India

അഭിനയത്തിലേക്ക് തിരിച്ചെത്തി ശ്രീനിവാസന്‍. കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടിംഗ് സെറ്റില്‍ ‘കുറുക്കന്‍’ എന്ന സിനിമയില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്റെ തിരിച്ചു വരവ്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ശ്രീനിവാസന്റെ ആരോഗ്യം നോക്കിയിരുന്നതിനാലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയത് എന്നാണ് വിനീത് മാധ്യമങ്ങളോട് പറയുന്നത്. ”ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാന്‍ വൈകിയതും.”

”അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട എറ്റവും നല്ല മെഡിസിന്‍. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതു പോലെ തിരിച്ചെത്തും” എന്നാണ് വിനീത് പറയുന്നത്.

ഇന്ന് രാവിലെയാണ് കുറുക്കന്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ് റാം സിങ് തിരക്കഥ സംഭാഷണമെഴുതുന്നു. അതേസമയം, ഈ വര്‍ഷം റിലീസ് ചെയ്ത ‘മകള്‍’, ‘കീടം’ എന്നിവയാണ് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു ശ്രീനിവാസന്‍.

‘സ്വാസിക ഹോട്ട്’ എന്ന് അടിച്ചു നോക്കിയാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് നടി സ്വാസിക. തന്റെ പേരില്‍ എത്തുന്ന ഇത്തരം വീഡിയോകളും വാര്‍ത്തകളും കാണുമ്പോള്‍ ഭയം തോന്നാറില്ല എന്നാണ് നടി പറയുന്നത്. ആദ്യമൊക്കെ ഇത്തരം വീഡിയോയില്‍ സാരി മാറിയിരിക്കുന്നതാണ് കാണുക, എന്നാല്‍ ഇനി മറ്റ് പലതും ഉണ്ടാവും എന്നാണ് സ്വാസിക പറയുന്നത്.

സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ എന്ന വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് പേടിയില്ലായിരുന്നു. ഇതിങ്ങനെയേ വരികയുള്ളൂവെന്ന് ആദ്യമേ അറിയാം. ഇത്രയും നാള്‍ സ്വാസിക ഹോട്ട് എന്നടിക്കുമ്പോള്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതൊക്കെയാണ് വന്നിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. ഇത്രയും നാളും പറ്റിച്ചത് പോലെയല്ല ഇതില്‍ താന്‍ പറ്റിക്കില്ല.

അങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ എന്തെങ്കിലുമൊക്കെ കാണാനാവും എന്നാണ് സ്വാസിക പറയുന്നത്. ഏറെ ഇന്റിമേറ്റ് സീനുകള്‍ ഉള്ള ‘ചതുരം’ സിനിമ എത്തിയതോടെയാണ് സ്വാസികയുടെ പ്രതികരണം. ചിത്രത്തിലെ സ്വാസികയുടെ ഇന്റിമേറ്റ് സീനുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. അതേസമയം, ഷോര്‍ട്ട് ഡ്രസും സ്ലീവ്‌ലെസുമൊക്കെ ഇടുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും നടി പറയുന്നുണ്ട്.

തനിക്ക് പലതും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നുമെങ്കിലും അതൊക്കെ മറന്ന് അഭിനയിക്കുന്നത് ചതുരം സിനിമയിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്വാസിക. ലിപ്ലോക് അടക്കം ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ രണ്ട് ആര്‍ട്ടിസ്റ്റുകളുടെയും കംഫര്‍ട്ട് നോക്കിയാണ് ചെയ്തത്. ആദ്യം ഒരു മൂന്നാല് തവണ പറഞ്ഞും കാണിച്ചും തന്നിട്ടാണ് ടേക്കിലേക്ക് പോവുന്നത്.

എന്നാലും ചിലതൊക്കെ രണ്ടോ മൂന്നോ റീടേക്കുകള്‍ വേണ്ടി വരും. ചില സീനുകളില്‍ ഡയലോഗുണ്ട്. അത് തെറ്റിപ്പോവും. അങ്ങനെ വരുമ്പോളൊക്കെ റീടേക്ക് വന്നിട്ടുണ്ട്. സംഘട്ടനമോ, പാട്ടോ, മറ്റേതൊരു സീന്‍ ചെയ്യുന്നത് പോലെയാണ് ഈ സീനും സംവിധായകന്‍ പ്ലാന്‍ ചെയ്തത്. ആളുകള്‍ വിചാരിക്കുന്ന പോലത്തെ മൈന്‍ഡ് സെറ്റിലല്ല അങ്ങനെയുള്ള രംഗം ചെയ്യുന്നത്.

നടി, നടന്മാര് മാത്രമല്ല അവിടെ നില്‍ക്കുന്ന ടെക്നീഷ്യന്മാരും അങ്ങനെയാണ്. എല്ലാവരും അവരവരുടെ ജോലിയിലാവും. ഇന്റിമേറ്റ് സീനാണെന്ന് പറഞ്ഞ് ആരുമത് നോക്കിയിരിക്കില്ല. ഇന്റിമേറ്റ് സീനും ഷോര്‍ട്ട് ഡ്രസും സ്ലീവ്ലെസ് ഇടുന്നതുമൊക്കെ തനിക്ക് അണ്‍കംഫര്‍ട്ട് ആണ്. പക്ഷേ അതെല്ലാം മറന്ന് താന്‍ ചെയ്തത് ഈ സിനിമയിലാണ്. കിട്ടിയ കഥാപാത്രം അങ്ങനെയായത് കൊണ്ടാണ് അത് എന്നാണ് സ്വാസിക പറയുന്നത്.

