ബംഗളൂരു: മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഓടിയത് 70 കിലോമീറ്റര്‍. കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസിന് അടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവത്തില്‍ ഡ്രൈവറായ മൊഹിനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍
തമിഴ്നാട്ടില്‍ നിന്നും മൈസൂരു-മാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ചന്നപട്ടണത്തുവെച്ച് ഒരു ശബ്ദം കേട്ടിരുന്നുവെന്നും റിയര്‍വ്യൂ മിററില്‍ കൂടി നോക്കിയപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ലെന്നും മൊഹിനുദ്ദീന്‍ പറഞ്ഞു. കല്ല് അടിയില്‍ തട്ടിയതാണെന്നാണ് കരുതിയത്. പുലര്‍ച്ചെ 2.35 മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്.
മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, മജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്റ്റേഷനുകളില്‍ ആളിറക്കിയതിനു ശേഷം ബസ് ബംഗളൂരു ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു. രാവിലെ എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവറേയും വില്‍സണ്‍ ഗാര്‍ഡന്‍ പോലീസിനേയും ജീവനക്കാര്‍ വിവരമറിയിച്ചു.
ബസിനടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനം അശ്രദ്ധമായു ഓടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോര്‍ട്ട് നൊവൊ: മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതെയായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെ തീരത്ത് വെച്ചാണ് കപ്പല്‍ കാണാതായിരിക്കുന്നത്. പനാമ രജിസ്ട്രേഷനുള്ള കപ്പലില്‍ നിന്നും അവസാനമായി വിവരം ലഭിച്ചത് നാല് ദിവസം മുന്‍പാണ്. കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. 13,500 ടണ്‍ പെട്രോളുമായി യാത്ര ചെയ്യുകയായിരുന്ന എം.ടി മറൈന്‍ എക്സ്പ്രസ് എന്ന കപ്പലാണ് കാണാതായിരിക്കുന്നത്.
കാസര്‍??ഗോഡ് സ്വദേശി ഉണ്ണിയുള്‍പ്പെടെ 22 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 31-നാണ് കപ്പലില്‍നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചതെന്നാണ് ഉണ്ണിയുടെ ബന്ധുക്കളെ മുംബൈ ആസ്ഥാനമായുള്ള ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. അവസാന സിഗ്‌നല്‍ ലഭിക്കുമ്പോള്‍ ബെനിനിലെ കോട്ടാനോവിലായിരുന്നു കപ്പല്‍. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. കപ്പല്‍ കണ്ടെത്താന്‍ ഇന്ത്യ നൈജീരിയടക്കം മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കാണാതാകുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ ജനുവരിയില്‍ കാണാതായ കപ്പല്‍ ആറുദിവസങ്ങള്‍ക്ക് ശേഷം കൊള്ളക്കാര്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ നാവികര്‍ തന്നെയായിരുന്ന ഈ കപ്പലിലും ഉണ്ടായിരുന്നത്.
പുത്തന്‍കുരിശ്: വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ. ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാവിലെ ദളിത് ആത്മാഭിമാന കണ്‍വെഷനില്‍ പങ്കെടുക്കാനെത്തിയവരെ അമ്പതോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയ് ഭീം മുദ്രാവാക്യം മുഴക്കിയാണ് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയവര്‍ അറസ്റ്റ് വരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സ്ഥലത്ത് സംഘര്‍ഷാസ്ഥയുണ്ടാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസ്, തേജസ്, സൗത്ത് ലൈവ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയാണ് സംഘപരിവാറുകാര്‍ മാര്‍ദ്ദിച്ചത്. ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ നിമിഷ ടോമിനെ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ സമരം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പൊലീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റുകയാണ്. പ്രദേശത്തെ കടകളെല്ലാം നിര്‍ബന്ധപൂര്‍വ്വം പൊലീസ് അടപ്പിക്കുകയാണ്. അതേസമയം സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പ്രോത്സാഹിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് നിന്ന് ആഹ്ലാദം പ്രകടിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നിന്നും നവജാതശിശുവിന്റെ തല കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് നടന്ന ശിശുബലിയാണോ ഇതെന്ന് സംശയം. ഇക്കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹൈദരാബാദ് ചിലുക നഗറിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്.
വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീ തുണികള്‍ ഉണക്കാനായി ടെറസിലെത്തിയപ്പോഴാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്. തല കണ്ടയുടന്‍ ബഹളംവെച്ച സ്ത്രീയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തല ആദ്യം കണ്ട സ്ത്രീയുടെ മരുമകനായ ടാക്സി ഡ്രൈവര്‍ രാജശേഖരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹരി, മകനായ രഞ്ജിത്ത് എന്നീ അയല്‍വാസികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ വേസ്റ്റ്ബാസ്‌കറ്റിനു സമീപത്തേക്കാണ് പൊലീസ് നായ എത്തിയത്.
അന്ധവിശ്വാസികളായ ഇവര്‍ രണ്ടുപേരും പൂജകള്‍ ചെയ്യാറുണ്ടായിരുന്നു. ശിശുവിന്റെ തലയ്ക്കു സമീപം ചോരപ്പാടുകള്‍ ഇല്ലാത്തതിനാല്‍ തല വെട്ടിയെടുത്ത ശേഷം ടെറസില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ശിശുവിന്റെ ബാക്കി ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ആയുധമാക്കാന്‍ ആരേയും അനുവദിക്കില്ല- യെച്ചൂരി വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പല പരാതികളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല – യെച്ചൂരി പറഞ്ഞു.
എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ബിനോയ്ക്കെതിരായ പരാതിയില്‍ ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ അറിയച്ചത്. ആരോപണങ്ങള്‍ക്ക് സംസ്ഥാന ഘടകം മറുപടി നല്‍കിയിട്ടുണ്ട് , ആവശ്യമെങ്കില്‍ തുടര്‍ നടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
എല്ലാ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും ജീവിത പങ്കളികളുടെയും സ്വത്തുവിവരങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാറുണ്ടെന്നും എന്നാല്‍ മക്കളുടെ സ്വത്തു വിവരങ്ങള്‍ അറിയിക്കുന്ന പതിവില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
മുംബൈ: പത്മാവത് രജ്പുതിനെ വാഴ്ത്തുന്ന ചിത്രം തന്നെയെന്ന് കര്‍ണിസേന. ചിത്രത്തില്‍ നേരത്തെ ആരോപിക്കപ്പെട്ട തരത്തില്‍ രജ്പുത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും തന്നെയില്ലെന്ന് കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രത്തെ അംഗീകരിച്ചു കൊണ്ട് കര്‍ണിസേന രംഗത്തു വരുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കര്‍ണിസേന അണികള്‍ അക്രമിച്ചിരുന്നു.
‘കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജ്പുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജ്പുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം’- കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് മനപൂര്‍വ്വം സംവിധായകന്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഉള്‍പ്പെടുത്തിയതാണെന്നുമായിരുന്നു കര്‍ണിസേന ആരോപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്. കേരളത്തില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കര്‍ണിസേന കേരളഘടകം പറഞ്ഞിരുന്നു.
കൊച്ചി: സംശയത്തിന്റെ പേരില്‍ ഭിക്ഷാടകരെ മര്‍ദ്ദിക്കുകയും ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പിണറായി തന്റെ കുറിപ്പില്‍ പറയുന്നു.
ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിതായും പിണറായി പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യ ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഇരിങ്ങാലക്കുട സ്വദേശി മിഥുനെന്നയാളുടെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. മിഥുന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുജിത് വേണുഗോപാല്‍ എന്ന് യുവാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ മിഥുനെ ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഐക്കര കുന്നിലെ ഒരു വീട്ടു വളപ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മിഥുനെ അതീവ ഗുരുതരാവസ്ഥയില്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ മിഥുന്റെ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു
ആത്മഹത്യകുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോള്‍ ആരായാലും പ്രതികരിക്കില്ലേ അവന്‍ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല ഞാന്‍ സത്യം പറഞ്ഞാല്‍ ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോന്നുന്നത്.
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ജീവിതത്തില്‍ ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാള്‍ മരിക്കന്നു എന്റെ അവസ്ഥ *** ആലോചിച്ചു നോക്കു എത്ര ഭീകരമായ അവസ്ഥ ആണെന്ന്
പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാന്‍ ശല്യം ചെയ്തിട്ടില്ല എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാന്‍ കണ്ടിട്ടില്ല.
