ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മീരാ മോഹന്‍ മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വര്‍ക്കല ചാവര്‍കോട് സിഎച്എംഎം കോളെജിലാണ് സംഭവം. ഇന്നലെ രാവിലെ 11 മണിയോടെ അമിത വേഗത്തിലെത്തിയ കാര്‍ മീരയെ ഇടിക്കുകയായിരുന്നു. പ്രൊജക്ട്റ്റ് സമര്‍പ്പിക്കാനായാണ് മീര കോളെജിലെത്തിയതായിരുന്നു മീര. കോളെജിന് സമീപം കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തുനില്‍ക്കുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. കാറില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കര്‍ഷകന് നീതി, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 90% ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക, കാര്‍ഷിക കടം അല്ല കൃഷിക്കാരന്റെ കടം ആണ് എഴുതി തള്ളേണ്ടത്, സ്വാമി നാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക തൊഴിലാളിയെ കൃഷിക്കാരന്‍ ആയി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു രാജ്യത്തുടനീളം ആം ആദ്മി പാര്‍ട്ടി നടത്തി വരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി, തൊടുപുഴയില്‍ ആഗസ്റ്റ് 18 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ കണ്‍വന്‍ഷനും വൈകുന്നേരം 5 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ കാര്‍ഷിക സെമിനാറും പൊതു സമ്മേളനവും നടത്തുന്നു. സെമിനാറില്‍ ആന്റണി കണ്ടിരിക്കല്‍(കാഡ്സ് ചെയര്‍മാന്‍), സി ആര്‍ നീലകണ്ഠന്‍, എന്‍.യു ജോണ്‍, പദ്മനാഭന്‍ ഭാസ്‌കരന്‍, വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി ഏരോത്ത്, പ്രഭാകരന്‍ പണായിക്കല്‍, ജോസ് കഞ്ഞിക്കുഴി എന്നിവര്‍ പങ്കെടുക്കുന്നു.
ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വൻ വരവേൽപാണ് ലഭിച്ചത്. ആരാധകരുടെ വലിയൊരു കൂട്ടം തന്നെ വിമാനത്താവളത്തിൽ സണ്ണിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വന്‍ സുരക്ഷാ സംവിധാനമാണ് സണ്ണിയെത്തുന്ന വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് സണ്ണിയെ ഒരു നോക്ക് കാണാനായി വേദിക്ക് ചുറ്റും തടിച്ചുകൂടിയിരിക്കുന്നത്
കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോണ്‍ 4ന്റെ മുപ്പത്തിമൂന്നാം ഷോറൂമാണ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. സണ്ണി ലിയോണ്‍ എത്തുന്നതിന് പുറമെ ഷോറുമില്‍ നിന്നും വന്‍ വിലക്കുറവും വിലപ്പിടിപ്പുള്ള സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
യു.പിയിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ വന്‍ദുരന്തത്തിന് വഴിവെച്ചത് ഓക്‌സിജന്‍ വിതരണത്തിലെ അപാകതയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും അനസ്‌തേഷ്യ വിഭാഗം തലവനും വീഴ്ച സംഭവിച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തേലയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം അവതാളത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അനാസ്ഥക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും അനസ്‌തേഷ്യ വിഭാഗം മേധാവിയും കുറ്റക്കാരാണെന്ന് ജില്ലാ മജിസട്രേറ്റ് രാജീവ് റൗത്തോല സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിന് വിതരണക്കാരായ പുഷ്പ് ഡീലേഴ്‌സും ഉത്തരവാദികളാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഉത്തർപ്രദേശിലെ ഗോരഖ്‌പുരിലുള്ള ബാബ രാഘവ്ദാസ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചു കുഞ്ഞുങ്ങൾകൂടി മരിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അസുഖം ബാധിച്ച 14 കുട്ടികളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 64 പേർ നിലവിൽ ആശുപത്രിയിൽ ചികിൽസയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ജനുവരി ഒന്നിനു ശേഷം മസ്തിഷ്കജ്വരം ബാധിച്ച് ഇവിടെ 144 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഓക്സിജൻ കിട്ടാതെവന്നതാണു കുട്ടികളുടെ കൂട്ടമരണത്തിനു വഴിയൊരുക്കിയതെന്ന വാർത്തകളോടു പ്രതികരിച്ച യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്, സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയെക്കുറിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കി.
