India

വിമാനത്തിന്റെ ചിറക് കെഎസ്‌ആർടിസി ബസിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ബസിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസിന്റെ മുൻവശം പാടേ തകർന്നു. ബുധനാഴ്‌ച പുലർച്ച ബാലരാമപുരം ജംഗ്‌ഷനിലായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറടക്കം അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചുകയക്കുകയായിരുന്നു.

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിച്ചിരുന്ന എ-320 വിമാനം ഇനിയും ഉപയോഗിക്കാൻ കഴിയില്ലെന്ന് കണ്ട് നാല് വർഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാംഗർ യൂണിറ്റിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇതിനുമുൻപ് 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.

ആക്രിയായി വിറ്റ വിമാനത്തിനെ 75 ലക്ഷം രൂപയ്‌ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കുകയായിരുന്നു. വിമാനം വിവിധ ഭാഗങ്ങളാക്കി നാലോളം വാഹനങ്ങളിലാണ് ഇത് ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനിടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ ട്രെയില‌ർ ലോറിയുടെ ഡ്രൈവർ ഉടൻ ഇറങ്ങിയോടി. ഇതോടെ വലിയ ബ്ളോക്കാണ് സ്ഥലത്തുണ്ടായത്. ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങിയ മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് ലോറി സ്ഥലത്തുനിന്നും മാറ്റുന്നത്.

 

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മലിനെയും റിമാൻഡ് ചെയ്തു. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോൾ കുടിച്ചതെന്ന ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. ഗ്രീഷ്മയെയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ വിലയിരുത്തൽ. ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ കളനാശിനിയുടെ കുപ്പി ഉൾപ്പെടെ ഇരുവരുടെയും കൊണ്ടുള്ള തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. ഇതിനപ്പുറം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലടക്കം ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുകയാണ്.

പോലീസ് കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും നിർമൽ കുമാറിനെ നെയ്യാറ്റിൻകര കോടതിയിലുമാണ് നിലവിലുള്ളത്. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വ്യക്തമായേക്കും.

പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദ്ദനമേറ്റ യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി സഹദാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപം വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കവെ മൂന്ന് പേർ ചേർന്ന് സഹദിനെ മർദ്ദിക്കുകയായിരുന്നു. വാക്കുതർക്കം മർദ്ദനത്തിലേക്ക് മാറുകയായിരുന്നു. തലക്ക് പരുക്കേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ശല്യം ചെയ്യുന്നവര്‍ ഉണ്ടാക്കുന്ന ഭയത്തെ കുറിച്ച് നടി പാര്‍വതി തിരുവോത്ത്. സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ടെന്നും പന്ത്രണ്ട് വര്‍ഷത്തോളമയി പലരേയും ഭയന്ന് ദീവിക്കുകയാണെന്നം താരം വെളിപ്പെടുത്തി.

ന്യൂസ് മിനിറ്റിനോട് പ്രതികരിക്കുകയായിരുന്നു താരം. അഭിനയം ആരംഭിച്ച കാലം തൊട്ട് വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ട്. മുന്‍പ് ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ജീവിച്ചത്. അക്കാലത്ത് രണ്ട് പുരുഷന്‍മാര്‍ എന്റെ അഡ്രസ് തപ്പി വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തും. പോലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.

ഇന്ന് അത് ആലോചിക്കുമ്പോള്‍ തോന്നുന്നു അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു എന്ന്. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെന്നാണ് പാര്‍വതി ഇതേകുറിച്ച് പറഞ്ഞത്.

എന്റെ കുടുംബത്തെക്കുറിച്ച് മോശം പറയുക, എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ എഴുതുക. വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നുവെന്നും എവിടെ പോയാലും അവിടെ എത്തുമായിരുന്നു എന്നും താരം വെളിപ്പെടുത്തി.

ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. സിസിടിവി ഉണ്ടായിരുന്നു അവിടെ. ആ ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ടു. കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി.

എന്നാല്‍, പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.

ഒരാള്‍ നമ്മളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെങ്കില്‍ ഒരിക്കലും പരാതി നല്‍കാന്‍ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. എന്നിരുന്നാലും ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും സ്ത്രീകളോടായി പാര്‍വതി പറയുന്നു.

ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് കഴുത്തില്‍ കുരുക്കിട്ട മരിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് മരണപ്പെട്ടു. ഭാര്യയോട് സംസാരിച്ചുകൊണ്ട് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. തൊടുപുഴ ഡയറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്‌സണ്‍ (25) ആണ് മരിച്ചത്.

കഴുത്തില്‍ കുരുക്ക് മുറുക്കിയാണ് ഇയാള്‍ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചത്. താന്‍ തൂങ്ങിമരിക്കാന്‍ പോകുകയാണെന്നു പറഞ്ഞതോടെ ഭയന്ന ഭാര്യ ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞ് മറ്റുസുഹൃത്തുക്കളും ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

വിവിധയിടങ്ങളിലുണ്ടായിരുന്ന ജെയ്‌സന്റെ സുഹൃത്തുക്കള്‍ ഫോണില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഹെദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്‌ഐ ബൈജു പി ബാബുവിനെ വിവരമറിയിച്ചു.