അവളെ പോലെ ഒരു നല്ല കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട് ഇതുവരെയുള്ള ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല എന്തുകൊണ്ടാണ് അവള്‍ എന്റെ കണ്ണില്‍ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ അവസാന കാലം വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ്.
ഇപ്പോഴത്തെ കുറെ പെണ്‍കുട്ടികള്‍ ഉണ്ട് നാല് ദിവസം ഭര്‍ത്താവിന്റെ കൂടെ അഞ്ചാം ദിവസം അവര്‍ വേറെ ആരുടെ എങ്കിലും കൂടെ ആകും അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാന്‍ പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു
വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെല്‍പ് ചെയ്യണം എല്ലാവരോടും good bye
ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കല്‍ കൂടെ മാപ്പ് പറയാണ്
all of you thank you and good bye
പൊന്നാനി : കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതെന്ന് ആരോപിച്ച് വയോധികനായ യാചകനെ പൊന്നാനിയില്‍ നഗ്നനാക്കി കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ പോലീസുകാര്‍ക്കും നാട്ടുകാരുടെ തല്ലുകിട്ടി. മര്‍ദ്ദനത്തെത്തുടര്‍ന്ന് തലക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ആന്ധ്രാ സ്വദേശിയായ വൃദ്ധന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍. സംസാരിക്കാനാവാത്ത നിലയിലാണിയാള്‍. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസും എടുത്തു.
പൊന്നാനി നഴ്‌സിംഗ് ഹോമിനടുത്ത ഇന്നലെ രാവിലെ പത്തോടെയായിരുന്നു നാട്ടുകാരുടെ ഈ പരാക്രമം. യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ടുചവിട്ടുകയും നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. ഇയാളില്‍നിന്നു ക്‌ളോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാരുടെ പ്രചരണം. പോലീസ് അന്വേഷണത്തില്‍ ഇതു നുണയാണെന്ന് തെളിഞ്ഞു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാപകപ്രചരണത്തിന്റെ പ്രതിഫലനമാണു നാട്ടുകാരുടെ കയ്യേറ്റത്തിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. മര്‍ദനവിവരം അറിഞ്ഞെത്തിയ പോലീസ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരേയും തിരിഞ്ഞു. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്.
ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ വൃദ്ധന്‍. ഇന്നലെ രാവിലെ ഏഴിനു മരക്കടവില്‍ യാചന നടത്തിയ ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചിരുന്നു .പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്നാണ് ലഭിച്ച വിവരം . ഇന്നലെ രാവിലെ പൊന്നാനി ബീച്ചിലെത്തിയ പെരുമ്പടപ്പ് സ്വദേശികളായ അച്ഛനെയും മകനെയും കുട്ടിയെ തട്ടിക്കൊണ്ടു വന്നു എന്നു പറഞ്ഞു നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഭീതി പരത്തി കറുത്തസ്റ്റിക്കര്‍ പടരുകയാണ്. ഇതിനിടയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി. ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കരമന മേമലാറന്നൂരിലെ വീട്ടിലാണു കറുത്ത സ്റ്റിക്കര്‍ പതിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി നഗര-ഗ്രാമ പ്രദേശങ്ങളിലെ വീടുകളില്‍ കറുത്തസ്റ്റിക്കര്‍ വ്യാപകമായ തോതില്‍ ഭീതി പരത്തുന്നുണ്ട്. തലസ്ഥാനത്തു പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സ്റ്റിക്കര്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. സി സി ടിവി ക്യാമറക്കാരാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ പടരുന്നതിനു പിന്നില്‍ എന്നു പോലീസ് സംശയിച്ചിരുന്നു. ചിലയിടങ്ങളില്‍ സി സി ടിവി ക്യാമറക്കാരുടെ ഇടപെടലും കണ്ടെത്തി. എന്നാല്‍ കറുത്ത സ്റ്റിക്കര്‍ പടരുന്നതില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലന്നാണു പോലീസും മുഖ്യമന്ത്രിയും വിശദീകരിച്ചത്.