സമുദ്രാര്‍തിര്‍ത്തി ലംഘിച്ചതിന് 3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടുന്നു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാര്‍ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയല്‍ ഗിനി പിടികൂടുകയായിരുന്നു. നൈജീരിയയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍.

വിജിത്തിന് പുറമെ സനു ജോസ്, മില്‍ട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികള്‍. ജീവനക്കാരില്‍ ചിലരുടെ ആരോഗ്യ സ്ഥിതിയും മോശമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്നും തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു.

ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പല്‍. തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയല്‍ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.

രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയന്‍ നേവിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു. നൈജീരിയയ്ക്ക് കൈമാറിയാല്‍ എന്തു സംഭവിക്കുമെന്നതില്‍ പിടിയിലായവര്‍ക്ക് ആശങ്കയുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയല്‍ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കിലേ ഇനി മോചനം സാധ്യമാകൂ.

യാത്രക്കാരെ ബസിനുള്ളിൽ കയറി കടിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ മറ്റൊരു ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ച് വീണ് ചത്തു. യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ കടിച്ച നായയാണ് കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണത്.

പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വന്ന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമാണു നായയുടെ കടിയും ആക്രമണവും ഏൽക്കേണ്ടി വന്നത്.ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണു സംഭവം. സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ച നായയുടെ ആക്രമണം മിനി സിവിൽ സ്റ്റേഷൻ വരെയും നീണ്ടിരുന്നു.

റോഡിൽ കൂടി നടന്നു പോയവരെ പ്രകോപനമൊന്നുമില്ലാതെ നായ അക്രമിക്കുകയായിരുന്നു എന്നാണ് വിവരം.പോലീസ് ഉദ്യോഗസ്ഥർ പുറകേയുണ്ടായിരുന്നെങ്കിലും ആർക്കും അടുത്തേക്കു പോകാനുള്ള ധൈര്യമുണ്ടായില്ല.

കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകമായിരുന്നു പാറശ്ശാല സ്വദേശി ഷാരോണിന്റേത്. സംഭവത്തില്‍ കാമുകി ഗ്രീഷ്മ അറസ്റ്റിലായിരുന്നു. ഗ്രീഷ്മയെ ചോദ്യം ചെയ്തതില്‍ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

ഷാരോണിനെ കൊല്ലാന്‍ വേണ്ടിയാണ് ജ്യൂസ് ചലഞ്ചും ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊലപ്പെടുത്താന്‍ പല തവണ ശ്രമിച്ചതായും ഗ്രീഷ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

സംഭവത്തില്‍ തമിഴ്‌നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയുടെ വീട്ടില്‍ അന്വേഷണ സംഘം ഗ്രീഷ്മയുമായി തെളിവെടുപ്പിന് എത്തും. ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയിരുന്നു.

ഈ സംഭവം അന്വേഷണ സംഘത്തെ അടക്കം ഞെട്ടിച്ചിരുന്നു. അജ്ഞാതന്‍ സീലും പൂട്ടും തകര്‍ത്താണ് അകത്ത് കയറിയത്. അതേസമയം, പ്രധാനപ്പെട്ട തെളിവുകള്‍ ഒന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും തെളിവെടുപ്പിന് തൊട്ടുമുമ്പ് ഇങ്ങനെ സംഭവിച്ചതില്‍ പല ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുകയാണ്.

നാടിനെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയ ഗുജറാത്ത് മോര്‍ബി തൂക്കുപാല നിര്‍മ്മാണത്തില്‍ വന്‍വെട്ടിപ്പ് കണ്ടെത്തി. രണ്ട് കോടി രൂപയാണ് പാലത്തിന്റെ അറ്റക്കുറ്റപണികള്‍ക്കായി അനുവദിച്ചതെങ്കിലും 12 ലക്ഷം മാത്രമാണ് ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പാലത്തിന്റെ മോടിപിടിപ്പിക്കല്‍ ജോലി മാത്രമാണ് തീര്‍ന്നതെന്നും പാലം ബലപ്പെടുത്തിയില്ലെന്നും പോലീസ് കണ്ടെത്തി. കരാര്‍ ലഭിച്ച ഒറേവ കമ്പനിക്കോ അവര്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്കോ പാലം നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.

മോര്‍ബിയിലെ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ചയായിരുന്നു തകര്‍ന്നുവീണത്. 135 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് തൂക്കുപാലം തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയതിന് പിന്നാലെ മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫീസറായ സന്ദീപ് സിംഗ് സാലയെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പാലത്തിന്റെ അറ്റകുറ്റ പണിയില്‍ സര്‍വത്ര ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ഒമ്പത് ജീവനക്കാരില്‍ നാല് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വീഴ്ച്ചകള്‍ എണ്ണിപ്പറയുന്നത്.

ഒറേവ ഗ്രൂപ്പ് ചെയര്‍മാന്‍ ജയ്സൂഖ് പട്ടേലും കുടുംബവും പാലത്തിലൂടെ ചുറ്റിനടന്നതാണ് പാലത്തിന്റെ ഏക ഫിറ്റ്നസ് ടെസ്റ്റെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേവപ്രകാശ് സൊല്യൂഷന്‍സ് എന്ന കമ്പനിക്കാണ് ഇവര്‍ ഉപകരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് പാലനിര്‍മ്മാണത്തില്‍ ആവശ്യമായ പരിജ്ഞാനമോ മുന്‍ പരിചയമോ ഇല്ലെന്നാണ് കണ്ടെത്തല്‍.

 

ഷാരൂഖ് ഖാന്‍-അറ്റ്‌ലീ കോംമ്പോയില്‍ എത്താന്‍ ഒരുങ്ങുന്ന ‘ജവാന്‍’ ചിത്രത്തിനെതിരെ പരാതി. ‘പേരരസ്’ എന്ന തമിഴ് ചിത്രത്തിന്റെ കഥ മോഷ്ടിച്ചു എന്നാണ് പരാതി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ മാണിക്കം നാരായണന്‍ ആണ് ചിത്രത്തിനെതിരെ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ജവാനില്‍ ഷാരൂഖ് ഡബിള്‍ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ല്‍ പുറത്തിറങ്ങിയ പേരരസ് ചിത്രത്തില്‍ നടന്‍ വിജയകാന്തും ഡബിള്‍ റോളിലാണ് എത്തിയത്. ചെറുപ്പത്തിലേ വേര്‍പിരിഞ്ഞു പോകുന്ന സഹോദരന്‍മാരുടെ കഥയാണ് പേരരസ് പറഞ്ഞത്.

എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ ഒരു കഥാപാത്രം ആര്‍മി ഓഫീസര്‍ ആയാണ്. നവംബര്‍ 7ന് ആണ് മാണിക്കം നാരായണന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായല്ല അറ്റ്‌ലീ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. മുമ്പ് ഇറങ്ങിയ അറ്റലീ ചിത്രങ്ങള്‍ക്കെതിരെയും ഇതുപോലെ പരാതികള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ജവാന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നയന്‍താര, വിജയ് സേതുപതി, യോഗി ബാബു, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടും. കൂടാതെ നടി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ കാമിയോ റോളിലെത്തും.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നൊരു ചിത്രമാണ് ജവാന്‍. അടുത്ത വര്‍ഷം ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ‘പത്താന്‍’ ആണ് ഷാരൂഖിന്റെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ആവുക. ചിത്രത്തിന്റെതായി എത്തിയ ടീസര്‍ പ്രേകഷകരെ ആവേശം കൊള്ളിച്ചിരുന്നു.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയ കോടതി ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതി ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഗ്രീഷ്മയും അമ്മയെയും അമ്മാവനെയും രാവിലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പ് വീഡിയോയായി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും മലയാളിയെ കടാക്ഷിച്ച് ഭാഗ്യദേവത. ഒന്നാം സമ്മാനമായ 2.5 കോടി ദിർഹം (ഏകദേശം 50 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് പ്രവാസി മലയാളിയായ ഹോട്ടൽ ജീവനക്കാരൻ എൻ എസ് സജേഷിന് കൈവന്നത്. ബിഗ് ടിക്കറ്റിൻറെ 245ാം സീരീസ് നറുക്കെടുപ്പിലാണ് സജേഷിന് ഭാഗ്യം എത്തിയത്. ദുബായിയിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയത്.

നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് എടുത്തത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് സജേഷ് അറിയിച്ചു. ”ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സജേഷ് കൂട്ടിച്ചേർത്തു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അർഹമായത്. ഒക്ടോബർ 20നാണ് ഇദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ഇത്തവണത്തെ നറുക്കെടുപ്പിൽ 14 പേർക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശി മുഹമ്മദ് അബ്ദേൽഗാനി മഹ്മൂദ് ഹാഫേസ് ആണ്.

മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് അൽതാഫ് ആലം ആണ്. 50,000 ദിർഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീൻ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടികൊടുത്തത്.

അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാറില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഇയാളെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ടത്.

വൈകീട്ട് ശബ്ദം കേട്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതാണ് കണ്ടത്. ഒപ്പം ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതും ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.പോലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 12.30-ഓടെ മരണം സംഭവിച്ചു.

അതേസമം, ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമയായ ടോമിച്ചനും കുടുംബത്തിനും അറിയില്ല. ചന്ദ്രശേഖരനുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നു. കൂടാതെ ഇവരുമായി നല്ല ബന്ധത്തിലുമായിരുന്നെന്നു ടോമിച്ചന്‍ പറഞ്ഞു.

അതേസമയം, ചന്ദ്രശേഖരന്റേത് ആത്മഹത്യയാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസം. ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം തുടങ്ങി.

RECENT POSTS
Copyright © . All rights reserved