India

മുംബൈ: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ കോടിപതിയായി അമിതാഭ് ബച്ചനും. അമിതാഭിനും മകന്‍ അഭിഷേകിനും കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് രണ്ടര വര്‍ഷം മുന്‍പ് 1.6 കോടി മൂല്യമുള്ള ബിറ്റ് കോയിന്‍ നിക്ഷേപമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിറ്റ് കോയിന്‍ മൂല്യം അസാധാരണമായി ഉയര്‍ന്നതോടെയാണ് ബച്ചന്റെ നിക്ഷേപം 112 കോടിയായി ഉയര്‍ന്നത്.

പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2015ലാണ് അമിതാഭും അഭിഷേകും സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ് കോയിന്‍ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോം കമ്പനിയാണിത്. ഈ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ലോജ് ഫിനിന്റെ ഓഹരികള്‍ 2500 ശതമാനം വര്‍ദ്ധിച്ചു.
ഏറ്റെടുക്കലോടെ ബച്ചന്‍ കുടുംബത്തിന് ലോങ് ഫിനില്‍ 25000 ഷെയറുകളാണ് ലഭിച്ചത്. തിങ്കളാഴ്ച മാത്രം ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇത്തരത്തില്‍ രണ്ടര വര്‍ഷം കൊണ്ട് ബച്ചന്റെ നിക്ഷേപം ഉയരുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ബിറ്റ് കോയിന്റെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. ഒരു ബിറ്റ് കോയിന് 65 ലക്ഷം രൂപ വരെ ആയാലും അത്ഭുതപ്പെടാനില്ലെന്ന് 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച ഹെഡ്ജ്ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രവേശിക്കുമോ എന്ന കാര്യം ഈ വര്‍ഷത്തിന്റെ അവസാന ദിവസം അറിയാം. കോടമ്പാക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തില്‍ താന്‍ നിലപാട് അറിയിക്കുമെന്ന് രജനികാന്ത് അറിയിച്ചു. രാഷ്ട്രീയത്തില്‍ താന്‍ പുതിയ ആളല്ല. രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു. രാഷ്ട്ട്രീയ പ്രവേശനമെന്നത് വിജയത്തിന് തുല്യമാണെന്നും തീരുമാനം 31ന് അറിയിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി.

ഇന്ന് നടന്ന ആരാധക സംഗമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സ്റ്റൈല്‍ മന്നന്‍ ഇക്കാര്യം പറഞ്ഞത്. തീരുമാനം ഇന്ന് അറിയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം. അതിന് തന്ത്രങ്ങളും വേണം. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കാണ് താല്‍പര്യം കൂടുതലെന്നും രജനി പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കുമ്പോളും യുദ്ധം വരുമ്പോള്‍ നമുക്ക് അതിനെ ഒരുമിച്ച് നേരിടാമെന്നായിരുന്നു രജനി പറഞ്ഞത്. 18 ജില്ലകളില്‍ നിന്നുള്ള ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു രജനിയുടെ പ്രസംഗം.

തിരുവനന്തപുരം. പുതുച്ചേരിയില്‍ നടന്‍ ഫഹദ് ഫാസില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാഹനത്തിന്റെ ഡീലര്‍മാരെയും പ്രതി ചേര്‍ക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ വൈകാതെ ചോദ്യം ചെയ്യും.
നികുതി സംബന്ധമായ കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ഡീലര്‍മാരാണ് കാറുകള്‍ റജിസ്റ്റര്‍ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് മൊഴി നല്‍കിയിരുന്നു. നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.

നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും നല്‍കാന്‍ തയാറാണെന്നും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം.
25നു രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.

പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി.

അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് േകസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. നിയമത്തിലെ അറിവില്ലായ്മ മൂലമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഫഹദ് കുറ്റസമ്മതം നടത്തി. നിയമപ്രകാരമുള്ള പിഴ അടക്കാന്‍ തയാറാണന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചു..

ആലപ്പുഴ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫഫദ് ഫാസില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2015ലും 2016ലുമായി വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ന്യായീകരണങ്ങളൊന്നും നിരത്താതിരുന്ന ഫഹദ് തെറ്റുപറ്റിയതാണെന്ന് തുറന്ന് പറഞ്ഞു.

ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതും. നിയമത്തിലെ അറിവില്ലായ്മയാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നികുതി കുറച്ചടയ്ക്കാനും കാരണമായത്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 2016ല്‍ വാങ്ങിയ കാറിന്റെ പിഴ അടച്ചു. നിയമപ്രകാരം അടക്കേണ്ട പിഴ 16 ലക്ഷമായിരുന്നെങ്കില്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ പിഴ അടച്ചതിന്റെ രേഖകളും ഹാജരാക്കി. നികുതിവെട്ടിക്കാനോ വഞ്ചിക്കാനോ യാതൊരു ഉദേശ്യവുമില്ലായിരുന്നൂവെന്ന് ആവര്‍ത്തിച്ച ഫഹദ് രണ്ടാമത്തെ കാറിനും പിഴ അടക്കാന്‍ തയാറാണെന്നും അറിയിച്ചു. ഇതോടെയാണ് ഫഹദിന്റെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്താന്്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

അറസ്ററ് രേഖപ്പെടുത്തിയാല്‍ രണ്ട് ആളിന്റെയും അമ്പതിനായിരം രൂപയുടെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നിര്‍ദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും എസ്.പി. കെ.വി. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍.

വുമണ്‍ ഓഫ് ദ ഇയര്‍ 2017 തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ച് മലയാളി നടി പാര്‍വതി. ഔണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ദ ന്യൂസ് മിനിറ്റ്’ നടത്തിയ തെരഞ്ഞെടുപ്പിലാണ് പാര്‍വതി ഇടം നേടിയത്. നടി ഭാവനയും പട്ടികയിലുണ്ട്. മമ്മൂട്ടി നായകനായ കസബ സിനിമയിലെ ഒരു ഡയലോഗില്‍ സ്ത്രീവിരുദ്ധത പ്രകടമായിരുന്നു എന്ന് വിമര്‍ശിച്ച പാര്‍വതി രൂക്ഷമായ സൈബര്‍ ആക്രമണത്തിനു ഇരയായെങ്കിലും നിലപാടില്‍ ഉറച്ചു നിന്നു. ഇതാണ് പാര്‍വതിയെ തിരഞ്ഞെടുക്കാന്‍ കാരണം.

മലപ്പുറത്തുനിന്നുള്ള ഡോക്ടറായ ഷിംന അസീസും പട്ടികയിലുണ്ട്. പ്രതിരോധ കുത്തിവെപ്പ് വാക്‌സിനായ മീസില്‍സ് റുബെല്ലയെ കുറിച്ചുള്ള ബോധവത്കരണം നടത്തിയതിനാണ് ഷിംന പട്ടികയില്‍ ഇടം പിടിച്ചത്. തന്റെ നിലപാടുകള്‍ സുപ്രീംകോടതിയില്‍ പോലും ഉറച്ച ശബ്ദത്തില്‍ പ്രകടിപ്പിച്ച ഹാദിയയും പട്ടികയില്‍ ഇടം നേടി. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിനായി രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും നടി നയന്‍താര, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ് പദ്മശാലി, വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗില്‍ തുടങ്ങി പതിനെട്ട് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളിലേയ്ക്ക്. 27 ബാങ്കുകള്‍ ചേര്‍ന്നുള്ള ശൃംഖലയാണ് ബാങ്കിംഗ് രംഗത്തേയ്ക്ക് ബ്ലോക്ക് ചെയിന്‍ സംവിധാനം കൊണ്ടുവരുന്നത്. അടുത്ത മാസത്തോടെ ബ്ലോക്ക് ചെയിനിന്റെ രണ്ട് ബീറ്റാ പതിപ്പുകള്‍ പുറത്തിറക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യത്തേത് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ക്കും രണ്ടാമത്തേത് കെവൈസി ഡാറ്റകള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുക. ഫെബ്രുവരിയില്‍ രൂപീകരിച്ച ബാങ്ക് ചെയിനില്‍ എസ്ബിഐയാണ് ആദ്യത്തെ അംഗം. നിലവില്‍ ഐസിഐസിഐ ബാങ്ക്, ഡിസിബി ബാങ്ക്, ആക്‌സിസ് ബാങ്ക്, പശ്ചിമേഷ്യയിലെ അഞ്ച് പ്രധാന ബാങ്കുകള്‍ എന്നിങ്ങനെ 22 ഇന്ത്യന്‍ ബാങ്കുകളാണ് ബാങ്ക് ചെയിനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പര്‍ച്ചേസ് ഓര്‍ഡര്‍, ഷിപ്പിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ്, ഇന്‍വോയസ് തുടങ്ങിയ അന്താരാഷ്ട്ര വ്യാപാര രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സയം നല്‍കുകയും ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണ് ബ്ലോക്ക് ചെയിന്‍.

