തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് മീര വാസുദേവ്. ഇപ്പോഴിതാ മീര ഒരു സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. താന്‍ വിവാഹിതയായെന്നും കോയമ്പത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ മീര പറയുന്നു. പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കമാണ് വരന്‍.
വിവാഹച്ചടങ്ങുകളുടെ വീഡിയോ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഏപ്രില്‍ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്‌സ്റ്റര്‍ ചെയ്‌തെന്നും പോസ്റ്റില്‍ മീര പറയുന്നു.
‘ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും 21/4/2024-ന് കോയമ്പത്തൂരില്‍വെച്ച് വിവാഹിതരാകുകയും ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞാന്‍ വിപിനെ പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. രാജ്യാന്തര അവാര്‍ഡ് ജേതാവാണ്. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’- മീര വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
42 വയസുള്ള മീരയുടെ മൂന്നാം വിവാഹമാണിത്. 2005-ലാണ് വിശാല്‍ അഗര്‍വാളിനെ മീര വിവാഹം ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. 2012-ല്‍ മോഡലും നടനുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. 2016-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും അരീഹ എന്നൊരു മകനുണ്ട്.
ആറ്റിങ്ങലില്‍ മൂന്നരവയസ്സുകാരിയെയും മുത്തശ്ശിയെയും അമ്മയും കാമുകനും ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായി പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍. പ്രതികളായ നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച നാല്‍പതിനായിരത്തോളം സന്ദേശങ്ങളാണ് കേസില്‍ പരിശോധിച്ചത്. ഈ സന്ദേശങ്ങളിലെ ഗൂഢാലോചനാ സ്വഭാവം കേസില്‍ അനുശാന്തിയുടെ പങ്ക് തെളിയിക്കുന്നതില്‍ നിര്‍ണയകമായെന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെതിരേ സര്‍ക്കാരിനായി ഹാജരായ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. അംബികാദേവി പറഞ്ഞു.
2014 ഏപ്രില്‍ 16 നാണ് അനുശാന്തിയുടെ മകള്‍ സ്വാസ്തിക ഭര്‍തൃമാതാവ് ഓമന എന്നിവരെ നിനോ മാത്യു വീട്ടില്‍ കയറി വെട്ടിക്കൊന്നത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ടെക്‌നോ പാര്‍ക്കില്‍ സഹപ്രവര്‍ത്തകരായ അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള ബന്ധത്തിന് തടസ്സമായതിനാലാണ് പ്രതികള്‍ കൃത്യത്തിന് മുതിര്‍ന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിയ്ക്ക് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിനോയുടെ വധശിക്ഷ ശരിവെക്കാനായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. എന്നാല്‍, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ബെഞ്ച് നിനോ മാത്യുവിന്റെ വധശിക്ഷ 25 വര്‍ഷം പരോളില്ലാത്ത തടവായി ഇളവുചെയ്തു. അനുശാന്തിയുടെ അപ്പീല്‍ തള്ളി കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. പ്രതികള്‍ കൈമാറിയ സന്ദേശങ്ങളാണ് അനുശാന്തിയ്‌ക്കെതിരായ വിധി ശരിവെക്കാന്‍ കാരണമായത്.
നിനോ മാത്യുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന്റെ സാക്ഷിമൊഴിയും കേസില്‍ പ്രധാനപ്പെട്ട തെളിവായതായി അഡ്വ. അംബികാദേവി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ശാസ്ത്രീയമായ നിരവധി തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിനോ മാത്യു കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും അടുത്ത ദിവസം തന്നെ കണ്ടെത്താനായതും നിര്‍ണായകമായി. നിനോ മാത്യുവിന്റെ വധശിക്ഷ ഇളവുചെയ്തതിനെതിരേ അപ്പീല്‍ പോകുന്ന കാര്യം വിധിപ്പകര്‍പ്പ് വിശദമായി പഠിച്ച ശേഷം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മദ്യനയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ ആലോചിച്ചിട്ടുപോലുമില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഐടി പാർക്കുകളിൽ മദ്യം വിറ്റ് ബാറുടമകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി പണപ്പിരിവ് എന്നാണ് സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണ് കെപിസിസി അധ്യക്ഷൻ ഉന്നയിക്കുന്നത്. ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടുണ്ട്- മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങും.
ബാറുകാരെ സർക്കാർ സഹായിച്ചിട്ടുണ്ടോ?
