ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി ദേഹം മുഴുവന്‍ അമ്മ കല്ലുകൊണ്ടുരച്ചു. ദേഹമാസകലം മുറിവ് പറ്റിയ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷിച്ചു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്. മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരിയാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചത്.
ഒന്നര വര്‍ഷം മുന്‍പ് ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുത്ത കാലംമുതല്‍ക്കെ കുട്ടിയുടെ നിറം സുധ തിവാരിക്ക് ഇഷ്ടമായിരുന്നില്ല. കുട്ടിയെ വെളുപ്പിക്കുന്നതിനായി പലതരത്തിലുള്ള ശ്രമങ്ങള്‍ സുധ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ആരോ പറഞ്ഞതനുസരിച്ചാണ് ഇവര്‍ കുട്ടിയുടെ ദേഹത്ത് കറുത്ത കല്ലുകള്‍ കൊണ്ടുരച്ചത്.
കുട്ടിയെ ശാരീരികമായ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവായ ശോഭനാ ശര്‍മ്മയാണ് പോലീസിനെ വിവരമറിയിച്ചത്. അഞ്ച് വയസ് തികഞ്ഞിട്ടും കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സുധ തയ്യാറായിട്ടില്ലെന്ന് ശോഭന ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ തോളിനും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ഡിവിഷന്‍ ബഞ്ചിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളായിരുന്നു ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തേ ഈ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ നല്‍കിയിരിക്കുന്ന അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.
കേസില്‍ യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണെന്ന് 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമേ യുഎപിഎ ചുമത്തുമ്പോള്‍ ഉണ്ടായിരുന്നുള്ളു.
ന്യൂഡല്‍ഹി: ജേക്കബ് തോമസ് ഐപിഎസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതി സ്റ്റേ. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര വിജിലന്‍്‌സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.
ജഡ്ജിമാര്‍ക്കെതിരെ അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഹൈദരാബാദ്: ടെലിവിഷന്‍ അവതാരകയായിരുന്ന യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മൂസാപെട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പ് ഇവിടെനിന്നു കണ്ടെത്തി.
36കാരിയായ രാധിക റെഡ്ഡി വിവാഹ മോചനത്തിന് ശേഷം പത്തുവയസ്സുകാരനായ മകനൊപ്പം മാതാപിതാക്കളുടെ കൂടെയാണു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ ഉടന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം രാധിക വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷാദ രോഗം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മരണത്തില്‍ ആരും ഉത്തരവാദികളെല്ലെന്നും രാധികയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വി 6 ചാനലിന്റെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രാധിക.
വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന ഭൂമാഫിയ സംഘം ഒളിക്യാമറയില്‍ കുടുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വയനാട് ജില്ലാ കളക്ടറും സിപിഐ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ കൂടുങ്ങിയത്. തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സമീപിക്കുകയായിരുന്നു. ഇയാള്‍ വഴി ഡപ്യൂട്ടി കളക്ടര്‍ സോമരാജന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്നിവരുമായും ചാനല്‍ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടു. നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കാമെന്ന് ഇവര്‍ വാക്ക് നല്‍കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഡപ്യൂട്ടി കളക്ടറെ സസ്‌പെന്റ് ചെയ്യാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതിയെന്ന് ഭൂമാഫിയ ഇടനിലക്കാരന്‍ പറയുന്നു. സിപിഐ ജില്ലാ സെക്രട്ടറി വഴി കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്നും ഇടനിലക്കാരന്‍ ഉറപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം എന്തു നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആദ്യ ഗഡു എന്ന നിലയ്ക്ക് റിപ്പോര്‍ട്ടര്‍ ചെറിയൊരു തുക ഡപ്യൂട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ടര്‍ കൈമാറുന്നതും ഒളിക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പില്‍ വരെ ഭൂമാഫിയാ സംഘത്തിന്റെ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ആളുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയം: പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. സ്കൂളിന്‍റെ ഹയർസെകൻഡറി ക്ലാസുകൾ പ്രവർത്തകർ അടിച്ചു തകർത്തു.
പ്രതിഷേധവുമായെത്തിയവർക്കു നേരെ പോലീസ് ലാത്തി വീശി. പ്രകടനമായെത്തിയ പ്രവർത്തകർ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ക്ലാസ് മുറികളിലെ ബഞ്ചും മേശയും തല്ലിത്തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് നടത്തുന്ന വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്കൂളിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ലാത്തി വീശിയതിനു പുറമേ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
വാഴൂര്‍ പുളിക്കല്‍കവല സ്വദേശി ഈപ്പന്‍ വര്‍ഗീസിന്‍റെ മകന്‍ ബിന്‍റോ ശനിയാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയത്തിനായി മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ തോല്‍പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കള്‍ വ്യക്തമാക്കിയത്.
അതേസമയം സ്കൂൾ അധികൃതർ ഈ ആരോപണം തള്ളിയിരുന്നു.
അന്ധനായ വൃദ്ധദമ്പതികളോട് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രോഷമുയര്‍ത്തുന്നു. നിര്‍ബന്ധിച്ച് കൊടിപിടിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുയും ചെയ്യുന്ന വിഡിയോയാണ് കടുത്ത പ്രതിഷേധത്തിന് വഴിവച്ചത്. എന്നെ വെറുതെ വിടൂ മക്കളെ എന്ന് കെഞ്ചിപറഞ്ഞിട്ടും ഇക്കൂട്ടര്‍ കേള്‍ക്കുന്നില്ല. പശ്ചിമബംഗാളിലാണ് സംഭവം.
ഞാൻ ഒരു ഇസ്ലാം മതവിശ്വാസിയാണ്. പക്ഷെ അല്ലാഹുവും ഭഗവാനും എല്ലാം ഒന്നുതന്നെയല്ലേ. ഹിന്ദുവും മുസല്‍മാനും ഒന്നുതന്നെയല്ലേ.. എന്നെ വെറുതെ വിടൂ മക്കളെയെന്ന് വയോധികൻ കേണപേക്ഷിക്കുന്നുണ്ട്. എന്നാൽ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ശ്രീറാം എന്നുവിളിക്കാത്തതിന് ആർഎസ്എസ് പ്രവർത്തകർ ആക്രോശിക്കുന്നുമുണ്ട്. ആക്രോശം ദേഹോപദ്രവത്തിലേക്കും കയ്യേറ്റത്തിലേക്കും നീളുമ്പോള്‍, മർദനത്തിൽ ഭയന്ന് അവസാനം അന്ധനായ വയോധികൻ ജയ് ശ്രീറാം എന്ന് വിളിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.
അമ്മാവന്റെ മരണാനന്തരചടങ്ങിലെ ബലികര്‍മ്മത്തില്‍ പങ്കെടുത്ത് , കല്ലട ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്തളം എന്‍.എസ്.എസ് കോളേജിലെ പ്രഫ.ഡോ.കെ.ജി.പത്മകുമാര്‍ – ഇന്ദു ദമ്ബതികളുടെ മകന്‍ ശ്രീഹരി (18) ആണ് മരിച്ചത്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിഭാഗം വിദ്യാര്‍ത്ഥിയാണ് ശ്രീഹരി. ഇന്ന് രാവിലെ 7.45 ന് കല്ലട ആറ്റിലെ മംത്തിനപ്പുഴ കടവിലാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെട്ട, ശ്രീഹരിയുടെ മാതാവ് ഇന്ദുവിന്റെ സഹോദരന്‍ കുളക്കട ,ആറ്റുവാശ്ശേരി, ഇന്ദുഭവനില്‍ വി.എസ്.വിനു (40) വിന്റെ ബലി കര്‍മ്മങ്ങള്‍ക്കിടെയാണ് ദാരുണ സംഭവം. വിനുവിന്റെ കര്‍മ്മങ്ങള്‍ ശ്രീഹരിയായിരുന്നു ചെയ്തു പോരുന്നത്. നാളെ കുഴി മൂടല്‍ ചടങ്ങ് നടത്താനും നിശ്ചയിച്ചിരുന്നതാണ്. ശനിയാഴ്ച ചടങ്ങ് കഴിഞ്ഞ് അപ്പുപ്പന്‍ വാസുദേവന്‍ പിള്ളയോടൊപ്പമാണ് പുഴയില്‍ പോയത്.
ബലികര്‍മ്മങ്ങളുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുങ്ങി കുളിച്ച ശേഷം നീന്തുന്നതിനിടയിലാണ് അപകടം. ഓടി കുടിയവര്‍ ശ്രീഹരിയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂര്‍ പോലീസ് കേസെടുത്തു സംസ്ക്കാരം പിന്നീട് പന്തളത്തെ വീട്ടുവളപ്പില്‍ നടക്കും.
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ഇവരെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായവരില്‍ ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവും ഉള്‍പ്പെടും. പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും ചോദ്യപേപ്പറായിരുന്നു ചോര്‍ന്നത്. ഇതോടെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.
എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ട്. കോച്ചിംഗ് സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ ചോദ്യപേപ്പര്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
എബിവിപി പ്രവര്‍ത്തകന്‍ അറസ്റ്റിലായതോടെ ബിജെപി സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
റിയാദ്: ശമ്പളമില്ലാതെ നരകജീവിതം നയിക്കുന്നുവെന്ന സൗദിയില്‍ നിന്ന് മലയാളി യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇരുട്ട് നിറഞ്ഞ മുറിയില്‍ നിന്നാണ് ആറ് മലയാളി യുവതികള്‍ തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നത്. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഈ വീഡിയോ സന്ദേശം പ്രചരിക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് ആശുപത്രി ജോലിക്കുള്ള വിസയില്‍ എത്തിയ തങ്ങള്‍ക്ക് ഇതുവരെ വീസ അടിച്ചിട്ടില്ലെന്നും ഇഖാമ ഇല്ലാതെയാണു കഴിയുന്നതെന്നും യുവതികള്‍ പറയുന്നു. ഇപ്പോള്‍ വീട്ടുജോലിയാണ് തങ്ങള്‍ ചെയ്യുന്നത്. ഇതേ വരെ വീട്ടിലേക്ക് പണമയക്കാന്‍ സാധിച്ചിട്ടില്ല. ശമ്പളം ചോദിച്ചപ്പോള്‍ ആറുമാസത്തെ ശമ്പളം തന്നു.
നാട്ടിലേയ്ക്ക് പോകണമെന്നാണ് ആഗ്രഹമെങ്കിലും വിമാന ടിക്കറ്റ് എടുക്കാന്‍ പണമില്ല. എത്രയും പെട്ടെന്ന് ശമ്പള കുടിശ്ശിക നല്‍കി വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് കയറ്റി വിടണമെന്ന് ഇവര്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു.
എവിടെ നിന്നാണ് വീഡിയോ സന്ദേശം പുറത്തു വന്നതെന്ന് വ്യക്തമല്ല. ഇഖാമയെക്കുറിച്ച് വീഡിയോയില്‍ പറയുന്നതിനാല്‍ സൗദിയില്‍ നിന്നാണ് ഇത് പുറത്തു വന്നതെന്ന് വിലയിരുത്തപ്പെടുന്നു.