ബ്ലോക്ക് ചെയിനുകളില്‍ ഉപയോഗിക്കുന്ന കരാറുകളാണ് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍. രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ കൈമാറാന്‍ കഴിയുന്ന വികേന്ദ്രീകൃതമായ രജിസ്റ്ററാണ് സ്മാര്‍ട്ട് കോണ്‍ട്രാക്ട്. ഇതിലെ കോഡ് കരാര്‍ എന്നിവ പരസ്യമാണെങ്കിലും മാറ്റിയെഴുതാന്‍ കഴിയില്ല. അതിനാല്‍ പ്രത്യേകം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ ആവശ്യവുമില്ല. ഇന്റര്‍നെറ്റ് വഴിയുള്ള പണമിടപാടുകളില്‍ സത്യസന്ധത സുതാര്യത എന്നിവ കാത്തുസൂക്ഷിച്ച് തട്ടിപ്പുകള്‍ തടയുന്നതിനുള്ള സംവിധാനം കൂടിയാണ് ബ്ലോക്ക് ചെയിന്‍ എന്ന സംവിധാനം.

ഓരോ സാമ്പത്തിക ഇടപാടുകളുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുമെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ബ്ലോക്ക് ചെയിനില്‍ ലഭ്യമാവില്ല. ഉടമ രേഖപ്പെടുത്തുന്ന കണക്കുകള്‍ മേല്‍നോട്ടത്തിന്‍രെ ചുമതലയുള്ളയവര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇടപാടുകള്‍ രേഖപ്പെടുത്തുകയുള്ളൂ. ബ്ലോക്കുകളായാണ് സാമ്പത്തിക ഇടപാടുകള്‍ ബ്ലോക്ക് ചെയിനില്‍ രൂപപ്പെടുത്തുന്നത് എന്നതിനാല്‍ ആര്‍ക്കും ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.

ആര്‍.കെ.നഗറിലെ ടി.ടി.വി ദിനകരന്റെ വിജയത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ് തമിഴകം.ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് കൊണ്ടാണ് ജയലളിതയുടെ തോഴി ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ ഇവിടെ വന്‍ വിജയം നേടിയത്.

ജയലളിതയുടെ സ്വന്തം ആര്‍.കെ നഗറില്‍ തോഴി ശശികലയുടെ അനന്തരവന്‍ ടി.ടി.ദിനകരന്‍ നേടിയ വന്‍ വിജയം ശശികലയുടെ മധുരമായ പ്രതികാരം.

മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ജനം ദിനകരന് സമ്മാനിച്ചത്.സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ദിനകരന്‍ നേടിയത്.അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടിവന്നത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നല്ല ലീഡുയര്‍ത്തിയ ദിനകരന്‍ 7276 വോട്ട് പിന്നിട്ടപ്പോള്‍ കൗണ്ടിങ് കേന്ദ്രത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായി.

ഈ ഘട്ടത്തില്‍ 2738 വോട്ട് മാത്രമാണ് അണ്ണാ ഡി.എം.കെക്ക് നേടാന്‍ കഴിഞ്ഞിരുന്നത്. മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ 1182 വോട്ടായിരുന്നു ഈ സമയത്ത് നേടിയിരുന്നത്.ഇതിനു ശേഷം സുരക്ഷാ സേന എത്തിയതിനു ശേഷമാണ് വോട്ടെണ്ണല്‍ പുരോഗമിച്ചത്.ദിനകരന്‍ വിജയിച്ചതോടെ ജയലളിതയുടെ പിന്‍ഗാമിയായി അദ്ദേഹം ചിത്രീകരിക്കപ്പെടും. ഇത് തമിഴക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.