ഓക്‌സിജൻ വിതരണം ചെയ്‌തിരുന്ന കമ്പനിക്കു കുടിശിക തുക നൽകുന്നതിൽ വീഴ്‌ച വരുത്തിയതിന് ആശുപത്രി പ്രിൻസിപ്പലിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു. കുടിശിക തുക നൽകാത്തതിനാൽ കമ്പനി ഓക്‌സിജൻ വിതരണം അവസാനിപ്പിച്ചതാണു കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായതെന്നാണ് ആരോപണം.
മുംബൈയിലെ തലോജ വ്യവസായ മേഖലയില്‍ കുറച്ചുകാലമായി തെരുവുനായ്ക്കളുടെ നിറംമാറുന്നു. തൂവെള്ള നിറത്തിലും മറ്റ് ഇളം നിറത്തിലും കണ്ടിരുന്ന നായ്ക്കള്‍ പെട്ടെന്ന് നീല നിറത്തിലേക്ക് മാറുകയായിരുന്നു. ഇതിന്റെ കാരണം തേടിയെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.
പ്രദേശത്ത് ഇത്തരത്തില്‍ അഞ്ചോളം ‘നീല നായ്ക്കള്‍’ വിലസുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തലോജയിലെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കുന്നത് കസാദി നദിയിലേക്കാണ്. ഭക്ഷണം തേടിയും മറ്റും നായ്ക്കള്‍ ഈ നദിയില്‍ ഇറങ്ങുന്ന പതിവുണ്ട്. പതിവായി മാലിന്യം നിറഞ്ഞ നദിയില്‍ നീന്തുന്ന നായ്ക്കളുടെ നിറം ക്രമേണ മാറിയതാണെന്നാണ് അധികൃതരുടെ വിശദീകരണം.
ഈ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യ, എന്‍ജിനീയറിംഗ് വിഭാഗങ്ങളിയായി ആയിരത്തോളം ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്നത് ഈ നദിയിലേക്കാണ്. ബുധനാഴ്ച നീല നിറമുള്ള ഒരു നായയെ കണ്ട മൃഗസംരക്ഷണ സെല്‍ പ്രവര്‍ത്തകര്‍ ചിത്രമെടുക്കുകയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. മാലിന്യങ്ങളും ചായങ്ങളും നിറഞ്ഞ നദിയില്‍ ഭക്ഷണത്തിനായി മുങ്ങിത്തപ്പുന്ന നായ്ക്കളുടെ രോമവും ചര്‍മ്മവും നീലനിറമായി മാറുകയാണെന്ന് മൃഗ സംരക്ഷകര്‍ പരാതിപ്പെടുന്നു.
പ്രദേശത്ത് അഞ്ചോളം നീല നായ്ക്കളെ കണ്ടെത്തിയതാലും ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ മാലിന്യം നദിയിലേക്ക് ഒഴുക്കുന്ന വ്യവസായശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും നവി മുംബൈ സ്വദേശിയായ ആരതി ചൗഹാന്‍ പറയുന്നു.
ലോകത്തെ നടക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇര കേരളത്തിലും. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തി. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബര്‍ പൊലീസ് ഇത് പരിശോധിക്കുകയാണ്.
ഒന്‍പത് മാസങ്ങള്‍ക്കു മുമ്പ് മനോജ് ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അനു പറഞ്ഞു. ഒന്‍പത് മാസത്തിനിടയില്‍ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂവെയില്‍ ടാസ്‌കുകള്‍ക്ക് സമാനമായിരുന്നുവെന്നുവെന്നും അവര്‍ പറഞ്ഞു.
ഒറ്റയ്ക്ക് എവിടെയും പോകാതിരുന്ന മകന്‍ കടല്‍ കാണാന്‍ പോയി. കയ്യില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ കോറി. നീന്തല്‍പോലും അറിയാത്തവന്‍ പുഴയില്‍ ചാടിയെന്നും രാത്രി സമയത്ത് സെമിത്തേരിയില്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് പതിവായിരുന്നുവെന്നും അനു പറഞ്ഞു.
എന്താണ് ബ്ലൂവെയില്‍ ഗെയിം, ഇങ്ങനെ കൊലയാളി ആകും ?