ബാറുകാരെ സർക്കാരിന് ഏറ്റവുമധികം സഹായിക്കാനാവുക ലൈസൻസ് ഫീസിന്റെ കാര്യത്തിലാണ്. 2016ൽ 23 ലക്ഷം ആയിരുന്നു ലൈസൻസ് ഫീസ്. 2011-16ലെ യുഡിഎഫ് സർക്കാർ കാലത്ത് ലൈസൻസ് ഫീസ് ഒരു ലക്ഷം മാത്രമാണ് കൂട്ടിയത്. ഇപ്പോൾ ലൈസൻസ് ഫീസ് 35 ലക്ഷമാണ്. 8 വർഷത്തിനിടെ 12 ലക്ഷത്തിന്റെ, അതായത് അൻപത് ശതമാനത്തിലേറെ വർധനവ്. കഴിഞ്ഞ മദ്യനയത്തിൽ മാത്രം 5 ലക്ഷം രൂപയാണ് വർധിപ്പിച്ചത്. ഇത്രയുമേറെ ഫീസ് കൂട്ടിയ സർക്കാർ ബാറുടമകളെ സഹായിക്കുന്നുവെന്ന് എങ്ങനെ ആരോപിക്കും?
കുറ്റകരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ യു ഡി എഫ് കാലത്ത് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. എൽ ഡി എഫ് സർക്കാർ അത് ലൈസൻസ് റദ്ദാക്കലും പിഴയുമായി മാറ്റി. പിഴ യു ഡി എഫ് കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂട്ടി. ഈ സർക്കാർ അത് വീണ്ടും ഇരട്ടിയാക്കി വർധിപ്പിച്ചു. ആദ്യം സസ്‌പെൻഷൻ, അതുകഴിഞ്ഞ് പിഴ. സസ്‌പെൻഷൻ ഇല്ലാതെ വാങ്ങിയ പിഴയുടെ ഇരട്ടിയാണ് സസ്പെൻഷന് ശേഷമുള്ള പിഴ.
ഈ സർക്കാർ എക്സൈസ് പരിശോധന എല്ലായിടത്തും കർശനമാക്കി. നിയമലംഘനങ്ങൾ കണ്ടാൽ കർശനമായ നടപടികളും സ്വീകരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 52 കേസുകളാണ് ഇങ്ങനെ എടുത്തത്, ഇതിൽ 32 ബാറുകളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതുവരെ രണ്ട് ബാറുകൾ നിർത്തലാക്കിയിട്ടുമുണ്ട്.
ബിവറേജസ് ഔട്ട് ലെറ്റുകളുടെ എണ്ണം, കള്ള് വ്യവസായത്തിന്റെ പ്രോത്സാഹനം തുടങ്ങിയ എല്ലാ വിഷയത്തിലും ബാറുടമകളുടെ താൽപര്യത്തിന് സർക്കാർ നിന്നുകൊടുത്തിട്ടില്ല എന്ന് ആർക്കും മനസ്സിലാകും. കേരളത്തെ മദ്യത്തിൽ മുക്കുന്നുവെന്ന ആരോപണം ബാറുകളും ബെവ്കോ ഔട്ട്ലറ്റുകളും പൂട്ടി മദ്യ നിരോധനം നടപ്പിലാക്കി എന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2012-13ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപ്പന 244.33 ലക്ഷം കെയ്സായിരുന്നു. 2022-23ൽ ഇത് 224.34 ലക്ഷം കെയ്സായി കുറയുകയാണ് ഉണ്ടായത്. 10 വർഷം വ്യത്യാസത്തിൽ രണ്ട് സാമ്പത്തിക വർഷത്തെ താരതമ്യമെടുത്താൽ കുറവ് 19.99 ലക്ഷം കെയ്സിന്റേത്, അഥവാ 8.1 ശതമാനത്തിന്‍റേത്.
സർക്കാരിന്റെ വരുമാനത്തിൽ മദ്യവരുമാനത്തിന്റെ പങ്ക് കുറയുകയാണെന്നും കണക്കുകള്‍ പരിശോധിച്ചാൽ വ്യക്തമാവും. 2012-13ൽ എക്സൈസ് തീരുവയും വിൽപ്പന നികുതിയും ഉള്‍പ്പെടെ മദ്യത്തിൽ നിന്നുള്ള വരുമാനം ആകെ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു. 2022-23 എത്തുമ്പോള്‍ ഇത് 13.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. 10 വർഷം കൊണ്ട് മദ്യത്തിൽ നിന്നുള്ള വരുമാനത്തിൽ 4.8 ശതമാനം കുറവാണുണ്ടായത്. സംസ്ഥാനത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചല്ല എന്ന് ചുരുക്കം.