അത്തരമൊരു സാഹചര്യത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ കൂട്ടമായി ദിനകരന്‍പക്ഷത്തേക്ക് മാറാനും സര്‍ക്കാര്‍ താഴെ പോവാനും സാധ്യത വളരെ കൂടുതലാണ്.ജയിലില്‍ കിടക്കുന്ന ശശികലക്കും ദിനകരന്റെ വിജയം വലിയ നേട്ടമാകും.അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ നേടിയതിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയാണ് ആര്‍.കെ നഗറില്‍ ദിനകരന്‍ വിജയിച്ചത്.

തിരുവനന്തപുരം: അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത് കുറച്ചു കാലം മുമ്പാണ്. സീരിയല്‍ നടി ഉമ നായര്‍ ഒരു ചാനല്‍ ഷോയില്‍ കയറി വല്ല്യച്ചനെന്നാണ് ജയനെ വിളിക്കുന്നതെന്ന് പറഞ്ഞതിനെ എതിര്‍ത്ത് ജയന്റെ അനുജന്റെ പുത്രി ലക്ഷ്മി ശ്രീദേവി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയതാണ് വിവാദമായത്. ഈ വിഷയം ഏറ്റുപിടിച്ച് ലക്ഷ്മിയുടെ ജ്യേഷ്ഠനും സീരിയല്‍ താരവുമായ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇവര്‍ പരസ്പ്പരം ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ആദിത്യന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ ഫേസ്ബുക്ക് വീഡിയോയില്‍ മുമ്പൊരാള്‍ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

ജയന്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ് രംഗത്തെത്തിയ തേവള്ളി പുത്തന്മഠം കുഴയില്‍ വീട്ടില്‍ മുരളീധരന്‍ എന്ന മുരളിയെയാണ് ആദിത്യന്‍ ഉദ്ദേശിച്ചിരുന്നത്. ആദിത്യന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടതോടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് മുരളി ജയനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മുരളി രംഗത്തെത്തിയത്. ജയന്‍ തന്റെ അച്ഛനാണെന്ന് തെളിയിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ജയന്റെ ബന്ധുത്വ തര്‍ക്കം മുറുകുന്നതിനിടെ ഇനി ആരെങ്കിലും അച്ഛനാണെന്നോ വല്ല്യച്ഛനാണെന്നോ അവകാശപ്പെട്ട് രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു ആദിത്യന്‍ പറഞ്ഞിരുനന്ത്. ഇതിനാണ് മുരളി ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടിയുമായി എത്തിയത്.

എന്റെ അച്ഛന്റെ വീട്ടുകാരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചുവെന്നും മുരളി പറയുന്നു.

മുരളിയുടെ വാക്കുകള്‍ ഇങ്ങനെ:

ഞാന്‍ ജയന്റെ മകനാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്റെ വീട്ടുകാരായ പൊന്നച്ചന്‍ വീട്ടുകാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ പേരില്‍ കേസ് കൊടുക്കാനോ തയാറായിട്ടില്ല. ഇതില്‍ നിന്നും ഈ സമൂഹത്തിന് മനസ്സിലാക്കാം, ഞാന്‍ പറഞ്ഞ കഥയില്‍ സത്യമുണ്ടെന്ന്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്.
ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചു. നിങ്ങളും നിങ്ങളുടെ കുടുംബവും ചേര്‍ന്ന് വലിയ സത്യത്തെ കുഴിച്ചുമൂടുകയാണ്.ഏതോ ഒരുത്തന്‍ എന്ന് നിങ്ങള്‍ പറഞ്ഞ അതേ നാവ് കൊണ്ട് ഞാന്‍ പറയിപ്പിക്കും ഇത് ഞങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്.
നമ്മുടെ പ്രശ്‌സതമായ കെപിഎസിയുടെ നാടാകത്തില്‍ ബഷീറിന്റെ കഥയില്‍ എനിക്ക് ഒരു വേഷം ലഭിച്ചിരുന്നു. ഈ നാടകത്തിന് കേരള സര്‍ക്കാറിന് ആറ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആ ചടങ്ങില്‍വെച്ച് മാമുക്കോയ സാറിനെ പരിചയപ്പെടുകയും ചെയ്തിരുന്നു. അന്ന് മാമുക്കോയ സാറിനോട് ഞാന്‍ മരിച്ചു പോയ ജയന്റെ മകനാണെന്ന് മകനാണെന്ന് പറയുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം എന്നെ നോക്കി ചോദിച്ചു അതിന് ഓന്‍ കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന്. ഇതു കേട്ട ഞാന്‍ എന്തു പറയണം എന്നറിയാതെ വിഷമിച്ചു പോയി. അവസാനം ഞാന്‍ എന്നോടു തന്നെ ചോദിച്ചു പോയി ഒരു കുഞ്ഞു ജനിക്കാന്‍ വിവാഹം കഴിക്കണോ എന്ന്.
മോനോ ആദിത്യാ മലയാള സിനിമയുടെ സൂര്യ തേജസാണ് എന്റെ അച്ഛന്‍. ആ സൂര്യ തേജസിനെ അച്ഛനാണെന്ന് ചൂണ്ടിക്കാട്ടിയ സത്യത്തെയാണ് 44 കൊല്ലമായി നിങ്ങളുടെ കുടുംബക്കാര്‍ കുഴിച്ചു മൂടുന്നത്. അതേ എന്നെ കുറിച്ച് ഏതോ ഒരുത്തന്‍ എന്നല്ലേ പറഞ്ഞ്. ആ നിങ്ങളെ കൊണ്ട് ഞാന്‍ പറയിക്കും നിങ്ങളുടെ വല്ല്യച്ഛന്‍ ആണെന്ന്. മക്കളേ, ആദിത്യാ ഇനി ഈ വിഷയത്തില്‍ ഒരു ഡിഎന്‍എ ടെസ്റ്റിന്റെ ആവശ്യമേയൂള്ളൂ. ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നെ ഉമ നായര്‍ക്ക് നന്ദി പറയുന്നു. എന്തായാലും ഞാന്‍ നനഞ്ഞു, ഇനി കുളിച്ചേ കേറുന്നുള്ളൂ..