ഒരു ഇന്റര്‍നെറ്റ് ഗെയിമാണ് ബ്ലൂ വെയില്‍ ചാലഞ്ച്. 2013ല്‍ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനഃശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സമൂഹമാധ്യങ്ങളിലൂടെയാണ് കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ ഗെയിമില്‍ 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട 50 ഘട്ടങ്ങളാണുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്.
കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പെട്ടതുതന്നെ. തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ ഭീഷണിയാകും ഫലം. ഓരോ ടാസ്‌കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നും സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഇതുപയോഗിച്ചുള്ള ബ്ലാക് മെയ്ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയാണ് ഗെയിം തുടരുന്നതും അവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കുന്നതും.
ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി മാസിന്‍(17) വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനത്ത്മംഗലം സ്വദേശി മുസമ്മില്‍ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോള്‍ പിന്നിലിരുന്ന യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ യുവാവ് പിന്നോട്ട് വീഴാന്‍ പോകുന്നതായി ദൃശ്യത്തില്‍ കാണാം.
മാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിന്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കള്‍ ഡോക്ടര്‍മാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളഞ്ഞിരുന്നു. മരിച്ച യുവാവിന്റെ ഇടതുകാലിലെ വിരലുകളില്‍ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയര്‍ഗണ്ണില്‍നിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി. മാസിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിന്‍ വെള്ളിയാഴ്ചയാണു വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ അറിയുന്നതു മരണവാര്‍ത്തയാണ്.
[ot-video][/ot-video]
കേരളത്തിലെ ക്രമസമാധാനത്തിന്റെ പേരില്‍ ലോക സഭയിലും രാജ്യ സഭയിലും ഒച്ച പാടുണ്ടാക്കാന്‍ മിടുക്കരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍. നിര്‍ഭാഗ്യ വശാല്‍ അവര്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വായിച്ചു നോക്കുന്നില്ല എന്ന് വേണം കരുതാം.അല്ലെങ്കില്‍ കണ്ണടച്ചു ഇരുട്ടാക്കുന്നതും ആവാം.മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒക്കെ കേരളത്തില്‍ ആകെ കൊലപാതകവും ക്രമസമാധാന തകര്‍ച്ചയും ആണ് പലരുടെയും പ്രാചാരണ വിഷയം.
എന്നാല്‍ കേരളത്തിന്റെ നേട്ടങ്ങള്‍ കാണിച്ചു കൊണ്ട് മലയാളികള്‍ ഒറ്റക്കെട്ടായി കേരളം ഇന്ത്യയിലെ നമ്പര്‍ 1 സംസ്ഥാനം എന്ന പ്രചാരണം കൊണ്ട് ഇതിനെ നേരിട്ടിരുന്നു.കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു കൂട്ടായ്മ കേരളത്തിന്റെ അഭിമാനത്തിന് വേണ്ടി നിലകൊണ്ടത് ചരിതമായി മാറി .കേരളത്തെ ഇകഴ്ത്തി കാണിച്ചത് കൊണ്ട് മാധ്യമ രംഗത്തെ അഭിനവ ചക്രവര്‍ത്തിയായി സ്വയം അവരോധിച്ചിട്ടുള്ള അര്‍നാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ വരെ മുട്ടു മടക്കേണ്ടി വന്നു കേരളത്തിന്റെ ആത്മ വീര്യത്തിനു മുന്നില്‍.ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ യുടെ കണക്കുകള്‍ ഉള്‍പ്പെടുന്ന സന്ദേശവും വൈറല്‍ ആയിരിക്കുകയാണ്.
കൊലപാതകങ്ങള്‍,ബലാത്സംഗങ്ങള്‍,തട്ടിക്കൊണ്ടു പോകല്‍ ,മോഷണം,വര്‍ഗ്ഗീയ സംഘര്‍ഷം,ജാതി സംഘര്‍ഷം എന്നീ മേഖലകളില്‍ ഓക്കേ കേരളം ബഹുദൂരം പിന്നിലാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതി ദൂരം മുന്നിലാണെന്നുമാണ് കണക്കുകള്‍. കാണിക്കുന്നത്.