പ്രതിപക്ഷ ആരോപണങ്ങള്‍
1. ഐടി പാർക്കുകളിൽ മദ്യം വിറ്റ് ബാറുടമകള്‍ക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് പണപ്പിരിവ് എന്നാണ് സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാതെ ആരോപണം ഉന്നയിക്കുകയാണ് കെ പി സി സി അധ്യക്ഷൻ. പ്രതിപക്ഷ നേതാവ് പോലും ഇത് രണ്ടും തമ്മിൽ ബന്ധമില്ല എന്ന് ഇന്ന് പറഞ്ഞിട്ടുണ്ട്. ഐ ടി പാർക്കുകളിലെ മദ്യ വിതരണവും ബാറുകളും തമ്മിൽ എന്ത് ബന്ധമാണുള്ളത്?
ഐടി പാർക്കിലെ മദ്യം സംബന്ധിച്ച് രണ്ടുവർഷം മുൻപ് മദ്യനയത്തിൽ പ്രഖ്യാപിച്ചതാണ്. ഇതുസംബന്ധിച്ചും തെറ്റായ വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. നിയമസഭാ സമിതി ഇപ്പോൾ ചേർന്നു അനുമതി നൽകി എന്ന നിലയിലാണ് വാർത്തകൾ. പെരുമാറ്റ ചട്ടം നിലനിൽക്കെ ഇത്തരം യോഗങ്ങൾ കൂടാനാവില്ല എന്നും തീരുമാനം എടുക്കാനാവില്ല എന്നും എങ്കിലും ആലോചിക്കേണ്ടതല്ലേ? ഇതുസംബന്ധിച്ച് ഇന്നലെ മന്ത്രിതല സമിതി ചേർന്നു എന്ന വ്യാജവാർത്ത വ്യാപകമായി പ്രചരിച്ചില്ലേ? സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഇപ്പോഴും ഈ വിഷയത്തിലെ തുടർനടപടികൾ. നിലവിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചേ അല്ല ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും ധാരണകളും എന്ന കാര്യം മാത്രം സൂചിപ്പിക്കട്ടെ.
2. ടേൺ ഓവർ ടാക്സുമായി ബന്ധപ്പെട്ട് സർക്കാർ ബാറുടമകളെ സഹായിക്കുന്നുവെന്നാണ് തുടർച്ചയായി പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പരിശോധന നടത്തുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. ഈ കഴിഞ്ഞ മാർച്ച് മാസം മാത്രം ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനകളിൽ 3.05 കോടിയുടെ ടേൺ ഓവർ ടാക്സ് തട്ടിപ്പാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പരിശോധന ശക്തവും കൃത്യവുമായി നടക്കുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് ഉറപ്പാക്കുന്നുണ്ട്. ടേൺ ഓവർ ടാക്സ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും കാര്യക്ഷമമായി പുരോഗമിക്കുന്നു. കഴിഞ്ഞ ബജറ്റിൽ എല്ലാ വിഭാഗത്തിനും ആംനെസ്റ്റി കൊടുത്തപ്പോഴും, ബാറുടമകള്‍ക്ക് സർക്കാർ ഇളവ് നൽകിയില്ല. പകരം നികുതി കുടിശികയുള്ള ബാറുടമകൾക്ക് എതിരെ ജപ്തി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുമുണ്ട്.
ഈ വർഷത്തെ മദ്യനയത്തെക്കുറിച്ചുള്ള ആലോചനകൾ പോലും സർക്കാർ ആരംഭിച്ചിട്ടില്ല. ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഈ ചർച്ചകളെല്ലാം. എല്ലാ വർഷവും മദ്യനയ ചർച്ചകളിലേക്ക് പോകുമ്പോൾ മാധ്യമങ്ങൾ ഉയർത്തിവിടുന്ന വിഷയമാണ്, ഡ്രൈഡേ പിൻവലിക്കാൻ പോകുന്നു എന്നത്. കഴിഞ്ഞ മദ്യനയം പ്രഖ്യാപിക്കുന്ന അന്നുപോലും ഡ്രൈഡേ പിൻവലിക്കാൻ പോകുന്നു എന്ന വാർത്ത കൊടുത്തിരുന്നല്ലോ. എന്നാൽ വസ്തുത എല്ലാവർക്കും അറിയാമല്ലോ? സ്ഥിരമായി ഇത്തരം വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുന്നതാണെന്ന് ചുരുക്കം.
