India

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജോലിയില്‍ പ്രവേശിപ്പിക്കുന്ന അവസരം മുതല്‍ തന്നെ ബിഎസ്‌സി,ജനറല്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എ എന്‍ എം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളവും 20,000 രൂപയായിരിക്കും. ആവശ്യങ്ങളുന്നയിച്ച് നാളെ ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ തിരിക്കിട്ട നീക്കം നടത്തിയത്.

50 കിടക്കകൾ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്പളം. 100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള  ആശുപത്രികള്‍ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.   200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപയാണ് അടിസ്ഥാന ശമ്പളം.

അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച് അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

അതേസമയം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വിജ്ഞാപനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

ലക്‌നൗ: യു.പിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ പിന്തുണച്ച് റാലി. കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ പിന്തുണച്ചാണ് റാലി നടക്കുന്നത്.

തിങ്കളാഴ്ച നടന്ന റാലിയില്‍ ബാങ്ഗര്‍മൗ, സാഫിപൂര്‍, ബിഗാപൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഉന്നാവോ സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് റാലി. ‘ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്’ എന്ന വാക്യമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബലാത്സംഗക്കേസിലെ പ്രതിയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെട്ട റാലി നഗര പഞ്ചായത്ത് പ്രസിഡന്റ് അനുജ് കുമാര്‍ ദീക്ഷിതാണ് നയിക്കുന്നത്. ‘ഞങ്ങളുടെ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. അദ്ദേഹം നിരപരാധിയാണ്. കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.’ റാലിയില്‍ പങ്കെടുത്ത ദീക്ഷിത് പറഞ്ഞു.

നേരത്തെ കഠ്‌വയിലും എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ അനുകൂലിച്ചുകൊണ്ട് റാലി നടന്നിരുന്നു. രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്ത റാലി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് റാലി നടത്തിയതെന്ന് ബി.ജെ.പി മന്ത്രിമാര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഉന്നാവോ കേസ് സി.ബി.ഐ ഏറ്റെടുത്തതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ യു.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എം.എല്‍.എ അറസ്റ്റിലായത്. അദ്ദേഹമിപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞവര്‍ഷം ജൂണില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണമാണ് ഇയാള്‍ക്കെതിരെയുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്ന പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

 

മുഖ്യമന്ത്രിയെ കാണാന്‍ ലിഗയുടെ സഹോദരി പലവട്ടം ശ്രമിച്ചെങ്കിലും കാണാന്‍ അനുമതി നല്‍കിയില്ല. നിയമസഭയുടെ മുന്‍പില്‍ കാത്തുനിന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ വിളിച്ചിട്ടും ഫോണെടുത്തില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ മൂന്നു മണിക്കൂറുകള്‍ കാത്തിരുന്നു. പോലീസിനെ കുറ്റം പറഞ്ഞാല്‍ ഒരു മിസ്സിംഗ് കേസെടുത്ത് ക്ലോസ് ചെയ്യുമെന്ന് ഡി.ജി.പി ഭീഷണിപ്പെടുത്തിയതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല.

ലിഗയെ കാണാതായി എട്ടാമത്തെ ദിവസം മുതലാണ് ലിഗയുടെ സഹോദരി ഇല്‍സിക്കൊപ്പം താനും ചേര്‍ന്നതെന്ന് അശ്വതിയുടെ ഫെയ്‌സ്ബുക്കില്‍ പറയുന്നു. തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയായിരുന്നു. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് പത്താംദിവസം വിഴിഞ്ഞം, കോവളം പോലീസ് സ്‌റ്റേഷനുകളിലെത്തുമ്പോള്‍ അവിടെയൊന്നു ലിഗയെ കാണാതായ വിവരം എത്തിയിട്ടു പോലുമുണ്ടായിരുന്നില്ല. ഇതായിരുന്നു പോലീസിന്റെ കാര്യക്ഷമത.

പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാന്‍ ശ്രമിച്ചു. ആ ശ്രമവും നിരാശാജനകമായിരുന്നു. ഒരു ദിവസം രാവിലെ ഒമ്പതരക്ക് മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിയുമായി നിയമസഭയ്ക്ക് മുന്നില്‍ കാത്തു നിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ പലവട്ടം വിളിച്ചിട്ടും ഫോണെടുത്തില്ല. അനുമതിയില്ലാത്തതിനാല്‍ അകത്തേക്ക് കയറ്റിവിട്ടില്ല. ഒടുവില്‍ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു ‘ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്’ പിന്നീട് ഫോണെടുത്ത പി.എ പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണാനാവില്ല.