കൊലപാതകങ്ങള്‍ :
മഹാരാഷ്ട്ര 2509
മധ്യപ്രദേശ് 2339
രാജസ്ഥാന്‍ 1569
ഗുജറാത്ത് 1150
ഹരിയാന 1002
കേരളം 334
ബലാത്സംഗങ്ങള്‍ :
മഹാരാഷ്ട്ര 4144
മധ്യപ്രദേശ് 4391
രാജസ്ഥാന്‍ 3644
കേരളം 1256
തട്ടിക്കൊണ്ടു പോകല്‍ :
മധ്യപ്രദേശ് 6788
രാജസ്ഥാന്‍ 5426
ഗുജറാത്ത് 2108
ജാര്‍ഖണ്ഡ് 1402
കേരളം 271
മോഷണം :
മധ്യപ്രദേശ് 29649
രാജസ്ഥാന്‍ 29067
ഗുജറാത്ത് 14096
ജാര്‍ഖണ്ഡ് 7796
കേരളം കേരളം 271
വര്‍ഗ്ഗീയ സംഘര്‍ഷം:
ജാര്‍ഖണ്ഡ് 68
ഗുജറാത്ത് 45
മധ്യപ്രദേശ് 43
രാജസ്ഥാന്‍ 16
കേരളം 06
ജാതി സംഘര്‍ഷം :
ഉത്തര്‍പ്രദേശ് 724
ഗുജറാത്ത് 141
മധ്യപ്രദേശ് 30
കേരളം 00
ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. എന്തു സംഭവമുണ്ടായാലും സോഷ്യല്‍മീഡിയയില്‍ ഉടന്‍ പ്രതികരിക്കുകയും ദുരന്തങ്ങളില്‍ അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മാത്രം മൗനം പാലിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
സംഭവം നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായും ആണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. എന്നാല്‍ കൂട്ടമരണം ഉണ്ടായിട്ടും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്തതു വിവാദമായി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ദുരന്തം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രം യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങും ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.
മുഖ്യമന്ത്രി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും ഇന്നലെയാണ് സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കുട്ടികളുടെ ഐസിയുവിലടക്കം കയറിയാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് കുട്ടികള്‍ കൂടി ആശുപത്രിയില്‍ മരിച്ചിരുന്നു.
ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ആറുദിവസത്തിനിടെ ശ്വാസംകിട്ടാതെ ആശുപത്രിയില്‍ പിടഞ്ഞുമരിച്ചത് 67 കുഞ്ഞുങ്ങളാണ്. ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ആരും മരിച്ചിട്ടില്ലെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍. ആശുപത്രിയില്‍ കേന്ദ്ര സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും വാദം.
അതിനിടെ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തു. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള ഓക്സിജന്‍ സിലിന്‍ഡറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം പണം കൊണ്ട് സിലിന്‍ഡറുകള്‍ വാങ്ങിയ കഫീല്‍ മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതിന് പിന്നാലെയാണ് കഫീലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
നടിക്ക് നേരെ ആക്രമണം നടന്ന കേസില്‍ പ്രതിയായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്‍റെ അനുജന്‍ അനൂപിനും സഹോദരീ ഭര്‍ത്താവ് സൂരജിനും ഒപ്പം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണ് അമ്മ സബ് ജയില്‍ കവാടത്തില്‍ എത്തിയത്. ദിലീപ് ജയിലില്‍ ആയി ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മയുടെ ജയില്‍ സന്ദര്‍ശനം. സഹോദരന്‍ അനൂപ് മാത്രമാണ് അമ്മയോടൊപ്പം ജയിലിനുള്ളില്‍ പ്രവേശിച്ചത്.
ദിലീപിന്‍റെ ജയില്‍വാസം ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മ മകനെ കാണാന്‍ എത്തിയത്. ഭാര്യ കാവ്യ മാധവനോടും മകള്‍ മീനാക്ഷിയോടും തന്നെ ജയിലില്‍ സന്ദര്‍ശിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളതായാണ് വിവരം.
അതെ സമയം രണ്ടു തവണ ജാമ്യ ഹര്‍ജി നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാമതും ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ദിലീപിന്‍റെ അഭിഭാഷകര്‍. നേരത്തെ ദിലീപിന് വേണ്ടി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി പുതിയ ടീമിനെ കേസ് ഏല്‍പ്പിച്ചിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. രാമന്‍പിള്ള അസോസിയേറ്റ്സ് ആണ് ദിലീപിന് വേണ്ടി ഇപ്പോള്‍ കേസ് വാദിക്കുന്നത്. പ്രോസിക്യൂഷന്‍ നിലപാടുകള്‍ പലതും കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.