ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷ പഠിക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയുടെ പുതിയ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് തെറ്റായ ആശയവിനിമയ സാധ്യതകളെ പുതിയ നടപടി ഇല്ലാതാക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുദ്ധ സമാന സാഹചര്യങ്ങളില്‍ ഭാഷ പഠിക്കുന്നത് തങ്ങള്‍ക്ക് വിനയാകുമെന്ന് ചൈനീസ് മന്ത്രാലയങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഏതാണ്ട് 25 ഓളം പേരടങ്ങുന്ന ഇന്ത്യന്‍ പട്ടാള സംഘമാണ് ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് പിടിഐയാണ്.
മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് സൈനികര്‍ ഭാഷ പഠനം നടത്തുക. കോഴ്‌സ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രശ്നമുണ്ടാകുമ്പോള്‍ ചൈനീസ് ഭാഷ പറഞ്ഞ് ചൈനയുടെ സൈനികര്‍ ഇന്ത്യന്‍ പട്ടാളക്കാരെ കുഴക്കാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് പുതിയ നീക്കം തടയിടുമെന്നാണ് പ്രതീക്ഷ. സമാധാന കാലഘട്ടങ്ങളില്‍ ഇരു സൈന്യവും തമ്മിലുള്ള ആശയവിനിമയ സാധ്യതകളെ ഭാഷ പഠനം ഏറെ സഹായിക്കും. നേരത്തെ ചൈനീസ് സേന ഹിന്ദി പഠിക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അങ്ങനൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷ പ്രാവീണ്യം തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന ഭയം ചൈനയ്ക്കുണ്ട്. യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യയുമായി ഡോക്‌ലാം പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന്‍ സോങ് ഷോഹ്പിങും വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ ഇതു സംബന്ധിച്ച വിശദീകരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ പുതിയ തന്ത്രം അതിര്‍ത്തി പ്രദേശങ്ങളിലെ ഭാഷ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് സൈനിക മേധാവികളുടെ പ്രതീക്ഷ.
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ഐതിഹാസിക സമരം വിജയിച്ചു. കര്‍ഷകര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടെ ആറു ദിവസമായി തുടരുന്ന സമരത്തിന് താല്‍ക്കാലിക വിരാമമായി. മുംബൈ നഗരത്തെ വിറപ്പിച്ചു കൊണ്ട് 5000ത്തിലേറെ കര്‍ഷകരാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്തത്.
മാര്‍ച്ച് 6 തിയതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററോളം നടന്നാണ് ഈ ജന സാഗരം മുംബൈ നഗരത്തില്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ തുടരുന്ന കര്‍ഷക വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമരത്തിന് വലിയ പിന്തുണയാണ് മുംബൈ നിവാസികള്‍ നല്‍കിയത്. കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്ന പാതയ്ക്ക് ഇരുവശവും നിന്ന് കര്‍ഷകരെ സ്വീകരിച്ച മുംബൈ ജനത സമര പ്രവര്‍ത്തകര്‍ക്ക് ആവശ്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ഈ ആവശ്യങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരിക്കും ലോംഗ് മാര്‍ച്ച്.
തിരുവനന്തപുരം: സംസ്ഥാനത്ത് വനങ്ങളിലെ ട്രെക്കിംഗിന് നിരോധനം. കുരങ്ങിണി മലയിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വന്യജീവി സങ്കേതങ്ങളിലെ ട്രെക്കിംഗിനാണ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ഇതിനൊപ്പം വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. തേനിയില്‍ നിന്ന് കുരങ്ങിണിമല വഴി ട്രെക്കിംഗിനെത്തിയവര്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കാട്ടില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും കാട്ടുതീ പടര്‍ന്നു പിടിക്കുന്നതും തീരുമാനത്തിന് കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് വനമേഖലകളില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം വേണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പാക്കേജ് ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ കടുത്തതോടെ കാട്ടുതീ പടരാനുള്ള സാധ്യത, മൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പുറത്തേക്കു വരാനുള്ള സാധ്യത തുടങ്ങിയവയും പരിഗണിച്ചാണ് ട്രെക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയത്.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയവയ്ക്കാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാ.ജോഷി പുതുവ രണ്ടാം പ്രതിയും ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ സജു വര്‍ഗീസ് എന്നിവര്‍ മൂന്നും നാലും പ്രതികളുമാകും.
കോടതിയുത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഭൂമിയിടപാട് വിവാദത്തില്‍ പേലീസിന് കേസെടുക്കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരെയാണ് മാര്‍ ആലഞ്ചേരി ഹര്‍ജി വനല്‍കിയിരിക്കുന്നത്.
നേരത്തേ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് വിധേയനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി പുറത്ത് വന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരാതിക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ബിഡിജെഎസ്. ചെങ്ങന്നൂരില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതോടെ ഉപതെരെഞ്ഞടുപ്പില്‍ ബിഡിജെഎസ് ബിജെപിയുടെ കാലുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയുടെ നിലപാടാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റിനായുള്ള ബിഡിജെഎസിന്റെ അവകാശവാദം ബിജെപി നേതൃത്വം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ മുതിര്‍ന്ന നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
18 പേരടങ്ങുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ ബിജെപി ഇതിനോടകം പുറത്തുവിട്ട് കഴിഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കിയാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് വി മുരളിധരനെ കേന്ദ്രം പരിഗണിക്കുന്നത്. അതേസമയം വാഗ്ദാനം ചെയ്ത പദവികള്‍ തന്നില്ലെങ്കില്‍ മുന്നണി വിടുമെന്ന് ബിഡിജെഎസ് നിലപാടറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം പതിനാലിന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് വ്യക്തമാക്കി.
മേട്ടുപ്പാളയം: കുരങ്ങിണിമല കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നു. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ദേവികുളം ടോപ്‌സ്റ്റേഷനു മറു ഭാഗത്തായി പടര്‍ന്ന തീയാണ് 39 അംഗ സഞ്ചാരികളുടെ സംഘത്തെ അപകടത്തിലാക്കിയത്. പൊള്ളലേറ്റ 15 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏഴുപേര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. സംഘത്തിലുണ്ടായിരുന്ന 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുണ്‍, കോയമ്പത്തൂര്‍ സ്വദേശിയായ വിപിന്‍, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെല്‍വന്‍ എന്നിവരാണ് മരിച്ചവര്‍. ഇവരില്‍ ദിവ്യയും വിവേകും ദമ്പതിമാരാണ്. ഇന്നലെയാണ് 39 പേരടങ്ങുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം തേനിയിലേക്ക് ട്രക്കിങ്ങിനായി എത്തുന്നത്. സംഘത്തില്‍ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. വിവിധ സംഘങ്ങളായി യാത്രതിരിച്ച ഇവര്‍ കുരങ്ങിണി മലയിലെത്തുമ്പോള്‍ സമയം ഏതാണ്ട് അഞ്ച് മണിയോട് അടുത്തിരുന്നു. സംഘത്തിലൊരാള്‍ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സൂചനകളുണ്ട്. മലയുടെ മുകളില്‍ പുല്ലും ഇലകളും വരണ്ടുണങ്ങിയ നിലയിലായത് കൊണ്ട് അതിവേഗമാണ് തീ പടര്‍ന്നത്.
പ്രദേശത്ത് വാഹന ഗതാഗത സൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അപേക്ഷയെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. കാണാതായവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 15 പേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുന്നവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കൊച്ചി: നടി ആക്രമിച്ച കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇപ്പോള്‍ തുടരുന്ന കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
കേസില്‍ അടുത്ത ബുധനാഴ്ച്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ദിലീപ് രംഗത്തു വന്നിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങളും തനിക്ക് പരിശോധിക്കാന്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി നടന്‍ സമര്‍പ്പിച്ചിരുന്നു. ഇരു ഹര്‍ജികളും ഒരേ സമയത്ത് തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച്ച വിചാരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതീവ പ്രാധ്യാന്യമര്‍ഹിക്കാത്ത ചില സിസിടിവി ദൃശ്യങ്ങളും രേഖകളും കോടതി ഉത്തരവിനെ തുടര്‍ന്ന് നേരത്തെ പോലീസ് ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലാപാടിലാണ് അന്വേഷണ സംഘം.
തൃശൂര്‍: ആന പ്രേമികളുടെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തോളം നീണ്ടു നിന്ന ചികിത്സ ഫലിക്കാതെ വന്നതോടെയാണ് ശിവസുന്ദര്‍ ചെരിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തൃശ്യൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറാണ്.
ആന പ്രേമികളുടെ ഹരമായിരുന്ന തിരുവമ്പാടി ശിവസുന്ദറിനെ 2003ലാണ് വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുന്നത്. ഏതാണ്ട് 15 വര്‍ഷത്തോളം തിരുവമ്പാടി വിഭാഗത്തിന് തലയെടുപ്പ് ശിവസുന്ദറായിരുന്നു. നിരവധി പേരാണ് അവസാനമായി ആനയെ കാണാന്‍ എത്തികൊണ്ടിരിക്കുന്നത്.
ആനകളുടെ നേതൃത്വത്തില്‍ ശിവസുന്ദറിന് ആദരാഞ്ജലികളര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയോടെ കോടനാട് നിര്‍വഹിക്കും.
മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി അഡ്വ.എ ജയശങ്കര്‍. മുന്‍ കപ്യാരായിരുന്ന ജോണി പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ജോണിയെ കരുവാക്കിയതാണെന്ന ആരോപണമാണ് ജയശങ്കര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഗുരുതര ആരോപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കപ്യാരുടെ കുത്തേറ്റു മരിച്ച മലയാറ്റൂര്‍ പളളി വികാരി ഫാ സേവ്യര്‍ തേലക്കാടിനെ കുറിച്ചാണ് ഈ കുറിപ്പ്.
വളരെ സത്യസന്ധനും നിര്‍ഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂര്‍ പളളിയിലേക്ക് അയച്ചത്.
കോടിക്കണക്കിന് രൂപ വന്നു മറിയുന്നയിടമാണ് മലയാറ്റൂര്‍ പളളി. വരുമാനം വീതിക്കുന്നതു സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മില്‍ തര്‍ക്കവും വക്കാണവും നിലനിന്നിരുന്നു. തേലക്കാട്ടച്ചന്‍ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിര്‍വഹണത്തിനു കപ്യാരെ കരുവാക്കിയതാണോ?
അനിയന്ത്രിതമായ പാറപൊട്ടിക്കല്‍ മലയാറ്റൂര്‍ മലയുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുന്നു.മലയാറ്റൂര്‍ ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ കറുത്ത കൈകള്‍ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം.
ഏതു നിലയ്ക്കും, അന്വേഷണം കപ്യാര്‍ ജോണിയില്‍ ആരംഭിച്ചു ജോണിയില്‍ തന്നെ അവസാനിക്കേണ്ടതല്ല.
കാതുളളവര്‍ കേള്‍ക്കട്ടെ.