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിചെയ്തു വരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കിയതെന്നുമായിരുന്നു അവകാശപ്പെട്ടാണ് മുരളി നേരത്തെ രംഗത്തെത്തിയിരുന്നത്. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നതെന്ന് വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നല്‍കുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയന്‍ തന്റെ മകനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആ സമയത്ത് ജയന്‍ സിനിമയില്‍ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറഞ്ഞിരുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണ് മരണം വരെ ജയന്‍ അവിവാഹിതനായി ജീവിച്ചത് എന്നായിരുന്നു തങ്കമ്മയുടെ വാദം.

25 വര്‍ഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോള്‍ ഒരിക്കല്‍ ജയന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ കൊല്ലം കോടതിയില്‍ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ അന്ന് ഓര്‍ത്തെടുത്തു പറഞ്ഞിരുന്നു. എസ്എസ്എല്‍സി ബുക്കില്‍ പിതാവിന്റെ പേര് കൃഷ്ണന്‍ നായര്‍ (ജയന്റെ യഥാര്‍ത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരന്‍ കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. മുരളീധരന്‍ ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ ആചാരിയുടെ പേരായിരുന്നു അതുവരെ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയരുന്നത്.
ഈ വിവാദം മാധ്യമങ്ങളില്‍ അന്ന് വാര്‍ത്തയായിരുന്നു.

ജിദ്ദ ഇന്ത്യന്‍ തീരത്തു നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെയോ അവരുടെ മൃതദേഹങ്ങളോ സൗദി സമുദ്ര മേഖലയിലോ തീരത്തോ കണ്ടെത്താനായിട്ടില്ലെന്ന് സൗദി തീരദേശസുരക്ഷാ അധികൃതര്‍ അറിയിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ക്ഷേമവിഭാഗം കോണ്‍സല്‍ അനില്‍ നോട്ടിയാല്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ചു റിയാദിലെ എംബസി സൗദി അധികൃതരുടെ സഹായം തേടുകയായിരുന്നു. അതിനുള്ള മറുപടിയിലാണ് സൗദി കോസ്റ്റല്‍ ഗാര്‍ഡ് ഇതുവരെയുള്ള സ്ഥിതി എംബസിയെ അറിയിച്ചത്.

തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സൗദി സമുദ്ര മേഖലയിലും തീരത്തും കൂടി ഓഖി ഇരകളെ കണ്ടെത്തുന്നതില്‍ എംബസി മുഖേന സൗദി അധികൃതരുടെ സഹകരണം വിദേശകാര്യ മന്ത്രാലയം തേടിയത്. ദമാം, അല്‍ഖോബാര്‍, അല്‍ഖഫ്ജി, ജുബൈല്‍ എന്നീ സൗദി തീരങ്ങളിലെ അധികൃതരുടെ സഹകരണം എംബസി തേടിയതായും അവിടങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച് അത്തരം യാതൊരു മൃതദേഹവും സൗദി കടലില്‍നിന്നോ തീരത്തുനിന്നോ കണ്ടെത്താനായിട്ടില്ലെന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചതെന്നും കോണ്‍സല്‍ നോട്ടിയാല്‍ പറഞ്ഞു.

ഇനിയും ഓഖി ഇരകളായ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയോ അവരുടെ മൃതദേഹങ്ങളോ കണ്ടുകിട്ടാനുണ്ട്. മാത്രമല്ല, ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന മല്‍സ്യബന്ധന ബോട്ടുകള്‍ നിയന്ത്രണം വിട്ട് ഗള്‍ഫ് തീരങ്ങളിലേയ്ക്കു നീങ്ങിപ്പോകാനും മൃതദേഹങ്ങള്‍ അവിടങ്ങളിലെ കരയ്ക്കണയാനുമുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം, സൗദി തീരങ്ങളില്‍ ഏതാനും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായും അവ ഓഖി ഇരകളുടേതാണെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഇതിനെ തുടര്‍ന്നായിരുന്നു സൗദി തീര്‍ത്ത് തിരച്ചില്‍ നടത്തേണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തത തേടിയതും. ഓഖി ഇരകള്‍ക്കായുള്ള സൗദി തീര്‍ത്തെ തിരച്ചിലും ഇക്കാര്യത്തില്‍ സൗദി കോസ്റ്റ് ഗാര്‍ഡുമായുള്ള തുടര്‍ നടപടികളും അവരില്‍ നിന്നുള്ള വിവര ശേഖരണവും എല്ലാ ദിവസവും തുടരുന്നതായും ഇന്ത്യന്‍ കോണ്‍സല്‍ പറഞ്ഞു.

മലയാളം സിനിമയ്ക്ക് യുകെ യൂറോപ്പ് മേഖലകളില്‍ വ്യവസായ പ്രചാരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ത്യവുഡ്‌സ് ഫിലിം കാര്‍ണിവല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് ആര്‍എഫ്ടി ഫിലിംസ് ഡയറക്ടര്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ അര്‍ഹനായി. ഇന്ത്യന്‍ സിനിമകളെ ലോകോത്തര വ്യവസായങ്ങളുമായി കോര്‍ത്തിണക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 1 മുതല്‍ 4 വരെ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഫിലിം കാര്‍ണിവലില്‍ വെച്ച് യാഷ് ചോപ്ര ഫിലിം കമ്പനി സിഇഒ അവാര്‍ഡ് സമ്മാനിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ യുകെ യൂറോപ്പ് മേഖലകളില്‍ വിതരണം ചെയ്യുന്നതില്‍ ആര്‍എഫ്ടി ഫിലിംസ് മുഖ്യ പങ്ക് വഹിക്കുന്നു. പുലിമുരുകന്‍, ചാര്‍ലി, ടു കണ്‍ട്രീസ്, ഉദാഹരണം സുജാത എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ യുകെ മലയാളികള്‍ക്ക് മുന്നില്‍ എത്തിച്ച് ആര്‍എഫ്ടി ഫിലിംസ് ക്രിസ്തുമസ് ന്യൂഇയര്‍ റിലീസ് ആയി ഒരുപിടി നല്ല ചിത്രങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും നാളുകളില്‍ മലയാള സിനിമ യുകെയില്‍ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനോടൊപ്പം യുകെയിലെ സിനിമാ അഭിനയ പ്രേമികള്‍ക്കായി മലയാള സിനിമയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സിനിമ വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിനായി ആലോചിക്കുന്നതായും അവാര്‍ഡിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ പറഞ്ഞു.

മലയാള സിനിമയെ സ്‌നേഹിക്കുന്ന യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പൊന്‍തൂവലാണ് ഈ അവാര്‍ഡ്. മറ്റു ബിസിനസുകളോടൊപ്പം സിനിമാ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന റൊണാള്‍ഡ് തൊണ്ടിക്കല്‍ പാലാ കടപ്ലാമറ്റം സ്വദേശിയാണ്. യുകെയില്‍ ലിവര്‍പൂളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

RECENT POSTS
Copyright © . All rights reserved