്ക് നല്‍കാന്‍ ജീവനക്കാര്‍ മറന്നതോടെ തിവണ്ടി ട്രാക്കിലൂടെ മുന്നോട്ട് പോകുകയായിരുന്നു.

എന്‍ജിനില്‍ നിന്ന് വേര്‍പ്പെടുത്തുമ്പോള്‍ അഹമ്മദാബാദ് പുരി എകസ്പ്രസ്സ് ഭുവനേശ്വറില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള തിത്ലഗഢ് സ്റ്റേഷനിലായിരുന്നു. തിത്ലഗഢില്‍ നിന്ന് കേസിംഗയിലേക്കുള്ള റെയില്‍വേ പാളത്തിന് ചെരിവുണ്ട്. ഇതാണ് എന്‍ജിനില്ലാതെ 10 കിലോമീറ്ററോളം തീവണ്ടിയോടാന്‍ കാരണം.

സംഭവത്തില്‍ രണ്ട് ജീവനക്കാരെ റെയില്‍വേ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഗുരുതര സുരക്ഷ വീഴ്ച്ചയെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ അറിയിച്ചു. തീവണ്ടി ഓടുന്നത് തടയാന്‍ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved