കർണാടകയിൽ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ എംഎൽഎ സിദ്ധു ബി ന്യാംഗൗഡ ആണ് മരിച്ചത്. ഗോവയിൽ നിന്നും ബാഗൽകോട്ടിലേക്കുള്ള യാത്രക്കിടെ എംഎൽഎ യുടെ വാഹനം തുളസിഗിരിയിൽ വച്ച് അപകടത്തിൽപെടുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കർണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ജയം.
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഭാര്യയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെകനോളജി ആന്റ് ടീച്ചേഴ്‌സ് എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റത്.
മന്ത്രിപത്‌നിക്കായി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിമാസം 35000 രൂപ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും ഏഴു സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.
മെയ് മാസം നാലിന് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. മുന്‍പ് സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നു.
ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അവസാന കാലത്തു ചികിത്സയിലിക്കെ ഡോക്ടറോടു സംസാരിക്കുന്നതിന്റെ സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് അന്വേഷണ കമ്മിഷൻ. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദം ഏകാംഗ കമ്മിഷൻ ജസ്റ്റിസ് എ.അറുമുഖ സ്വാമി മാധ്യമങ്ങൾക്കു കൈമാറിയത്. ആശുപത്രിയിൽ ജയയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാർ കമ്മിഷനു കൈമാറിയതാണ് ഇത്. 2016ൽ അവസാനമായി ജയയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ളതായിരുന്നു ഇത്.
1.07 മിനിറ്റുള്ള ഓഡിയോ ക്ലിപ്പാണു പുറത്തുവന്നത്. ഓഡിയോയിൽ ഉടനീളം ആശുപത്രി മോണിട്ടറിന്റെ ‘ബീപ്’ ശബ്ദവും കേൾക്കാം. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞു കൊണ്ടാണു തുടക്കം. ‘(ശ്വാസമെടുക്കുമ്പോൾ) എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയേറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണത്– ഓഡിയോയിൽ ജയലളിത പറയുന്നു. ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കോർഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോയെന്നും അവർ ചോദിക്കുന്നുണ്ട്. ഇല്ലെങ്കിൽ അക്കാര്യം വിട്ടുകളയാനും ഡോക്ടറോടു പറയുന്നുണ്ട്.
രണ്ടാമത്തെ റെക്കോർഡിങ് 33 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. താൻ ജയലളിതയുടെ ശ്വാസോച്ഛോസം റെക്കോർഡ് ചെയ്തെന്നും പേടിക്കാനൊന്നുമില്ലെന്നും അതിൽ ഡോ. ശിവകുമാർ പറയുന്നുണ്ട്. ജയലളിത പറഞ്ഞതിനു പിന്നാലെ താൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെന്നും ശിവകുമാർ വ്യക്തമാക്കുന്നുണ്ട്.
തന്റെ രക്തസമ്മർദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവർ നൽകുന്ന ഉത്തരവുമാണ് റെക്കോർഡ് ചെയ്തിട്ടുള്ളതിലൊന്ന്. 140 ആണു രക്തസമ്മർദം എന്നും അത് ഉയർന്ന തോതാണെന്നും ഡോക്ടർ പറയുന്നു. പിന്നീട് 140/80 ആണെന്നു പറയുമ്പോൾ അതു തനിക്ക് ‘നോർമൽ’ ആണെന്നു ജയലളിത പറയുന്നതായി ഓഡിയോയിൽ കേൾക്കാം. ആശുപത്രിയിലായിരിക്കെ ജയലളിതയ്ക്കു കനത്ത ശ്വാസതടസ്സം ഉണ്ടായിരുന്നതായും വ്യക്തമാണ്. തുടർച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരം.
2016 സെപ്റ്റംബർ 27നു രാത്രി അപ്പോളോ ഹോസ്പിറ്റലിൽ വച്ചു താൻ ജയയുടെ ശബ്ദം റെക്കോർഡ് ചെയ്തതായി നേരത്തേ ശിവകുമാർ കമ്മിഷനോടു പറഞ്ഞിരുന്നു. ഇക്കാര്യം ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ അനുയായി എൻ. രാജ സെന്തൂർ പാണ്ഡ്യൻ പുറത്തുവിടുകയും ചെയ്തു. ജയയ്ക്കു ശ്വാസതടസ്സം വന്നപ്പോഴായിരുന്നു ഓഡിയോ റെക്കോർഡ് ചെയ്തത്. ശബ്ദം ഒരു സ്പെഷലിസ്റ്റ് ഡോക്ടർക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചു കൊടുക്കുകയും ചെയ്തു.