പോലീസ് സംഘം ഇരച്ചെത്തി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്‌സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു.

അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘവും ഫയര്‍ഫോഴ്സും ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴേക്കും ജയ്സണ്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. കെട്ടഴിച്ച് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നിയന്ത്രണം വിട്ട കാർ കിണറിലേയ്ക്ക് പതിച്ച് രണ്ട് മരണം. അച്ഛനും മകനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയും (58) മകൻ ബിൻസും (18) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

മാർ അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഇന്നലെ രാത്രിയാണ് കുടുംബം തിരിച്ച് വീട്ടിലെത്തിയത്. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാർ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

മകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഉച്ചയോടെ മകനും മരണപ്പെടുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരേതരായ ലൂക്കോസ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കൾ: ആൻസ്, ലിസ്, ജിസ്.

വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും ,മലയാളിയുമായ വൈദീകന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

വൈദീകര്‍ താമസിക്കുന്ന വസതിയില്‍ എത്തിയാണ് മലയാളി വൈദീകനായ ഫാ. ബോബിറ്റ് തോമസിന് നേരെ അതിക്രമം നടത്തിയത്.ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദീകന് കുത്തേല്‍ക്കുകയും ചെയ്തു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് .

വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദീകര്‍ താമസിക്കുന്ന വീട്ടിലെത്തിയ അക്രമിയാണ് വൈദീകനെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇതേ വീട്ടില്‍ താമസിക്കുന്ന മറ്റ് രണ്ട് വൈദീകരും സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.

വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അല്‍ഫോന്‍സസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ വൃത്തങ്ങള്‍ വെളിപ്പെടുത്തി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യാ മേനോൻ. മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഏറെ സജീവമായ നിത്യ കന്നടയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

ബാല താരമായിട്ടാണ് നിത്യ വെള്ളിത്തിരയിലേക്ക് എത്തിയത്. പത്ത് വയസുള്ളപ്പോൾ ഹനുമാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നടി തബുവിന്റെ ഇളയ സഹോദരി ആയിട്ടാണ് നിത്യ അഭിനയിച്ചത്. അതിനു ശേഷം 2006 ൽ കന്നഡ ചിത്രമായ 7′ ഓ ക്ലോക്കിലാണ് നിത്യ അഭിനയിക്കുന്നത്. ചിത്രത്തിൽ സഹനടിയായി എത്തിയ നിത്യ 2008 ൽ ആകാശ ഗോപുരം എന്ന മലയാള സിനിമയിലൂടെ നായികയായി മാറുകയായിരുന്നു.

പിന്നീട് അങ്ങോട്ട് നിരവധി വേഷങ്ങൾ നടിയെ തേടിയെത്തി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായ നിത്യ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം ജനപ്രീതി നേടുകയായിരുന്നു. മലയാളത്തിൽ ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ്, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളാണ് നിത്യയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്.

ഈ ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹാർട്ട് ത്രോബാകാനും നിത്യക്ക് സാധിച്ചിരുന്നു. ഓൺസ്‌ക്രീനിൽ നിത്യ ഒപ്പം അഭിനയിച്ച പല നടന്മാരെയും ചേർത്ത് നിത്യയുടെ പേരിൽ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ദുൽഖർ സൽമാൻ ഉൾപ്പെടെ അതിൽപ്പെടുന്നു. എന്നാൽ അതെല്ലാം നടി തള്ളിയിരുന്നു. എന്നാൽ ഒരിക്കൽ തന്റെ ഒരു നഷ്ട പ്രണയത്തെ കുറിച്ച് നിത്യ മനസ് തുറന്നിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ തങ്ങൾ പഠനം കഴിയുന്ന സമയം തന്നെ ബ്രേക്കപ്പ് ആയെന്നുമാണ് നിത്യ പറഞ്ഞത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്‌ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോഴും നിത്യ ആ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് നിത്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

നിത്യയുടെ പ്രണയം പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ നിത്യയെന്ന നടി സിനിമാ വ്യവസായത്തിന് ലഭിക്കുമായിരുന്നോ എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ്. നഷ്ട പ്രണയത്തെ കുറിച്ചുള്ള പല കാര്യങ്ങളും നടി തുറന്നു പറഞ്ഞത്. പ്രണയം വിജയിച്ചിരുന്നെങ്കിലും താൻ സിനിമയിൽ ഉണ്ടായേനെ എന്ന് നിത്യ പറഞ്ഞു.