മദ്യനയം ബാറുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. കഴിഞ്ഞ മദ്യനയം പരിശോധിച്ചുനോക്കൂ. ബാർ വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളേക്കാൾ കൂടുതൽ മറ്റ് കാര്യങ്ങളാണ് നയത്തിലുള്ളത്. കള്ള് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. ഇത് ഒന്നും മനസിലാക്കാതെയാണ് ഈ പ്രചാരണം.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് ബാറുകൾ പൂട്ടുമ്പോൾ ഉണ്ടായിരുന്നത് 728 ബാറുകളായിരുന്നു. ഇതോടൊപ്പം 78 ബെവ്‌കോ ഔട്ട്ലെറ്റുകൾ കൂടി പൂട്ടി. എൽ ഡി എഫ് സർക്കാർ ശാസ്ത്രീയമായ പഠനം നടത്തിയാണ് ബാറുകൾ തുറന്നത്. ഇതോടൊപ്പം ഔട്ലെറ്റുകളും അനുവദിച്ചു. ഓരോ ലൈസൻസ് അപേക്ഷയിലും കൃത്യമായി ചെക്ക് ലിസ്റ്റ് വെച്ച് പരിശോധിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമേ ഇപ്പോൾ അപേക്ഷ മുന്നോട്ട് നീക്കാൻ പോലും കഴിയുകയുള്ളൂ. എല്ലാ മാനദണ്ഡങ്ങളും പാലിക്കാത്ത ഒരു മദ്യശാലയ്ക്കും അനുമതി നൽകിയിട്ടില്ല.
മുൻ വർഷങ്ങളിലെ മദ്യനയത്തിൽ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളാണ് ഇക്കഴിഞ്ഞ വർഷം നടത്തിയത്. രണ്ട് ആഴ്ചയായി മാധ്യമങ്ങളിൽ മദ്യനയത്തെ സംബന്ധിച്ച് എത്രയേറെ വ്യാജവാർത്തകളാണ് വന്നതെന്ന് നോക്കൂ. സെപ്റ്റംബർ മുതൽ റെസ്റ്റോറന്റുകളിലും മദ്യം വിളമ്പും, ബാറുകളിൽ കള്ള് വിൽക്കും എന്ന വാർത്ത പല പ്രധാന പത്രങ്ങളും നൽകി. എന്താണ് വസ്തുത? ടൂറിസം മേഖലയിലെ റെസ്റ്റോറന്റുകൾക്ക് ടൂറിസം സീസണിൽ മാത്രം ബാർ ലൈസൻസ് എടുക്കാൻ കഴിഞ്ഞ മദ്യനയത്തിൽ സൗകര്യം ഏർപ്പെടുത്തി. ഇതിനുള്ള ചട്ടങ്ങൾ മാസങ്ങൾക്ക് മുൻപേ നിലവിൽ വന്നു. സംസ്ഥാനത്ത് എങ്ങും റസ്റ്റോറന്റുകളിൽ മദ്യം വിളമ്പുമോ? ഇല്ല. മദ്യം വിളമ്പുന്ന ഇടത്ത് വർഷം മുഴുവനുമുണ്ടോ? ഇല്ല. ഇനി ഈ സൗകര്യം ഉപയോഗിച്ച് എത്രപേർ ലൈസൻസ് എടുത്തു ? ഇതുവരെ ആരും അപേക്ഷിച്ചിട്ടില്ല. കാരണം സീസൺ ആകുമ്പോഴേ ആവശ്യമുള്ളൂ. ഒരാൾ പോലും ലൈസൻസ് എടുത്തിട്ടില്ലാത്ത കാര്യത്തെക്കുറിച്ചാണ് ഈ പ്രചാരണം. ഇനി ടൂറിസം മേഖലയിലെ റസ്റ്റോറന്റുകൾക്ക് മദ്യം വിളമ്പാനുള്ള സൗകര്യം ഈ വർഷമുള്ളത് ആണോ? അല്ല, വർഷങ്ങളായി ഈ സൗകര്യമുണ്ട്.
വർഷം മുഴുവനുള്ള ലൈസൻസ് ആണ് കൊടുത്തിരുന്നത്. ഓരോരോ സീസണുകളിലേക്ക് ആവശ്യത്തിന് അനുസരിച്ച് ചുരുക്കുകയാണ് ഈ സർക്കാർ ചെയ്തത്. ഇതൊന്നും മനസിലാക്കാതെ വാർത്ത ചമയ്ക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്. ബാറുകളിൽ കള്ള് വിതരണം ചെയ്യാൻ തീരുമാനിച്ചോ? ത്രീ സ്റ്റാർ ബാറിന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ അതാത് പറമ്പിലെ തെങ്ങ് ചെത്തി, അവിടെ താമസിക്കുന്നവർക്ക് കൊടുക്കാനുള്ള സൗകര്യമാണ് കഴിഞ്ഞ മദ്യനയത്തിൽ രൂപകൽപ്പന ചെയ്തത്. ഇത് കള്ളിനെ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമാണ്. ബാറിൽ കള്ള് വിൽക്കുന്നു എന്ന് ചിത്രീകരിച്ചത് ഇതിനെയാണ്. ഈ ആവശ്യത്തിനായി പ്രത്യേകം അപേക്ഷ നൽകണം. ചട്ടങ്ങൾ രൂപീകരിച്ചെങ്കിലും, ഇതുവരെ ഒരൊറ്റ അപേക്ഷയും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് തുടർനടപടി സർക്കാർ സ്വീകരിക്കും.
വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ മൂലം പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്ന് തുറന്ന് സമ്മതിക്കുകയാണ് തൃശൂര്‍ മുല്ലശ്ശേരി സ്വദേശിയായ വീട്ടമ്മ. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.
മുല്ലശ്ശേരിയില്‍ മാത്രം രണ്ട് കൊല്ലത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേര്‍ അവയവം വിറ്റതായാണ് വിവരം. ഇവരിലൊരാളാണ് ഈ വീട്ടമ്മയും.
അവയവക്കച്ചവടത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ‘കിഡ്നി വിശ്വൻ’ എന്നറിയപ്പെടുന്ന വിശ്വനാഥൻ എന്നയാളുടെ പേരും വീട്ടമ്മ പറയുന്നുണ്ട്. തങ്ങള്‍ ചെയ്തിട്ടുള്ള കാര്യത്തിന്‍റെ ഗൗരവം മനസിലാക്കാതെയാണ് ഇവരുടെ പ്രതികരണം. ഇത്തരത്തില്‍ ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് അവയവം വില്‍ക്കുന്നതിലേക്ക് ഇടനിലക്കാരും മറ്റും എത്തിക്കുന്നത്.
പ്രധാനമായും സാമ്പത്തികപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെയാണ് പ്രതികള്‍ സമീപിച്ചിട്ടുള്ളത്. തങ്ങളുടെ പ്രശ്നങ്ങള്‍ മൂലം ഇവര്‍ പെട്ടെന്ന് സമ്മതവും നല്‍കും. പാലക്കാട് അവയവക്കച്ചടത്തിന് ഇരയായ ഷമീറും മുല്ലശ്ശേരിയിലെ വീട്ടമ്മയും അടക്കം കേസില്‍ ഇരകളായവരുടെയെല്ലാം പശ്ചാത്തലം ഇതുതന്നെ.
വിശ്വനാഥനെ കൂടാതെ ബേബി മനോഹരന്‍ എന്നൊരു ഇടനിലക്കാരനെ കുറിച്ച് കൂടി പരാതിയുണ്ട്. എന്നാലിവര്‍ക്കെതിരെ മൊഴി ലഭിച്ചിട്ടും ഉപകാര പ്രദമായ വിവരങ്ങളല്ലെന്ന് പറഞ്ഞ് ഗുരുവായൂര്‍ എസിപി അന്വേഷണം അവസാനിപ്പിച്ചു എന്നാണ് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ആരോപിക്കുന്നത്. ദാരിദ്ര്യം മുതലെടുത്താണ് പ്രദേശത്ത് അവയവക്കച്ചവട മാഫിയ പിടിമുറുക്കിയതെന്നും ബാബു പറയുന്നു.
താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ ഒഴിയും. പുതിയ നേതൃത്വത്തിലേക്ക് വരാൻ മെഗാ താരം മമ്മൂട്ടിക്കും താല്‍പ്പര്യമില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ഉണ്ടാകില്ല.
ഇതോടെ അമ്മയുടെ നേതൃത്വത്തില്‍ ഇനി പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളും സജീവ സാന്നിധ്യമാകില്ല. വിവാദങ്ങളോട് പ്രതികരിക്കാനുള്ള താല്‍പ്പര്യക്കുറവാണ് അമ്മയില്‍ നിന്നും മോഹൻലാലിനേയും അകറ്റുന്നത്.
ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണ അമ്മയില്‍ മത്സരങ്ങള്‍ നടന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച മണിയൻ പിള്ള രാജു അടക്കം ജയിച്ചു. ഇത്തവണ കൂടുതല്‍ പേർ മത്സരിക്കാനെത്തും. ഇത് മനസ്സിലാക്കിയാണ് ഇടവേള ബാബു മാറുന്നത്. മോഹൻലാല്‍ മത്സരിച്ചാല്‍ എതിരുണ്ടാകില്ല. എന്നാല്‍ ഇനി വരാൻ പോകുന്ന വിവാദങ്ങള്‍ കൂടി കണക്കിലെടുത്താണ് മോഹൻലാല്‍ മാറുന്നത്.
മമ്മൂട്ടിയായിരുന്നു അമ്മയുടെ ലാലിന് മുമ്പത്തെ അധ്യക്ഷൻ. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടർന്നാണ് മമ്മൂട്ടി മാറിയത്. ഇതോടെ മോഹൻലാലിനെ തേടി ദൗത്യമെത്തി. വീണ്ടും നടിയെ ആക്രമിച്ച കേസ് ചർച്ചകളില്‍ എത്തുകയാണ്. താമസിയാതെ കേസില്‍ വിധി വരും. ഈ വിധിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ അമ്മയ്ക്ക് പ്രതികരിക്കേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കിയാണ് ലാല്‍ മാറുന്നതെന്നാണ് സൂചനകള്‍.
നടിയെ ആക്രമിച്ച കേസില്‍ മുമ്പ് മോഹൻലാല്‍ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ ദിലീപിന് വേണ്ടി പ്രാർത്ഥിക്കുമെന്നും മോഹൻലാല്‍ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഈ കേസില്‍ വിധി വരുമ്ബോഴും ഇതെല്ലാം വീണ്ടും ചർച്ചകളിലെത്തും. അമ്മയുടെ ഭാരവാഹിയായി തുടർന്നാല്‍ പ്രതികരിക്കാതിരിക്കാനും കഴിയില്ല. ഇത്തരം വിവാദങ്ങളില്‍ നിന്നും അകലം പാലിക്കാനാണ് മോഹൻലാല്‍ ആഗ്രഹിക്കുന്നത്. ഇതുകൊണ്ടെല്ലാം കൂടിയാണ് അമ്മയില്‍ നിന്നും ലാല്‍ വിട്ടു നില്‍ക്കുന്നത് എന്നാണ് സൂചന.
അമ്മയിലെ തിരഞ്ഞെടുപ്പിന് ജൂണ്‍ മൂന്നുമുതല്‍ പത്രികകള്‍ സ്വീകരിക്കും. ഇടവേള ബാബുവും ലാലും പത്രിക നല്‍കില്ല. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്‍ക്കുമുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മർദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു. തിരക്കുകള്‍ കാരണം സംഘടനയെ ശ്രദ്ധിക്കാൻ സമയമില്ലെന്നാണ് ലാലിന്റേയും നിലപാട്. ഇടവേള ബാബു ഉള്ളതു കൊണ്ടാണ് ലാലും പ്രസിഡന്റായി തുടർന്നത്.
ഇതെല്ലാം കണക്കിലെടുത്താണ് ലാലിന്റേയും പിൻവാങ്ങല്‍. മലയാള സിനിമയില്‍ പുതു തലമുറ വൻ വിജയങ്ങള്‍ നേടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ പുതു തലമുറയിലെ പ്രമുഖർ മത്സരിക്കുമെന്നാണ് സൂചന.
വിവാഹച്ചടങ്ങിനിടെ നവദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് നഗറിലാണ് സംഭവം. വരൻ വധുവിന് വേദിയിൽവെച്ച് പരസ്യമായി ചുംബനം കൊടുത്തതാണ് വധുവിന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്.