2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയ്ക്ക് 27നാണു ശ്വാസതടസ്സം നേരിട്ടത്. ഒക്ടോബറിൽ ശ്വാസനാളത്തിൽ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം ഒരിക്കൽ ഏറെ പാടുപെട്ട് ജയയ്ക്കു സംസാരിക്കാൻ സാധിച്ചിരുന്നതായും ശിവകുമാർ കമ്മിഷനോടു പറഞ്ഞു. ചില ചിത്രങ്ങൾ കാണിച്ചപ്പോൾ അതു തിരിച്ചറിയുകയും ചെയ്തു.
ഓഗസ്റ്റിൽ താൻ ജയലളിതയ്ക്കു നൽകിയ ഡയറ്റിങ് ചാർട്ടിനെപ്പറ്റിയും ശിവകുമാർ പറഞ്ഞു. അതെല്ലാം സ്വന്തം കൈപ്പടയിൽ എഴുതിയാണു ജയലളിത നോക്കിയിരുന്നത്. ആ കുറിപ്പും ഡോക്ടർ കമ്മിഷനു മുന്നിൽ ഹാജരാക്കി. തന്റെ ആരോഗ്യനില സംബന്ധിച്ചു ജയ ബോധവതിയായിരുന്നെന്നും ശിവകുമാർ പറയുന്നു. ആ സമയത്ത് 106.9 കിലോയായിരുന്നു ജയലളിതയുടെ ഭാരം. ‘പനിനീർ’ കുടിച്ചാണു ദിവസം ആരംഭിച്ചിരുന്നത്. രാവിലെ 4.55ന് അതു കഴിച്ച് പിന്നീട് 5.45ന് ഒരു ഗ്രീൻ ടീ പതിവാണ്. പ്രാതലിന് ഒരു ഇഡലിയും നാലു കഷ്ണം ബ്രെഡും. ഇതോടൊപ്പം 230 മില്ലി ലീറ്റർ ഇളനീരും 400 മില്ലി കാപ്പിയും. രാവിലെ 5.05നും 5.35നും ഇടയിലായിരുന്നു ഈ ഭക്ഷണം.
ഉച്ചയ്ക്കു രണ്ടിനും 2.35നും ഇടയ്ക്കായിരുന്നു ഭക്ഷണം. ഒന്നരക്കപ്പ് ബസ്മതി ചോറുംഒരു കപ്പ് തൈരും അരക്കപ്പ് തയ്ക്കുമ്പളവും കഴിക്കും. വൈകിട്ട് 5.45നു കാപ്പി പതിവാണ്. വൈകിട്ട് ആറരയ്ക്കും 7.15നും ഇടയിലായിരുന്നു അത്താഴം. കപ്പലണ്ടിയും ഉണങ്ങിയ പഴങ്ങളും അരക്കപ്പ്, ഇഡലിയോ ഉപ്പുമാവോ ഒരു കപ്പ്, ഒരു ദോശ, രണ്ടു കഷ്ണം ബ്രെഡ്, 200 മില്ലി പാൽ ഇതായിരുന്നു ഭക്ഷണം. ഒപ്പം പ്രമേഹത്തിനുള്ള ഗുളികകളും. ഇതെല്ലാം സ്വന്തം കൈപ്പടയിൽ, പച്ച മഷിയിൽ എഴുതി വച്ചിരുന്ന ജയയുടെ കുറിപ്പും ഡോ.ശിവകുമാർ ഹാജരാക്കി.
ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും പിന്നീട് 2016 ഡിസംബർ അഞ്ചിനു മരണപ്പെട്ടതിന്റെയും പിന്നിലെ കാരണങ്ങളാണ് കമ്മിഷൻ അന്വേഷിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെ ഒട്ടേറെ പേർ ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. 2017 ഏപ്രിലിലാണ് അറുമുഖസാമി കമ്മിഷനെ സർക്കാർ നിയോഗിച്ചത്.
അതേസമയം തൂത്തുക്കുടിയിലെ വെടിവയ്പിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ജയലളിതയുടെ ശബ്ദം പുറത്തുവിട്ടതിലൂടെ കമ്മിഷൻ നടത്തുന്നതെന്ന് ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ആരോപിച്ചു.
ലക്നൗ: ഹിന്ദു യുവതിയുമായി സൗഹൃദം സൂക്ഷിച്ച മുസ്ലിം യുവാവിന് സംഘ്പരിവാര്‍ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് 24 കാരനായ മുസ്ലിം യുവാവിനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ അതിക്രൂരമായി ആക്രമിച്ചത്. ഇയാളെ അക്രമിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ഗുണ്ടകള്‍ അവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഹിന്ദു പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇയാള്‍ക്ക് സൗഹൃദമുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പെണ്‍കുട്ടിയെ കാണാന്‍ റെയില്‍ വേ സ്റ്റേഷനിലെത്തിയതായിരുന്നു ഇയാള്‍. റെയില്‍ വേ സ്റ്റേഷനിലെത്തിയ ശേഷം പരിസരവാസികളായ ചിലര്‍ തന്റെ ചുറ്റം കൂടുകയും ചോദ്യം ചെയ്യാന്‍ ആരംഭിക്കുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു.
യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ശേഷം ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ‘നിന്നെ നശിപ്പിക്കാനായില്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ പേരുമാറ്റും’ അക്രമികള്‍ പറയുന്നതും കേള്‍ക്കാം. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമികള്‍ക്ക് തന്നെ മുന്‍പ് അറിയില്ലെന്നും യുവതിയുമായി സൗഹൃദം സൂക്ഷിച്ചതിന്റെ പേരില്‍ മാത്രമാണ് മര്‍ദ്ദിച്ചതെന്നും യുവാവ് പറയുന്നു. ഇയാളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലഭിച്ചത് അപ്രതീക്ഷിത ഗവര്‍ണര്‍ സ്ഥാനം. കേരളത്തിലെ ബിജെപിയുടെ ചുമതല 2015ല്‍ നല്‍കിയതുപോലെ അപ്രതീക്ഷിതമായാണ് ഗവര്‍ണര്‍ സ്ഥാനവും നല്‍കിയിരിക്കുന്നത്. നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം സ്വീകരിച്ച നടപടിയാണെന്ന വിമര്‍ശനവും കുമ്മനത്തിന്റെ ഗവര്‍ണര്‍ സ്ഥാനബ്ധിയില്‍ ഉയരുന്നുണ്ട്.
മിസോറാം ഗവര്‍ണറായി കുമ്മനം പോയിക്കഴിഞ്ഞാല്‍ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ആരാകും എത്തുക എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. കെ.സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
എം ടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. യുവമോര്‍ച്ചാ പ്രസിഡന്റായി നടത്തിയ പ്രവര്‍ത്തനങ്ങളും നിലപാടിലെ കണിശതയും സംഘാടനമികവും സുരേന്ദ്രന് അനുകൂലമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തിലെ സംഘടനാതലത്തില്‍ അടിമുടി മാറ്റം വരുത്താനാണ് കേന്ദ്രനേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
ബോളിവുഡ് ഉള്‍പ്പെടെ സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത ഇല്ലെന്ന കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.
ശ്രീദേവിയുടെ മരണത്തില്‍ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമിയുടെ ആരോപണത്തിനു പിന്നാലെ അതേ ആരോപണം ഉയര്‍ത്തി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി പോലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍. ശ്രീദേവിയുടെ മരണം പുനസൃഷ്ടിച്ച ശേഷം ദുബായില്‍ പോയി അന്വേഷണം നടത്തി തിരിച്ചു വന്നാണ് മരണത്തില്‍ ദുരൂഗത ആരോപിച്ചിരിക്കുന്നത്. വേദ് ഭൂഷണ്‍ നിലവില്‍ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തി വരികയാണ്.
ദാവൂദ് ഇബ്രാഹിമിന്റെ ശക്തി കേന്ദ്രമായ ദൂബായില്‍ നടന്ന ശ്രീദേവിയുടെ മരണം ദാവൂദ് അറിഞ്ഞു തന്നെയാകണം എന്നാണ് വേദ് ഭൂഷന്റെ വിലയിരുത്തല്‍. മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ജുമേറ എമിറേറ്റ്‌സ് ടവര്‍ ദാൂവദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വേദ് പറയുന്നു. മരണം അന്വേഷിക്കാന്‍ താന്‍ ചെന്ന തനിക്ക് ശ്രീദേവിയുടെ രക്തസാമ്പിളുകളും, ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും നല്‍കാന്‍ ദുബായ് പോലീസ് തയാറായില്ലെന്നും വേദ് ഭൂഷണ്‍ വെളിപ്പെടുത്തി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ദാവൂദിന്റെ പങ്കിലേയ്ക്കാണെന്നും വേദ് പറയുന്നു.
കടുത്ത സംശയങ്ങള്‍ക്കിടെയാക്കുന്നത് ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വേദ് ഭുഷണ്‍. നേരത്തേയും ശ്രീദേവിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് സംശയം ഉന്നയിച്ച് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുനില്‍ സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ബെംഗളൂരു∙ എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു.
ആർക്കു മുഖ്യമന്ത്രി പദം നൽകുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു ഞങ്ങൾക്കു പ്രധാനം. പാർട്ടിയിലെ സ്ഥാനങ്ങൾക്കു വേണ്ടി ആരും തന്നോടോ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോ സംസാരിച്ചിട്ടില്ല. പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു മാത്രമേ അറിയൂ. സ്ഥാനമാനങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ തെറ്റില്ലെന്നും പരമേശ്വര പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുന്നതിന് കഴിവുള്ള ഒട്ടേറെ നേതാക്കന്മാരുണ്ട്. പാർട്ടിയുടെ വിലയേറിയ സ്വത്തുതന്നെയാണത്. സഖ്യസർക്കാർ ആയതിനാൽ നിലവിലാർക്കാണ് സ്ഥാനം നൽകേണ്ടതെന്നു തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണ്. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്യും. കൂടിക്കാഴ്ചയും ചർച്ചകളും നടത്തിയില്ലെങ്കിലും എല്ലാവരും ഒറ്റക്കെട്ടാണെന്നും പരമേശ്വര പറഞ്ഞു.
തിരുവനന്തപുരം: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച ഡോ.കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വരേണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ സേവനത്തിന് തയ്യാറാണെന്നായിരുന്നു കഫീല്‍ ഖാന്‍ അറിയിച്ചിരുന്നത്.
എയിംസില്‍ നിന്നുള്ള വിഗദ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ താന്‍ വിദഗ്ദ്ധ സംഘം വരുന്ന കാര്യത്തിനല്ല എത്തുന്നതെന്നും സൗജന്യ സേവനത്തിനാണെന്നും വ്യക്തമാക്കിയിട്ടും വിശദീകരണം ലഭ്യമായില്ല. ഇന്ന് കൊച്ചിയിലേക്ക് താന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ സ്വാഗതം ചെയ്യുകയും ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം വരട്ടെയെന്നായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് മറ്റൊരാശുപത്രിയില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്താനാവില്ലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ 2 ദിവസങ്ങളായി 12 പേരുടെ ജീവന്‍ അപഹരിച്ച തൂത്തുകുടിയില്‍ നടന്ന ക്രൂരമായ നരഹത്യക്ക് തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്ന് ആം ആദ് മി പാര്‍ടി.
ബിജെപി സര്‍ക്കാരിന്റെയും മോഡിയുടെയും ഏറ്റവും വലിയ പ്രചാരകരില്‍ ഒരാള്‍ ആണ് അനില്‍ അഗര്‍വാള്‍ എന്ന വേദാന്തയുടെ ഉടമസ്ഥന്‍. ആ സാഹചര്യത്തില്‍ ഈ കമ്പനിക്ക് വേണ്ടി ഏതറ്റം വരയും പോകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. വളരെ ദുര്‍ബ്ബലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിനു, കേന്ദ്രത്തിന്റെ പിന്‍ബലം ഇല്ലാതെ നില നില്‍ക്കാനാവില്ല എന്നതും സത്യമാണ്. ജനകൂട്ടത്തിനു നേരെ വെടിവെക്കുന്നതിനു കൃത്യമായി ഉത്തരവുകള്‍ ഇല്ലതിരുന്നിട്ടും ഷാര്‍പ് ഷൂട്ടര്‍മാരായ ആളുകളെ പോലീസ് വാനിന്റെ മുകളില്‍ കയറ്റി നിര്‍ത്തി സമര നേതാക്കളെ കൃത്യമായി ഉന്നംവെച്ച് വെടിവച്ചു വീഴ്ത്തുന്ന ഹീനമായ പ്രവര്‍ത്തനം ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആംആദ്മി പാര്‍ടി പറഞ്ഞു.
കഴിഞ്ഞ 2 പതിറ്റാണ്ടായി അവിടെ പ്രവര്‍ത്തിച്ചു വരുന്ന ആ കമ്പനി അവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കന്‍ പാടില്ല അതിന്റെ നടത്തിപ്പിനായി ഇതുവരെ സാമ്പത്തികമായി സഹായിച്ച മുഴുവന്‍ പേരെയും, അന്വേഷണത്തിലൂടെ കണ്ടെത്തി ശിക്ഷിക്കണം എന്നും ആം ആദ്മി ആവശ്യപ്പെടുന്നു.
സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ നടന്ന സമരത്തെത്തുടർന്നുള്ള ഭീകരാന്തരീക്ഷം തുടരുന്നു. സമരക്കാർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. നൂറുകണക്കിന് ആളുകളെയാണു കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്തത്.
വെടിവയ്പ്പിൽ പരിക്കേറ്റ് തൂത്തുക്കുടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയ ബന്ധുക്കളെയും ഇന്നലെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇത് ആശുപത്രിയിൽ ചെറിയ സംഘർഷത്തിനുമിടയാക്കി. കൂടാതെ കറുത്ത ടീ ഷർട്ട് ധരിച്ചു നഗരത്തിൽ വാഹനങ്ങളിലോ കാൽനടയായോ സഞ്ചരിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനു പിന്തുണ നൽകിയവരാണു കറുത്ത ടീ ഷർട്ട് ധരിച്ചതെന്ന വാദമായിരുന്നു പോലീസിന്റേത്. എന്നാൽ, സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധിപേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.
സമരത്തിൽ പങ്കെടുത്ത 300ൽ അധികം ആളുകളെ ഇപ്പോൾ കാണാനില്ലെന്നും ഇവർ പോലീസ് കസ്റ്റഡിയിലുണ്ടെന്നുമാണു സമരസമിതി ഭാരവാഹികൾ പറയുന്നത്. എന്നാൽ, പോലീസ് ഇവരെക്കുറിച്ചു വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിൽ ഇന്നലെയും തൂത്തുക്കുടിയിലെ വ്യാപര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. ശക്തമായ പോലീസ് സന്നാഹം നഗരത്തിലുടനീളം ദൃശ്യമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ചെറിയ സംഘർഷം ഉടലെടുത്തു. വൻ പോലീസ് സംഘം ഇവിടെയെത്തിയാണു രംഗം ശാന്തമാക്കിയത്. സ്റ്റെർലൈറ്റ് ഫാക്ടറിക്കു മുന്നിൽ ശക്തമായ പോലീസ് കാവൽ തുടരുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിച്ചു.
തൂത്തുക്കുടി അണ്ണാ നഗറിൽ ബുധനാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം പോലീസിനു നേർക്കു നാട്ടുകാർ കല്ലേറു നടത്തിയെന്ന കാരണത്താലാണ് ഇന്നലെ പോലീസ് പുലർച്ചെ വീടുകൾ കയറി ലാത്തിച്ചാർജ് നടത്തുകയും പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം വ്യാപകമാകുന്നു എന്ന കാരണത്താൽ തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു.
ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇന്നു തമിഴ്നാട്ടിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉളളതിനാൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.