‘പ്രണയം വിജയിച്ചാലും ഞാൻ അയാളെ വിവാഹം കഴിച്ച് മുന്നോട്ട് പോകണം എന്നൊന്നുമില്ല. പ്രണയം വേറെ വിവാഹം വേറെ. വിവാഹം കഴിക്കാൻ ആയിട്ട് ഞാൻ എന്തായാലും കാത്തിരിക്കും. ഉടനെയുണ്ടാവില്ല. അന്ന് ഞാൻ വളരെ ചെറുപ്പവും ആയിരുന്നു,’ നിത്യ പറഞ്ഞു. ആരാണ് പ്രണയത്തിൽ നിന്ന് പിന്മാറിയത് മൂപ്പരാണോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ പറയാൻ പറ്റില്ല എന്നായിരുന്നു നിത്യയുടെ മറുപടി.

അയാളെ പിന്നീട് കണ്ടിരുന്നോ എന്ന് ചോദിക്കുമ്പോൾ ഇല്ലെന്നാണ് നിത്യ പറയുന്നത്. ‘കോളേജിൽ വെച്ചായിരുന്നു. കോളേജ് കഴിഞ്ഞപ്പോൾ അയാൾ ഡൽഹിക്ക് പോയി. ഞാൻ ബെംഗളൂരുവിലും ആയിരുന്നു,’ പുള്ളി കാണാൻ ശ്രമിച്ചിട്ടില്ലേയെന്ന് ചോദിച്ചപ്പോൾ, വിളിച്ചിട്ടുണ്ട് എന്നാൽ കണ്ടിട്ടില്ല എന്നാണ് നിത്യ പറഞ്ഞത്.

ഇപ്പോൾ അതൊക്കെ തമാശയായി അല്ലേ തോന്നുക എന്ന് ബ്രിട്ടാസ് ചോദിക്കുമ്പോൾ അതിന് സമയം വേണം. പക്ഷെ താനിപ്പോൾ ഒക്കെയാണെന്ന് നിത്യ പറയുന്നുണ്ട്. ഇപ്പോൾ കണ്ടാൽ ഞാൻ നനന്നായി സംസാരിക്കും വിശേഷങ്ങൾ ഒക്കെ ചോദിക്കുമെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ ചിലരെ മാത്രം മോബി സിവില്‍ ആശുപത്രിയുടെ സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. മോദിയുമായി സംസാരിക്കാന്‍ ഇവരെ തയ്യാറാക്കി ആശുപത്രി കെട്ടിടത്തിന്റെ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. 135 പേര്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച മോദി പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പെയിന്റ് അടിച്ച വാര്‍ഡില്‍ പുതിയ കിടക്കയും കിടക്ക വിരിയും സജ്ജമാക്കി തെരഞ്ഞെടുക്കപ്പെട്ട രോഗികളെ അവിടേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയുടെ ഒഴിഞ്ഞുകിടന്നിരുന്ന താഴത്തെ നിലയിലെ മുറിയാണ് ഇത്തരത്തില്‍ സജ്ജമാക്കിയത്. മുകളിലത്തെ നിലയിലായിരുന്നു രോഗികളെ പ്രവേശിപ്പിച്ചത്. പുതിയ കിടക്ക വിരികളില്‍ പലതിലും മോര്‍ബിയില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെ ജാംനഗറിലുള്ള ഒരു ആശുപത്രിയുടെ അടയാളം പതിച്ചിട്ടുണ്ട്.

40 തൊഴിലാളികള്‍ രാത്രി മുഴുവന്‍ ജോലി ചെയ്താണ് ഒറ്റ ദിവസം കൊണ്ട് ആശുപത്രി പെയിന്റ് ചെയ്തത്. ശുചിമുറികളിലും പുതിയ ടൈലുകള്‍ പാകിയിട്ടുണ്ട്. ഇതിന് പുറമേ നാല് പുതിയ വാട്ടര്‍ കൂളറും സ്ഥാപിച്ചിട്ടുണ്ട്. ‘ശവത്തിന്മേലുള്ള ഇവന്റ് മാനേജ്‌മെന്റാ’ണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത തല യോഗം ചേര്‍ന്നു.

സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒറിവ ഗ്രൂപ്പിനെതിരെ മനഃപൂര്‍വ്വമല്ലത്ത നരഹത്യാകുറ്റവും ചുമത്തി. തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകര്‍ന്നത്. 1877 ല്‍ നിര്‍മിച്ച 233 മീറ്റര്‍ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം 26 നാണു തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ടുണ്ട്.

കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മാൻഖുഡിൽ രേഷ്മ ഖരവി എന്ന പെൺകുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ ചില്ലിലൂടെ നോക്കുന്നതിനിടെ ലിഫ്റ്റ് താഴേക്കു പതിക്കുകയും രേഷ്മയുടെ തല കുടുങ്ങുകയുമായിരുന്നു. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം. കരച്ചിൽ കേട്ട് മറ്റു കുട്ടികൾ ഓടിയെത്തി. കുട്ടിയുടെ അമ്മാവൻ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൗസിങ് സൊസൈറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ഹൗസിങ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved