India

കോണ്‍ഗ്രസും ബിജെപിയും രാജ്യത്തുടനീളം പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണ്. ബിജെപി ഹിന്ദുത്വത്തിന് ഊന്നല്‍ നല്കുന്ന പാര്‍ട്ടിയാണെങ്കില്‍ മതേതരത്വമാണ് കോണ്‍ഗ്രസിന്റെ ആപ്തവാക്യം. അതുകൊണ്ട് തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ യാതെരുവിധ സഖ്യത്തിനും സാധ്യതയില്ല. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്നതാണ് മിസോറാമില്‍ നിന്നുള്ള വാര്‍ത്ത. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.

കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കാന്‍ ധാരണയായി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ എംഎന്‍എഫിനെ അധികാരത്തിന് വെളിയില്‍ നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ രംഗത്തെ അമ്പരപ്പിക്കുന്ന സഖ്യം പിറന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് സംഭവം. അപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

President of India

@rashtrapatibhvn
Shocked to learn about the horrific accident involving a bus carrying innocent schoolchildren in Kushinagar, Uttar Pradesh. Thoughts and prayers with the bereaved families and with those injured #PresidentKovind

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ കുറിച്ചുളള വാർത്ത തന്നെ ഞെട്ടിച്ചുവെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും രാഷ്ട്രപതി അറിയിച്ചു.

സ്കൂൾ കുട്ടികളുടെ മരണ വാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. യുപി സർക്കാരും റെയിൽവേ മന്ത്രാലയവും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

നവജാത ശിശുവിന്റെ ലിംഗം മുറിച്ചു. ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാനാണ് ഈ കൃത്യം ചെയ്തത്. ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ രണ്ടു ഡോക്ടര്‍മാര്‍ നടത്തുന്ന നഴ്സിംഗ് ഹോമിലാണ് സംഭവം. എന്നാല്‍ ഇവര്‍ക്ക് ​​ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ല എന്ന് മെഡിക്കല്‍ അധികാരികള്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിനു കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

ബാലി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍ പാണ്ഡെയുടെ ഭാര്യ ഗുഡിയ ദേവിയെ പ്രസവത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച്ച ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഗുഡിയയെ നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന് വിധേയയാക്കുകയും പെണ്‍കുട്ടി ആണെന്ന റിപ്പോര്‍ട്ട് ആദ്യം കൊടുക്കുകയായിരുന്നു. എന്നാല്‍ ഗുഡിയയ്ക്കുണ്ടായ കുഞ്ഞ് ആണ്‍ കുട്ടിയാണെന്ന് കണ്ടതോടെ ലിംഗനിര്‍ണയത്തിലെ പിഴവ് മറച്ച് അഭിമാനം കാക്കാന്‍ ഇവര്‍ പ്രസവമുറിയില്‍ വച്ചു തന്നെ കുഞ്ഞിന്റെ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു.

തുടര്‍ന്നു ജനിച്ച കുഞ്ഞ് പെണ്ണാണെന്നും കുഞ്ഞിന്റെ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടെന്നും ഇവര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ഗുഡിയയുടെ അമ്മയുടെ ശ്രദ്ധയില്‍ പെടുകയും സത്യം പുറത്തു വരികയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് തുടര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ നഴ്സിംഗ് ഹോം നടത്തിയിരുന്ന ഡോ. അനുല്‍ കുമാര്‍, ഡോ.അരുണ്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

ന്യൂഡല്‍ഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയൊഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീരയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 28ന് നടക്കും. മെയ് 31ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10ന് സൂക്ഷ്മ പരിശോധന 11നും പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മെയ് 14 വരെയുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും പലവട്ടം പ്രചാരണം പൂര്‍ത്തിയായെങ്കിലും വിജ്ഞാപനമിറങ്ങാന്‍ വൈകിയത് പ്രചാരണ ചൂടിലും നിരാശ പരത്തിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം തീയതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥനാര്‍ത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാല്‍ വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുകയായിരുന്നു.

ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേയും വിജ്ഞാപനം ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

ചെന്നൈ: ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകളൊന്നും കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. സാംമ്പിളുകള്‍ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബംഗളുരു സ്വദേശിയായ അമൃത എന്ന പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ആശുപത്രിയോട് ഇത് സംബന്ധിച്ച വിശദീകരണം കോടതി ആവശ്യപ്പെട്ടത്.

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണ് താനെന്ന് അവകാശപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. താന്‍ ജയയുടെ മകളാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും അമൃത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ ബയോളജിക്കല്‍ സാംമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിയില്‍ എങ്ങനെ തീര്‍പ്പുണ്ടാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ജൂണ്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.

കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ മുപ്പത് ശതമാനത്തോളം പേര്‍ പണിക്ക് കൊള്ളാത്തവരെന്ന് എംഡി ടോമിന്‍ തച്ചങ്കരി. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തച്ചങ്കരിയുടെ പ്രസ്താവന. കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്നും പുതുതായി ചുമതലയേറ്റ എംഡി വ്യക്തമാക്കി.

ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തൊഴിലെടുക്കാതെയുള്ള അഭ്യാസം ഇനി കെ എസ് ആര്‍ ടി സിയില്‍ നടക്കില്ലെന്നും തച്ചങ്കരി പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് മറികടക്കുമെന്നും എംഡി പറഞ്ഞു.

താന്‍ ഒരുദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിക്കും. കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരാണ്. എന്നാല്‍, ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയിലെ അപ്പം, അരവണ എന്നിവയുടെ ചേരുവയില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതല്‍ പുതിയ ചേരുവയിലുള്ള അപ്പവും അരവണയുമായിരിക്കും വിതരണം ചെയ്യുക. പഴനിയിലെ പഞ്ചാമൃതത്തിന് പുതിയ ചേരുവ തയ്യാറാക്കിയ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ശബരിമലയിലെ ചേരുവയും തയ്യാറാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സിഎഫ്ടിആര്‍ഐ. പുതിയ ചേരുവയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കി. നിലവില്‍ ശബരിമലയിലുള്ള അപ്പം, അരവണ നിര്‍മാണ പ്ലാന്റുകളില്‍ കാര്യമായ മാറ്റം വരുത്താതെതന്നെ പുതിയ ചേരുവയില്‍ ഇവ തയ്യാറാക്കാം.

പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം മൈസൂരു കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ കഴിഞ്ഞ ദിവസം മൈസൂരു സിഎഫ്ടിആര്‍ഐയില്‍ എത്തി പുതിയ ചേരുവയെ കുറിച്ച് മനസിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാറിന്റെ വ്യാജ പ്രചരണം. കേരളത്തിലെ മുസ്ലീങ്ങളാല്‍ ഹിന്ദു സ്ത്രീയും ക്ഷേത്രവും അക്രമിക്കപ്പെട്ടുവെന്നാണ് പ്രചരണം. അതേസമയം ട്വീറ്റിന്റെ കൂടെ ചേര്‍ത്തിരിക്കുന്ന ചിത്രം ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെതാണ്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.’#HinduDeniedEquality’ എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം നടക്കുന്നത്.

സംഘപരിവാര്‍ അനുകൂല അക്കൊണ്ടുകളാണ് വ്യാജ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥിരമായി വ്യാജപ്രചരണങ്ങള്‍ നടത്താറുള്ള ശംഖ്നാഥ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട ഒരു കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ഒരുമിച്ചു ചേര്‍ത്താണ് പ്രചരണം.

‘ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്’ എന്നാണ് ശംഖ്നാദിന്റെ ട്വീറ്റില്‍ പറയുന്നു. ‘പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്‍’ എന്നും പ്രചരണമുണ്ട്. അതേസമയം 2017ല്‍ ബംഗ്ലാദേശില്‍ മകന്‍ അക്രമിച്ച അമ്മയുടെ ചിത്രമാണ് ഇവര്‍ വിദ്വേഷപ്രചരണത്തിന് ഉപയോഗിക്കുന്നത്.

സ്വന്തം ലേഖകന്‍

കൊച്ചി : ” മൊഴിമുറ്റം അക്ഷരസംഗമം 2018 ”  മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ. കലയുടെ ഈറ്റില്ലമായ സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10.00 മണിക്ക് തുടക്കം കുറിക്കുന്നു. വേദിയും സദസ്സുമെന്ന വേർതിരിവുകളില്ലാതെ അക്ഷരസുമനസുകളൊത്തുകൂടുന്ന വേളയിൽ വായനയുടെ വഴിയിലേക്ക് ഓരോരുത്തരേയും കൈപിടിച്ചു നടത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പായ് മുഖ്യധാരാ എഴുത്തുകാരുടെ സൃഷ്ടികൾ ഉള്‍ക്കൊള്ളുന്ന അക്ഷരസംഗമം 2018.

സ്മരണികപ്രകാശനം , മൊഴിമുറ്റത്തെ അക്ഷരസൗഹൃദങ്ങളുടെ കവിതാസമാഹാരമായ ‘ കാലത്തോട് കലഹിക്കുന്ന കവിതകൾ ‘ പ്രകാശനം , തുടങ്ങിയവയോടൊപ്പം അംഗങ്ങൾക്കിടയിലെ എഴുത്തുകാരുടെ പ്രസിദ്ധീകൃതമായ കൃതികൾ പരിചയപ്പെടുത്തുകയും അവയുടെ വില്പനയ്ക്കായ് സൗകര്യവുമൊരുക്കുന്നു.

സാഹിത്യപരമായ വിവിധ വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചകൾ , സാഹിത്യസംവാദങ്ങൾ , കവിതാലാപനം തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടുന്നു . അക്ഷരങ്ങളിലൂടെ സംവേദനക്ഷമമാകുന്ന സംസ്കൃതിയുടെ കൈമാറ്റത്തിന്റെ ഒരവിസ്മരണീയ മുഹൃത്തമായ് മനസിലെന്നെന്നും വായനയുടെ , അറിവിന്റെ , സ്നേഹത്തിന്റെ സംഗമദിനമായ് മാറ്റുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

അക്ഷരങ്ങൾ കൊണ്ടു നമ്മെ മോഹിപ്പിച്ച പ്രതിഭാധനരായ വ്യക്തിത്വങ്ങൾ , വായനയുടെ പുതുലോകം നമുക്കായ് തുറന്നു തരുന്ന അസുലഭാവസരത്തിന് സാക്ഷികളാകുവാനുള്ള തയ്യാറെടുപ്പിലാണോരോരുത്തരും.

ബംഗളൂരു: സമ്മേളനം നടക്കുന്നതിനിടെ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട നേതാക്കള്‍ക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി വിവാദത്തില്‍. 2012ല്‍ യെദിയൂരപ്പ ഗവണ്‍മെന്റില്‍ മന്ത്രിമാരായിരുന്ന ലക്ഷ്മണ്‍ സാവദി, സി.സി.പാട്ടീല്‍ എന്നിവര്‍ക്കാണ് ബിജെപി വീണ്ടും സീറ്റ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഫോണില്‍ വീഡിയോ കാണുന്നതിന്റെദൃശ്യങ്ങള്‍ പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു.

സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി. സി.സി.പാട്ടീല്‍ ശിശുക്ഷേമവകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഇവര്‍ക്കൊപ്പം പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമറും ഉണ്ടായിരുന്നു. ഒരു ടിവി ചാനലിന് ലഭിച്ച ദൃശ്യങ്ങള്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ക്കും മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ബിജെപിക്ക് ദേശീയതലത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കിയതായിരുന്നു മന്ത്രിമാര്‍ സഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട സംഭവം.

സാവദിക്ക് അഥാനിയിലും പാട്ടീലിന് നാര്‍ഗണ്ടിലുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മൂന്നാമനായ പലേമറിന് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടാനായില്ല. 2013ല്‍ മംഗളൂരു സിറ്റി നോര്‍ത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പലേമര്‍ അന്ന് പരാജയപ്പെട്ടിരുന്നു. കത്വ, ഉന്നാവ് സംഭവങ്ങളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയ നടപടി വിമര്‍ശന വിധേയമാകുന്നത്.

RECENT POSTS
Copyright © . All rights reserved