മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത എസ്ബിഐ അക്കൗണ്ടുകള്‍ വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നടത്തിയാല്‍ 17 മുതല്‍ 25 രൂപ വരെ പിഴ ഈടാക്കുമെന്ന് എസ്ബിഐ. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ബാങ്കിന്റെ പുതിയ നടപടി.
മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടിലെ എടിഎം ഉപയോഗിച്ച് ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ പണമിടപാട് നടത്തിയാല്‍ ബാങ്ക് പിഴ ഈടാക്കും. പിഴ തുകയ്ക്കൊപ്പം ജിഎസ്ടിയും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. മിനിമം ബാലന്‍സ് വര്‍ധിപ്പിച്ച ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ മിനിമം ബാലന്‍സ് പരിധി 5000 രൂപയില്‍ നിന്ന് 1000 രൂപയാക്കി കുറച്ചിരുന്നു.
ചെക്ക് മടങ്ങിയാലും ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കുമാണ് ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നത്. ഇത് താരതമ്യേന കുറഞ്ഞ തുകയാണെന്നും ബാങ്കുകള്‍ വാദിക്കുന്നു.
അറവു മാലിന്യം കയറ്റിയ കണ്ടയ്നർ കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഉപേഷിക്കപ്പെട്ട നിലയിൽ. തമിഴ്നാട്ടിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച കണ്ടയ്നറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആര്യക്കാവ് കോട്ടവാസൽ ഭാഗത്താണ് മൂന്ന് ദിവസമായി കണ്ടയ്നറും ലോറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് .അറവുമാലിന്യമാണ് കണ്ടയ്നറിനുള്ളിലെന്ന് വ്യത്തമായി . ജനരോക്ഷം ഭയന്ന് ഡ്രൈവറും രക്ഷപെട്ടതയാണ് സൂചന.
മാലിന്യം നിറച്ച വാഹനം ദേശിയ പാതയിൽ കിടക്കുന്നതിനാൽ പരിസരവാസികൾക്കും യാത്ര ക്കാർക്കും ബുധിമുട്ട് ഉണ്ടാക്കുന്നത് പഞ്ചായത്ത് ശ്രദ്ധിക്കുന്നുമില്ല.
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ദിലീപിനോട് ഇങ്ങനെ ചോദിച്ചത്. ദൃശ്യങ്ങള്‍ മുമ്പ് കണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.
ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. പോലീസ് ഇക്കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണോ വീഡിയോയിലെ സ്ത്രീശബ്ദമെന്ന് സ്ഥിരീകരിക്കണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പുരുഷന്‍മാരുടെയും സ്ത്രീശബ്ദത്തിന്റെയും തീവ്രതയില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ വീഡിയോയാണ് ഇത്. തെളിവായി ഹാജരാക്കിയ ഈ ദൃശ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളും പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ള തടവുകാരുടെ ക്ഷേമം ഉറപ്പു വരുത്താനാണ് ഇത്തരത്തിലൊരു നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു വരുന്ന തര്‍ക്കങ്ങളില്‍ അയവു വരുത്താന്‍ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. 20 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും പാകിസ്ഥാനിലെ ജയിലുകള്‍ സന്ദര്‍ശിക്കുക. ഈ മാസം ആദ്യവാരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമവായ ചര്‍ച്ചകളില്‍ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയുണ്ടായിരുന്നു.

എന്നാല്‍ ഇത്രയധികം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദഗ്ദ്ധര്‍ക്കും പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ പാകിസ്ഥാനില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നാലിന നിര്‍ദേശങ്ങളും ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലുള്ള തങ്ങളുടെ ഡിപ്ലോമാറ്റുകളും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ദ്ധരുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

ഇന്ത്യന്‍ ഡിപ്ലോമാറ്റുകളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, ഇസ്ലാമാബാദിനും പുറത്തും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ്ക്ക് സഞ്ചാരം സ്വാതന്ത്രം അനുവദിക്കുക, ഇസ്ലാമാബാദില്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ കോപ്ലക്‌സ് പണിയുക, ഇസ്ലാമാബാദ് ക്ലബില്‍ നിന്നും ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ മെമ്പര്‍ഷിപ്പ് എടുത്തു കളഞ്ഞ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ പാക് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെയും സര്‍ക്കാര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചതായ പാക് വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും പ്രായമായവരും കുട്ടികളുമായ തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ പാക് ഹൈക്കമ്മീഷ്ണര്‍ സുഹൈല്‍ മഹമൂദിനെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ക്ഷണിച്ചിരുന്നു. ഇക്കാര്യത്തോട് പാക് സര്‍ക്കാര്‍ അനുകൂല നിലപാടറിയിച്ചതായി ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഡിപ്ലോമാറ്റുകളെ അപമാനിച്ച സംഭവങ്ങള്‍ക്ക് മുന്‍പാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.
സുധിന്‍ ടി കെ
കീഴാറ്റൂര്‍ : മണ്ണിന് വേണ്ടി കേരളം ഒന്നിക്കുന്നു . കീഴാറ്റൂര്‍ സമരം ചരിത്രമാകുന്നു . ഉപ്പുസത്യാഗ്രഹത്തിന്റെയും ദേശീയ പ്രസ്ഥാന പാരമ്പര്യത്തിന്റെയും ചരിത്രമുറങ്ങുന്ന പയ്യന്നൂരിന്റെ മണ്ണില്‍ കീഴാറ്റൂര്‍ സമരം കുറിച്ചിടുന്നത് കര്‍ഷക സമരത്തിന്റെ പുതിയ വിപ്ലവ മുഖമാണ്. ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തരുതെന്നാവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തിയവര്‍ കീഴാറ്റൂരില്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഉണ്ടായ ഈ മാതൃകാസമരം കര്‍ഷക പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് സ്വയം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് പക്ഷ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറുകയാണ്.
തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ നാഷണല്‍ ഹൈവേ ബൈപ്പാസ് റോഡിനായി നികത്തപ്പെടുന്ന തങ്ങളുടെ കുടിവെള്ള സ്രോതസ്സു കൂടിയായ പാടശേഖരത്തെ രക്ഷിച്ചെടുക്കാനാണ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയുണ്ടാക്കി സമര രംഗത്തേക്കിറങ്ങിയത്. 19 ദിവസം നിരാഹാര സത്യാഗ്രഹം നടത്തി വയല്‍ നികത്തുന്നതിനെതിരെ പൊതുമരാമത്ത് വകുപ്പുമന്ത്രിയില്‍നിന്നും അനുകൂലമായ ഉറപ്പ് അവര്‍ നേടിയെടുത്തിരുന്നു. എന്നാല്‍ ധാരണയ്ക്ക് വിരുദ്ധമായി നാലര കിലോമീറ്ററോളം വയലിന്റെ നടുവിലൂടെ തന്നെ റോഡ് പണിയുന്നതിനായി വിജ്ഞാപനമിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ ഒരു വര്‍ഷമായി തുടരുന്ന പ്രത്യക്ഷ സമരങ്ങളുടെ പ്രതിഷേധമാണ് പുതിയ ഘട്ടത്തിലെത്തിയിരിക്കുന്നത്.
ചൈനയെയും ഉത്തരകൊറിയയെയും അമേരിക്ക ആക്രമിക്കുന്നതില്‍ വ്യസനം കൊള്ളുന്ന കോടിയേരി സഖാവിന് പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷകരുടെ ആശങ്ക കാണാന്‍ കഴിയാഞ്ഞിട്ടല്ല , മറിച്ച് വികസനത്തിന്റെ മറപിടിച്ച് വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്ന വന്‍കിട മാഫിയകള്‍ പദ്ധതിയുടെ പേരില്‍ പോക്കറ്റില്‍ ഇട്ടു തരുന്ന കമ്മീഷനാണ് സഖാവിന് പഥ്യം. കര്‍ഷകരായ ന്യൂനവര്‍ഗ്ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത ഒരു പ്രസ്ഥാനത്തിനും ഈ ലോകത്ത് നിലനില്‍പ്പുണ്ടായിട്ടില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഇന്ത്യയുടെ ഭൂപടത്തില്‍ അവസാന മൂലയിലേക്ക് മാത്രം ഒതുങ്ങി പോയ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരള സര്‍ക്കാരിന്റെയും നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി എന്നു തന്നെ പറയേണ്ടി വരും.
ഭരണത്തിലെത്താന്‍ സി പി എം നടത്തുന്ന പ്രത്യേയശാസ്ത്ര വാചകമടിയും , സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ എടുക്കുന്ന ഇരട്ടതാപ്പുമാണ് കീഴാറ്റൂര്‍ സമരത്തിലൂടെ തെളിയുന്നത്. പ്രായോഗികമായും അങ്ങേയറ്റം കര്‍ഷകവിരുദ്ധ നയം സ്വീകരിച്ച് അവര്‍ വലത് രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നു . അതായത് കമ്മൂണിസ്സം നഷ്ടപ്പെട്ട പശ്ചിമ ബംഗാളിലെ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ . സമാധാനപരമായി തെരഞ്ഞെടുപ്പും , രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കാതെ , വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വെട്ടി നിരത്തുന്ന പാര്‍ട്ടി കോട്ടകളായ ഗ്രാമങ്ങളിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഈ സമരം നടന്നത് എന്ന് ഓര്‍ക്കണം.
പ്രകൃതി സ്‌നേഹവും കര്‍ഷക സ്‌നേഹവും പറഞ്ഞ് ഭരണത്തിലെത്തിയ സിപിഎം , മുതലാളിമാര്‍ക്ക് വേണ്ടി വികസനത്തിന്റെ പേരില്‍ നന്ദിഗ്രാമില്‍ പാര്‍ട്ടി സഖാക്കളെ കൊന്നൊടുക്കിയിരുന്നു . അതേ ബംഗാള്‍ സഖാക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ് കീഴാറ്റൂരിലെ കര്‍ഷകരെ പെരുവഴിയിലാക്കി സിപിഎം നടപ്പിലാക്കാന്‍ പോകുന്ന ഈ വികസന മാതൃക എന്നതാണ് യാഥാര്‍ത്ഥ്യം.
സ്വന്തം ലേഖകൻ
കൊച്ചി: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി എത്തിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. കോണ്‍ഗ്രസുകാരാണ് വയല്‍ക്കിളികളെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ചെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനില്ലെന്നും മന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്മെന്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ തങ്ങളും അംഗീകരിച്ചുവെന്നേയുള്ളൂ. വി.എം സുധീരനും ഷാനിമോള്‍ ഉസ്മാനുമൊക്കെയാണ് സമരം ചെയ്യാനെത്തിയിരിക്കുന്നത്. അവരാരെങ്കിലും ഇന്നുവരെ ഒരു സമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
കീഴാറ്റൂര്‍ സമരമല്ല കോണ്‍ഗ്രസിെന്റ കണ്ണൂര്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തെ പിന്തുണച്ച് സുധീരന്‍ സമയം കളയരുത്. കേന്ദ്ര സര്‍ക്കാറാണ് ദേശീയപാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്മെന്റാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. കീഴാറ്റൂരില്‍ സമരം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടത്.
വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയ ബി.ജെ.പിക്കാര്‍ കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചാണോ വന്നതെന്ന് വ്യക്തമാക്കണം. സി.പി.എമ്മിന് മാത്രമായി പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ട. സര്‍ക്കാറിന് വിഷയത്തില്‍ ഒരു ആകാംക്ഷയുമില്ല. ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് അവിടെയുള്ളത്. അത് അവര്‍തന്നെ പരിഹരിച്ചോളുമെന്നും മന്ത്രി പറഞ്ഞു.
കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച കേരളം കീഴാറ്റൂരിലേക്ക് ബഹുജനമാര്‍ച്ചിന് വന്‍ ജനപങ്കാളിത്തം. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. ഉച്ചക്ക് രണ്ടരയോടെ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കീഴാറ്റൂര്‍ വയലില്‍ എത്തി. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പി.സി.ജോര്‍ജ്, ബിജെപി രാജ്യസഭാ എംപി സുരേഷ് ഗോപി തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
സര്‍ക്കാരാണ് യഥാര്‍ത്ഥ വികസനവിരോധിയെന്ന് സമരത്തില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തുകൊണ്ട് വി.എം.സുധീരന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ജന്മി മാടമ്പി മുതലാളിത്ത സമൂഹം പ്രയോഗിച്ച അതേ തന്ത്രങ്ങളാണ് വയല്‍ക്കിളികള്‍ക്കെതിരെ സിപിഎം പ്രയോഗിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
എല്ലാം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വെച്ചുകെട്ടാന്‍ നോക്കേണ്ടെന്നായിരുന്നു പൊതുസമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രമ്യമായ പരിഹാരത്തിന് പിണറായി വിജയന്‍ തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍: ആംബുലന്‍സിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. പാലക്കാട് ദേശീയപാതയില്‍ തച്ചനാട്ടുകരയില്‍ വെച്ച് ബൈക്കിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റ് വഴിയിരികില്‍ കിടക്കുകയായിരുന്ന ഇയാളെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. സ്‌ട്രെച്ചറിന്റെ ഒരു ഭാഗം ആംബുലന്‍സിലും മറുഭാഗം നിലത്തുമായാണ് രോഗിയെ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കിടത്തിയത്.
എണീറ്റു നില്‍ക്കാന്‍ ശേഷിയില്ലാതിരുന്ന രോഗിയോട് ആംബുലന്‍സില്‍ നിന്ന് ഇറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍ സ്‌ട്രെച്ചര്‍ വലിച്ച് നിലത്തിട്ടത്. മദ്യപിച്ചി്ട്ടുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവ്രര്‍ രോഗിയോട് മോശമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡ്രൈവറായ പാലക്കാട് സ്വദേശി ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് കേസ്.
ഷിംല: അപകട നിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ കോച്ചുകളിലും ചക്രത്തിലുമുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുതിയ ടെക്‌നോളജി. ഓണ്‍ലൈന്‍ മോണിറ്ററിംഗ് ഓഫ് റോളിംഗ് സ്‌റ്റോക്ക് എന്നറിയപ്പെടുന്ന ഈ സാങ്കേതികത രാജ്യത്തിലെ 25 കേന്ദ്രങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന സൂറത്ത്-വഡോദര സെക്ഷനിലും പുതിയ ടെക്‌നോളജി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏതാണ്ട് 113 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി ട്രെയിന്‍ അപകടങ്ങളുടെ തോത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ ഘട്ടത്തില്‍ 40 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിലവില്‍ അംബാല ഡിവിഷനിലെ ഡല്‍ഹി-പാനിപ്പത്ത് സെക്ഷനില്‍ ടെക്‌നോളജി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞുവെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ഞ്ചിനീയര്‍ അരുണ്‍ അറോറ വ്യക്തമാക്കി. 2013ല്‍ ലക്‌നൗ ഡിവിഷനിലാണ് പദ്ധതിയുടെ പരീക്ഷണ ഘട്ടം നടപ്പിലാക്കിയത്. ട്രെയിന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ റോളിംഗ് സ്‌റ്റോക്കിലുണ്ടാകുന്ന തകരാറുകളെ കണ്ടെത്താന്‍ പുതിയ ടെക്‌നോളജിക്ക് കഴിയും. ഇത്തരത്തില്‍ തകരാറുകള്‍ കണ്ടുപിടിക്കുന്നത് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഏറെ സഹായകമാവും.

ഡിപ്പോയില്‍ നിന്നോ അല്ലെങ്കില്‍ ട്രെയിനുകള്‍ ഒരോ സ്‌റ്റേഷനിലും എത്തുമ്പോള്‍ നേരിട്ട് പരിശോധിച്ചാണ് നിലവില്‍ ഇന്ത്യന്‍ റെയില്‍വേ കോച്ചുകളിലെ തകരാറുകള്‍ കണ്ടുപിടിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ മാറ്റമാണ് വരാന്‍ പോകുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്ക് ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന മൈക്രോഫോണുകളും സെന്‍സറുകളും ട്രെയിനിന്റെ കോച്ചുകളിലെ തകരാറുകള്‍ പരിശോധിക്കുന്നു. ചക്രങ്ങളുടെ ശബ്ദവ്യത്യാസങ്ങളും മറ്റും തിരിച്ചറിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. രണ്ട് തരത്തിലുള്ള മുന്നറിയിപ്പുകളാണ് തകരാറുകള്‍ കണ്ടെത്തിയാല്‍ നല്‍കുക. യെല്ലോ വാണിംഗ് ശ്രദ്ധചെലുത്താനും ചുവപ്പ് വാണിംഗ് അപായ സൂചനയും നല്‍കുന്നു. പദ്ധതിയുടെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.
പ്രണവ് രാജ്
ചെങ്ങന്നൂര്‍ : ഇടത് – വലത് – ബിജെപി മുന്നണികളിലെ രാഷ്ട്രീയ മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരില്‍ മത്സരിക്കുന്നു . ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ഭയപ്പാടോടെയാണ് ഇടത് – വലത് – ബി ജെ പി മുന്നണികള്‍ കാണുന്നത് . കാരണം മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ രീതിയില്‍ തന്നെ കേരളത്തിലും , ഇന്ത്യയിലും ആം ആദ്മി പാര്‍ട്ടി വളര്‍ന്നു കഴിഞ്ഞു എന്ന് അവര്‍ തിരിച്ചറിയുന്നു . പതിനായിരക്കണക്കിന് സജീവ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കേരളത്തിലുള്ളത് . ഇവര്‍ ഒന്നിച്ച് നിന്ന് ചെങ്ങന്നൂരിലെ വീടുകളില്‍ കയറി ഇറങ്ങി പ്രചാരണം നടത്തിയാല്‍ അത് തങ്ങളെ ഇല്ലാതാക്കുമെന്ന് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു .
ഇന്ത്യന്‍ ജനതയുടെ വിശ്വാസം നഷടപ്പെട്ട ഈ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലാതാക്കി കെജരിവാളിന്റെ നേതൃത്വത്തില്‍ നല്ലൊരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കണമെന്നാണ് ഇന്ന് ഇന്ത്യയിലെ മഹാഭുരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് . അതുകൊണ്ട് തന്നെ സമൂഹത്തിന്റെ നാനാ മേഖലകളിലുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ദിനംപ്രതി ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി എത്തുന്നത് . നൂറുകണക്കിന് വിദേശ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകരാണ് രാജീവ് പള്ളത്തിനുവേണ്ടി ചെങ്ങന്നൂരില്‍ പ്രചാരണത്തിനെത്താന്‍ തയാറെടുക്കുന്നത് . ആയിരക്കണക്കിന് വിദേശ മലയാളികളാണ് ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന നല്കി സഹായിക്കുവാനും മുന്നോട്ട് വന്നിരിക്കുന്നത് .
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത് 1979 ഡിസംബര്‍ 12ന് ചെങ്ങന്നൂര്‍ വാഴാര്‍മംഗലം പള്ളത്ത് വീട്ടില്‍ കെ രാഘവന്റെയും സി കെ ഗോമതിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 14 വര്‍ഷം മുംബയിലും പൂനയിലുമായി സ്വകര്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2011 ല്‍ അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒട്ടാകെ കത്തി പടര്‍ന്ന അഴിമതി വിരുദ്ധ പോരാട്ടമായ ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്റെ ഭാഗമായി. ജന്‍ ലോക്പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ നടന്ന അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തില്‍ പങ്കാളിയായി. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ സജീവ പാര്‍ട്ടി പ്രവര്ത്തകന്. ആലപ്പുഴയിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ ജില്ലാ കമ്മറ്റി അംഗം. ചെങ്ങന്നൂര്‍ എല്‍ എ സി ഒ ആയ രാജിവ് പള്ളത്ത് ചെങ്ങന്നൂരിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുന്നു.
അധികാര കേന്ദ്രങ്ങളിലെ അഴിമതിയും ക്രമക്കേടും പുറത്തു കൊണ്ടുവരാന്‍ വിവരാവകാര നിയമ പ്രകാരം രേഖകള്‍ ശേഖരിച്ച് നിയമ പോരാട്ടം നടത്തുന്ന രാജീവ് പള്ളത്ത് , സുപ്രസിദ്ധ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ: ഡി ബി ബിനു നേതൃത്വം നല്‍കുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ആര് ടി ഐ കേരളാ ഫെഡറേഷന്റെ ചെങ്ങന്നൂര്‍ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. ദേശിയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സിന്റെ ചെങ്ങന്നൂര്‍ താലൂക്ക് പ്രസിഡന്റെ ആയി പ്രവര്‍ത്തിക്കുന്നു.
ചെങ്ങന്നൂരിന്റെ പ്രധാന ജലസ്രോതസ്സായ വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരുന്ന രാജീവ് പള്ളത്ത് വിവിധ പഞ്ചായത്തുകളില്‍ വരട്ടാറിനായി പ്രവര്‍ത്തിക്കുന്നവരെ ഏകോപിപിക്കുന്നതിനായി 2012 ല്‍ സേവ് വരട്ടാര്‍ എന്ന പേരില്‍ ഒരു നവ മാധ്യമ കൂട്ടയ്മക്ക് രൂപം കൊടുത്തു. 2017ല്‍ തുടക്കമിട്ട വരട്ടാര്‍ പുനരുജ്ജീവന പ്രര്ത്തനക്കള്ക്കായുള്ള ചര്‍ച്ചകള്‍ക്കും ധനസമാഹരണത്തിനുമായി വരട്ടെ ആറ് എന്ന നവ മാധ്യമ കൂട്ടായ്മ രൂപീകരിച്ചു.
നികുതി വെട്ടിപ്പ് നടത്തിയും ജനങ്ങളെ ചൂഷണം ചെയ്തും ചെങ്ങന്നൂര്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് 2014ല്‍ അന്ത്യം കുറുപ്പിക്കുകയും തുടര്‍ന്നുള്ള നിയമ പോരാടങ്ങള്‍ നടത്തി വരികയും ചെയ്യുന്നു.ചെങ്ങന്നൂര്‍ നഗരമധ്യത്തിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ വസിക്കുന്ന ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കി കൊണ്ട് നഗരസഭയ്ക്കതിരെ സമരം ചെയ്തു. പിന്നീട് നഗരസഭക്കെതിരെ കോടതിയില്‍ അന്യായം ഫയല്‍ ചെയ്ത് നിയമ പോരാട്ടം തുടരുന്നു.
ചെങ്ങന്നൂര്‍ നഗരസഭയുടെ സ്റ്റേഡിയം നിര്‍മ്മാണത്തിലെ ഒന്നര കോടി രൂപയുടെ അഴിമതി വിവരാവകാശ പ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്നു. അഴിമതിക്കെതിരായി വിജിലന്‍സ് അന്വേഷണം നടന്നു വരുന്നു. 2016 തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബി ജെ പിയും കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രധാന ആരോപണം രാജീവ് പള്ളത്ത് പുറത്ത് കൊണ്ടുവന്ന സ്റ്റേഡിയം അഴിമതിയാണ്. ഈ അഴിമതി പൊതുജന സമക്ഷത്തില്‍ എത്തിച്ചതിന് യുത്ത് കോണ്‍ഗ്രസുകാരാലും പോലിസിനാലും മര്‍ദ്ദനം നേരിടേണ്ടി വന്നിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടലും ഉണ്ടായി.
മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത്തില് സ്റ്റേഡിയം യുവാക്കള്‍ക്കും കായിക പ്രേമികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ നിരവധി പരാതികള്‍ അധികാരികള്‍ക്ക് നല്കി. അധികാരികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സ്റ്റേഡിയത്തിലെ മാലിന്യം വാരി വേസ്റ്റ് ബക്കറ്റ് ചലഞ്ച് എന്ന പേരില്‍ മുന്‍സിപ്പല്‍ ചെയര്‍മാനെയും സ്ഥലം എം എല്‍ എ യും വെല്ലുവിളിച്ചത് ചെങ്ങന്നൂരിലെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും, മുന്‍സിപ്പല്‍ അധികാരികള്‍ ഒറ്റ രാത്രി കൊണ്ട് സ്റ്റേഡിയം വൃത്തിയാക്കുകയും ചെയ്തത് രാജീവ് പള്ളത്തിന്റെ പോരാട്ട വീര്യത്തിന്റെ വിജയമാണ്.
അഴിമതിക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനും , സമൂഹിക സുരക്ഷക്കുവേണ്ടിയും പോരാടിയ ചെങ്ങന്നൂരിന്റെ സ്വന്തം യുവപോരാളി രാജീവ് പള്ളത്തുമായി ആം ആദ്മി പാര്‍ട്ടി എത്തുന്നതോടു കൂടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം ഉറപ്പായി കഴിഞ്ഞു . കേരളത്തിലും , ഇന്ത്യയിലും വിദേശ മലയാളികള്‍ക്കിടയിലും ആം ആദ്മി പാര്‍ട്ടിക്ക് വര്‍ധിച്ചുവരുന്ന വരുന്ന ജനപിന്തുണയെ മറ്റ് എല്ലാ പാര്‍ട്ടികളും ഭയപ്പാടോടെയാണ് കാണുന്നത് . ഇത് മുതലാക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയും പ്രവര്‍ത്തകരും .