ഡി.ജി.പിയെ കാണാന്‍ പോയത് മറ്റൊരു ദുരന്തമായിരുന്നു. അധികാരത്തിന്റെ ഗര്‍വ്വും അഹങ്കാരവും മാത്രമായിരുന്നു ബെഹ്‌റയില്‍ കാണാന്‍ കഴിഞ്ഞത്. ഡി.ജി.പിയുടെ അഹങ്കാരത്തിനു മുന്നില്‍ നിസ്സഹായയായ സഹോദരി ഇല്‍സ പൊട്ടിക്കരഞ്ഞു. നാണക്കേട് കൊണ്ട് താന്‍ തലക്കുനിച്ച് ഇരുന്നുവെന്ന് അശ്വതി ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

‘നിങ്ങളുടെ സ്‌നേഹ സമ്പന്നയായ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കടല്‍ത്തീരത്ത് കാണാതായാല്‍ നിങ്ങള്‍ വീട്ടില്‍ പോയി സുഖമായി ഉറങ്ങുമോ ? അതോ കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിറങ്ങുമോ ?” ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് നിരാശയോടെ ഡി.ജി.പിയോട് ചോദിച്ചു. ഒടുവില്‍ അയാള്‍ ഡി.ജി.പിയോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ പോലീസിനെ വിശ്വാസമില്ല. ഇതിനൊക്കെ ശേഷമാണ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും.

ഒടുവില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനു ശേഷമാണ് പോലീസും തീരദേശ സേനയും ഒന്നുണര്‍ന്നത്. പോലീസിന്റെ നിര്‍വികാരതക്കെതിരെ പാവം ഭര്‍ത്താവ് ആന്‍ഡ്രൂസ് പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് അയാളെ മാനസിക രോഗിയാക്കി അദ്ദേഹത്തെ ആശുപത്രിയിലടച്ചു. ആറു ദിവസം കസ്റ്റഡിയില്‍ വെച്ച് ബലമായി ടിക്കറ്റ് എടുപ്പിച്ച് അയര്‍ലന്റിലേക്ക് കയറ്റിവിട്ടു. ലിഗയുടെ മൃതശരീരം കണ്ടെത്തുന്നതിന് മൂൂന്നു ദിവസം മുന്‍പാണ് അയാള്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. ലിഗയുടെ സഹോദരി കരഞ്ഞു കൊണ്ട് പറഞ്ഞത് തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് അശ്വതി എഴുതുന്നു, ‘ഈ ഗതി ആര്‍ക്കും വരരുതെന്നായിരുന്നു’

ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥയുണ്ടായിട്ട് ആശ്വസിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയെയും ആ പരിസരത്തെങ്ങും കണ്ടില്ല. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാര പ്രഖ്യാപനത്തേക്കാള്‍ ഒരു ആശ്വാസവാക്കെങ്കിലും ആ സഹോദരിയോട് പറഞ്ഞിരുന്നെങ്കില്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു. ജനപ്രതിനിധികളുടെയും പോലീസുകാരുടെയും മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ നാടിന് ഇനി ഒരുപാട് തവണ ഇതുപോലെ തലകുനിക്കേണ്ടി വരുമെന്ന് അശ്വതി ജ്വാല പറയുന്നു.

തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് മാലഖമാരുടെ ലോങ് മാർച്ച് നാളെ തുടങ്ങാനിരിക്കുമ്പോള്‍ കേരള സർക്കാർ വലിയ പ്രതിസന്ധിയിലാണ്. 12000 നഴ്‌സുമാരെ അണിനിരത്തിയുള്ള വമ്പൻ പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഭയക്കുന്നു. അതുകൊണ്ട് തന്നെ ഏത് വിധേനയും സമരം അവസാനിപ്പിക്കാൻ ഉള്ള ശ്രമങ്ങളിലാണ് സർക്കാർ. ഇതിന്‍റെ ഭാഗമായി നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. വിജ്ഞാപനം ഇന്നുതന്നെ ഇറങ്ങും.

സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് വേതനം പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് നഴ്സുമാർക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സർക്കാർ യുഎൻഎ പ്രതിനിധികളെ അറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ വാഗ്ദാനങ്ങളിൽ വീണ് സമരം പിൻവലിച്ച് ചതിയിൽപ്പെടാൻ തങ്ങൾ തയ്യറാല്ലെന്ന നിലപാടിലാണ് യുഎന്‍എ ഇപ്പോഴും.

