India

നോയിഡ: രഹസ്യമായി ഭാര്യയുടെ നഗ്‌നചിത്രങ്ങളെടുത്ത് ഫോണ്‍നമ്പറിനൊപ്പം പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പോണ്‍ കാറ്റഗറിയില്‍പ്പെടുന്ന വെബ്‌സൈറ്റുകള്‍ വഴിയായിരുന്ന പ്രചാരണം. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ വഴി ആളുകളെ ബന്ധപ്പെടുത്തി ചതിയില്‍ വീഴ്ത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ഇയാള്‍. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തന്റെ നഗ്‌ന വീഡിയോകള്‍ പ്രചരിക്കുന്നതായി കാണിച്ച് ഭാര്യ നോയിഡ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഭര്‍ത്താവ് ഒളിവില്‍ പോയി.

പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കഴിഞ്ഞദിവസം ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ നിന്ന് സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

പത്തനംതിട്ട: ശബരിമലയില്‍ പോലീസ് നിര്‍ദേശം മറികടന്ന് പ്രവേശിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി കേരള ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു. ശനിയാഴ്ച്ച രാത്രിയാണ് പോലീസ് നിര്‍ദേശം മറികടന്ന് കെ. സുരേന്ദ്രന്‍ സന്നിധാനം സന്ദര്‍ശിക്കാനായി എത്തിയത്.

രാത്രികാലങ്ങളില്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ശബരിമലയിലേക്ക് ആളുകളെ കടത്തിവിടില്ലെന്ന് നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു. ലക്ഷകണക്കിന് ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കങ്ങളുമായി പോലീസ് രംഗത്ത് വന്നത്. എന്നാല്‍ അതീവ സുരക്ഷ മേഖലയിലേക്ക് രാത്രി തന്നെ പോകണമെന്ന് സുരേന്ദ്രന്‍ വാശി പിടിച്ചതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബി.ജെ.പി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധവുമായി എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സുരേന്ദ്രനൊപ്പം രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍ഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലര്‍ച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വൈദ്യപരിശോധന നടത്തിയ ശേഷം ഏഴുമണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.

മണ്ഡല, മകര വിളക്ക് സമയത്ത് ശബരിമലയില്‍ അക്രമസംഭവങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് 15,000 ത്തോളം സേനാംഗങ്ങളെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രിയില്‍ സന്നിധാനത്തേക്കുള്ള യാത്ര പോലീസ് നിരോധിക്കുകയും ചെയ്തിരുന്നു.

ബിജെപി യുടെ പിന്തുണയോടെ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ശബരിമല അയ്യപ്പന്‍മാരടക്കമുള്ളവരെ കുറച്ചൊന്നുമല്ല വലച്ചത്. കേരളത്തില്‍ കേട്ടുകേഴ് വി പോലുമില്ലാത്ത വിധം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹര്‍ത്താല്‍ ആഹ്വാനം വന്നത്. ഇതൊന്നുമറിയാതെ തലേന്ന് ദീര്‍ഘദൂര യാത്രക്കെത്തിയവരും അയ്യപ്പന്‍മാരടക്കമുള്ളവരും അപ്രതീക്ഷിത് ഹര്‍ത്താലിന് ഇരകളാവുകയായിരുന്നു. വിജനമായ നിരത്തുകളില്‍ വാഹനങ്ങള്‍ കിട്ടാതായതോടെയാണ് പലരും ഹര്‍ത്താലിനെ കുറിച്ച് തന്നെ അറിയുന്നത്.

Image result for sabarimala-pilgrims-in-crisis-due-to-hartal

ഇതിനിടയിലാണ് കെ എസ് ആര്‍ ടി സി സര്‍വ്വീസ് അവസാനിപ്പിച്ചത്.പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിിയലേക്കുമുള്ള രോഗികളടങ്ങുന്ന ദീര്‍ഘ ദൂര ബസ്-ട്രെയിന്‍ യാത്രക്കാരായ രോഗികളേയും ബന്ധുക്കളേയും പൊലീസിന്റെ വാഹനങ്ങളിലാണ് സ്ഥലത്തെത്തിച്ചത്. അയ്യപ്പന്‍മാരാണ് ഏറെ ബുദ്ധിമുട്ടിയത്. പലര്‍ക്കും ആഹാരമില്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു.
പെട്രോള്‍പമ്പുകള്‍ അടച്ചിടുന്നതിനാല്‍ തീര്‍ത്ഥാടകരുടെ വാഹനം വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വൈകുന്നേരം ഹര്‍ത്താല്‍ അവസാനിച്ചശേഷമേ പമ്പ് തുറക്കൂ എന്നതിനാല്‍ വാഹനങ്ങള്‍ പാതിവഴിയില്‍ യാത്ര അവസാനിച്ചിരിക്കുകയാണ്.

Image result for sabarimala-pilgrims-in-crisis-due-to-hartal

ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഭക്തര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിലയ്ക്കലില്‍ തടഞ്ഞില്ലെങ്കിലും അതിന് ശേഷം വഴിയില്‍ തങ്ങളുടെ വണ്ടി തടഞ്ഞെന്നും ഭക്തര്‍ പറയുന്നു.

Image result for sabarimala-pilgrims-in-crisis-due-to-hartal

ഹര്‍ത്താലിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിയതോടെ പത്തനംതിട്ടയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ തീര്‍ത്ഥാടനത്തേയും ബാധിച്ചു.
ഹര്‍ത്താലിനെ തുടര്‍ന്ന് എരുമേലിയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ട്. എരുമേലിയില്‍ നിന്ന കെ എസ് ആര്‍ ടിസി ബസില്‍ പൊലീസ് നിലയ്ക്കലിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോകുന്നുണ്ട്. ഹോട്ടലുകള്‍ അടഞ്ഞ് കിടക്കുകയാണെങ്കിലും താത്കാലിക ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല കര്‍മ്മസമിത്ി,

ഹിന്ദു ഐക്യവേദി,ബിജെപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ശബരിമലയിൽ  സുരക്ഷയൊരുക്കാൻ വന്ന പോലീസുകാർ നിലക്കലിലെ ബേസ് ക്യാമ്പിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ വലയുന്നുവെന്നു പരാതി. 15300 പോലീസുകാരേയാണ് ഇത്തവണ സർക്കാർ ശബരിമല അനുബന്ധ ജോലികൾക്കായി വിന്യസിച്ചിരിക്കുന്നത്. നിലക്കലിൽ സുരക്ഷയൊരുക്കാനായി എത്തിയ പോലീസുകാർ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ ഇങ്ങനെയാണ്.

താത്കാലിക ഷെഡ്ഡുകളിലും മറ്റ് പലയിടത്തുമായാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലായിടത്തും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ പോലും കുറവാണ്. എസ്‌ഐ റാങ്കിലടക്കമുള്ള ഉദ്യോഗസ്ഥർ പോലും കിടക്കുന്നത് വെറുംനിലത്താണ്. ഒരു ദിവസം ഒരു പോലീസ് ഓഫീസർക്ക് കുറഞ്ഞത് 12 മണിക്കൂർ ഡ്യുട്ടി ഉണ്ടാകും. 16 ദിവസം തുടർച്ചയായി ഇത്തരത്തിൽ ജോലിയും ചെയ്യണം. സാധാരണ ശാന്തമായി അവസാനിക്കുന്നതാണ് ശബരിമല ഉത്സവകാലം. എന്നാൽ ക്രമസമാധാന പ്രശനങ്ങളുള്ള സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ പോലും ഇത്തവണത്തെ ജോലി ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം.

പ്രളയത്തിൽ സർവതും നശിച്ച പമ്പയിൽ നിന്നും ആദ്യമായാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റുന്നത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും, കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പൊലീസുകാരെ നിയോഗിക്കേണ്ടിവന്നതുമാണ് നിലവിലെ സാഹചര്യതിന് കാരണമായതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടി.പി. മാധവനെ (82) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളായതിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

സിനിമയിലെ തിരക്കുകളില്‍ നിന്ന് മാറി ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ മാധവന് അവിടെവെച്ച് പക്ഷാഘാതം ബാധിച്ചിരുന്നു. തുടര്‍ന്ന് 2016 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍ താമസിച്ച് വരികയായിരുന്നു. പ്രമേഹവും കരള്‍ രോഗവുമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമെന്ന് ഗാന്ധിഭവന്‍ ഭാരവാഹികള്‍ പറഞ്ഞു.

ചലച്ചിത്ര ലോകത്തു നിന്നകന്ന് ഗാന്ധിഭവനിലെ അന്തേവാസിയായി കഴിയുകയായിരുന്ന മാധവന്‍ വീണ്ടും അഭിനയ രംഗത്തെത്തുമെന്ന വാര്‍ത്ത വന്നിരുന്നു. 500ലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ശാരീരിക അവശതകളെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി അഭിനയത്തോട് വിട പറഞ്ഞിരിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി അദ്ദേഹം ഗാന്ധിഭവനിലെ അന്തേവാസിയാണ്.

രോഗങ്ങളും,വാര്‍ധക്യവും വലച്ചതിനെതുടര്‍ന്നാണ് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളിലൊരുവനായി ടി.പി മാധവന്‍ മാറിയത്. സംവിധായകനായ മോഹന്‍ കുപ്ലേരിയുടെ സുമംഗലി എന്ന സീരിയലിലാണ് അദ്ദേഹം വേഷം ലഭിച്ചത്. കൂടാതെ രണ്ട് സിനിമകളിലേക്കും അവസരം ലഭിച്ചിരുന്നു.

2015 ഒക്ടോബര്‍ 23ന് ഹരിദ്വാര്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. ശിഷ്ടകാലം ഹരിദ്വാറില്‍ കഴിയണമെന്നാഗ്രഹിച്ചാണ് അങ്ങോട്ട് പോയത്. എന്നാല്‍ പിന്നീട് ഗാന്ധിഭവനില്‍ അന്തേവാസിയായി എത്തുകയായിരുന്നു.

കേരള സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍.പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് ടി.പി.മാധവന്‍ ജനിച്ചത്. 1960ല്‍ മുംബൈയില്‍ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു.

അതിനുശേഷം ബെംഗളൂരുവില്‍ പരസ്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. സന്ദേശം,വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം,നരംസിംഹം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ചെറിയ വേഷങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് 40 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ തിളങ്ങി നിന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് ടി.പി മാധവന്‍.

തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് സന്ദര്‍ശനം നടത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് കേരളം. ഹര്‍ത്താലിന് പിന്തുണയുമായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി രംഗത്ത് വന്നതോടെ പല സ്ഥലങ്ങളിലും ബസ് സര്‍വ്വീസുകളും കടകളും പ്രവര്‍ത്തിക്കുന്നത് നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു. പോലീസ് സംരക്ഷണം തന്നാലെ സര്‍വീസ് ആരംഭിക്കുവെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ അറിയിച്ചു.

ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രകടനത്തോടെ ബസ് സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായും നിലച്ചിട്ടുണ്ട്. ശബരിമലയിലെ പ്രതിഷേധ പരിപാടികള്‍ വോട്ടാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ബി.ജെ.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്കും പ്രതിഷേധ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്തുണ നല്‍കാനാണ് ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചന.

ശനിയാഴ്ച പുലര്‍ച്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല. ചികിത്സക്കും മറ്റും പോകുന്നവരെ ഹര്‍ത്താല്‍ വെട്ടിലാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. നിര്‍ദേശം മറികടന്ന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ശശികലയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചതോടെയാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകള്‍ മാറ്റിവെച്ചിട്ടുണ്ട്. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവവും നാളത്തേക്ക് മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാകളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ശബരിമലയില്‍ അറസ്റ്റില്‍. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ‍ഞ്ച് മണിക്കൂര്‍ തട‍ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്ത് അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്

പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിർത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.

ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലർച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പിൽ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങും മുൻപെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ . ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കര്‍ശന നിയന്ത്രണത്തിലും ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതുമുതല്‍ സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്‍നിന്ന് രാത്രിയില്‍ ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.

അതേസമയം പമ്പയില്‍ ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു . ഭക്തര്‍ക്കല്ല ആക്ടിവിസ്റ്റുകള്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ഭാര്‍ഗവറാം ആരോപിച്ചു

ഇരുമുടികെട്ടുമായി മലചവിട്ടുന്ന ഭക്തരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു‍. പൊലീസ് നടപടിയില്‍ പ്രതിഷേധമുണ്ട്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കേണ്ടതാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പമ്പയില്‍ പറഞ്ഞു

ഹിന്ദു ഐക്യവേദി ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംസ്ഥാനത്തു പ്രഖ്യാപിച്ച ഹർത്താൽ കാരണം മാറ്റിയ പരീക്ഷകളും പരിപാടികളും:

ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നവംബർ 26 ലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കണ്ണൂർ സർവകലാശാല ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ ഹർത്താൽ കാരണം മാറ്റി.

വയനാട് ജില്ലാ സ്കൂൾ കലോൽസവം ഞായറാഴ്ചത്തേക്കു മാറ്റി.

കോട്ടയം ജില്ലാ സ്കൂൾ കലോത്സവ പരിപാടികൾ അതേ വേദികളിൽ അതേ സമയം തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് ബഹു.ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.

തിരുവനന്തപുരം റവന്യു ജില്ലഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചത്തേക്കു മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടർ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ, എസ്ഐഇടി നേതൃത്വത്തില്‍ തൃശൂർ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജ്, നാട്ടികയിലെ എസ്എൻ കോളജ്, തിരുവനന്തപുരത്തെ എംജി കോളജ് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ത്രിദിന ശാസ്ത്ര ശില്പശാല 18,19,20 തീയതികളില്‍ നടത്തും.

തമിഴ്നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി പള്ളിയിലും പരിസരങ്ങളിലും കനത്ത നാശം. ഒരു മാസം മുന്‍പ് പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം കാറ്റില്‍ തകര്‍ന്നു. ക്രിസ്തുരൂപത്തിന്‍റെ കൈകളാണ് കാറ്റില്‍ തകര്‍ന്നത്.

ശക്തമായ കാറ്റില്‍ പള്ളിയുടെ പരിസരത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണു. പള്ളിയോട് ചേര്‍ന്നിരിക്കുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ ഒടിഞ്ഞുവീണ് പ്രദേശത്ത് വാഹന ഗതാഗതവും താറുമാറായി.

നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവടങ്ങളിലായി നൂറു കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. പ്രദേശങ്ങളിലെല്ലാം മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്. നാഗപട്ടണത്തിന് സമീപം വേദാരണ്യത്ത് 80 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശി. പ്രദേശങ്ങളിലെല്ലാം കനത്ത മഴയും പെയ്യുന്നുണ്ട്.

ആറായിരത്തോളം ആളുകളെയാണ് സര്‍ക്കാര്‍ സുരക്ഷ മുന്‍നിര്‍ത്തി ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത കാറ്റില്‍ തമിഴ്നാട്ടില്‍ ഇതുവരെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോഡ്, ട്രെയിന്‍ ഗതാഗതവും താറുമാറായി.

വേഷവിധാനം കൊണ്ടും തന്റേതായ ശൈലി കൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ നടൻ ജയൻ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടര്‍ അപകടത്തിൽ മരണപ്പെട്ടു.ഇന്ന് ജയന്‍ മരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും സംശയത്തോടെ കാണുന്ന ജയന്റെ മരണത്തെ കുറിച്ച് അവസാന നിമിഷം കൂടെയുണ്ടായിരുന്ന സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്.

നാവിക സേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 41-ാം വയസില്‍ പ്രശ്‌സതിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴായിരുന്നു ഹെലിക്കോപ്റ്റര്‍ അപകടത്തിലൂടെ മരണത്തിന് കീഴടങ്ങിയത്. ജയന്‍ ധൈര്യശാലിയായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും അദ്ദേഹം തയ്യാര്‍.പ്രൊഡ്യൂസര്‍മാരൊന്നും പക്ഷെ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം അന്ന് സിനിമ ഒരുപരിധി വരെ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു.

ബാലന്‍ കെ നായര്‍ അവതരിപ്പിച്ച വില്ലന്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജയന്റെ കഥാപാത്രം അയാളെ പിടിച്ച് കൊണ്ട് വരുന്ന രംഗമാണ്. അധികം ഉയരത്തിലല്ലായിരുന്നു ഹെലികോപ്റ്റര്‍. ബൈക്കില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. ഡ്യൂപ്പ് ആയിരുന്നു ആ രംഗം ചിത്രീകരിക്കേണ്ടിയിരുന്നതെങ്കിലും ജയന്‍ അതിന് കൂട്ടാക്കിയിരുന്നില്ല. ഹെലികോപ്റ്ററിലേക്ക് കയറിയ ജയന്‍ അതിന്റെ സ്റ്റാന്‍ഡില്‍ കാല്‍ ലോക്ക് ചെയ്ത് നിര്‍ത്തി.

നല്ല ഭാരമുള്ളയാളാണ് ജയന്‍. ബാലന്‍ കെ നായരുടെയും ജയന്റെയും പിന്നെ പൈലറ്റിന്റെയും ഭാരം ഒരു ഭാഗത്തേക്ക് വന്നു. അത് ഹെലികോപ്റ്ററിന്റെ ബാലന്‍സിനെ സാരമായി ബാധിച്ചു.പൈല്റ്റ് ഹെലികോപ്റ്റര്‍ മുകളിലേക്ക് കൊണ്ടുപോയി ബാലന്‍സ് ചെയ്യാന്‍ നോക്കി. പക്ഷെ സാധിച്ചില്ല. പിന്നെ ലാന്‍ഡ് ചെയ്യാന്‍ നോക്കി. പക്ഷെ ലാന്‍ഡിങ്ങിനിടെ ലീഫ് നിലത്ത് തട്ടി ഹെലികോപ്റ്റര്‍ പൂര്‍ണമായും ഇരുന്നു പോയി.

ജയന്റെ കാല് ലോക്ക് ആയതിനാല്‍ താഴേക്ക് ചാടാന്‍ പറ്റിയില്ല. തലയുടെ പിന്‍ഭാഗം നിലത്ത് തട്ടി. പൈലറ്റിന് കാര്യമായ പരിക്കൊന്നും അപകടത്തില്‍ പറ്റിയല്ല. ബാലന്‍ കെ നായരുടെ കാലിന് ഒടിവ് സംഭവിച്ചു. മൂവരെയും അവിടെ നിന്ന് മാറ്റിയപ്പോഴെക്കും ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.ഹോസ്പിറ്റലിലേക്ക് പോകും വഴി ശക്തമായ മഴ പരീക്ഷണമായെത്തി. കാറുകള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥ. അത് കൊണ്ട് തക്ക സമയത്ത് എത്തിക്കാന്‍ പറ്റിയില്ല. തലയോട്ടിയില്‍ നല്ല പേലെ പരിക്ക് പറ്റിയിരുന്നു. രക്തം ഒരുപാട് വാര്‍ന്ന് പോയി.

കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജയന്‍ ഇന്നും ജീവിച്ചിരുപ്പുണ്ടായേനെ. ജയന്റെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ കെ നായരുടെ പേര് പലരും വലിച്ചിഴയ്ക്കുന്നുണ്ട്. അതില്‍ യാതൊരു കഴുമ്പുമില്ല. ബാലന്‍ കെ നായര്‍ അങ്ങനെ ചെയ്യില്ല. വളരെ നല് വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന് ജയനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജയനോട് ആര്‍ക്കും വ്യക്തി വൈരാഗ്യം തോന്നില്ല.

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തി തൃപ്തി ദേശായിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.45ന് വിമാനത്താവളത്തിലെത്തിയ തൃപ്തിയെയും സംഘത്തെയും പുറത്തേക്കു കൊണ്ടുപോകാന്‍ ടാക്‌സികളും തയ്യാറാകുന്നില്ല. അക്രമികള്‍ വാഹനം നശിപ്പിക്കുമെന്ന ആശങ്ക മൂലമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറാകാത്തത്. പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തിലാണ് പൂനെയില്‍ നിന്ന് ഇവര്‍ കൊച്ചിയിലെത്തിയത്. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം നിലയ്ക്കലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നും ഉടന്‍ തിരിച്ച് പോകണമെന്നുമാണ് ഇവര്‍ പറയുന്നത്. കാര്‍ഗോ ടെര്‍മിനല്‍ വഴി തൃപ്തിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെയും ഉപരോധം നടത്തി.

പുലര്‍ച്ചെ കുറച്ചു പേര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. പിന്നീട് കൂടുതല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തി. ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Copyright © . All rights reserved