വരന്റെ ചുംബനം വധുവിന്റെ വീട്ടുകാർ ചോദ്യംചെയ്തോടെ ഇരുകൂട്ടരും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. തുടർന്ന് വധുവിന്റെ ബന്ധുക്കൾ വടികളുമായെത്തി വേദിയിൽ കയറി വരന്റെ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടി.
സംഘർഷത്തിൽ വധുവിന്റെ പിതാവ് ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിൽ നിന്നും അഞ്ചുപേരെ അറസ്റ്റുചെയ്തെന്നും ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അനിഷ്ടസംഭവങ്ങളെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറാൻ വധുവും വരനും തീരുമാനിച്ചെങ്കിലും പിന്നീട് മധ്യസ്ഥചർച്ച നടത്തി മറ്റൊരു ദിവസം വിവാഹച്ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. വധുവിന്‍റെയും സഹോദരിയുടെയും വിവാഹം ഒരേ ദിവസമാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ആദ്യത്തെ വിവാഹം പ്രശ്നങ്ങളൊന്നും കൂടാതെ കഴിഞ്ഞു. രണ്ടാമത്തെ വിവാഹമാണ് സംഘർഷത്തിൽ കലാശിച്ചത്.
കൊച്ചി പനമ്പിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയായത് തൃശൂര്‍ സ്വദേശിയായ സിനിമതാരത്തില്‍ നിന്നും. വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം യുവതിയെ ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി മുഹമ്മദ് റഫീക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സറായ ഇയാള്‍ വിവിധ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്.
സിനിമക്കാരുമായി ഇദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നു എന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നും ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറി എന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെയാണ് യുവാവിനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. നൃത്തത്തിലുള്ള താല്‍പര്യമാണ് ഇരുവരെയും അടുപ്പിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
ബെംഗളുരുവില്‍ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് നിര്‍ത്തി നാട്ടില്‍ വന്ന് യുവതി പഠനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് യുവാവുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് തൃപ്പൂണിത്തറ ഹില്‍പ്പാലസിന് സമീപമുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. എട്ടു മാസം മുന്‍പാണ് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. അപ്പോഴേ കുഞ്ഞിനെ നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് മുഹമ്മദ് റഫീക്കിനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അയാള്‍ കൈയൊഴിയുകയായിരുന്നു.
തുടര്‍ന്ന് കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യണമെന്ന് യുവതി നേരത്തേ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നര്‍ത്തകനായ റഫീഖ് തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, അവള്‍ ഗര്‍ഭിണിയായപ്പോള്‍ അയാള്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറി.
അതേസമയം, നിലവില്‍ കേസ് അന്വേഷിക്കുന്ന സിറ്റി പൊലീസ് കേസ് ഫയല്‍ ഹില്‍പ്പാലസ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള സ്ഥലത്ത് വെച്ച് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നാണ് തീരുമാനം. ഹില്‍പാലസ് പോലീസ് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തും.
അതേസമയം, നര്‍ത്തകനായ സിനിമ താരത്തിനെതിരെ ചെറിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുവതി ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞ കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ തലയോട്ടിക്കും കീഴ്താടിക്കും പരിക്കുണ്ടായിരുന്നു.
ഈ മാസം മൂന്നിനാണ് പനമ്ബിള്ളി നഗറിലുള്ള അപ്പാര്‍ട്ട്‌മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു.
പുലര്‍ച്ചെ 5 മണിയോടെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകി വച്ചു. യുവതി ഗര്‍ഭിണിയാണെന്നതോ പ്രസവിച്ചതോ വീട്ടുകര്‍ അറിഞ്ഞിരുന്നില്ല. അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തയായ യുവതി കയ്യില്‍ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തലയ്ക്കും പൊട്ടലുണ്ടായിരുന്നു.
ഒരിടവേളയ്ക്കു ശേഷം ലോകത്തിന്‌റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സാര്‍സ് കോവ് 2ന്‌റെ പുതിയ വകഭേദമായ ഫ്‌ളിര്‍ട്ട് ആണ് പുതിയ കോവിഡ് കേസുകള്‍ക്ക് കാരണമായി കരുതുന്നത്.
ഇപ്പോള്‍ സിംഗപ്പൂരില്‍ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായ കോവിഡ്-19ന്‌റെ രണ്ട് ഉപവിഭാഗങ്ങളായ കെപി.2ന്‌റെ 290 കേസുകളും കെപി.1ന്‌റെ 34 കേസുകളും ഇന്ത്യയില്‍ കണ്ടെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രണ്ട് വകഭേദങ്ങളും മറ്റ് ചില വകഭേദങ്ങളും ഒരുമിച്ചതാണ് ഫ്‌ളിര്‍ട്ട് വകഭേദം. ഇവയെല്ലാം ജെഎന്‍1ന്‌റെ ഉപവകഭേദങ്ങളാണെന്നും ആശുപത്രിവാസത്തിലും ഗുരുതരമായ കേസുകളിലും വര്‍ധനവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
INSACOG ഡേറ്റ അനുസരിച്ച് കെപി.1 വകഭേദം കാരണമുള്ള ഏറ്റവും കൂടുതല്‍ കേസുകള്‍ പശ്ചിമബംഗാളിലാണ്. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഈ വകഭേദത്തിന്‌റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കെപി.2ന്‌റെ 290 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കെപി.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡിന്‌റേതായി സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ്. ക്ഷീണം, ശരീര വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ പ്രകടമാകുന്നുണ്ട്. രുചിയും മണവും നഷ്ടമാകുന്നതും പ്രധാനപ്പെട്ട ലക്ഷണമാണ്. തൊണ്ട വേദന, മൂക്കൊലിപ്പ്, മനംപിരട്ടല്‍, ഛര്‍ദി, വയറിളക്കം എന്നിവയും കോവിഡിന്‌റെ ലക്ഷണങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചില വ്യക്തികള്‍ക്ക് ന്യുമോണിയ അല്ലെങ്കില്‍ അക്യൂട്ട് റസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം(എആര്‍ഡിഎസ്) ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് ഗുരുതരമായ അവസ്ഥയിലേക്കു നീങ്ങുന്ന ലക്ഷണങ്ങള്‍വരെ പ്രത്യക്ഷപ്പെടാം. തൊലിപ്പുറത്ത് ചുണങ്ങ്, കൈവിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 14 ദിവസംവരെ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളിലും വൈറസ് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്.
ഇതു കൂടാതെ കോവിഡിന്‌റേതായി അസാധാരണമായ ചില ലക്ഷണങ്ങളും പ്രകടമാകുന്നുണ്ട്. ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തില്‍ കാല്‍വിരലികളോ കാല്‍പദാമോ മാറുന്നത് കോവിഡിന്‌റെ ലക്ഷണമായി സംശയിക്കണം. മറ്റ് രോഗലക്ഷണങ്ങളില്ലാതെ ചെറുപ്പക്കാരായ കോവിഡ് രോഗികളില്‍ ചര്‍മത്തിലെ നിറംമാറ്റം മാത്രമായി കാണുന്നുണ്ട്.
ന്യൂറോളജിക്കല്‍ ലക്ഷണങ്ങളില്‍ മുതിര്‍ന്നവരില്‍ തലകറക്കം, ആശയക്കുഴപ്പം, വിഭ്രാന്തി എന്നിവ കാണപ്പെടുന്നുണ്ട്. ടെന്‍ഷന്‍ തലവേദനയില്‍ നിന്നും മൈഗ്രേനില്‍ നിന്നുമൊക്കെ വ്യത്യസ്ത രീതിയിലുള്ള തലവേദനയും കോവിഡിന്‌റെ ലക്ഷണമാണ്. കൂടാതെ ബ്രെയിന്‍ ഫോഗ് ഏകാഗ്രതയെയും ഓര്‍മശക്തിയെയും ബാധിക്കുന്നുണ്ട്.
ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളില്ലാത്തവരില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവ കാണപ്പെടുന്നുണ്ട്. തേനീച്ചക്കൂടുകളോട് സാമ്യമുള്ള തിണര്‍പ്പ്, ചെറിയ ചുവന്ന പാടുകള്‍ എന്നിവ ചര്‍മസംബന്ധമായ ലക്ഷണങ്ങളില്‍ പെടുന്നു.
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാപോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.
മഞ്ഞ അലർട്ട് ബുധനാഴ്ച: കണ്ണൂർ, കാസറഗോഡ് വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
തെക്കൻ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി, മിന്നൽ , കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുമുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 18 cm നും 82 cm നും ഇടയിൽ വേഗത്തിൽ ഇത് മാറിവരുവാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.6 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 22 സെന്റീമീറ്ററിനും നും 83 സെന്റിമീറ്ററിനും ഇടയിൽ ഇത് മാറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെപ്പറയുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം-
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.