India

പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും പെണ്‍ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് ശുപാർശചെയ്തിരിക്കുന്ന പേരുകൾ. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി.

കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ അംഗീകരിച്ചാല്‍ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍ സിംഹം ഔദ്യോഗിക രേഖകളില്‍ സൂരജ് എന്നായിരിക്കും അറിയപ്പെടുക. പെണ്‍സിംഹത്തിന്റെ പേര് തനായ എന്നുമാകും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാല്‍ ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. എന്നാല്‍, ഈ ശുപാര്‍ശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരം ഉണ്ട്.

സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ ഇട്ടതിനെ കല്‍ക്കട്ട ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിവാദമായ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.

മൃഗങ്ങളെ കൈമാറ്റംചെയ്യുന്ന പദ്ധതിപ്രകാരമാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് ഒരു ആണ്‍ സിംഹത്തെയും ഒരു പെണ്‍ സിംഹത്തെയും ഫെബ്രുവരി 13-ന് സിലിഗുരി സഫാരി പാര്‍ക്കിലേക്ക് മാറ്റിയത്. ആണ്‍സിംഹത്തിന് ഏഴ് വയസ്സും പെണ്‍ സിംഹത്തിന് അഞ്ചുവയസ്സുമാണ് പ്രായം. സിലിഗുരി സഫാരി പാര്‍ക്കില്‍ എത്തിയപ്പോള്‍മുതല്‍ ആണ്‍സിംഹത്തിനെ അക്ബര്‍ എന്നും പെണ്‍ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. എന്നാല്‍, പേരിട്ടത് തങ്ങളല്ലെന്ന നിലപാടാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സിലിഗുരി സഫാരി പാര്‍ക്കിലേക്ക് സിംഹങ്ങളെ കൈമാറുമ്പോള്‍ ഡെസ്പാച്ച് രജിസ്റ്ററില്‍ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ ( 68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ, മിമിഷ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷന്‍സും സി.എം.ആര്‍.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുക്കുന്നു. കര്‍ത്തയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്.

സി.എം.ആര്‍.എലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആര്‍.എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ 24 മണിക്കൂര്‍ ചിലവഴിക്കേണ്ടി വന്നിരുന്നു. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവില്‍ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ്. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.

ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ. സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു.

ഇയാളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.

വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികള്‍ക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തില്‍ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവില്‍ വരന്‍ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. മദ്യപിച്ച്‌ ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

പത്തനംതിട്ട തടിയൂരിലാണ് വരന്‍ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ തടിയൂരിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങള്‍.

തോട്ടപ്പുഴശ്ശേരി സ്വദേശിയായ 32-കാരന്റെയും ഇലന്തൂര്‍ സ്വദേശിനിയായ യുവതിയുടെയും വിവാഹചടങ്ങുകളാണ് തിങ്കളാഴ്ച ദേവാലയത്തില്‍ നടക്കേണ്ടിയിരുന്നത്. ഏതാനുംദിവസം മുന്‍പാണ് 32-കാരന്‍ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹദിവസം കൃത്യസമയത്ത് തന്നെ വരന്‍ പള്ളിയിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും പള്ളിയിലുണ്ടായിരുന്നു. എന്നാല്‍, വിവാഹദിവസം അടിച്ചുപൂസായ വരനെ കണ്ടതോടെ രംഗം വഷളായി.

മദ്യപിച്ച് ലക്കുക്കെട്ടതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തനിലയിലായിരുന്നു വരന്‍. ഏതാനുംപേര്‍ ചേര്‍ന്ന് വരനെ പള്ളിയിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കാലുറയ്ക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ വിഷയം ഗുരുതരമായി. സംഭവത്തില്‍ ഇടപെട്ട് സംസാരിക്കാനെത്തിയ പുരോഹിതന്മാരെ വരന്‍ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.

വരന്റെ പരാക്രമം കണ്ട് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. പോലീസിനെയും ഇവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് കോയിപ്രം പോലീസ് സ്ഥലത്തെത്തി വരനുമായി സംസാരിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ വീണ്ടും അക്രമാസക്തനായി. ഇതോടെ വരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പോലീസ് ആക്ട് പ്രകാരം കേസെടുത്തു.

സംഭവം സംഘര്‍ഷത്തിന്റെ വക്കിലെത്തിയെങ്കിലും പോലീസ് ഇടപെട്ടാണ് പള്ളിയിലെ രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വരന്റെ കൂട്ടരും വധുവിന്റെ വീട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയായി. ആറുലക്ഷം രൂപ വരന്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്. ഇതോടെയാണ് ഇരുകൂട്ടരും പള്ളിയില്‍നിന്ന് പിരിഞ്ഞുപോയത്.

പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചാണ് അന്ത്യം. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സം​ഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളിൽ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്. ഈണം നൽകിയ ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്.

ഇരുപതോളം സിനിമകൾക്ക് സം​ഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.

1988-ലായിരുന്നു കെ.ജി. വിജയന്റെ വിയോ​ഗം. യേശുദാസ് ആലപിച്ച് കെ.ജി. ജയൻ ഈണമിട്ട മയിൽപ്പീലി എന്ന കൃഷ്ണഭക്തി​ഗാന ആൽബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ​ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ​ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കൾ: ബിജു കെ.ജയൻ എന്നൊരു മകൻകൂടിയുണ്ട്.

2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സം​ഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒഡിഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 38 പേര്‍ക്ക് പരിക്കേറ്റു. കട്ടക്കില്‍നിന്ന് വെസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്‌ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഒഡിഷയിലെ ജജ്പുര്‍ ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രദേശവാസികള്‍ പറയുന്നു. ബസ് അശ്രദ്ധമായും ക്രമരഹിതമായുമാണ് മുന്നോട്ടുനീങ്ങിയിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് സംഭവം. ട്രക്കില്‍ ഇടിച്ച കാറിന് തീപിടിച്ചാണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേരാണ് ജീവനോടെ വെന്തു മരിച്ചത്.

ഉത്തർപ്രദേശിലെ മീററ്റ് നിവാസികളാണ് കാർ യാത്രക്കാർ . രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു.

ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു,.

കേന്ദ്രമന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

അതേസമയം, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഡാണാപ്പടി ജങ്ഷന് സമീപം വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്.

കുട്ടിയുടെ സഹോദരൻ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ സമീപത്തെ കടയില്‍ കയറി ഒളിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാർഥമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Copyright © . All rights reserved