സുപ്രീം കോടതിയുടെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി രാജ്യത്ത് നഴ്സുമാർക്ക് നൽകേണ്ട വേതനത്തെ സംബന്ധിച്ച് ഒരു മാർഗ്ഗരേഖ ശിപാർശ ചെയ്തിരുന്നു. ഈ മാർഗ്ഗരേഖയിൽ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാണ്. സംസ്ഥാനത്തെ നഴ്സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ഇന്ന് ലഭിച്ചു വരുന്നത് 2013-ലെ സർക്കാർ വിജ്ഞാപനപ്രകാരമുള്ള വേതനമാണ്. 2013-ലെ വിജ്ഞാപന പ്രകാരം സ്റ്റാഫ് നഴ്സിന് അടിസ്ഥാന ശമ്പളം 8975 രൂപയാണ്. ഈ അനീതിക്കെതിരെയാണ് യുഎൻഎ പ്രതിഷേധം ഉയർത്തുന്നത്.

 

മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാര്‍ഥനയുമായി ബന്ധുക്കള്‍. ലഹരി മരുന്നു മാഫിയയുടെ കെണിയില്‍പ്പെട്ട് ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദനെ (29) മോചിപ്പിക്കാന്‍ ഭാര്യ അഖില അഞ്ചുവയസുകാരന്‍ മകന്‍ അഭിജിത്തുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണു സംഭവം പുറംലോകം അറിയുന്നത്.

സജിത്തിനുപുറമേ പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍ (28), കോട്ടയം എരുമേലി സ്വദേശി എബി അലക്‌സ് (37), കൊല്ലം വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍ (30) എന്നിവരാണ് ക്വലാലംപൂരിലെ ജയിലഴിക്കുള്ളില്‍ കഴിയുന്നത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന എബി അലക്‌സിന്റെ പ്രേരണയിലാണ് വെല്‍ഡിങ് പഠിച്ച സജിത്ത് സദാനന്ദന്‍ മലേഷ്യയിലേക്ക് ജോലിതേടി പോയതെന്ന് അഖില പറയുന്നു. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും വിസയ്ക്കായി ഒരു ലക്ഷം മുന്‍കൂര്‍ നല്‍കണമെന്നുമാണ് എബി അറിയിച്ചിരുന്നത്. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ചെെന്നെയില്‍ താമസിക്കുന്ന ഏജന്റ് വര്‍ക്കല സ്വദേശി ഇക്ക എന്നുവിളിക്കുന്ന അനൂബിനും സഹോദരന്‍ മാമ എന്നു വിളിക്കുന്ന ഷാജഹാനും കൈമാറി. ബാക്കി തുക ശമ്പളത്തില്‍നിന്നു പിടിക്കുമെന്നാണ് ഇവര്‍ അറിയിച്ചത്.

തുടര്‍ന്ന് 2013 ജൂലൈ ഒമ്പതിന് മലേഷ്യയിലെത്തി മെര്‍ക്കുറി എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയായിരുന്നു ഇത്. ക്ലീനിങ് ജോലിയാണു തനിക്കെന്ന് അഖിലയെ സജിത്ത് അറിയിച്ചിരുന്നു. സ്ഥിരംവിസ എന്ന പേരില്‍ ഏജന്റ് നല്‍കിയത് വിസിറ്റിങ് വിസ ആയിരുന്നെന്നു പിന്നീട് മനസിലായി. പാസ്‌പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും കമ്പനി അധികൃതരുടെ പക്കലായിരുന്നു.

2013 ജൂലൈ 26ന് പുലര്‍ച്ചെ സജിത്തിന്റെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടന്നു. മലേഷ്യന്‍ സ്വദേശിയുടെ ബാഗില്‍നിന്നു മയക്കുമരുന്ന് കണ്ടെത്തിയതോടെ മുറിയിലുണ്ടായിരുന്ന ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് ഷബീര്‍ ഷാഫി തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ കമ്പനിയിലും റെയ്ഡ് നടന്നു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് സദാനന്ദന്‍, എബി അലക്‌സ്, രഞ്ജിത്ത് രവീന്ദ്രന്‍, സുമേഷ് സുധാകരന്‍, മലേഷ്യക്കാരന്‍ സര്‍ഗുണന്‍ എന്നിവര്‍ പിടിയിലായി.

കമ്പനി അധികൃതര്‍ വക്കീലിനെ നിയമിച്ചിട്ടുണ്ടെന്നും വൈകാതെ ജയില്‍മോചിതനാകുമെന്നും വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇടയ്ക്കു സജിത്ത് ഫോണില്‍ അഖിലയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സിജോ തോമസ്, രതീഷ് രാജന്‍, മുഹമ്മദ് കബീര്‍ ഷാഫി എന്നിവര്‍ ജയില്‍ മോചിതരായി. ഒടുവില്‍ മലേഷ്യയില്‍നിന്ന് ഇറങ്ങുന്ന ഓണ്‍െലെന്‍ മാധ്യമങ്ങള്‍ വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ സജിത്ത് സദാനന്ദന്‍ അടക്കം നാലുപേരെ മയക്കുമരുന്നു കേസില്‍ വധശിക്ഷയ്ക്കു വിധിച്ച വിവരം അഖില അറിയുന്നത്.

പ്ലാസ്റ്റിക് നിര്‍മാണത്തിന്റെ മറവില്‍ കമ്പനിയില്‍ നടന്നിരുന്നത് കൊക്കെയ്ന്‍ ഉല്‍പാദനമായിരുന്നെന്നാണു സംശയിക്കുന്നത്. എന്നാലിപ്പോൾ ഇവരുടെ കുടുംബങ്ങൾ അവരുടെ മോചനം കാത്ത് കണ്ണീരും പ്രാർത്ഥനയും കഴിയുകയാണ്. നിരപരാധികളായ യുവാക്കൾ കമ്പനിയൊരുക്കിയ ചതിക്കുഴിയിൽ അകപ്പെടുകയായിരുന്നു ബന്ധുക്കൾ ആരോപിക്കുന്നത്. ഇവരുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടുകയാണ് ബന്ധുക്കൾ.

പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ജനുവരി 21 നാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് ഐശ്വര്യ മരണമടഞ്ഞത്.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ അമ്മ സൗമ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു.

സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, മകള്‍ കീര്‍ത്തന(ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലു പേരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

നാലു പേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഛര്‍ദ്ദിയും വയറു വേദനയുമായിട്ടാണ് നാലു പേരും ചികിത്സ തേടിയിരുന്നത്. ഇവര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഡിജിറ്റൽ കറൻസി ഇടപാടുകളിൽ സേവനം നൽകുന്നതിൽ നിന്ന് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വിലക്കുന്ന ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ജി എസ് ടി കൗൺസിലിനും നോട്ടീസ് അയച്ചു. മെയ് 24 നകം നോട്ടീസിന് വിശദമായ മറുപടി നൽകാനാണ് ജസ്റ്റിസ് എസ് . രവീന്ദ്ര ഭട്ട്, ജസ്റ്റിസ് എ കെ ചൗള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് നൽകിയിരിക്കുന്നത്.

ഗുജറാത്ത് ആസ്ഥാനമായ കാളി ഡിജിറ്റൽ ഇക്കോ സിസ്റ്റം എന്ന സ്ഥാപനമാണ് റിസർവ് ബാങ്ക് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങൾ ഈ ബിസിനസിൽ ഇതിനകം കോടികൾ മുതൽ മുടക്കിയെന്നും ആഗസ്റ്റിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കായി കോയിൻ റീക്കോയിൽ എന്ന പേരിൽ ഒരു എക്സ്ചേഞ് തുടങ്ങുകയാണെന്നും അവർ ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിരോധനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അവർ പറയുന്നു. ബാങ്കിങ് സേവനങ്ങൾ ലഭ്യമാകാതെ വന്നാൽ ഈ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് കമ്പനി വാദിക്കുന്നു. ഏപ്രിൽ ആറിനാണ് ക്രിപ്റ്റോകറൻസി സ്ഥാപനങ്ങൾക്ക് ബാങ്കിങ് സേവനം അടക്കം ഒരു സൗകര്യവും നല്കാൻ പാടില്ലെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർ ബി ഐ സർക്കുലർ നൽകിയത്.

തിരുവനന്തപുരം∙ കേരളത്തിൽ നടന്ന അപ്രഖ്യാപിത ഹർത്താലിനും തുടർന്നുണ്ടായ അക്രമത്തിനും ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ആധിൽ എഎക്സ് (Aadhil AX- The Sri Lankan Social Media activist) എന്ന, ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന വംശീയ കലാപത്തിൽ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ്. തീവ്രവാദ ബന്ധമുള്ളതിനാൽ ഈ സംഘടനയുടെ ഫെയ്സ്ബുക് പേജ് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്‍റർപോൾ അടച്ചു പൂട്ടിച്ചിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

കേരളത്തിലെ എസ്ഡിപിഐ പോലെയുള്ള സംഘടനകൾക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ കേരളാ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ചില വാട്സാപ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും രാജ്യാന്തര ബന്ധമുള്ളതിനാൽ ഈ വിഷയത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ രണ്ടാം മലബാർ കലാപത്തിനാണു ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. എന്നാൽ കേരളത്തിലെ ഹിന്ദു സമൂഹവും സംഘപരിവാർ പ്രസ്ഥാനങ്ങളും കാണിച്ച സംയമനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാത്തതിനു കാരണം. തീവ്രവാദ ഗ്രൂപ്പുകൾ കേരളത്തിൽ എത്രമാത്രം ആഴത്തിൽ വേരോടി എന്നതിന്‍റെ തെളിവാണ് ഹർത്താലും അതിനോട് അനുബന്ധിച്ച് നടന്ന അക്രമവും. മലപ്പുറം ജില്ലയിൽ മാത്രം രണ്ടു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടും ഇതുമായി ആർഎസ്എസിനെ ബന്ധപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ചില കേന്ദ്രങ്ങൾ നടത്തി.

ഒരു വിഭാഗം മാധ്യമങ്ങളും ഇതിനു കൂട്ടു നിന്നിട്ടുണ്ട്. സംഭവവുമായി ആർഎസ്എസിനു ബന്ധമില്ലെന്നു പൊലീസ് തന്നെ വിശദീകരിച്ചിട്ടും പൊലീസ് റിപ്പോർട്ട് എന്ന നിലയിൽ വ്യാജ വാർത്തകൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നു. ചില മാധ്യമ സ്ഥാപനങ്ങളിൽ പോലും തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതേപ്പറ്റി മാധ്യമ സ്ഥാപനങ്ങള്‍ പരിശോധന നടത്തണം. ഹർത്താലിൽ നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം.

കലാപകാരികളുടെ കൂട്ടത്തിൽ തങ്ങളുടെ പാർട്ടി പ്രവർത്തകർ എങ്ങനെ ഉൾപ്പെട്ടുവെന്ന് സിപിഎം, കോൺഗ്രസ്, മുസ്‌ലിംലീഗ് നേതൃത്വങ്ങൾ ആത്മപരിശോധന നടത്തണം. ഏതെങ്കിലും ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.

 

ന്യൂഡല്‍ഹി: ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ്. നോട്ടീസ് തള്ളാന്‍ രാജ്യസഭാ ചെയര്‍മാന് അധികാരമില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ സ്വഭാവത്തോടെയല്ല രാജ്യസഭാ ചെയര്‍മാന്‍ പ്രവര്‍ത്തിക്കേണ്ടത്. നോട്ടീസില്‍ പറഞ്ഞ കാര്യങ്ങളുടെ മെറിറ്റിലേക്ക് ചെയര്‍മാന്‍ കടക്കേണ്ടതില്ല. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്‍ ചെയര്‍മാന്‍ എന്തിന് ധൃതി കാണിച്ചുവെന്നും കപില്‍ സിബല്‍ ചോദിക്കുന്നു.

സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളിയിരുന്നു. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

തീരുമാനത്തിലെത്തുന്നതിനു മുന്‍പ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി വി. സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി.കെ. മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉപരാഷ്ട്രപതി ചര്‍ച്ച നടത്തിയിരുന്നു.

രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഹര്‍ജിയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീര്‍ണമായ സാഹചര്യം മുന്നിലുണ്ട്.

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സുപ്രീംകോടതിയെപ്പോലും നിശബ്ദമാക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ല. പാര്‍ലമെന്റിനെപ്പോലും അദ്ദേഹം നിശബ്ദമാക്കി. എട്ട് വയസുകാരി പീഡനക്കൊലയ്ക്ക് ഇരയായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. മോദി സംസാരിക്കുന്നത് മന്‍ കി ബാത്തിലൂടെ മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു.

മോദിയും എന്‍ഡിഎയും തുടരുന്നത് ദളിത് വിരുദ്ധതയാണ്. കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണം. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ബിജെപി എംഎല്‍എമാര്‍ പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്നു. ആര്‍എസ്എസ് ആശയങ്ങള്‍ ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാനാണെന്നും രാഹുല്‍ ആരോപിച്ചു. മോദി സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധപരിപാടികള്‍ക്ക് തുടക്കം കുറിച്ചാണ് രാഹുല്‍, കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഉത്തരേന്ത്യയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആഹ്വാനം. മുതിര്‍ന്ന നേതാക്കളും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved