India

മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്‌ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണം. മരിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം സംഘം ചേർന്ന മർദിച്ചുവെന്നാണ് കേസ്.വാളകം കവലയ്ക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു.

ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ ഇയാളുടെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. ആറ് പേരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മറ്റ് നാല് പേരെക്കൂടി പൊലീസ് പിടികൂടുകയായിരുന്നു.

രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക് ദാസിനെതിരെ ഇവർ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

വാഹന നികുതി വെട്ടിപ്പു കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ ഹര്‍ജി എറണാകുളം എ.സി.ജെ.എം. കോടതി തള്ളി. നടന്‍ വിചാരണ നടപടികള്‍ നേരിടണമെന്നും കോടതി പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രണ്ട് ആഡംബരവാഹ വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുവഴി 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.

പാനൂരിലെ ബോംബ് സ്ഫോടനം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കിൽ ആർക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും വാർത്താ സമ്മേളനത്തിൽ ഷാഫി ചോദിച്ചു.

‘ബോംബ് നിർമ്മാണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. സ്ഥാനാർഥിയോട് ചേർന്ന് നിൽക്കാൻ പ്രതികൾക്ക് എങ്ങനെ സാധിച്ചു? നാടിന്റെ സമാധാനം കെടുത്തരുത്. കേരള പൊലീസ് അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തു വരില്ല. സി.പി.എം. ആക്രമണത്തിന് കോപ്പുകൂട്ടുന്നു. വടകര അടക്കമുള്ള ഇടങ്ങളിൽ വ്യാപക ബോംബ് ശേഖരണം നടക്കുന്നുണ്ട്. പരിശോധന നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.’ -ഷാഫി ആവശ്യപ്പെട്ടു. മണ്ഡലത്തിൽ ഇരട്ട വോട്ട് വ്യാപകമാണെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പാനൂർ സ്ഫോടനത്തിൽ പാർട്ടിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് സി.പി.എം. രംഗത്തെത്തി. പാനൂർ സ്ഫോടനം തീർത്തും അപ്രതീക്ഷിതമാണെന്നും സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലത്താണ് സ്ഫോടനം ഉണ്ടായതെന്നും മുതിർന്ന സി.പി.എം. നേതാവ് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പാർട്ടിക്ക് ബന്ധമോ ഉത്തരവാദിത്തമോ ഇല്ല. പാർട്ടി അകറ്റി നിർത്തിയവരാണ് സ്ഫോടനത്തിൽ അകപ്പെട്ടത്. ഇത് സി.പി.എമ്മിൻ്റെ തലയിൽ കെട്ടി വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിന്റെ വാർത്താസമ്മേളനത്തിനെതിരെയും ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. യു.ഡി.എഫ്. സ്ഥാനാർത്ഥി നടത്തിയ പത്രസമ്മേളനം ഭയം പരത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രചാരണത്തിൽ സ്ഥാനാർത്ഥി മുന്നോട്ട് വരരുതായിരുന്നു. കോൺഗ്രസ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഉചിതമല്ല. ഭിന്നിപ്പിച്ച് വോട്ടുണ്ടാക്കാനാണ് ശ്രമം. പോലീസ് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ജനങ്ങൾ സമാധനപരമായ നിലപാട് സ്വീകരിക്കണം. ഇതിൻ്റെ അലയൊലികൾ വടകരയിൽ ഉണ്ടാവരുതെന്നും രാമകൃഷ്ണൻ പറഞ്ഞു.

‘സ്ഫോടനത്തിൽ പരിക്ക് പറ്റിയവർ നേരത്തെ പാർട്ടിക്കെതിരെയും അക്രമണം നടത്തിയവരാണ്. പാർട്ടിയിൽ അംഗത്വം ഇല്ലാത്തവരാണ് അവർ. സ്ഫോടനത്തിൽ ഉൾപ്പെട്ടവർ നേരത്തെ പാർട്ടിയുമായി സഹകരിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് യോജിക്കാത്ത പ്രവർത്തനം നടത്തിയതിനാൽ അകറ്റി നിർത്തി. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായി അവർക്ക് ബന്ധം ഇല്ല. യുഡി എഫ് പ്രവർത്തകർ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു.’ -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വടകരയിലെ സി.പി.എം. സ്ഥാനാർഥി കെ.കെ. ശൈലജയും രംഗത്തെത്തി. പല പരിപാടികളിലും പലരും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്ന് ശൈലജ പറഞ്ഞു. പാർട്ടിക്കുo തനിക്കും പ്രതികളുമായി ബന്ധമില്ല. അവർക്ക് സി.പി.എമ്മിനേക്കാൾ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് താൻ ഇപ്പോൾ പറയുന്നില്ല. യു.ഡി.എഫിന് മറ്റൊന്നും പറയാൻ ഇല്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സി.പി.എം അനുഭാവികളാണെന്നാണ് സൂചന.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്.

വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു. വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വൈദികരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയ നടപടി കമ്മീഷൻ പിൻവലിച്ചിരുന്നു. ഇതിനെതിരെ തോമസ് ചാഴികാടൻ എം പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇവർക്ക് ഇളവു നൽകണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ ഇപ്പോൾ അംഗീകരിച്ചത്.

ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയായ യുവതിയാണ് ആത്മഹത്യാ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇലക്‌ട്രിക് പോസ്റ്റില്‍ ഇവർ നില്‍ക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. മൂന്ന് കൂട്ടികളുടെ അമ്മയാണ് യുവതി.

ഏഴ് വർഷമായി ഈ യുവതി അയല്‍ ഗ്രാമത്തിലെ ഒരാളുമായി രഹസ്യബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഭർത്താവായ രാം ഗോവിന്ദ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ദമ്പതികള്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി.

കാമുകനെ വീട്ടില്‍ താമസിപ്പിക്കണമെന്നും സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കണമെന്നും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാതെ രാം ഗോവിന്ദ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് കൂടുതല്‍വിവരങ്ങള്‍ പുറത്ത്. മരിച്ച നവീനും ദേവിയും ആര്യയും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇവര്‍ സ്വന്തം പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. നവീനും ദേവിയും മുന്‍പ് അരുണാചലില്‍ പോയിട്ടുണ്ട്. മരണംവരിക്കാന്‍ ഇവര്‍ അരുണാചല്‍ തിരഞ്ഞെടുത്തതില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

നവീന്‍ തോമസിന്റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം സംഭവത്തില്‍ മറ്റേതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

മരണശേഷം അന്യഗ്രഹത്തില്‍ സുഖജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തില്‍ എത്താന്‍ കഴിയുമെന്നും നവീന്‍ ഇവരെ വിശ്വസിപ്പിച്ചു. വിചിത്രവിശ്വാസത്തിന്റെ ആശയങ്ങള്‍ നവീന്‍ നേടിയെടുത്തത് ഡാര്‍ക്ക്‌നെറ്റില്‍നിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൂവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് രണ്ടുപേരുടെയും സംസ്‌കാരം. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.

അതിരമ്പുഴ: ഗ്രാമ പഞ്ചായത്തിലെ 1, 2, 3 വാർഡുകൾ ഉൾപ്പെട്ട 22, 23, 24 ബൂത്തുകളുടെ സംഗമകേന്ദ്രമായ ആനമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എൽ ഡി എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ആദ്യകാല കേരള കോൺഗ്രസ് (എം) നേതാവ് മത്തച്ചൻ കാക്കനാട്ടുകാല നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൽ ഡി എഫ് നേതാക്കളായ ജോസ് ഇടവഴിക്കൽ, പി എൻ സാബു, ബെന്നി തടത്തിൽ, എ സി വർഗീസ്, ജോൺസൺ തോട്ടനാനി, ജോബിൻ കളരിക്കൽ, ജോജോ ഇരുമ്പൂട്ടിയിൽ, ജോണി ഇടവഴിക്കൽ, ജോയി തോട്ടനാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു വയനാട് സ്വദേശികളില്‍നിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്‌ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോഴാണു പിടിയിലാകുന്നത്. തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

2023 ഓഗസ്റ്റിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയില്‍നിന്ന് 2,50,622 രൂപയും ഇദ്ദേഹത്തിന്റെ സുഹൃത്തില്‍നിന്ന് 50,000 രൂപയും പല തവണകളായി സിബിന്‍ കെ. വര്‍ഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. തലപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ എസ്.പി. ഷിബു, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഷൈജു, സിവില്‍ പൊലീസ് ഓഫിസറായ രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ​ഗ്രൗണ്ടിൽ ഇരുവരും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. വലിയ വരവേൽപ്പാണ് രാഹുലിന് പ്രവർത്തകർ നൽകിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാൻ നൂറുകണക്കിന് പ്രവർത്തകരാണ് കാത്തിരുന്നത്. ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവർത്തകർ ആവേശത്തിലായി.

പിന്നീട് നാമനിർദേശപത്രിക സമർപ്പിക്കാൻ മേപ്പാടിയിൽനിന്ന് കല്പറ്റയിലേക്ക് തുറന്നവാഹനത്തിലാണ് ഇരുവരും പുറപ്പെട്ടത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുക്കാനായി ഒഴുകിയെത്തി. പ്രവർത്തകരെ ഇളക്കിമറിച്ചാണ് റോഡ് ഷോ വിവിധയിടങ്ങളിലൂടെ കടന്നുപോയത്.

എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇതിനുശേഷം ബുധനാഴ്ചതന്നെ അദ്ദേഹം മടങ്ങും.

ഇതിനിടെ, ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ്ഷോയോടെ എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തിൽപ്പരം എൽ.ഡി.എഫ്. പ്രവർത്തകർ ആണ് റോഡ് ഷോയിൽ പങ്കാളികളായത്. കൽപ്പറ്റ ചുങ്കം ജംങ്ഷനിൽനിന്ന് രാവിലെ പത്തുമണിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്.

എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎയുടെ റോഡ് ഷോയിൽ പങ്കെടുക്കാനായി കേന്ദ്രമന്ത്രി സമൃതി ഇറാനി ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തും.

RECENT POSTS
Copyright © . All rights reserved